Tuesday, December 4, 2007

വൈദ്യാ, നീ നിന്നെതന്നെ ചികിത്സിക്കുക

യഹൂദ മതപുരോഹിതന്മാരുടെ നെറികെട്ട നീതിബോധവും നിലപാടുകളും സൃഷ്ടിച്ച സാമൂഹിക വിപത്തിനെ ഉന്മൂലനം ചെയ്യാന്‍കൂടിയായിരുന്നു ക്രിസ്തുവിന്റെ മനുഷ്യജന്മം. പരീശന്മാരും ശാസ്ത്രികളും പുരോഹിതന്മാരും അടങ്ങുന്ന വരേണ്യവര്‍ഗം, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയായ യഹൂദരെ അവരുടെ ധാര്‍മിക സ്വത്വങ്ങളില്‍ നിന്ന്‌ വ്യതിചലിപ്പിച്ച്‌, ആത്മീയ ആര്‍ജവങ്ങളില്‍നിന്ന്‌ ആട്ടിപ്പായിച്ച്‌ മാനസികവും വിശ്വാസപരവുമായ അരാജകത്വം സൃഷ്ടിച്ച്‌ പുരോഹിതവര്‍ഗത്തിന്റെ ആഡംബര ജീവിതത്തില്‍ ഭൗതിക ഉത്കര്‍ഷയ്ക്ക്‌ നടത്തിയിരുന്ന ഗൂഢാലോചന പൊളിച്ചത്‌ ക്രിസ്തുവായിരുന്നു. വൈദീക ആധിപത്യത്തിന്റെ മാമ്മോന്‍മാരെ തകര്‍ത്തശേഷമാണ്‌ ക്രിസ്തു അവരോട്‌ പ്രതീകാത്മകമായി പറഞ്ഞത്‌: 'വൈദ്യാ, നീ നിന്നെതന്നെ ചികിത്സിക്കുക'.

ക്രിസ്തുവിന്റെ ആ ഉദ്ബോധനം ഇന്ന്‌ ചങ്ങനാശേരി രൂപതാ അധ്യക്ഷന്‍ ജോസഫ്‌ പൗവ്വത്തിലിനോട്‌ പറയേണ്ട സാഹചര്യം അദ്ദേഹം തന്നെ സൃഷ്ടിച്ചിരിക്കുന്നു. കത്തോലിക്ക സമുദായത്തിലെ വൈദികവൃന്ദത്തിന്റെ, വിശ്വാസവിരുദ്ധമായ നിലപാടുകളും ജീവിതരീതികളും സഭാവിശ്വാസികളില്‍ സൃഷ്ടിച്ചിട്ടുള്ള നാണക്കേട്‌ ഏഴു ജന്മം കഴിഞ്ഞാലും തീരുന്നതല്ല. അജപാലനത്തിന്റെ ശുശ്രൂഷ ഏറ്റെടുത്ത്‌ സേവനത്തിന്റെ ലാളിത്യവും വിശുദ്ധിയുമായി മാറേണ്ട പുരോഹിത വിഭാഗം ഇന്ന്‌ ഭൗതിക സുഖങ്ങളുടെയും മൂലധന സമാഹരണത്തിന്റെയും അതിലൂടെയുള്ള അധികാര കേന്ദ്രീകരണത്തിന്റെയും ദുഷ്ടതകളായി പരിണമിച്ചുകഴിഞ്ഞു. ക്രിസ്തുവും ക്രിസ്തുവിന്റെ സുവിശേഷവും അവര്‍ക്ക്‌ എന്നേ അന്യമായി. മാമ്മോനും അവന്റെ കുതന്ത്രങ്ങളും അവര്‍ വിശ്വാസത്തിന്റെയും അജപാലനത്തിന്റെയും പേരില്‍ നടപ്പാക്കിക്കഴിഞ്ഞു.

