Wednesday, December 12, 2007

വിപ്ലവം തോക്കിന്‍കുഴലിലൂടെ!

ഒന്നുപറഞ്ഞ്‌ രണ്ടാം വാക്കിന്‌ തോക്കെടുക്കുക. വെടിവെയ്ക്കുക!

ഈ രാജ്യം പുരോഗമിച്ചില്ലെന്ന്‌ ആരുപറഞ്ഞു. ചുരുങ്ങിയത്‌ വെടിവയ്ക്കുന്ന കാര്യത്തിലെങ്കിലും ലോക നിലവാരത്തിലെത്തിയിരിക്കുന്നു ഇന്ത്യാ മഹാരാജ്യം!

ഹരിയാനയിലെ ഗുഡ്ഗാവില്‍ വെടിയേറ്റു മരിച്ച അഭിഷേക്‌ ത്യാഗിയും വെടിയുതിര്‍ത്ത ആകാശും എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥികളാണ്‌. പണ്ടിതൊക്കെ അമേരിക്കായിലും ലണ്ടനിലും മറ്റും നടന്നിരുന്ന കലാപരിപാടികളായിരുന്നു. ഇവിടത്തെ എട്ടാം ക്ലാസുകാരന്‍ എട്ടുംപൊട്ടും തിരിയാത്ത കുട്ടി മാത്രമായിരുന്നു; അക്കാലത്ത്‌. കുട്ടികളെ ഇന്റര്‍നാഷണല്‍ വിദ്യാഭ്യാസം നല്‍കി ആഗോള പൗരന്മാരാക്കാന്‍ നടക്കുന്ന തന്ത തള്ളമാരുടെ നെഞ്ചത്തേക്കാണിനി വെടിയുണ്ടകള്‍ പായാന്‍ പോകുന്നത്‌!

എട്ടാം ക്ലാസില്‍ പഠിക്കുന്ന കൊച്ചന്‍ കളിത്തോക്കല്ല; അച്ഛന്റെ, ലൈസന്‍സുള്ള തോക്കാണ്‌ കൊണ്ടുനടന്നിരുന്നത്‌. പ്രായം കൊണ്ടും പദവികൊണ്ടും ഇരുത്തംവന്ന പിണറായിയുടെ കയ്യില്‍ 'ഉണ്ട' കണ്ടതിന്‌ നമ്മളുണ്ടാക്കിയ പുകിലുകള്‍ ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു.

പിണറായിയെ പരിഹസിച്ചവന്മാര്‍ അപരിഷ്കൃതരായ മണ്ടന്മാരായിരുന്നെന്ന്‌ ഇപ്പോള്‍ ബോധ്യമായില്ലെ!

ഇത്തരം തോക്കിടപാടുകളൊന്നും കൊച്ചുപിള്ളേരുടെ തലയില്‍ കയറിക്കൂടാതിരിക്കാനാണ്‌ കേരളത്തില്‍ ഡിപിഇപി നടപ്പിലാക്കിയത്‌.

പത്താം ക്ലാസുവരെയുള്ള പിള്ളേര്‍ക്ക്‌ ടീച്ചറുടെ മുതുകില്‍ കേറി ആന കളിച്ചുനടക്കാന്‍ കഴിയുന്ന മധുരമനോഹര മനോജ്ഞ വിദ്യാഭ്യാസം!

എന്നിട്ടെന്തായി, ശാസ്ത്രസാഹിത്യ വിരോധികളായ പ്രമാണിമാരൊക്കെയും കൂടി ചെറുത്തുതോല്‍പ്പിച്ചു ആ കലാപരിപാടി!

എന്തൊക്കെ ഗുണങ്ങളായിരുന്നു വരാനിരുന്നത്‌. ഇന്റര്‍നാഷണല്‍ ഉസ്കൂളുകളില്‍ നിന്നും ഐടി, സാങ്കേതിക പ്രൊഫഷണലുകള്‍ വിരിഞ്ഞിറങ്ങുന്ന ലോകത്ത്‌, വേലികെട്ടാനും തെങ്ങുകയറാനും ഒരുപാടു പണിക്കാരെ ഒരുക്കിയിറക്കാന്‍ വലിയൊരു സാധ്യതയാണ്‌ തെളിഞ്ഞുവന്നത്‌. അതു ചീറ്റി!

കാലത്തെ നട്ട ചെമ്പരത്തിക്കൊമ്പിന്‌ വൈകുന്നേരത്തോടെ വേരുവന്നുകാണുമോ എന്നു ഗവേഷണം നടത്തിയ ഡിപിഇപി കുട്ടിയുടെ ശാസ്ത്രബോധത്തെ തകര്‍ത്തു തരിപ്പണമാക്കിക്കളഞ്ഞില്ലേ.

ഇനിയിപ്പോള്‍ സര്‍ക്കാര്‍ കുട്ടികള്‍ക്ക്‌ ഓരോ തോക്കു മേടിച്ചുകൊടുക്കുക. അന്നന്നത്തെ അപ്പത്തിനുള്ളത്‌ അവന്‍ ആരെയെങ്കിലും വിരട്ടി കയ്യിലാക്കിക്കൊള്ളും!

1 comments :

  1. ഒരു “ദേശാഭിമാനി” said...

    സ്വഗ്ഗത്തിലേപ്പോലെ ഭൂമിയിലും,

    അതില്‍

    അമേരിക്കയിലേപ്പൊലെ ഇന്ത്യയിലും


    ആകേണമെ! -- ആമേന്‍