ഇനിയുമൊടുങ്ങാത്ത സുനാമിത്തിരകള്‍
മൂന്നുവര്‍ഷം മുമ്പ് ക്രിസ്മസ് പിറ്റേന്ന് വീശിയടിച്ച സുനാമിത്തിരയേറ്റത്തിന്റെ രാക്ഷസത്തിരകള്‍ സൃഷ്ടിച്ച ദുരന്തത്തില്‍ നിന്നും ഈ ദുരന്താവസ്ഥ മുതലെടുത്ത സാമൂഹിക സാമുദായിക സംഘടനകളുടെ മുതലെടുപ്പില്‍ നിന്നും തീരദേശ നിവാസികള്‍ക്ക് ഇനിയും മോചനമായിട്ടില്ല. അന്ന് കലിതുള്ളിയെത്തിയ കടല്‍ക്കോപത്തില്‍ ബന്ധുമിത്രാദികളെയും ഉപജീവനോപാധികളും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് ആശ്വാസമേകാനും സര്‍ക്കാരും നിരവധി സന്നദ്ധ സാമൂഹിക സംഘടനകളും മുന്നോട്ടുവന്നു. ദുഃഖിതന്റെയൂം പീഡിതന്റെയും കണ്ണീരൊപ്പാന്‍ അവതരിച്ച ലോകരക്ഷകന്റെ സ്മരണകള്‍ സാന്ദ്രമായ ദിവസത്തിന് പിന്നാലേ വന്ന ഈ കൊടിയ ദുരന്തം മനുഷ്യപ്രയത്നത്താല്‍ പരിഹരിക്കാന്‍ കഴിയുന്നതായിരുന്നില്ല. എങ്കിലും ദുരിതബാധിതരെ സംരക്ഷിക്കാനൂം അവര്‍ക്കുണ്ടായ നഷ്ടം ഒരുപരിധിവരെയെങ്കിലും നികത്താനും അവര്‍ക്ക് താല്‍ക്കാലികമായെങ്കിലും അന്തിയുറങ്ങാന്‍ ഇടമുണ്ടാക്കാനും നടന്ന ശ്രമങ്ങളെ മനുഷ്യത്വത്തിന്റെ അപാര സാന്നിധ്യങ്ങളായിരുന്നു.
എന്നാല്‍ ഇന്ന് ആ ദുരന്തബാധിതര്‍, അന്ന് അവര്‍ക്ക് താല്‍ക്കാലികമായി ഒരുക്കിയ സംവിധാനത്തിനുള്ളില്‍ നരകിച്ച് കഴിയാന്‍ വിധിക്കപ്പെടുമ്പോള്‍ ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോ എന്നും എവിടെപ്പോയി അന്നത്തെ സന്നദ്ധ സാമൂഹിക സാമുദായിക സംഘടനകളെന്നും ചോദിച്ചുപോകുന്നത് സ്വാഭാവികം.
തകരഷീറ്റുകൊണ്ട് മറച്ച ഇത്തിരിയിടത്തില്‍, പ്രായപൂര്‍ത്തിയായ പെണ്‍മക്കളോടൊപ്പം കഴിയേണ്ടിവരുന്ന മാതാപിതാക്കളുടെ സംഘര്‍ഷം ഇപ്പോള്‍ ആര്‍ക്കും പ്രശ്നമേയല്ല. ഇവര്‍ക്ക് കുടിവെള്ളം ലഭിക്കുന്നുണ്ടോ വൈദ്യുതി ഉണ്ടോ, വൈദ്യസഹായ സംവിധാനങ്ങളുണ്ടോ എന്നൊന്നും തിരക്കാന്‍ ഇപ്പോള്‍ ആര്‍ക്കും സമയമില്ല.
