ചാഞ്ഞു കിടക്കുന്നെന്നു കരുതി....
തെങ്ങ് ചതിക്കില്ലെന്നാണ് പഴമൊഴി.
ചതിക്കുമായിരുന്നെങ്കില്‍ കാണാമായിരുന്നു കളി. തലയില്‍ തേങ്ങാ വീണു ചാവുന്ന ആള്‍ക്കാരുടെ ചരമ വാര്‍ത്ത അടിക്കാന്‍ പത്രങ്ങള്‍ വാര്‍ഡുകള്‍ തോറും എഡിഷനുകള്‍ തുടങ്ങേണ്ടി വന്നേനെ. കേരളീയര്‍ക്കില്ലാത്ത ഔചിത്യം തെങ്ങിനുണ്ടെന്നു സാരം.
തെങ്ങിന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. തേങ്ങാ പൊതിച്ചാല്‍ കണ്ണ് കുത്തിപ്പൊട്ടിച്ച് തേങ്ങാവെള്ളം കുടിക്കാം. ചമ്മന്തിയുണ്ടാക്കാന്‍ തേങ്ങാ കിട്ടും. തീകത്തിക്കാന്‍ തൊണ്ട് കിട്ടും, ചിരട്ട കിട്ടും. തൊണ്ട് ചീയിച്ചാല്‍ ചകിരിനാര് കിട്ടും, ചകിരിച്ചോറ് കിട്ടും. ഓല കിട്ടും. കോഞ്ഞാട്ട കിട്ടും. പോര്‍ക്കൊടി കിട്ടും. കൊതുമ്പ് കിട്ടും. കൊലഞ്ഞില്‍ കിട്ടും. നാക്കുവടിക്കാന്‍ ഇര്‍ക്കില്‍ വരെ കിട്ടും!
തെങ്ങിന്‍ തടിയില്‍ നിന്നും കട്ടില്‍ കിട്ടും, മേശ കിട്ടും. വീടിനു മേല്‍ക്കൂര കിട്ടും. പിന്നെ, തെങ്ങില്‍ പശുവിനെ കെട്ടാം. തുണിയുണക്കാന്‍ അയ കെട്ടാം. വളഞ്ഞു നില്‍ക്കുന്ന തെങ്ങാണേല്‍ കെട്ടി തൂങ്ങി ചാവാം!
ആഹ്ലാദദായകമായ മറ്റൊരു സംഗതി കൂടി തെങ്ങില്‍ നിന്നു കിട്ടും. ആ സംഗതിയാകുന്നു കള്ള്!
'കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടി മനമേ...
എള്ളോളം ഉള്ളീ ചെന്നാല്‍ ഭൂലോകം പുല്ലെടി മനമേ...'
എന്ന് മഹാകവി അടൂര്‍ഭാസി പാടിയിട്ടുണ്ട്.
കള്ളു കുടിച്ചാല്‍ പലതുണ്ട് ഗുണം. ഒന്ന്, കുടിക്കണവന്റെ മനപ്രയാസം മാറും. ആള് തമാശ പറയും, പാട്ടും പാടും. ചെത്തുകാരന്റെ കുടുംബം കഞ്ഞികുടിച്ച് രക്ഷപ്പെടും. കള്ളുഷാപ്പില്‍ മൂന്നാലു പേര്‍ക്ക് പണികിട്ടും.
കുടിക്കുന്ന കള്ളിന്റെ അളവനുസരിച്ച് കുടിയന്മാര്‍ തെങ്ങിന്‍ തടങ്ങളില്‍ മൂത്രമൊഴിക്കും. മൂത്രം അസ്സലൊരു വളമാകയാല്‍ തെങ്ങില്‍ തേങ്ങ പിടിക്കും!
സാമ്പത്തിക ശാസ്ത്രപരമായി ചിന്തിച്ചാല്‍, കള്ള് ഇടപാടില്‍ പിരിയുന്ന കാശ് മുഴുവന്‍ നമ്മടെ നാട്ടില്‍ തന്നെ കിടന്ന് കറങ്ങും. സായിപ്പ് കൊണ്ടു പോകില്ല!
രാഷ്ട്രീയമായി ചിന്തിച്ചാല്‍, കള്ള് തൊഴിലാളികള്‍ ശക്തിപ്പെട്ടാല്‍ ഇടതുപക്ഷം ശക്തിപ്പെടും. ഇടതുപക്ഷം ശക്തിപ്പെട്ടാല്‍ രാഷ്ട്രം രക്ഷപ്പെടും!
ഓര്‍മ്മയില്‍ വന്ന ഇത്രയും, ഓര്‍മ്മയില്‍ വരാത്ത അതിലേറെയും കാര്യങ്ങള്‍ ഉണ്ടായിട്ടും തെങ്ങിനു നേരെയാണ് എല്ലാവരുടേയും പാര. ഒരുകാലത്ത് തെങ്ങ് വെട്ടിച്ച് റബര്‍ വെപ്പിച്ചു സര്‍ക്കാര്‍. പിന്നേം തെങ്ങ് വെട്ടിച്ച് കൊക്കോ വെപ്പിച്ചു സര്‍ക്കാര്‍.
കള്ളില്‍ സ്പിരിറ്റ് ചേര്‍ത്ത് അതിന്റെ ചാരിത്ര്യം തകര്‍ത്തു സര്‍ക്കാര്‍. കള്ളുഷാപ്പുകള്‍ക്കു നേരെ മാത്രം സമരം നടത്തി കള്ളിനെ ഘോരമദ്യമാക്കി മാറ്റി നാറ്റിച്ചു പാതിരിമാര്‍. ഒടുവില്‍ കൃഷിരാജന്‍ സിംഹവും കള്ളിന്റെ നെഞ്ചത്തേക്കാണിപ്പോള്‍ പടപ്പുറപ്പാട്.
മുട്ടിന് മുട്ടിന് വാറ്റു നടക്കുന്ന നാട്ടില്‍, മുട്ടിന് മുട്ടിന് ബാറു നടത്തുന്ന നാട്ടില്‍ കള്ള് മാത്രം ആര്‍ക്കും കണ്ടുകൂടാ!
അധികം വേഷം കെട്ടിയാല്‍ തെങ്ങ് തലയില്‍ തേങ്ങാ വീഴ്ത്തും; ഓര്‍ത്തോ!
0 comments :
Post a Comment