Friday, December 7, 2007

തലരക്ഷിക്കാത്ത നിയമങ്ങളുടെ വധശിക്ഷകള്‍!

ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക്‌ വീണ്ടും ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വരുന്നു. വാഹനാപകടങ്ങളില്‍ പെടുന്നവരുടെ തല രക്ഷിക്കാനാണ്‌ ഹെല്‍മറ്റ്‌ എന്ന്‌ അധികൃതരും ഡോക്ടര്‍മാരും പറയുന്നു.

എന്നാല്‍ ഹെല്‍മറ്റ്‌ അസഹനീയമായ ഏടാകൂടമാണെന്ന്‌ അതുപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍ പരാതിപ്പെടുന്നു. ഏതെങ്കിലും ഒരു നിയമം പാസാക്കി നടപ്പിലാക്കുമ്പോള്‍ വ്യക്തികളുടെ സൗകര്യമല്ല സമൂഹത്തിന്റെ നന്മയും സുരക്ഷയുമാണ്‌ ലക്ഷ്യമിടുന്നത്‌. ആ അര്‍ത്ഥത്തില്‍, പ്രത്യേകിച്ച്‌ പെരുകിവരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കുന്ന നിയമം സ്വീകാര്യമാകേണ്ടതും അതുകൊണ്ട്‌ ലക്ഷ്യമിടുന്ന നന്മ സാര്‍ത്ഥകമാകേണ്ടതുമാണ്‌.

എന്നാല്‍ കേരളത്തില്‍ അനുഭവം നേരെ തിരിച്ചാണ്‌. ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കിയതിന്‌ ശേഷമുണ്ടായ വാഹനാപകടങ്ങളില്‍ മാരകമായി തലയ്ക്ക്‌ പരിക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണം ഭയാനകമായ വിധത്തില്‍ പെരുകുകയാണ്‌.

ഇടയ്ക്ക്‌ ഇളവനുവദിച്ച ഹെല്‍മറ്റ്‌ നിയമം സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ഈ വര്‍ഷം ആദ്യം വീണ്ടും നിര്‍ബന്ധമാക്കുകയായിരുന്നു. നിയമം നിലവില്‍വന്നതിന്‌ ശേഷമുള്ള ആറുമാസത്തെ ഇരുചക്ര വാഹനാപകടങ്ങളുടെയും ആ അപകടത്തില്‍ പെട്ട്‌ മരിച്ചവരുടെയും എണ്ണം ഞെട്ടിപ്പിക്കുന്നതാണ്‌.

എറണാകുളം ജില്ലയില്‍ മാത്രം ഈ ആറുമാസത്തിനിടയില്‍ 84 പേരാണ്‌ വാഹനാപകടത്തില്‍ മരിച്ചത്‌. 996 പേര്‍ അപകടത്തില്‍ പെട്ടു. അതേസമയം ഹെല്‍മറ്റ്‌ നിര്‍ബന്ധമല്ലാതിരുന്ന കഴിഞ്ഞവര്‍ഷം 1922 അപകടങ്ങളും 120 മരണവുമാണ്‌ ഉണ്ടായത്‌. 2005 ല്‍ 103 മരണവും 2004 ല്‍ 81 മരണവുമാണ്‌ ഉണ്ടായത്‌.

കൊച്ചി നഗരത്തില്‍ കഴിഞ്ഞവര്‍ഷം 941 അപകടങ്ങളിലായി 57 മരണം സംഭവിച്ചപ്പോള്‍ ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കിയ ശേഷമുള്ള ആദ്യ ആറുമാസത്തിനിടയില്‍ 629 അപകടവും 35 മരണവും സംഭവിച്ചു. ഇതിന്‌ ആനുപാതികമാണ്‌ മറ്റു ജില്ലകളില്‍ നിന്നുള്ള കണക്കുകളും.