വാര്‍ഷികാഘോഷമടക്കുമ്പോള്‍ ദൃശ്യമാധ്യമങ്ങളും പ്രിന്റ് മാധ്യമങ്ങളും മത്സരിച്ച് നടത്തുന്ന പൈങ്കിളിവല്‍ക്കരണത്തില്‍ ഇവരും ഇവരുടെ പ്രശ്നങ്ങളും, അവ അര്‍ഹിക്കുന്ന ഗൗവരം ലഭിക്കാതെ പരിഹസിക്കപെടുകയാണ്. മാധ്യമ ധര്‍മം എന്നത് പ്രേക്ഷകരെയും വായനക്കാരെയും ഇക്കിളിപ്പെടുത്താനുള്ള കുതന്ത്രങ്ങളാണെന്ന് മനസിലാകുന്നത് സുനാമി ദുരന്തബാധിതരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാണുമ്പോഴും വായിക്കുമ്പോഴുമാണ്‍്.
ഇതിലും ഗര്‍ഹണീയമാണ് കേരള സര്‍ക്കാര്‍ പുലര്‍ത്തുന്ന നിലപാട്. അന്ന് വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കി ഇവരെ കിട്ടിയ സ്ഥലത്ത് കുടിയിരുത്തി തലയൂരുകയായിരുന്നു സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും. ദുരന്തത്തിന്റെ ആദ്യ വാര്‍ഷികദിനങ്ങളില്‍ വീണ്ടും വാഗ്ദാനപ്പെരുമഴ കൊണ്ട് ഇവരെ പ്രലോഭിപ്പിച്ചവര്‍ ഇന്നവരെ കടുത്ത നിരാശതയുടെ ആഴക്കടലിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്.
കരുനാഗപ്പള്ളി പ്രയാര്‍ ആര്‍വിഎസ്‌എംഎച്ച്‌എസിലെ പത്താംക്ലാസുകാരി നീതുവിന്റെ അനുഭവം മാത്രം മതി അധികാരകേന്ദ്രങ്ങള്‍ എത്രക്ക് പ്രതിഷേധാര്‍ഹമായ നിലയിലാണ് സുനാമി ദുരന്തബാധിതരോട് പെരുമാറുന്നതെന്ന് മനസ്സിലാക്കാന്‍. അന്നത്തെ രാക്ഷസത്തിരയേറ്റതില്‍ നീതുവിന് നഷ്ടമായത് ഏകആശ്രയമായ അമ്മ പ്രഭാവതിയെയും കയറിക്കിടക്കാനുണ്ടായിരുന്ന വീടുമായിരുന്നു. നീതുവിന്റെ കണ്ണീര് കണ്ട് കരളലിഞ്ഞിട്ടെന്നോണം സര്‍ക്കാര്‍ വാഗ്ദാനം നിരവധി ചൊരിഞ്ഞു. അവയെല്ലാം ഇപ്പോള്‍ കടലെടുത്തിരിക്കുന്നു. ദുരന്തത്തിന്റെ മൂന്നാം വാര്‍ഷികദിനത്തിലും ഇനിയെന്ത് എന്ന ഭയാശങ്കയോടെയാണ് നീതു കഴിയുന്നത്.
സുനാമി മേഖലക്ക് പുറത്ത് നീതുവിന് വീടും വസ്തുവും നല്‍കുമെന്നായിരുന്നു (ജിയോ നമ്പര്‍ 6728/05, 24-12-05) സര്‍ക്കാരിന്റെ ഉറപ്പ്. വിദ്യാഭ്യാസ ചെലവ് പൂര്‍ണ്ണമായി ഏറ്റെടുക്കുമെന്നും തുടര്‍ന്ന് വാഗ്ദാനം ചെയ്തു. അന്ന് ഈ വാഗ്ദാനങ്ങള്‍ ചൊരിഞ്ഞവരാരും പിന്നെ അതുവഴി വന്നിട്ടില്ലാ എന്ന് നീതുവിനെപ്പോലെ മറ്റ് ദുരിതബാധിതരും അമര്‍ഷത്തോടെ ചൂണ്ടിക്കാട്ടുന്നു. ഇന്ന് മാതാവിന്റെ സഹോദരിയോടൊപ്പമാണ് നീതു കഴിയുന്നത്.
