ക്രിസ്മസ് കാലം: മദ്യവര്‍ജന നിര്‍മ്മാര്‍ജന കാലം!
പിറവി തിരുനാളിന് ദിവസങ്ങള്‍ മാത്രം ബാക്കി. ഈ ക്രിസ്മസ് മദ്യവിമുക്തമാക്കാനാണ് അഭിവന്ദ്യ പിതാക്കന്മാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. 'നോമ്പു വീട്ടാന്‍' കരിക്കിന്‍ വെള്ളം കുടിക്കേണ്ട ഗതികേടിലാണ് വിശ്വാസികള്‍. കമ്മ്യൂണിസ്റ്റുകാരേയും കുടിയന്മാരേയും ഒറ്റയടിക്ക് ഒഴിവാക്കിയാല്‍ പിന്നെ കൂടെ കുറേ ചേട്ടത്തിമാര്‍ മാത്രമേ ഉണ്ടാകൂ എന്നതിനാലാവാം കുടിയന്മാരെ സഭയില്‍ നിന്നൊഴിവാക്കുമെന്ന ഭീഷണി ഉയര്‍ത്താന്‍ പിതാക്കന്മാര്‍ തയ്യാറാവാതിരുന്നത്!
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യക്കച്ചവടം നടക്കുന്ന കാലമാണ് ക്രിസ്മസ്.
മദ്യപാനി ഒരിക്കലും ധനവാനാകില്ലെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. ധനവാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലെന്നും ബൈബിളിലുണ്ട്! എന്നാല്‍ പിന്നെ മദ്യപാനം ചെയ്ത് ധനവാനല്ലാതായി സ്വര്‍ഗത്തില്‍ പോകാമല്ലോയെന്ന എളുപ്പവഴിയാണ് നസ്രാണികള്‍ ഭൂരിപക്ഷവും തെരഞ്ഞെടുക്കുന്നത്!
ആ അചഞ്ചല വിശ്വാസം തന്നെ ബ്രേക്കിട്ടു നിര്‍ത്താന്‍ പിതാക്കന്മാര്‍ക്കാവുമോ എന്ന് കണ്ടുതന്നെ അറിയണം. സമാന്തരമായി മദ്യക്കച്ചവടക്കാരും വ്യാജ മദ്യകച്ചവടക്കാരും ഉഷാറായി തന്നെ രംഗത്തുണ്ട്.
എത്രമാത്രം മദ്യംവേണം നിങ്ങള്‍ക്ക്?
കോപ്പ നിറയെ, കുപ്പി നിറയെ?
കേയ്സ് നിറയെ, ലോറി നിറയെ?
ആസ്വദിക്കൂ ടണ്‍ കണക്കിന് സ്പിരിറ്റ്!
സ്പിരിറ്റ് വരുന്ന വഴികള്‍ ഭരിക്കുന്നവര്‍ക്കും ഭരിക്കപ്പെടുന്നവര്‍ക്കു അറിയാം. നാട്ടുകാര്‍ അടിച്ചുപൂക്കുറ്റിയായി നടന്നാലേ ഭരിക്കുന്നവര്‍ക്ക് മനസമാധാനത്തോടെ ഭരിക്കാന്‍ പറ്റൂവെന്നും അറിയാം.
വിവരവും വിദ്യാഭ്യാസവുമുള്ള നാട്ടുകാര്‍ ഒഴിവുനേരങ്ങളിലൊക്കെ വെളിവോടെയിരുന്നാല്‍ ഭരിക്കുന്നവരെ വെറുതെ വിടുമോ? അടിച്ചു നിരപ്പാക്കില്ലേ?
കുടിക്കാത്ത ചേട്ടത്തിമാര്‍ സീരിയലോ റിയാല്‍റ്റി ഷോയോ കണ്ട് മന്ദിച്ചിരിക്കട്ടെ കുടിക്കുന്ന ചേട്ടന്മാര്‍ പുളുവടിച്ച് കപ്പലണ്ടി കൊറിച്ച് മന്ദിച്ചിരിക്കട്ടെ.
ഭരണമങ്ങനെ പൊടിപാറി നടക്കട്ടെ. മദ്യവര്‍ജന നിര്‍മ്മാര്‍ജനമാണ് പുതിയ കാലത്തിന്റെ വേദം!
0 comments :
Post a Comment