Wednesday, December 5, 2007

ഒരു അച്ഛനും മകനും പിന്നെ കുറേ തെമ്മാടികളും'

'തെമ്മാടികളുടെ അവസാനത്തെ ആശ്രയമാണ്‌ രാഷ്ട്രീയം" എന്ന നിരീക്ഷണത്തിന്റെ ആള്‍ രൂപമായി വളര്‍ന്നുകഴിഞ്ഞു കെ.മുരളീധരന്‍. അതിന്റെ ഹൈടെക്‌ പ്രദര്‍ശനമായിരുന്നു ഇന്നലെ, എറണാകുളത്തെ ജി ഓഡിറ്റോറിയത്തില്‍ കണ്ടത്‌. പുരുഷന്റെ തുണിയുരിഞ്ഞ്‌ ശക്തികാണിച്ച മുരളിയുടെ ഗുണ്ടാരാഷ്ട്രീയം ഇന്നലെ ഒരു സ്ത്രീയുടെ സാരി വലിച്ചഴിക്കുന്നിടം വരെ വികസിച്ചു. രാഷ്ട്രീയ കുതന്ത്രങ്ങളുടെ ആചാര്യനായ കെ.കരുണാകരന്റെ മകന്‍ അങ്ങനെ ആയില്ലെങ്കില്‍ അതിശയിച്ചാല്‍ മതി. ലീഡര്‍ കൗടില്യരാഷ്ട്രീയം കളിച്ച്‌, കേരളത്തിലും കോണ്‍ഗ്രസ്സിലും മുടിചൂടാമന്നനായി വാണപ്പോള്‍ ഗള്‍ഫില്‍ പണം വാരാന്‍ പോയ പാവം പയ്യനായിരുന്നു മുരളി. അവിടെ പച്ചപിടി ക്കാതെ വന്നപ്പോഴാണ്‌ തിരിച്ച്‌ കേരളത്തിലെത്തി സേവാ ദളിന്റെ സംസ്ഥാന നേതാവായി രാഷ്ട്രീയത്തിലേക്ക്‌ പ്രവേശിച്ചത്‌.

മുരളിയുടെ രാഷ്ട്രീയ പ്രവേശനം ആഡംബരത്തിന്റെയും പ്രൗഡിയുടെയും പണക്കൊഴുപ്പിന്റെയും പ്രദര്‍നം കൂടിയായിരുന്നു. കുവൈറ്റ്‌ ചാണ്ടി എന്നറിയപ്പെടുന്ന, ഇപ്പോഴത്തെ കുട്ടനാട്‌ എംഎല്‍എ തോമസ്‌ ചാണ്ടി ആയിരുന്നു മുരളിയുടെ രാഷ്ട്രീയ പിന്‍തുടര്‍ച്ച വാഴ്ചാച്ചടങ്ങിന്റെ ചെലവുമുഴുവന്‍ വഹിച്ചത്‌.

മുരളി കോണ്‍ഗ്രസിലെത്തിയതോടെ ഗ്രൂപ്പുകളിക്കും അതിന്റെ അനിവാര്യതയായ ഒതുക്കലുകള്‍ക്കും മണിപവറിന്റെ മാത്രമല്ല മസില്‍ പവറിന്റെയും മാനം ലഭിച്ചു. അതോടെ ലീഡറുടെ ഏറ്റവും വിശ്വസ്തര്‍ എന്നറിയപ്പെ ട്ടിരുന്ന തീപ്പൊരി പ്രസംഗകന്‍ രാജ്മോഹന്‍ ഉണ്ണിത്താനും തന്ത്രശാലിയായ ശരത്ചന്ദ്രപ്രസാദും ഉള്‍പ്പെടെയുള്ളവര്‍ പിന്തള്ളപ്പെടുകയും മുരളിയും പിന്നാലെ പത്മജയും കോണ്‍ഗ്രസിന്റെ അവിഭാജ്യഘടകങ്ങളും തെരഞ്ഞെടുപ്പ്‌ മത്സരങ്ങളിലെ സ്ഥാനാര്‍ത്ഥികളുമായി.

കുടുംബവാഴ്ചയുടെ തെമ്മാടിത്തം നിറഞ്ഞ തന്ത്രങ്ങള്‍ ഇവിടം മുതലാണ്‌ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളികള്‍ക്ക്‌ പുതിയ മൂര്‍ച്ച നല്‍കിയതും അതിന്‌ ബദലായി എതിര്‍ഗ്രൂപ്പുകള്‍ വ്യക്തിഹത്യ ഉള്‍പ്പെടെയുള്ള നീച പ്രചാരണങ്ങള്‍ക്ക്‌ രൂപം നല്‍കിയതും.

