ശിശുപീഡനം: മാതാപിതാക്കള്‍ വക
കാക്കയ്ക്കുമാത്രമല്ല മനുഷ്യനും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ്. അതുകൊണ്ടുതന്നെ മറ്റ് കുട്ടികളില്‍നിന്നും വ്യത്യസ്തരും മിടുക്കരുമായി അവര്‍ വളരാന്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത് സ്വാഭാവികം. അതിനുവേണ്ടി അവരവരുടെ കഴിവിനനുസരിച്ച് ചെലവിടുന്നതും ന്യായീകരിക്കാവുന്നത്. എന്നാല്‍ തന്റെ കുട്ടി മറ്റുള്ളവരില്‍നിന്ന് ഏറ്റവും മിടുക്കനാകണം എന്ന ചിന്തയില്‍ കുഞ്ഞുമനസില്‍ സമ്മര്‍ദ്ദങ്ങള്‍ ഏല്‍പ്പിക്കുന്നതും കടുത്ത ശിക്ഷണത്തോടെ ശൈശവത്തില്‍തന്നെ വിദേശഭാഷാ പഠനമുള്‍പ്പെടെയുള്ള എറ്റിക്കേറ്റുകള്‍ പരിശീലിപ്പിക്കുന്നതും മിതമായി പറഞ്ഞാല്‍ ക്രൂരതയാണ്, കാടത്തമാണ്. ഈ മാതാപിതാക്കള്‍ക്ക് മക്കളോട് സ്നേഹമല്ല ഉള്ളത്, മറിച്ച് തന്റെ അയല്‍ക്കാരുടെ മുമ്പില്‍ ഞെളിഞ്ഞുനില്‍ക്കാനുള്ള വൃത്തികെട്ട അഹങ്കാരമാണ് അവരെ ഭരിക്കുന്നത്.
പൊങ്ങച്ചത്തിന്റെയും കാപട്യത്തിന്റെയും ഈ ഇന്ത്യന്‍ രക്ഷാകര്‍തൃത്വത്തെ കുഞ്ഞുണ്ണിമാഷ് കണക്കിന് പ്രഹരിച്ചിട്ടുണ്ട്:
"ജനിക്കുമുതലെന്‍മകന്‍ ഇംഗ്ലീഷ് പറയേണം
അതിനായി ഭാര്യതന്‍ പേറങ്ങങ്ങിംഗ്ലണ്ടില്‍ തന്നെയാക്കി"
ഈ ഈരടിയില്‍ കവി മാതാപിതാക്കള്‍ക്ക് നല്‍കിയ ഉപദേശം തന്നെയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി സുപ്രധാനമായ ഒരു പ്രതികരണത്തിലൂടെ വ്യക്തമാക്കിയത്.
മാതാപിതാക്കളുടെ സ്നേഹവും വാല്‍സല്യവും സംരക്ഷണവും ലഭിക്കേണ്ട ശൈശവത്തില്‍ കുഞ്ഞുങ്ങളെ ഇംഗ്ലീഷ് പഠനമുള്‍പ്പെടെയുള്ള പീഡനങ്ങള്‍ക്ക് വിധേയമാക്കുന്ന എല്‍.കെ.ജി., യു.കെ.ജി. സംസ്ക്കാരത്തിനെതിരായാണ് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, ജസ്റ്റിസുമാരായ ആര്‍.വി. രവീന്ദ്രന്‍, ജെ.എം. പഞ്ചല്‍ എന്നിവരടങ്ങിയ ബഞ്ച് രോഷത്തോടെ പ്രതികരിച്ചത്.
നഴ്സറി പ്രവേശന പ്രായപരിധി മൂന്നുവയസായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഫോറം ഫോര്‍ പ്രമോഷന്‍ ഫോര്‍ ക്വാളിറ്റി എഡ്യുക്കേഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു ജഡ്ജിമാര്‍ പൊട്ടിത്തെറിച്ചത്. മൂന്നാം വയസില്‍ നഴ്സറി പ്രവേശനം അനുവദിച്ചാല്‍ ഒന്നാം ക്ലാസില്‍ ചേരുംമുമ്പ് രണ്ടു വര്‍ഷത്തെ പരിശീലനത്തിന് അവസരം ലഭിക്കുമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയില്‍ നിന്ന് രൂക്ഷമായ പ്രതികരണമുണ്ടായത്. മൂന്നു വയസ് കുട്ടികളെ സ്കൂളില്‍ അയക്കാനുള്ള പ്രായമല്ലെന്നും സ്കൂളുകളില്‍ രണ്ടു വര്‍ഷ നഴ്സറി കോഴ്സുകള്‍ (എല്‍കെജി, യുകെജി) അനുവദിക്കാന്‍ കഴിയുകയില്ലെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
മത്സരം അതിജീവനത്തിന്റെ മാനദണ്ഡമായ വര്‍ത്തമാനകാലത്ത് കുഞ്ഞുങ്ങള്‍ എല്ലാ മേഖലയിലും പ്രാവീണ്യം നേടണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തെ കുറ്റപ്പെടുത്താന്‍ കഴിയുകയില്ല. എന്നാല്‍ മുലകുടി മാറും മുമ്പ് കടുത്ത അച്ചടക്കത്തിന്റെയും സമയബന്ധിതമായ പെരുമാറ്റരീതികളുടെയും ലോകത്തിലേക്ക് അവരെ തള്ളിവിടുന്നത് ഗുണത്തെക്കാളുപരി ദോഷമേ ചെയ്യുകയുള്ളുവെന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.