സീസറിനുള്ളത്‌ സീസറിന്‌ നല്‍കണമെന്ന്‌ പറയാനുള്ള തിരിച്ചറിവും സാമ്പത്തികബോധവും സാമൂഹികവീക്ഷണവും ക്രിസ്തുവിനുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരെന്ന്‌ അവകാശപ്പെട്ട്‌ സഭയെ നയിക്കുന്ന വൈദികശ്രേഷ്ഠന്മാരടക്കമുള്ളവര്‍ സമ്പത്ത്‌ സ്വരുക്കൂട്ടാനുള്ള ശ്രമത്തിലാണ്‌. ഈ ധനാര്‍ത്തിയില്‍ സര്‍ക്കാരിനെയും പൊതുസമൂഹത്തേയും മാത്രമല്ല, സഭാവിശ്വാസികളെപ്പോലും ചോദ്യം ചെയ്യാനും എതിര്‍ക്കാനും വിശ്വാസത്തിന്റെ മറവില്‍ ചൂഷണം ചെയ്യാനും മടിയില്ല. എന്നു മാത്രമല്ല, അതിനുവേണ്ടി ക്രൂരതയുടെ ഏതറ്റംവരെ പോകാനും തയ്യാറാണ്‌. പോപ്പ്‌ ജോണ്‍പോള്‍ ഒന്നാമന്റെ മരണത്തിനുപിന്നില്‍ ഇത്തരം ദുഷ്ടശക്തികളായിരുന്നു ഉണ്ടായിരുന്നതെന്ന്‌ ഡേവിഡ്‌ യാലപ്‌ എന്ന പത്രപ്രവര്‍ത്തകന്‍ 'ഇന്‍ ദ നെയിം ഓഫ്‌ ഗോഡ്‌' എന്ന തന്റെ വിശ്രുത പുസ്തകത്തില്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കിയിട്ടുണ്ട്‌.

കര്‍ദ്ദിനാള്‍മാരുടെ ഈ ധനാര്‍ത്തിയുടെ കേരള പ്രതീകങ്ങളായി ചങ്ങനാശേരി രൂപതാധ്യക്ഷനും തൃശൂര്‍ രൂപതാധ്യക്ഷനും മനന്തവാടി രൂപതാധ്യക്ഷനും സഭാവിശ്വാസികള്‍ക്കിടയില്‍ അരാജകത്വവും സന്ദേഹങ്ങളും സൃഷ്ടിക്കുകയാണ്‌. രണ്ടാം വിമോചനസമര ഭീഷണിയും പാര്‍ട്ടിക്ക്‌ അന്ത്യകൂദാശ ഭീഷണിയും കഴിഞ്ഞ്‌ ഇപ്പോള്‍ പുതിയൊരു ഭീഷണിയുമായാണ്‌ പൗവ്വത്തില്‍ അവതരിച്ചിരിക്കുന്നത്‌. ക്രൈസ്തവര്‍ അവരുടെ മക്കളെ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം പഠിപ്പിച്ചാല്‍ മതിയെന്നാണ്‌ പൗവ്വത്തിലിന്റെ ഉദ്ബോധനം.

കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാമുദായിക ഐക്യവും സമാധാനാന്തരീക്ഷവും തകര്‍ക്കാന്‍ മാത്രമാണ്‌ ഈ ഉദ്ബോധനം കൊണ്ട്‌ കഴിയുക. സാമുദായികമൈത്രിയുടെ കടയ്ക്കല്‍ കോടാലി വയ്ക്കുകയാണ്‌ പൗവ്വത്തില്‍. ഭൂരിപക്ഷ ഭീകരതയുടെയും ന്യൂനപക്ഷ ഭീകരതയുടെയും സമാന്തരമായി ക്രൈസ്തവ ഭീകരതയ്ക്ക്‌ രൂപം നല്‍കാനുള്ള കുത്സിതശ്രമമായിട്ട്‌ മാത്രമേ ഈ നീക്കത്തെ വിവേകമുള്ളവര്‍ക്ക്‌ വിലയിരുത്താന്‍ കഴിയൂ. നരേന്ദ്രമോഡിയുടെയും തൊഗാഡിയയുടെയും ഒമര്‍ അബ്ദുള്ളയുടെയും സ്വരമാണ്‌ പൗവ്വത്തിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. സവര്‍ണാധിപത്യ ഭീകരതയും താലിബാന്‍ ഭീകരതയും കൈകോര്‍ക്കുമ്പോള്‍ അത്‌ പൗവ്വത്തില്‍ ആകുന്നു എന്ന്‌ പറയിപ്പിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ ഈ പുതിയ വെളിപാട്‌.