മകനെയും മകളെയും ഉയര്‍ത്തിക്കാട്ടാന്‍ കരുണാകരന്‍ അവലംബിച്ച തന്ത്രങ്ങള്‍ ഒരു കൊട്ടാരവിപ്ലവംതന്നെ പാര്‍ട്ടിക്കുള്ളില്‍ സൃഷ്ടിച്ചു. ഈ വിപ്ലവത്തിന്‌ നേതൃത്വം നല്‍കിയതുകൊണ്ടാണ്‌, തിരുവനന്തപുരത്ത്‌, ഇന്ദിരാഹൗസിന്റെ മുന്നില്‍വച്ച്‌ മുരളിയുടെ ഗുണ്ടകള്‍ രാജ്‌ മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും മര്‍ദ്ദിച്ചൊതുക്കിയതും തുണിയുരിഞ്ഞ്‌ അപമാനിച്ചതും. അടിയേറ്റ മൂര്‍ഖനെപ്പോലെ ഉണ്ണിത്താന്‍ ചീറിയപ്പോള്‍ കേട്ടാലറയ്ക്കുന്ന രതികഥകളാണ്‌ പുറത്തുവന്നത്‌. ഈ കഥകളിലെ മന്മഥരാജകുമാരന്‍ കെ.മുരളീധരനായിരുന്നു.

തിരുവനന്തപുരത്ത്‌ ആരംഭിച്ച ഗുണ്ടാരാഷ്ട്രീയം പിന്നെ പുഷ്കലമായത്‌ ആലുവ പാലസിലായിരുന്നു. അന്ന്‌ അടികൊണ്ട്‌ ചുരുണ്ടത്‌ ടി.എച്ച്‌ മുസ്തഫയും എം.പി.ഗംഗാധരനുമടങ്ങുന്ന മുതിര്‍ന്ന നേതാക്കളായിരുന്നു. അച്ഛന്റെയും മകന്റെയും മകളുടെയും സൗകര്യത്തിനും അധികാരലബ്ധിക്കും വേണ്ടി ഗ്രൂപ്പുണ്ടാക്കിയും തകര്‍ത്തും പാര്‍ട്ടി വിട്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തിയും നടത്തിയ നാണംകെട്ട രാഷ്ട്രീയക്കളികളുടെ തെമ്മാടിത്തം നിറഞ്ഞ പരിണതിയായിരുന്നു ഇന്നലെ കൊച്ചിയില്‍ അരങ്ങേറിയത്‌.

എന്‍സിപി വിട്ട്‌ കോണ്‍ഗ്രസിലേക്ക്‌ ചേക്കേറാന്‍ കൊതിക്കുന്ന ലീഡര്‍ക്കൊപ്പമുള്ള മുതിര്‍ന്ന നേതാക്കളെയും വനിതാ നേതാക്കളെയുമാണ്‌ വാടക ഗുണ്ടകള്‍ ഇന്നലെ തല്ലിച്ചതച്ചത്‌. ക്വട്ടേഷന്‍ ടീമുകളുടെ എല്ലാ വീറും വീര്യവും ഇന്നലത്തെ കലാപരിപാടിയെ കൊഴുപ്പിച്ചു. അതിനിടയി ലാണ്‌ ഒരു ഗുണ്ട ദുശ്ശാസന വേഷം കെട്ടി മുതിര്‍ന്ന വനിതാ നേതാവിന്റെ സാരി വലിച്ചഴിക്കാന്‍ ഉദ്യമിച്ചത്‌.

ഇതുവരെ കോണ്‍ഗ്രസുകാരെക്കുറിച്ചുണ്ടായിരുന്ന ധാരണകള്‍ക്ക്‌ വിരുദ്ധമായി വനിതാ നേതാക്കള്‍ അടക്ക മുള്ളവര്‍ ഗുണ്ടകളെ മര്‍ദ്ദിച്ചൊതുക്കുന്നതു കാണാനും കേരളീയര്‍ക്ക്‌ ഭാഗ്യമുണ്ടായി. ഖദറിന്റെയും ഗാന്ധിയുടെയും ആദര്‍ശങ്ങള്‍ക്ക്‌ കാലപ്പഴക്കം ചെന്നുവെന്നും തെമ്മാടി രാഷ്ട്രീയത്തിന്റെ കൈയൂക്കിനാണ്‌ ഇനി നിലനില്‍പ്പുള്ളൂവെന്നും വ്യക്തമാക്കുന്നതായിരുന്നു ഈ എപ്പിസോഡ്‌.

