Thursday, December 27, 2007

മോഡി ഇഫക്ടില്‍ ഒറീസ കത്തുമ്പോള്‍

ഗുജറാത്തില്‍ നരേന്ദ്രമോഡിക്ക്‌ ലഭിച്ച അനുപമമായ വിജയത്തിന്റെ ആവേശത്തിലാണോ സംഘപരിവാറിലെ ഒരുവിഭാഗം ഒറീസയില്‍ സാമുദായിക വൈരം ആളിക്കത്തിച്ച്‌ അരാജകത്വം സൃഷ്ടിക്കുന്നത്‌? ലഭിച്ച വാര്‍ത്തകള്‍ ആ ആശങ്കയെ ഇരട്ടിപ്പിക്കുന്നതാണ്‌.

ക്രിസ്മസ്‌ തലേന്ന്‌ തുടങ്ങിയ ആസൂത്രിതമായ ആക്രമണത്തില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തുകയും നാല്‌ ഇടവകപള്ളിയടക്കം നിരവധി പള്ളികള്‍ക്ക്‌ തീയിടുകയും 19 പള്ളികള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കുകയും വൈദികരും കന്യാസ്ത്രീകളും വിശ്വാസികളുമടക്കം നിരവധി പേരെ ആക്രമിച്ച്‌ പരിക്കേല്‍പിക്കുകയും മൂന്ന്‌ പോലീസ്‌ ഔട്ട്പോസ്റ്റുകളും രണ്ട്‌ പോലീസ്‌ വാഹനവും നശിപ്പിക്കുകയും ക്രൈസ്തവ സഭകള്‍ നടത്തുന്ന സ്ഥാപനങ്ങളും ആശുപത്രികളും പരക്കെ ആക്രമിക്കപ്പെടുകയും ചെയ്തു. പല പള്ളികളിലും ക്രിസ്മസിന്‌ പാതിരകുര്‍ബാന നടത്താന്‍ പോലും സാധിച്ചില്ല. അക്രമികളെ പേടിച്ച്‌ വൈദികരും കന്യാസ്ത്രീകളുമടക്കം പലരും കാട്ടില്‍ ഒളിവിലാണ്‌.

കന്ദാമല്‍ ജില്ലയില്‍ തുടങ്ങിയ കലാപം ഇപ്പോള്‍ തലസ്ഥാനമായ ഭുവനേശ്വറിലേക്കും വ്യാപിച്ചിരിക്കുകയാണ്‌. പത്തോളം പട്ടണങ്ങളില്‍ നിശാനിയമം പ്രഖ്യാപിച്ചിട്ടും അക്രമങ്ങള്‍ തുടരുകയാണ്‌. പെന്തക്കോസ്ത്‌, കത്തോലിക്കാ സഭാകളുടെയും ബാപ്റ്റിസ്റ്റുകളുടെയും സ്ഥാപനങ്ങളാണ്‌ ആക്രമിക്കപ്പെട്ടത്‌.

ബിജു ജനതാദളും ബിജെപിയും ചേര്‍ന്ന്‌ ഭരിക്കുന്ന ഒറീസയില്‍ പെട്ടെന്നിങ്ങനെ ഒരു ജാതീയ ആക്രമണം ഉണ്ടാകാനുള്ള പ്രേരണ ഗുജറാത്തിലെ മോഡി വിജയമാണെന്ന്‌ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതിനെ തള്ളിക്കളയാന്‍ കഴിയില്ല. സ്വാമി ലക്ഷ്മാനന്ദ്‌ സരസ്വതി എന്ന വിഎച്ച്പി നേതാവാണ്‌ ഈ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക്‌ പിന്നിലെന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. ഭരണാധികാരികള്‍ക്കും പോലീസിനും പേടിസ്വപ്നമാണത്രെ ഈ സ്വാമി. തന്നെ എന്തെങ്കിലും ചെയ്താല്‍ ഒറീസ കത്തുമെന്ന്‌ സ്വാമി ഭീഷണിപ്പെടുത്തി, തന്റെ അനുയായികളെക്കൊണ്ട്‌ അക്രമങ്ങള്‍ നടത്തിക്കുകയാണെന്നും പറയപ്പെടുന്നുണ്ട്‌. സ്വാമിക്ക്‌ ഇപ്പോഴുണ്ടായ സംഭവത്തിലുള്ള പങ്കിനെക്കുറിച്ച്‌ പരാതിപ്പെട്ടപ്പോള്‍ സ്വാമി ശക്തനാണെന്നും അദ്ദേഹത്തെ ഒന്നും ചെയ്യാനാവില്ലെന്നുമാണ്‌ ഡിജിപി അഭിപ്രായപ്പെട്ടത്‌.