ഇരുചക്ര വാഹനാപകടത്തിന്‌ നിരവധി കാരണങ്ങളുണ്ട്‌. റോഡുകളുടെ ശോച്യാവസ്ഥ, വാഹനങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധന, ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കുന്നതിലുള്ള വീഴ്ച തുടങ്ങി കാരണങ്ങള്‍ നീളുന്നു. എന്നാല്‍ ഇരുചക്ര വാഹനം ഓടിക്കുന്ന യുവാക്കളാണ്‌ അപകടത്തില്‍ പെടുന്നവരില്‍ 90 ശതമാനത്തിലധികം പേരും. ഇതിനു കാരണമായി പറയുന്നത്‌ യുവജനങ്ങളുടെ ലഹരി ആസക്തിയും അമിത വേഗവുമാണ്‌. ജോര്‍ജ്ജ്‌ ഓണക്കൂറിന്റെ ഒരു കഥാപാത്രമുണ്ട്‌. പൈലറ്റാകാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട യുവാവ്‌. അതുകൊണ്ട്‌ തന്റെ ബുള്ളറ്റ്‌ ബൈക്കിലെ സെയിലന്‍സര്‍ ഊരിമാറ്റി അമിതവേഗത്തില്‍ ബൈക്കോടിച്ചാണ്‌ തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നത്‌. ഈ മനസ്ഥിതി പല യുവാക്കള്‍ക്കുമുണ്ടെന്ന്‌ റോഡിലൂടെയുള്ള അവരുടെ ഇരുചക്ര വാഹനത്തിലൂടെയുള്ള ചീറിപ്പായല്‍ വ്യക്തമാക്കുന്നുണ്ട്‌. കൂടാതെ യൗവ്വനത്തിലെ ലൈംഗിക ഊര്‍ജ്ജവും ഇരുചക്രവാഹനം ഓടിക്കുന്നതിലെ സ്പീഡും പരസ്പര പൂരകങ്ങളാണെന്ന്‌ ലൈംഗിക ശാസ്ത്രകാരന്മാരും ചൂണ്ടിക്കാട്ടുന്നു.
ഈ ശാസ്ത്രീയ വസ്തുതകളൊന്നും, ദിനംപ്രതി വര്‍ദ്ധിക്കുന്ന വാഹനാപകടത്തെയോ മരണത്തെയോ സാധൂകരിക്കുന്നില്ല. ഹെല്‍മറ്റ്‌ വച്ചിട്ടും അപകടത്തില്‍പെട്ട്‌ തലതകര്‍ന്ന്‌ മരിക്കാനാണ്‌ വിധിയെങ്കില്‍ ഈ നിയമം ആദ്യം സൂചിപ്പിച്ച സാമൂഹിക ക്ഷേമമല്ല ലക്ഷ്യമിടുന്നത്‌.