പക്ഷെ കുഞ്ഞുങ്ങള്‍ തങ്ങളുടെ മുന്നിലെത്തുന്ന വിഷയങ്ങള്‍ പഠിക്കുന്നതിനൊപ്പംപോലും മാതാപിതാക്കള്‍ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ശൈശവത്തില്‍ മാതാപിതാക്കളുടെ സ്നേഹവും സംരക്ഷണയും ലഭിച്ചാല്‍ മാത്രമേ ആശാസ്യമായ മൂല്യബോധങ്ങളും അതിനനുസൃതമായ പെരുമാറ്റ രീതികളും കുഞ്ഞുങ്ങളില്‍ രൂപംകൊള്ളുകയുള്ളു. ചെറിയ തെറ്റിനുപോലും, തന്റെ സ്വന്തമല്ലെന്ന് കുഞ്ഞ് തിരിച്ചറിയുന്ന വ്യക്തിയില്‍ നിന്ന് കഠിന ശിക്ഷകള്‍ ലഭിക്കുമ്പോള്‍ മനസില്‍ ഉരുവാകുന്ന വേദനയും പ്രതികാരവും പില്‍ക്കാലത്ത് ആ കുഞ്ഞിന്റെ വളര്‍ച്ചയെ അതിഗുരുതരമായി ബാധിക്കും. മാത്രമല്ല, മാതൃഭാഷയില്‍ ആശയവിനിമയം ചെയ്തും ചിന്തിച്ചും വളര്‍ന്നെങ്കില്‍ മാത്രമേ പ്രായപൂര്‍ത്തിയാകുമ്പോള്‍ പ്രശ്നങ്ങളെ ക്രിയാത്മകമായി വിലയിരുത്താനും വിഷയങ്ങളെ സ്വീകാര്യമായി അവതരിപ്പിക്കാനും കഴിയുകയുള്ളൂ. ഇന്ത്യയിലെ മധ്യവര്‍ഗത്തെ ബാധിച്ചിട്ടുള്ള വികലമായ ഒരു ചിന്തയാണ് ആംഗലേയത്തില്‍ പ്രൈമറി ക്ലാസുമുതല്‍ വിദ്യാഭ്യാസം നേടിയെങ്കില്‍ മാത്രമെ പ്രായപൂര്‍ത്തിയാകുമ്പോള്‍ മികച്ച ജോലിയും ജീവിത സാഹചര്യങ്ങളും കരഗതമാക്കാന്‍ കഴിയൂ എന്നത്.
എന്നാല്‍ അനുഭവങ്ങള്‍ നേരെ വിപരീതമാണ്. ബിരുദപഠനം കഴിഞ്ഞവര്‍ക്കുപോലും ശരിയായ രീതിയില്‍ ആംഗലേയഭാഷ ഉച്ചരിക്കാനോ കൈകാര്യം ചെയ്യാനോ സാധിക്കുന്നില്ല. മാത്രമല്ല, സ്വന്തം ഭാഷയും സ്വന്തം സാഹചര്യങ്ങള്‍ നല്‍കുന്ന വിശകലനപാടവവും അവര്‍ക്ക് നഷ്ടമാകുന്നു. അതായത് ഒരുതരം ശിഖണ്ഡി പരുവത്തിലുള്ള വിദ്യയാണ് ഇന്ന് കുഞ്ഞുങ്ങള്‍ അഭ്യസിക്കുന്നത്.
ഇത് ശരിക്കും വിദ്യാഭ്യാസപരമായും വ്യക്തിത്വപരമായും മാതാപിതാക്കള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്ന, നിര്‍ബദ്ധപൂര്‍വം സൃഷ്ടിക്കപ്പെടുന്ന ശാപാവസ്ഥയാണ്. മിടുക്കനും മികവുള്ളവനുമാക്കാന്‍ അടിച്ചേല്‍പ്പിക്കുന്ന ശൈശവത്തിലെ ഈ നിര്‍ബന്ധങ്ങള്‍ പില്‍ക്കാലത്ത് വെളുക്കാന്‍ തേച്ചത് പാണ്ഡായി മാറി എന്ന അവസ്ഥയോളം കൊണ്ടെത്തിക്കും.
ഇത് തിരിച്ചറിയാന്‍ സുപ്രീം കോടതിക്കുണ്ടായ വകതിരിവ് നമ്മുടെ മാതാപിതാക്കള്‍ക്കുകൂടിയുണ്ടായാല്‍ കുഞ്ഞുങ്ങള്‍ സ്നേഹവും സൗമനസ്യവും സമഭാവനയുമുള്ള വ്യക്തികളായി വളരും. അപ്പോള്‍ ഇന്നു കാണുന്ന പല സ്വഭാവ വ്യതിയാനങ്ങളും ഇല്ലാതാകുകയും ചെയ്യും.
മക്കള്‍ നല്ല നിലയില്‍ വളരണമെന്നും പില്‍ക്കാലത്ത് മാന്യമായി ജീവിക്കണമെന്നും ആഗ്രഹിക്കുന്ന മാതാപിതാക്കളെല്ലാം സുപ്രീം കോടതിയുടെ അഭിപ്രായമനുസരിച്ച് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഇന്നു പുലര്‍ത്തുന്ന അനാവശ്യ നിര്‍ബന്ധങ്ങളില്‍നിന്ന് പിന്മാറുമെന്നുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.
1 comments :
ONE THOUSAND CLAPS!
:)
Post a Comment