ഗുജറാത്ത്‌ ആവര്‍ത്തിക്കാന്‍ സംഘപരിവാറിലെ ഒരുസംഘം പ്രവര്‍ത്തകരാണ്‌ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ളത്‌. ഇതുസംബന്ധിച്ച പരാതി നിരവധി ലഭിച്ചിട്ടും സംഘര്‍ഷം നിശാനിയമ സംവിധാനത്തെപ്പോലും തകര്‍ത്ത്‌ വ്യാപിക്കുമ്പോഴും മുഖ്യമന്ത്രി നവീന്‍ പട്നായിക്‌ തുടരുന്ന മൗനമാണ്‌, ഈ സംഭവങ്ങള്‍ക്ക്‌ പിന്നില്‍ ഗുജറാത്ത്‌ ഇഫക്ടാണെന്ന്‌ വ്യാഖ്യാനിക്കാന്‍ ഇടയാക്കിയിട്ടുള്ള പ്രധാന ഘടകം. കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ ബിജെപിയുടെ പിന്തുണയോടെയാണ്‌ നവീന്‍ പട്നായിക്‌ മുഖ്യമന്ത്രി കസേരയില്‍ തുടരുന്നത്‌.

മോഡിയുടെ വിജയം ബിജെപിക്ക്‌ രാഷ്ട്രീയമായ ഉത്തേജനം ലഭിച്ചതുപോലെ വിഎച്ച്പിക്കും അവരുടെ വംശീയ ചിന്തകള്‍ അടിച്ചേല്‍പ്പിക്കാനുള്ള പരിസരം ഒരുക്കിയിട്ടുണ്ടെന്ന്‌ ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. നാനാത്വത്തില്‍ ഏകത്വവും മതനിരപേക്ഷതയും മുഖമുദ്രയായ നാട്ടില്‍ ആശയങ്ങളെയും അതിഥികളെയും ദേവനുതുല്യം ബഹുമാനിച്ച്‌ ആദരിച്ച രാഷ്ട്രത്തില്‍ ഇതുപോലുള്ള സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ അതിനുപിന്നില്‍ വ്യക്തമായ അജണ്ടകള്‍ ഉണ്ടെന്നുള്ളത്‌ തീര്‍ച്ചയാണ്‌. ഇത്‌ ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിശലകനം ചെയ്യുമ്പോള്‍ ഹൈന്ദവ വര്‍ഗീയതയുടെ ത്രിശൂലമുനയായും വാള്‍വീശലായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്‌. ഒരുപരിധിവരെ അത്‌ ശരിയാണുതാനും.