അങ്ങനെ ചിന്തിക്കാനുള്ള തെളിവുകളാണ്‌ ലഭിച്ചിട്ടുള്ളത്‌. ഹെല്‍മറ്റ്‌ നിയമം നടപ്പിലാക്കിയ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍, 'ഹെല്‍മറ്റ്‌ വേട്ട'യിലൂടെ 1.23 ലക്ഷം രൂപയാണ്‌ പോലീസിന്‌ പിഴയിനത്തില്‍ ലഭിച്ചത്‌. മറ്റുജില്ലകളില്‍നിന്ന്‌ ഇതിന്‌ ആനുപാതികമായ തുക ലഭിച്ചിട്ടുണ്ട്‌. പോലീസിന്റെ പോക്കറ്റ്‌ ഇങ്ങനെ വീര്‍ത്തപോലെ ഹെല്‍മറ്റ്‌ കമ്പനിക്കാരുടെ പേഴ്സും വീര്‍ത്തിട്ടുണ്ട്‌. അതായത്‌ നടപ്പിലാക്കിയ ഈ നിയമം ചില തല്‍പ്പര കക്ഷികള്‍ക്ക്‌ ലാഭം കൊയ്യാനുള്ള കുറുക്കുവഴിയാണെന്ന്‌ സാരം. ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ ഹെല്‍മറ്റിന്റെ വില ഈടാക്കുകയും അപകടത്തില്‍ പെട്ടാല്‍ അവരെ മരണത്തിലേക്ക്‌ എളുപ്പം തള്ളിവിടുകയും ചെയ്യുന്ന ഈ നിയമം വീണ്ടും കര്‍ക്കശമാക്കുമെന്നാണ്‌ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രസ്തവിച്ചത്‌. സുരക്ഷക്ക്‌ വേണ്ടി ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍ ശിക്ഷകളായി പരിണമിക്കുമ്പോള്‍ ഇരകള്‍ക്കും ആശ്രിതര്‍ക്കും നഷ്ടപരിഹാരം ലഭിക്കാനുള്ള ചട്ടങ്ങള്‍ കൂടി രൂപീകരിച്ചിട്ടുവേണം ഇത്തരം നിയമങ്ങള്‍ക്ക്‌ രൂപം കൊടുക്കേണ്ടത്‌; നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കേണ്ടത്‌.

1 comments :

  1. സാജന്‍| SAJAN said...

    എല്ലാ നിയമങ്ങള്‍ക്കും അതിന്റേതായ ദോഷവശങ്ങളും വിമര്‍‌ശനങ്ങളും ഉണ്ടാവും,
    വിദേശരാജ്യങ്ങളില്‍ മില്യന്‍സ് ആണ് ഓവര്‍ സ്പീഡിനു ഫൈന്‍ ആയി ഗവണ്‍‌മെന്റുകള്‍ക്ക് ലഭിക്കുന്നത്, 60 കിലോമീറ്റര്‍ ഓടേണ്ട റോഡില്‍ 65 കിമീ ആയാല്‍ പതിനായിരങ്ങളാണ് മിക്ക വികസിത രാജ്യങ്ങളിലും ഫൈന്‍ കൊടുക്കേണ്ടത്, ഹെല്‍‌മറ്റ് ഇല്ലാതെ, സീറ്റ്ബെല്‍‌റ്റ് ഇല്ലാതേ ഒക്കെ ഓടിക്കുന്ന കാര്യം അത്തരം രാജ്യങ്ങളിലൊന്നും ചിന്തിക്കാനേ കഴിയില്ല,
    നമ്മുടെ നാട്ടില്‍ മാത്രം എല്ലാവരും ഏലിയന്‍സ് ആണ്,
    നിയമത്തെ പേടിയും ഇല്ല , ഒരുവിധമുണ്ടെങ്കില്‍ അത് ഇമ്പ്ലിമെന്റ് ചെയ്യാന്‍ സമ്മതിക്കുകയും ഇല്ല, നിങ്ങളെ പോലെയുള്ള സാമൂഹിക പ്രതിബദ്ധതയുള്ളവരും ഇതിനൊക്കെ എതിരേ ശബ്ദമുയര്‍ത്തുന്നത് കഷ്ടമെന്നേ പറയാന്‍ കഴിയൂ:)
    ആ കണക്കുകള്‍ക്ക് ഒരു മറുവശം കൂടെയുണ്ട്,
    ഹെല്‍‌മറ്റ് ഉപയോഗിച്ചവരില്‍ എത്രപേര്‍ തലക്ക് അപകടമുണ്ടായി മരിച്ചു എന്നായിരുന്നു കണക്കെടുപ്പ് വേണ്ടിയിരുന്നത്,
    ആ ഫൈന്‍ തുക കാണുമ്പോള്‍ തന്നെ അറിയാമല്ലൊ ഭൂരിഭാഗം പേരും ഹെല്‍മറ്റ് ധരിക്കാതെയാണ് ഇരുചക്ര വാഹനം ഓടിച്ചിരുന്നതെന്ന് !