മുരളീധരനെ അംഗീകരിക്കുന്നവര്‍ എന്ന്‌ അവകാശപ്പെട്ടവരായിരുന്നു ജി ഓഡിറ്റോറിയത്തില്‍ താണ്ഡവമാടിയത്‌. എന്നിട്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടില്‍ മുരളിയും, മുരളി എന്റെ മകനാണ്‌ അവനില്‍നിന്ന്‌ ഇത്തരം വൃത്തികേടുകള്‍ ഉണ്ടാകുകയില്ല എന്ന്‌ കരുണാകരനും പ്രസ്താവിച്ചപ്പോള്‍, കേരളത്തിന്‌ വ്യക്തമായി, ആരുടെയൊക്കെ ഹിഡന്‍ അജണ്ടകളാണ്‌ ഇന്നലെ ക്വട്ടേഷന്‍ ഗുണ്ടകളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതെന്ന്‌ !.

ഒരച്ഛന്റെയും മകന്റെയും അതിജീവന രാഷ്ട്രീയ താല്‍പ്പര്യങ്ങളും അത്‌ സാര്‍ത്ഥകമാക്കാനുള്ള ഹീനതന്ത്രങ്ങളും എത്രമാത്രം തെമ്മാടിത്തം നിറഞ്ഞതാണെന്ന്‌ ഒരിക്കല്‍കൂടി കരുണാകരനും മുരളീധരനും അണികള്‍ക്കും കാണികള്‍ക്കും വ്യക്തമാക്കിക്കൊടുത്തു.

ഈ മാരണങ്ങളെ ഇനിയും നേതാക്കളായി പേറാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക്‌ ഉളുപ്പില്ലെന്നോ.... കഷ്ടം.... കഷ്ടം....

2 comments :

  1. മറ്റൊരാള്‍ | GG said...

    “ഈ മാരണങ്ങളെ ഇനിയും നേതാക്കളായി പേറാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക്‌ ഉളുപ്പില്ലെന്നോ.... കഷ്ടം.... കഷ്ടം....“

    അടിവരയിടുന്നു!

  2. ഒരു “ദേശാഭിമാനി” said...

    കയ്യൂക്കുള്ളവനാണു ഭരിക്കുക! അതിനു ചട്ടമ്പികള്‍ക്കെ പറ്റൂ!. ചിലര്‍ക്കു ചട്ടമ്പിയുടെ ഗുണമുണ്ടാകാം(വിത്തു ഗുണം)പക്ഷെ തടിമിടുക്കു കുറയും, അവന്‍ ഗുണ്ടായെ വയ്ക്കും. ഭരിച്ചു നാടു നന്നാക്കാന്‍ ഒരുത്തനും രഷ്ട്രീയത്തില്‍ വരുന്നുണ്ടന്നു എനിക്കു തോന്നുന്നില്ല. “ഉദരനിമിത്തം ബഹുകൃതവേഷം” ഒരു തൊഴില്‍ വേണ്ടേ? ഒരുക്കല്‍ ഒരു എറണാകുളത്തു കാരന്‍ ചട്ടമ്പിയെ പ്ത്രക്കാര്‍ ഇന്റര്‍വ്യൂ ചീയ്തു, പത്രത്തില്‍ പ്ര്സസിദ്ധീകരിച്ചിരുന്നു, അതില്‍ ചട്ടമ്പിയക്കാനുള്ള കാരണം പറയുന്നതു, അവര്‍ക്കു വില്ലര്‍ പരിവേഷവും, നല്ല ശാപ്പടും, രാഷ്റ്റ്രീയപിടിപാടും കിട്ടും. പിന്നെ ഉദാഹരണം പറഞ്ഞതു, മോഹന്‍ ലാലിന്റേയൊ, മറ്റോ പടത്തില്‍ സ്റ്റണ്ടില്ലങ്കില്‍ ആരെങ്കിലും കാണുമോ? എന്നാണു.

    ഞാന്‍ പറഞുവന്നതു, ഈ തരം “തെണ്ടിതരം” കാണിക്കുന്നാവരെ, ജനം ഉപോക്ഷിക്കട്ടെ. അവരെ പേടിയോടെ കാണതെ, പുശ്ച്ത്തോടെയും, അവഞ്ജയോടേയും കാണു! തനിയെ ശല്യം ഒഴിവായിക്കോളും!