ഇങ്ങനെ കുറ്റപ്പെടുത്തലിന്റെ ചൂണ്ടുവിരല്‍ സംഘപരിവാറിനുനേരെ നീട്ടുമ്പോള്‍ മറന്നുപോകുന്ന അല്ലെങ്കില്‍ ബോധപൂര്‍വ്വം തമസ്കരിക്കുന്ന മറ്റൊരു വസ്തുതയുണ്ട്‌. അതാണ്‌ ക്രൈസ്തവ സഭകള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ നടത്തുന്ന മതപരിവര്‍ത്തന തന്ത്രങ്ങള്‍. ലോകമെമ്പാടും പോയി സുവിശേഷമറിയിച്ച്‌ സര്‍വ മനുഷ്യരേയും ശിഷ്യരാക്കാന്‍ യേശുക്രിസ്തു അപ്പോസ്തോലന്മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുമ്പോള്‍ അത്‌ പ്രലോഭനങ്ങളിലൂടെയുള്ള മതപരിവര്‍ത്തനമായിരിക്കണമെന്ന്‌ ഉദ്ദേശിച്ചിട്ടുണ്ടാവില്ല. ഏതാശയവും ഏതുമതവിശ്വാസവും വച്ചുപുലര്‍ത്താനും പ്രചരിപ്പിക്കാനും ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌, ഇന്ത്യന്‍ ഭരണഘടന അവകാശവും സ്വാതന്ത്ര്യവും അംഗീകാരവും അനുവദിച്ചുതന്നിട്ടുണ്ട്‌. എന്നാല്‍ ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളില്‍ ഇപ്പോഴും ക്രൈസ്തവ മത വിശ്വാസ പ്രചാരണത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌ വിദേശ മിഷണറിമാരാണ്‌. ഇത്‌ ഇന്ത്യന്‍ ഭരണഘടനയുടെ വിശാലവീക്ഷണത്തിന്‌ പോലും അനുയോജ്യമായതല്ല. ക്രിസ്തു സുവിശേഷം പ്രസംഗിച്ചത്‌ വ്യാപകമായ മതപരിവര്‍ത്തനത്തിന്‌ വേണ്ടിയായിരുന്നില്ല. മറിച്ച്‌ സ്നേഹത്തിന്റെയും സത്യത്തിന്റെയും സഹിഷ്ണുതയുടെയും സംസ്കാരം വളര്‍ത്തിയെടുത്ത്‌ ദൈവരാജ്യത്തിന്റെ സൃഷ്ടിക്കുവേണ്ടിയുള്ള വഴിയൊരുക്കലായിരുന്നു, ആ വിശുദ്ധ ദൗത്യം.

എന്നാല്‍ ഇന്ന്‌ അതില്‍ നിന്നെല്ലാം വ്യതിചലിച്ച്‌ മറ്റ്‌ ചില ലക്ഷ്യങ്ങളോടെ, വിദേശ ഫണ്ടിങ്ങിന്റെ ലോപമില്ലാത്ത സഹായത്തോടെ ഒരു വിഭാഗമെങ്കിലും നടത്തുന്ന മതപരിവര്‍ത്തനം സംഘപരിവാറിനെ ചൊടിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനും പറ്റില്ല. ഇതാണ്‌ യാഥാര്‍ത്ഥ്യം. ഇത്‌ തിരിച്ചറിയാനും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിന്‌ ഉള്ളില്‍ നിന്നുകൊണ്ട്‌ മതപ്രചരണം നടത്താനും ക്രൈസ്തവ സഭകള്‍ തയ്യാറാകണം. ഒപ്പം ഇന്ത്യയിലെ ഏതു പൗരനും ഏത്‌ മതവിശ്വാസവും പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന്‌ വിഎച്ച്പിയും സംഘപരിവാറും അംഗീകരിക്കുകയും വേണം. അതിന്‌ തയ്യാറാകാത്ത മാനസീകാവസ്ഥകളാണ്‌ ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌. തടിയുടെ വളവും തച്ചന്റെ കഴിവുകേടും ചേരുമ്പോള്‍ ഉണ്ടാകുന്ന വികലതപോലെയാണ്‌ ഈ വംശീയ സംഘട്ടനങ്ങളും. ഇതിനെ നിയമത്തിന്റെ കരങ്ങളുപയോഗിച്ച്‌ അടിച്ചമര്‍ത്താന്‍ ഭരണകര്‍ത്താക്കള്‍ക്കും ബാധ്യതയുണ്ട്‌. ഈ മൂന്ന്‌ വിഭാഗവും അവരവരുടെ മണ്ഡലങ്ങളില്‍ മാന്യമായി, പ്രതിപക്ഷ ബഹുമാനത്തോടെ പ്രവര്‍ത്തിച്ചാല്‍ ഇല്ലാതാക്കാവുന്നതേയുള്ളൂ ഇത്തരം സംഘര്‍ഷങ്ങള്‍. അതിനുള്ള മാന്യത എല്ലാവരും പ്രദര്‍ശിപ്പിക്കേണ്ടിയിരിക്കുന്നു.

