Monday, December 3, 2007

അശാന്തിയുടെ ദുഷ്‌വിശേഷം!

മാര്‍ പവ്വത്തിലായാലും കെ. കരുണാകരനായാലും നാട്ടിന്‍പുറത്തെ കൊച്ചപ്പന്‍ ചേട്ടനായാലും വയസ്സാംകാലത്ത്‌ പലപല നമ്പരുകളുമിറക്കും.

നസ്രാണികൊച്ചുങ്ങളെ നസ്രാണി സ്കൂളില്‍ നന്നെ പഠിപ്പിക്കണമെന്ന്‌ പവ്വത്തില്‍ പിതാവ്‌ പറയുമ്പോള്‍ നസ്രാണികളൊന്നാകെ ആവഴിക്കങ്ങു പോകുമെന്ന ഭീതി വേണ്ട!

താന്‍ തിരിച്ച്‌ മാതൃസംഘടനയില്‍ പോയി വിലസും; എല്ലാരും എന്‍സിപി വിട്ട്‌ കൂടെ പോരുമെന്ന്‌ കെ. കരുണാകരന്‍ പറയുമ്പോള്‍ അതോര്‍ത്ത്‌ മുരളക്ക്‌ ഭീതി വേണ്ട!

തൊണ്ണൂറാം വയസ്സിലും താന്‍ യോഗ്യനാണെന്നും ഉടനൊരു കല്യാണം കഴിച്ചേതീരുവെന്ന്‌ കൊച്ചപ്പന്‍ ചേട്ടന്‍ വാശി പിടിക്കുന്നകേട്ട്‌ മക്കള്‍ക്കാര്‍ക്കും ഭീതിവേണ്ട!

'ചിന്നന്‍' ഒരു സാര്‍വത്രിക പ്രതിഭാസമാണ്‌. 'അറുപതു കഴിഞ്ഞാല്‍ പിറുപിറു' എന്നാണ്‌ ആ അസുഖത്തിന്റെ തുടക്കം. പിന്നതങ്ങട്‌ മൂക്കും. മൂത്തുമൂത്ത്‌ പൊട്ടാറാവുമ്പോഴാണ്‌ ഇത്തരം എടങ്ങേറുകള്‍ സംജാതമാകുന്നത്‌!

ഒരു കാലത്ത്‌ പവ്വത്തില്‍ പിതാവ്‌ ഒരുപാട്‌ കുഞ്ഞാടുകളെ ആത്മീയമായി വളര്‍ത്തിക്കാണും, ഒരു കാലത്ത്‌ കെ. കരുണാകരന്‍ ഒരുപാട്‌ അണികളെ രാഷ്ട്രീയമായി ഉയര്‍ത്തിക്കാണും, ഒരു കാലത്ത്‌ കൊച്ചപ്പന്‍ ചേട്ടന്‍ തന്റെ പന്ത്രണ്ടു മക്കളെയും പോറ്റി വളര്‍ത്തിക്കാണും; എന്നുവച്ച്‌..........?

കേരളത്തിലെ നസ്രാണികള്‍ ഈ നാടിന്‌ നല്‍കിയ സേവനങ്ങള്‍ കേരളം മറക്കില്ല; പവ്വത്തില്‍ മറന്നാലും.
നസ്രാണി ഉസ്കൂളുകള്‍, ഈഴവ ഉസ്കൂളുകള്‍, നായര്‍ ഉസ്കൂളുകള്‍, മാര്‍ത്തോമ ഉസ്കൂളുകള്‍, പുലയ ഉസ്കൂളുകള്‍, സുന്നി ഉസ്കൂളുകള്‍, മുജാഹിദ്‌ ഉസ്കൂളുകള്‍, പെന്തക്കോസ്ത്‌ ഉസ്കൂളുകള്‍, ആദിവാസി ഉസ്കൂളുകള്‍, എന്‍ആര്‍ഐ ഉസ്കൂളുകള്‍ അങ്ങനെ അങ്ങനെ ജാതിയും മതവും തിരിഞ്ഞ്‌ ഉസ്കൂളുകള്‍ നിറഞ്ഞാല്‍ ഉണ്ടാവുന്നതാണ്‌ ദൈവരാജ്യമെന്ന്‌ തലയ്കകു വെളിവുള്ള കുഞ്ഞാടുകളാരും വിശ്വസിക്കില്ല!

പണ്ടത്തെ നസ്രാണി കാരണവന്മാര്‍ പുലയനും പറയനും വരെ അക്ഷരം പഠിപ്പിച്ച്‌ കൊടുത്തതിന്റെ പുണ്യമാണ്‌ ഇന്നത്തെ നസ്രാണിക്കു കിട്ടുന്ന സാമൂഹ്യ അംഗീകാരം എന്ന്‌ 'ചിന്നന്‍' വരാത്തവര്‍ ഓര്‍ത്തിരിക്കണം.
നസ്രാണി വീടുകള്‍ നസ്രാണി പണിയുകയും നസ്രാണി ബാറുകളില്‍ നസ്രാണികള്‍മാത്രം കുടിച്ചു പൂസാകുകയും നസ്രാണി ബ്ലേഡ്‌ കമ്പനികളില്‍ നസ്രാണികള്‍ ചിട്ടിചേരുകയും നസ്രാണി ഇറച്ചിക്കടകളില്‍നിന്നും നസ്രാണികള്‍ ഇറച്ചി വാങ്ങുകയും ചെയ്യുന്ന ' അവിടുത്തെ രാജ്യം' ദൈവമേ ഒരുകാലത്തും ഉണ്ടാകാതിരിക്കണമേ എന്ന്‌ കുത്തിരുന്ന്‌ പ്രാര്‍ഥിക്കുക!

ലോകമെങ്ങും പോയി അസമാധാനത്തിന്റെ ദുഷ്‌വിശേഷമല്ല പിതാവേ, സമാധാനത്തിന്റെ സുവിശേഷം പറയാനല്ലേ കര്‍ത്താവീശോ മിശിഹ പഠിപ്പിച്ചത്‌.

'വെറുതേ ഞങ്ങളുടെ ഒള്ള സമാധാനം കളയാതെ!' എന്ന്‌ വെളിവുള്ള കൊച്ചു പിതാക്കന്മാര്‍ മൂത്ത പിതാവിനോട്‌ പറഞ്ഞുനോക്കുക!

3 comments :

  1. chithrakaran ചിത്രകാരന്‍ said...

    പിതാവാണെങ്കിലും ...പിശാചുബാധകൊണ്ടുനടന്നാലേ നാലു ചക്രം തടയു.
    എല്ലാവരേയും സ്നേഹിക്കുന്ന കൃസ്തുവിനെ ആര്‍ക്കുവേണം!

  2. Unknown said...

    കര്‍ത്താവേ....
    ഇവര്‍ പറയുന്നതെന്നാണെന്ന്
    ഇവര്‍ തന്നെ അറിയുന്നില്ല.
    ഇവരോട് ഒരിക്കലും
    പൊറുക്കരുതേ....ആമേന്‍.

  3. ഒരു “ദേശാഭിമാനി” said...

    ഇങ്ങനെ യുള്ള് പ്രസ്താവനകള്‍ക്കു ഇതുപോലെ എല്ലാവരും പ്രതികരിക്കുക.