Tuesday, December 11, 2007

ഐടി യുഗത്തില്‍ തൊണ്ണൂറിന്റെ യൗവ്വനം!

വലിയ താമസമില്ലാതെ ഇന്ത്യാ മഹാരാജ്യം ലോക പോലീസാവും!

കാരണം ബിജെപി ഒരു യുവതുര്‍ക്കിയെ തങ്ങളുടെ പ്രധാനമന്ത്രിയാക്കാന്‍ കണ്ടുവച്ചുകഴിഞ്ഞു. പ്രായാധിക്യത്താല്‍ വാജ്പേയി പിന്മാറിയതോടെയാണ്‌ എണ്‍പതുകാരനായ ചുള്ളന്‍ അദ്വാനിക്ക്‌ നറുക്കു വീണിരിക്കുന്നത്‌!

എസ്‌.ഡി. ശര്‍മ എന്നൊരു രാഷ്ട്രപതി ലോകരാഷ്ട്രവേദികളില്‍ പാത്തത്താറാവിനെപ്പോലെ ഇന്ത്യാ മഹാരാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു നടന്ന കാലം ഓര്‍മവരുന്നു.

മൂന്നാലുപേര്‍ താങ്ങിയെടുത്താണ്‌ ആ അഭിമാനഭാജനത്തെ കൊണ്ടുനടന്നിരുന്നത്‌. വലിയൊരു സാമ്പത്തിക ശക്തിയായി വളരാന്‍ വെമ്പി നില്‍ക്കുന്നൊരു രാജ്യത്തിന്‌ കുഴിയിലേക്കു കാലുനീട്ടിയിരിക്കുന്ന കാരണവന്മാരെ മാത്രമേ ഭരിക്കാന്‍ കിട്ടൂവെന്നു പറയുന്നത്‌ ഇന്നാട്ടില്‍ യോഗ്യതയില്ലാത്ത ചെറുപ്പക്കാരില്ലാത്തതിനാലത്രെ!

അതുകൊണ്ടുതന്നെയാണ്‌ 'ചിന്നന്‍' ബാധിച്ച ലീഡറെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ്‌ തലചൂടായി നടക്കുന്നത്‌. കരുണാകരനെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ബിജെപിയെ ഞെട്ടിച്ചു കളയുമോ എന്നേ ഇനി അറിയാനുള്ളു!

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കൊണ്ട്‌ ലോകം കോലുകളിക്കുന്ന കാലമാണ്‌! രാമന്‍, രാവണന്‍, ഹനുമാന്‍ തുടങ്ങിയ ഇതിഹാസ നായകരെയോര്‍ത്ത്‌ വ്യസനിച്ചും അഭിമാനിച്ചും നടക്കുന്ന കാരണവന്മാര്‍ ഇതിനിടയില്‍ എന്തുചെയ്യാനാണ്‌ എന്നു സംശയിക്കേണ്ട!

ലോകത്തെ കിടുകിടെ വിറപ്പിക്കാന്‍പോന്ന തരം കിടിലന്‍ അസ്ത്രങ്ങള്‍ പുരാണങ്ങളില്‍ കിടക്കുന്നു! അതെല്ലാമെടുത്ത്‌ അദ്വാനിയൊന്നു പെരുമാറിയാല്‍ അമേരിക്കയുടെ ആണവായുധമൊക്കെ വെറും തൃണം!

നമ്മുടെ കയ്യില്‍ ഇരിക്കുന്നു; ആര്‍ഷഭാരത സംസ്ക്കാരം. സംസ്ക്കാരങ്ങളെ തകര്‍ക്കാന്‍ നടക്കുന്നു സാമ്രാജ്യത്വം. ലോകത്തെ കീഴടക്കാന്‍ നമ്മുടെ മന്ത്രകീര്‍ത്തനങ്ങള്‍ ധാരാളം. എടുത്തൊന്നു പെരുമാറിയാല്‍ നിലംപൊത്തും അധിനിവേശം!

രാജ്യത്തെ സകല പാര്‍ട്ടികളെയും നയിക്കുന്നത്‌ വയോവൃദ്ധന്മാരാണ്‌. അതുകൊണ്ടാണ്‌ വൃദ്ധസദനങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബില്ലുകൊണ്ടുവന്നത്‌.

ഒരു പണിയുമില്ലാതെ ചെറുപ്പക്കാര്‍ ചൊറികുത്തി നടക്കുന്നു. അവരെ നോക്കാന്‍ ആര്‍ക്കുണ്ടു നേരം എന്നു പരിഭവം വേണ്ട. മാതാപിതാ ഗുരു ദൈവം എന്നാണ്‌ ഭാരതമതം. വയസായവരില്‍ ഈശ്വരനെ കാണണം. ഭരിക്കുന്നവന്‍ രാജാവായാലും പ്രധാനമന്ത്രിയായാലും ഈശ്വരന്‍തന്നെ. ഈശ്വരോ രക്ഷതു!

'നിന്റെ കണ്ണുകളില്‍ ഞാന്‍ ഈശ്വരനെ കാണുന്നു' എന്നു പരമഹംസര്‍ നരേന്ദ്രന്‍ എന്ന വിവേകാനന്ദനോട്‌ പറഞ്ഞു. ഇപ്പോള്‍ ചെറുപ്പക്കാരുടെ കണ്ണുകളില്‍ ഈശ്വരനില്ല. അവിടെ നിരാശയുടെ പടുകുഴികള്‍ മാത്രം!
 
നാടേ കേഴുക!

2 comments :

  1. മായാവി.. said...

    ഇപ്പോള്‍ ചെറുപ്പക്കാരുടെ കണ്ണുകളില്‍ ഈശ്വരനില്ല. അവിടെ നിരാശയുടെ പടുകുഴികള്‍ മാത്രം!
    YOU said it....

  2. മായാവി.. said...

    ഉള്ളടക്കം കഴമ്പുള്ളതാണ്, പക്ഷെ,
    വായിക്കാന്‍ സുഖം തോന്നുന്നില്ല
    ഫോണ്ടുകളും ബാക്ക് ഗ്രൌണ്ടും മറ്റാന്‍ ശ്രമിക്കുക ചില ഉദഹരണങ്ങള്‍ നോക്കുക.
    http://pvpnair.blogspot.com/2007/12/blog-post_5834.html

    കറുത്ത ബാക്ക് ഗ്രൌണ്ടില്‍ വെളുത്ത /മഞ്ഞ അല്പം വലിയ അക്ഷരം കണ്ണിനും മോനിറ്ററിനും നന്നായിരിക്കും