കത്തോലിക്ക സഭ ഇത്തരം ദുശാഠ്യങ്ങളിലേക്ക്‌ മടങ്ങുമ്പോള്‍ മറ്റ്‌ സമുദായങ്ങള്‍ കണ്ണടച്ച്‌ കൈകെട്ടി നില്‍ക്കുമെന്നാണോ പൗവ്വത്തില്‍ കരുതുന്നത്‌. കടിക്കാത്ത നായുടെ വായില്‍ കോല്‍ കയറ്റി കടിമേടിക്കുന്ന ബുദ്ധിശൂന്യതയിലേക്കാണ്‌ സഭാവിശ്വാസികളെ പൗവ്വത്തില്‍ നയിക്കാന്‍ ശ്രമിക്കുന്നത്‌. അതുകൊണ്ട്‌ പുരോഹിതവര്‍ഗത്തിന്റെ ഇത്തരം കുത്സിതത്വങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി പ്രതിഷേധിക്കാന്‍ വിശ്വാസികള്‍ പ്രതിബദ്ധരാണ്‌. യരുശലേം ദേവാലയത്തില്‍ ചാട്ട ചുഴറ്റിയ ക്രിസ്തുവിനെകൂടി വിശ്വാസികള്‍ ഹൃദയത്തില്‍ ആവാഹിച്ച്‌ പ്രവര്‍ത്തിയായി വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്‌. നിങ്ങള്‍ ആര്‍പ്പിട്ടില്ലെങ്കില്‍ ഈ കല്ലുകള്‍ ആര്‍പ്പിടും എന്ന്‌ ക്രിസ്തുപറഞ്ഞത്‌ ഒാ‍ര്‍ക്കുക. പൗവ്വത്തിലിന്റെയും സംഘത്തിന്റെയും വിശ്വാസവിരുദ്ധ, സമൂഹവിരുദ്ധ, രാഷ്ട്രവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ സഭാവിശ്വാസികള്‍ നിലപാടെടുത്തില്ലെങ്കില്‍ മറ്റ്‌ സമുദായാംഗങ്ങള്‍ നിലപാടെടുക്കും. അപ്പോഴത്തെ അവസ്ഥയെക്കുറിച്ച്‌ ഇപ്പോള്‍ പറയേണ്ട കാര്യമില്ലല്ലോ.

4 comments :

  1. Unknown said...

    കൃസ്ത്യാനികളെല്ലാം മക്കളെ
    കൃസ്ത്യന്‍ സ്കൂളിലും.
    ഹിന്ദുക്കളെല്ലാം ഹിന്ദു സ്കൂളിലും.
    മുസ്ലിംങ്ങളെല്ലാം മുസ്ലിം സ്കൂളിലും.
    ഹ്ഓഓഓഓഓഓഓഓഓഓഓഓഓഓഓഓഓഓ
    എന്തൊരു സമത്വ സുന്ദര ലോകം?
    ?????????????????????????????????????????????????????????????????????????????????????????????????????????

  2. കാവലാന്‍ said...

    ഹൊ!!!!!, ഈ ഹിന്ദു വര്‍ഗ്ഗീയ ഭീകര സാമ്രാജ്യത്വ എകാതിപത്യ .ഇ.ടി.സി.....
    എവിടെപ്പോയി????.
    ആട്ടിങ്കൂട്ടവും ആട്ടിങ്കാട്ടവും എടയനവകാശം:- (വെളി: ഏറ്റും പുത്യേത്.)
    ആട്ടെറച്ചീം,ആട്ടുംചോരീം എടയനവകാശം:- (ഏസ് എബൗ)
    ആട്ടിന്‍ രോമും,ആട്ടിന്തോലും എടയനവകാശം:-(ഏസ് എബൗബൗ)

    മൊതലാളിക്ക് (എടേന്‍മ്മാരടെ) ആട്മാവങ്കട് തരും ആടോള്‍ടെ!!, നേര്‍ത്തെക്കൂട്ടീട്ടന്നെ.
    ന്തെ..ഏ..ന്താപ്പോ അതുപോരെ? വല്ലാണ്ട് കളിക്കണ്‍ടാട്ടാ ര്‍ശ്ശൂക്കാരോട്, ആ..

  3. അങ്കിള്‍ said...

    ചോദിച്ചു വാങ്ങിയ ന്യൂനപക്ഷ പദവിയെ ന്യായീകരിക്കാന്‍ കുറേയെങ്കിലും ന്യൂനപക്ഷക്കാര്‍ അത്തരം സ്കൂളുകളില്‍ പഠിക്കണ്ടേ. രൂപാതാ അധ്യക്ഷണ്‍ അത്രയേ വിചാരിച്ചിട്ടുണ്ടാകയുള്ളൂ.

  4. Anonymous said...

    Jewish priests @ that time were much better those current Kerala catholic priests