നീതുവിന്റേതിന് സമാനമായ അനുഭവങ്ങളോടെ, അന്ന് സുനാമിത്തിരയില്‍ ഒലിച്ചുപോയെങ്കില്‍ എന്ന് പ്രാര്‍ത്ഥിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് കേരളത്തിലുള്ളത്. കടലിനോടും ജീവിതത്തിരകളോടും കഠിനമായി ഏറ്റുമുട്ടി, അധ്വാനിച്ച് കുടുംബം പുലര്‍ത്തി മാന്യമായി ജീവിച്ചവര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമാണ് ഇന്ന് ഇത്തരത്തില്‍ ദുരിതപൂര്‍ണമായ അനുഭവങ്ങള്‍.
പാലുള്ള അകിടില്‍ നിന്ന് ചോരമാത്രം കുടിക്കുന്ന കൊതുകുകള്‍ ഇതിനിടയിലും, ഇവര്‍ക്കിടയിലും ഇപ്പോഴും പറന്നുരസിക്കുന്നുണ്ട്. സുനാമി ബാധിതരുടെ പുനരധിവാസത്തിനുവേണ്ടി അന്നും ഇന്നും വിദേശത്തുനിന്ന് സാമ്പത്തിക സഹായം സ്വീകരിച്ച് കൊഴുത്ത ചൂഷണത്തിന്റെ കീടങ്ങള്‍, ഇവരോട് കണക്കുചോദിക്കാനോ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനോ സര്‍ക്കാരും തയ്യാറില്ല. കിട്ടിയതിന്റെ ഒരു പങ്ക് രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കി ഇവര്‍ സസുഖം മുതലെടുപ്പിന്റെ വാര്‍ഷികങ്ങള്‍ ആഘോഷിക്കുകയാണ്.
സര്‍ക്കാര്‍ സംവിധാനമോ ഇത്തരത്തില്‍ കൊടിയ ചൂഷണത്തിന്റെ രീതിശാസ്ത്രമാണ് അവലംബിച്ചിട്ടുള്ളത്. സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മത്സ്യമേഖലക്ക് അനുവദിച്ച കോടിക്കണക്കിന് രൂപയുടെ സഹായം സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടാണ് സംഘടിതമായ ഈ മുതലെടുപ്പ്.
കേന്ദ്രസഹായത്തോടെ 1441.75 കോടിരൂപയുടെ പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഇതില്‍ മത്സ്യബന്ധന മേഖലയിലെ ജീവനോപാധികളുടെ പുനര്‍നിര്‍മ്മാണത്തിനായി നീക്കിവച്ചിട്ടുള്ളത് കേവലം 64.85 കോടി രൂപമാത്രമാണ്. മത്സ്യമേഖലയില്‍ 382 കോടിരൂപയുടെ കടബാധ്യത കണക്കാക്കിയെടുത്താണ് ഈ നക്കാപ്പിച്ച അനുവദിച്ചിട്ടുള്ളത്. അതും അര്‍ഹതപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടുമില്ല. മാത്രമല്ല സുനാമി ദുരിതബാധിതരായ മത്സ്യത്തൊഴിലാളികളുടെ ബാധ്യത ഉള്‍പ്പെടുന്ന കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനങ്ങളും പാലിക്കപ്പെട്ടിട്ടില്ല.
ദുരന്തത്തിന്റെ മൂന്നാം വാര്‍ഷിക ദിനത്തിലെ ദുരിതക്കാഴ്ചകളാണിതെല്ലാം. ഇവയുടെ ആവര്‍ത്തനമാവുമോ വരും വര്‍ഷങ്ങളിലും. ആര് ആരോട് പരാതിപ്പെട്ടലാണ് ഇതൊക്കെ ഒന്ന് നേരെയാവുക.
0 comments :
Post a Comment