4 comments :

 1. കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

  ഏറ്റവും വസ്തുനിഷ്ടവും നിഷ്പക്ഷവുമായ വിലയിരുത്തല്‍ ആണിത് . ഈയിടെയായി ഇവിടെയുള്ള മിക്ക ലേഖനങ്ങളും ഞാന്‍ വായിക്കുന്നുണ്ട് . ഓരോന്നും ഒന്നിനൊന്ന് മെച്ചം . പക്ഷെ ബൂലോഗത്ത് ഈ ബ്ലോഗ് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ !

 2. ഷാനവാസ്‌ ഇലിപ്പക്കുളം said...

  വാസ്തവം!
  സുകുമാരന്‍ മാഷ്‌ പറഞ്ഞതുപോലെ ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയം.

 3. കാണാപ്പുറം said...

  വാസ്തവമേ,
  (1) പരിവര്‍ത്തിതക്രൈസ്തവര്‍ക്ക്‌ സംവരണവും മറ്റ്‌ ആനുകൂല്യങ്ങളും ലഭിക്കാന്‍ പോകുന്നതുമായി ബന്ധപ്പെട്ട്‌ മറ്റു ഗിരിവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ശക്തമായ അമര്‍ഷമുണ്ട്‌. അതാണെന്നു തോന്നുന്നു പ്രശ്നങ്ങളുടെ മൂലകാരണം. അതു പരിഹരിക്കേണ്ടത്‌ ഒറീസ സര്‍ക്കാരും കേന്ദ്രസര്‍ക്കാരുമൊക്കെയാണ്. നരേന്ദ്രമോദിക്ക്‌ ഗുജറാത്തിലെ ഗിരിവര്‍ഗ്ഗക്കാരുടെ കാര്യമന്വേഷിക്കേണ്ട ബാദ്ധ്യതയേയുള്ളൂ. അദ്ദേഹത്തെ ഇവിടേക്കു വലിച്ചിഴയ്ക്കുന്നതു ബാലിശമാണ്.

  മലയാളമാദ്ധ്യമങ്ങള്‍ വായിച്ചാല്‍ ഇത്തരം വിഷയങ്ങളില്‍ ആര്‍ക്കും യാതൊരു വിവരവും ലഭിക്കില്ല എന്ന അവസ്ഥ ആശങ്കാജനകം തന്നെ.
  The tribals, who are opposed to granting schedule tribe status to dalit Christians have extended their 36-hour bandh call.... എന്നത്‌ വായിക്കണമെങ്കില്‍ ഇംഗ്ലീഷ് പത്രം തന്നെ നോക്കേണ്ടി വരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ മറ്റനേകം വാര്‍ത്തകളും ഉണ്ട്‌. സംഘപരിവാറിനെ എതിര്‍ക്കുക മാത്രം ചെയ്യുന്ന എന്‍.ഡി.ടി.വി.യുടെയും ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെയുമൊക്കെ വാര്‍ത്തകളില്‍ നിന്നുള്ള ശകലങ്ങള്‍ താഴെ കൊടുത്തിട്ടുണ്ട്‌.

  (2) >>[വാസ്തവം]ഒറീസയില്‍ പെട്ടെന്നിങ്ങനെ ഒരു ജാതീയ ആക്രമണം ഉണ്ടാകാനുള്ള പ്രേരണ ഗുജറാത്തിലെ മോഡി വിജയമാണെന്ന്‌ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതിനെ തള്ളിക്കളയാന്‍ കഴിയില്ല

