'സി' ക്ലാസ് സന്യാസിമാര്‍!
പണി പഠിച്ച ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും രോഗികള്‍ക്കിട്ട് 'പണി കിട്ടുന്ന' ഇക്കാലത്ത് പത്താം ക്ലാസുപോലും പാസാകാത്ത ഒരാളെ അറിഞ്ഞുകൊണ്ടാരും ഡോക്ടറാകാന്‍ സമ്മതിക്കില്ല.
എഞ്ചിനീയര്‍, വക്കീല്‍ തുടങ്ങി പള്ളീലച്ചന്‍ വരെയുള്ള എല്ലാ പണിക്കും കുറെയേറെക്കാലം കുത്തിരുന്നു പഠിക്കണം, പരീക്ഷ പാസാവണം.
എന്നാല്‍ ഒരാള്‍ സന്യാസിയാവാന്‍ തീരുമാനിച്ചാല്‍ ഇത്തരം പ്രശ്നങ്ങളൊന്നുമില്ല. 'വടക്കുനോക്കി യന്ത്ര'ത്തിലെ ശ്രീനിവാസ കഥാപാത്രം 'വിജയന്‍' കെട്ടിയവളെയും മക്കളെയും ഉപേക്ഷിച്ച് സന്യാസിയാവാന്‍ പോകുന്നത് പണിയെടുക്കാതെയും ജീവിക്കാമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്.
ആര്‍ഷഭാരതം മുന്നോട്ടുവച്ച അതുല്യമായ ജീവിതാന്തസത്രെ സന്യാസം. സന്യാസിയെന്നാല്‍ സമ്യക്കായി ത്യജിക്കുന്നവന്‍ എന്നര്‍ത്ഥം!
ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും പാര്‍സിയായാലും ജൈനനായാലും സിഖായാലും അസൂയ, കുശുമ്പ്, ആക്രാന്തം, കളവ്, തട്ടിപ്പ്, വെട്ടിപ്പ്, പറ്റിപ്പ് തുടങ്ങിയ സുകുമാര കലകളില്‍ കാര്യമായ വ്യത്യാസം കാണിക്കാറില്ല. സംശയമുള്ളവര്‍ എന്നത്തെയെങ്കിലും പത്രമെടുത്തു നോക്കിയാല്‍ മതി.
മതവും ദര്‍ശനവും കടലാസില്‍ ഭദ്രം! മതവിശ്വാസികള്‍ മതമനുസരിച്ചു ജീവിച്ചാല്‍ ലോകത്ത് പോലീസും പട്ടാളവും തോക്കും ആണവായുധവുമൊന്നും വേണ്ട.
പറഞ്ഞുവന്നത് സന്യാസത്തെ കുറിച്ചാണ്. ശിവഗിരി സന്യാസിമാരോട് ആത്മസംയമനം പാലിക്കാന്‍ പരമോന്നത ന്യായാസനം ഉപദേശിച്ചിരിക്കുന്നു. ബ്രഹ്മചാരിയായ അഴീക്കോട് മുതല്‍ അബ്കാരിയായ നടേശന്‍ വരെ ഉപദേശിച്ചിട്ടു നടക്കാത്ത കാര്യമാണ് ന്യായാസനം ഉപദേശിച്ചിരിക്കുന്നത്.
എല്ലാം ത്യജിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ നടക്കുന്നതിന്റെ കെടുതി വലിയൊരു ദര്‍ശനത്തെയാണ് പങ്കിലമാക്കുന്നത്.
ഏത് ആക്രാന്തക്കാരനും കാവി ധരിച്ചാല്‍ സന്യാസിയാവാം എന്നു വരുമ്പോള്‍ ആരെങ്കിലും കയറി ഇടപെടുന്നത് നല്ലതാണ്. ഇടപെടാന്‍ വേണ്ട ആത്മശുദ്ധിയുള്ളവര്‍ ആരുണ്ട് എന്ന ചോദ്യമാണ് ബാക്കിയാവുന്നത്. മന്ത്രി സുധാകരന്‍ ഇടപെടും മുന്‍പ് ആരെങ്കിലും ഇടപെട്ടേ തീരൂ!
വയറുനിറയെ തിന്ന്, ഏമ്പക്കവും വിട്ട് സുഖമായുറങ്ങി ലാവിഷായി ജീവിക്കാന്‍ കൊതിക്കുന്ന നിര്‍ദോഷികളായ പാവങ്ങളെ സന്യാസിയാക്കാതിരിക്കാന്‍ എന്തെങ്കിലുമൊരു വഴി കണ്ടുപിടിക്കണം. അത്തരക്കാര്‍ക്കു പ്രവര്‍ത്തിക്കാന്‍ എത്രയെത്ര രാഷ്ട്രീയ പാര്‍ട്ടികള്‍ കിടക്കുന്നു ഈ കൊച്ചുകേരളത്തില്‍!
3 comments :
അടിവസ്ത്രങ്ങള്‍ക്കു് സംസാരശേഷി ഇല്ലാത്തതു് പല സന്ന്യാസിമാരുടേയും ഭാഗ്യം എന്നേ പറയാനുള്ളു.
'"വടക്കുനോക്കി യന്ത്ര'ത്തിലെ ശ്രീനിവാസ കഥാപാത്രം 'വിജയന്‍' കെട്ടിയവളെയും മക്കളെയും ഉപേക്ഷിച്ച് സന്യാസിയാവാന്‍ പോകുന്നത് പണിയെടുക്കാതെയും ജീവിക്കാമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്. "
അത് 'ചിന്താവിഷ്ടയായ ശ്യമാലയിലല്ലേ എന്നൊരു സംശയം.
എന്താണിവര്‍ ത്യജിച്ചത്? ഇവര് ത്യാഗമല്ല ഒരഡ്ജസ്റ്റുമെന്റാണു ചെയ്തിരിക്കുന്നത്.
Post a Comment