  മലയാളമാദ്ധ്യമങ്ങളുടെ ഗുണനിലവാരം മൂലം വാര്‍ത്തകളൊന്നും നമ്മള്‍ അറിയാതിരിക്കുന്നതുകൊണ്ട്‌ നമുക്കിതെല്ലാം “പെട്ടെ“ന്നായി തോന്നുന്നതു മാത്രമാണു വാസ്തവമേ. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ നേരെ ഏഴാമതു വട്ടവും നടന്ന വധശ്രമമാണ് ആദ്യത്തെ അക്രമസംഭവം. കൃസ്ത്യന്‍ മിഷണറിമാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കോണ്‍ഗ്രസ്‌ എം.പി.യുടെ ആളുകളാണ് ആക്രമണത്തിനു പിന്നിലെന്ന്‌ ആരോപണമുണ്ട്‌. സ്വാമിയ്ക്കു വെട്ടുകിട്ടുകയാണെങ്കില്‍, തിരിച്ചടിക്കുന്നതിനു മുമ്പ്‌ അദ്ദേഹത്തിന്റെ അനുയായികള്‍ മറ്റൊരു സംസ്ഥാനത്തിലെ തെരഞ്ഞെടുപ്പുഫലം നോക്കും എന്നത്‌ - എന്തോ - അങ്ങേയറ്റം അവിശ്വസനീയമായിത്തോന്നുന്നു. ഈ രാജ്യത്ത്‌ എന്തു നടന്നാലും അതിനു പിന്നില്‍ ഒരു മോദി ഇഫക്ട്‌ ഉണ്ട്‌ എന്നു വാദിക്കുന്നത്‌ അങ്ങേയറ്റം അപഹാസ്യമാണ്.

  (3) അടുത്ത വാര്‍ത്താശകലം:- a mob allegedly set fire to several homes belonging to Hindus in Brahmanigaon area of the Kandhmal district in Orissa..

  ഹിന്ദുക്കളുടെ വീടു കത്തിച്ചതും സംഘപരിവാറുകാര്‍ ആണെന്നും, അത്‌ ഗുജറാത്തില്‍ നിന്ന്‌ മോദി പറഞ്ഞുകൊടുത്ത തന്ത്രമാണെന്നും വാദിക്കാന്‍ മടിക്കാത്ത ചില ‘നിരീക്ഷകര്‍’ നമുക്കുണ്ട്‌ എന്നതാണ് നമ്മുടെ നാടിന്റെ ശാപം. എന്തുപറയാനാണ്? മലയാളികള്‍ക്കു വിധിച്ചിട്ടുള്ളതു മാത്രമേ അവര്‍ക്കു ലഭിക്കൂ.

  (4) മറ്റൊരു ഭാഗം:- the situation turned explosive in Brahmanigaon after a Christians took out a rally that was opposed by Hindu organisations. Reports reaching Bhubaneswar said rallyists beat up rival groups forcing them to take refuge at the local police station. When the cops tried to intervene, the rallyists opened fire on them as well.

  റാലിനയിച്ച ക്രൈസ്തവര്‍ക്ക്‌ തോക്കും വെടിക്കോപ്പുകളും എവിടുന്നു കിട്ടി എന്നു കൂടി കണ്ടെത്തേണ്ടതുണ്ട്‌.

  ഉത്തരേന്ത്യയില്‍ നടക്കുന്ന സംഭവങ്ങളേക്കുറിച്ചറിയണമെങ്കില്‍ അന്യഭാഷാമാദ്ധ്യമങ്ങളെ ആശ്രയിക്കണമെന്ന മലയാളിയുടെ ദുരവസ്ഥ എന്നാണാവോ മാറുക? ദീപിക, മനോരമ തുടങ്ങിയവയില്‍ നിന്ന്‌ ഒറീസ സംഭവത്തിന്റെ വിശദവിവരങ്ങള്‍ പ്രതീക്ഷിക്കുന്നതിലര്‍ത്ഥമില്ല. “വാസ്തവ”ത്തിനൊക്കെ ഇതില്‍ സഹായിക്കാനാവുമെന്നു കരുതുന്നു. എവിടെ എന്തു നടന്നാലും അതു സംഘപരിവാറിന്റെ തലയില്‍ചാര്‍ത്തി കൈകെട്ടിയിരിക്കുന്ന നമ്മുടെ സ്ഥിരം ശൈലി ഒഴിവാക്കി, വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അവലോകനം ചെയ്ത്‌ അവതരിപ്പിച്ചാല്‍ ഈ രാജ്യം നിങ്ങളോടു കടപ്പെട്ടിരിക്കും.

 4. മുക്കുവന്‍ said...

  I just cant understand why christian need to convert those people. if they want to help some one do that, not convert the population!

  being said that, if christian stop their helping hand to those who were oppressed, will never see a light. so it has got both sides.