ഹനീഫ് ഇരയും പ്രതീകവുമാകുമ്പോള്‍...
ഭീകര വാദി ബന്ധം ആരോപിച്ച് ആസ്ത്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്യുകയും തടവിലിടുകയും പിന്നിട് ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്ത ബാംഗ്ലൂര്‍ സ്വദേശി ഡോ. മുഹമ്മദ് ഹനീഫിന്റെ വീസ പുനസ്ഥാപിക്കാനും ഡോ. ഹനീഫിനെതിരെ ചാര്‍ജ് ചെയ്ത കേസുകള്‍ ചെലവുസഹിതം തള്ളാനുമുള്ള ഫെഡറല്‍ കോടതിവിധി തിരിച്ചറിവിന്റെ നിയമ രേഖയാവുകയാണ്.
ഡോ. ഹനീഫിനെ കുറ്റവിമുക്തനാക്കി കഴിഞ്ഞ ആഗസ്റ്റില്‍ ജസ്റ്റിസ് ജെഫ്രി സ്പെന്‍ഡര്‍ പുറപ്പെടുവിച്ച വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഫെഡറല്‍ കോടതിയുടെ ഫുള്‍ബെഞ്ച് ഏകകണ്ഠമായി ഈ വിധി പ്രഖ്യാപിച്ചത്.
ബ്രിട്ടണില്‍ നടന്ന രണ്ട് സ്ഫോടന ശ്രമങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട സബീല്‍ അഹമ്മദിന് തന്റെ സിം കാര്‍ഡ് നല്‍കി എന്ന് ആരോപിച്ചാണ് കഴിഞ്ഞ ജൂലൈ രണ്ടിന് ഡോ. ഹനീഫിനെ ബ്രിസ്ബെയിനില്‍ ഫെഡറല്‍ പോലീസ് അറസ്റ്റുചെയ്തത്.
പന്ത്രണ്ടുദിവസം തടവിലിട്ടെങ്കിലും ഡോ. ഹനീഫിനെതിരായ ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തുടര്‍ന്ന് ബ്രിസ്ബെയിനിലെ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചെങ്കിലും സര്‍ക്കാര്‍ വീസ റദ്ദാക്കിയതിനെത്തുടര്‍ന്ന് രണ്ടാഴ്ചകൂടി തടവില്‍ കഴിയേണ്ടിവന്നു. എന്നാല്‍ തീവ്രവാദി ബന്ധം ആരോപിക്കാന്‍ ഒരു കാരണവും കാണുന്നില്ല എന്ന് പബ്ലിക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡോ. ഹനീഫിനെ മോചിതനാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ജൂലൈ 29 ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ഹനീഫ് ഇപ്പോള്‍ ഹജ്ജ് തീര്‍ത്ഥാടനത്തിലാണ്.
ഇത്രയും പറഞ്ഞ കഥ; അറിഞ്ഞ വാര്‍ത്ത.
ഇനി പറയേണ്ടതും അറിയേണ്ടതുമായ കള്ളക്കളികള്‍.
ശീതസമരം അവസാനിക്കുകയും സോവിയറ്റ് യൂണിയന്‍ കഷ്ണങ്ങളാക്കി മുറിക്കപ്പെടുകയും ചെയ്തതോടെ ലോകപോലീസായി മാറിയ അമേരിക്കയുടെ അധിനിവേശ രാക്ഷസീയതയുടെ നെറുകയില്‍ പതിച്ച ആറ്റംബോംബായിരുന്നു സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രെഡ് സെന്റര്‍ സ്ഫോടനം.
മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം വികസിത രാഷ്ട്രങ്ങളെയും കൈവെള്ളയിലിട്ട് അമ്മാനമാടാന്‍ കൊതിച്ച 'അങ്കിള്‍സാമി'ന്റെ അഹന്തക്കേറ്റ അടിയായിരുന്നു അത്. "വായുവിലമേരിക്കന്‍ മജ്ജയിലുടനീളം വ്യാപകമായി കാണ്മൂ സാമ്രാജ്യപ്പണക്കൊതി"യെന്ന് പാബ്ലോ നെരൂദ ചൂണ്ടിക്കാട്ടിയ ചൂഷണത്തിന്റെ കഴുകന്‍കാലിലെ കൂര്‍ത്ത നഖമൂര്‍ച്ച കറയ്ക്കുന്നതായിരുന്നു ആ സ്ഫോടനം.
നടുങ്ങിവിറച്ചുപോയി അമേരിക്കയും ജോര്‍ജ്ജ് ബുഷും! എന്നാല്‍ അടുത്തനിമിഷം, ഇതുവരെ അമേരിക്ക മൂന്നാം ലോകരാഷ്ട്രങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് പുലര്‍ത്തിയിരുന്ന വംശീയ സ്പര്‍ദ്ധ അടക്കമുള്ള മുതലെടുപ്പിന്റെ എല്ലാ രീതിശാസ്ത്രങ്ങളെയും മാറ്റിമറിച്ച് ഭീഷണിയുടെയും പ്രാന്തവല്‍ക്കരണത്തിന്റെയും പുതിയ നയതന്ത്രവുമായിട്ടാണ് ജോര്‍ജ്ജ് ബുഷ് ഞെട്ടലില്‍ നിന്ന് ഉണര്‍ന്നത്.
ആഗോള ഭീകരവാദം എന്ന ഭീക്ഷണസംജ്ഞ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചുകൊണ്ട് ഇസ്ലാംമത വിശ്വാസികളെയെല്ലാം ഭീകരന്മാരായി ചിത്രീകരിച്ച് സാമ്രാജ്യത്വ വികസനത്തിന്റെയും മാര്‍ക്കറ്റ് വിപുലീകരണത്തിന്റെയും പുതിയ പാത ബുഷ് വെട്ടിത്തുറന്നു. ഈ വൃത്തികേടിന് ജി-8 രാഷ്ട്രത്തലവന്മാര്‍ കൂട്ടുനിന്നപ്പോള്‍ നിരപരാധികളായ മുസ്ലീങ്ങള്‍ മോകത്തെമ്പാടും ഭീകരവാദികളായി മുദ്രചാര്‍ത്തപ്പെടുകയും പൈശാചികമായ ഉന്മൂലനത്തിന് വിധേയരാവുകയും ചെയ്തു.
വേള്‍ഡ് ട്രേഡ് സെന്റര്‍ സ്ഫോടനത്തിന്റെ സൂത്രധാരന്‍ യു.എസ്.എമ ബിന്‍ ലാദനാണെന്നും ലാദന് അഫ്ഗാനിസ്ഥാന്‍ അഭയം നല്‍കിയെന്നും ആരോപിച്ച് ആ രാഷ്ട്രത്തിനുമേല്‍ നിരന്തരം ബോംബ് വര്‍ഷിച്ച് അതിന്റെ സ്വയം ശീര്‍ഷത്വത്തെയും നിലനില്‍പ്പിനെയും അരിപ്പപോലെയാക്കി മാറ്റി ബുഷ് എന്ന ഭീകരന്‍. പതിനായിരക്കണക്കിന് നിരപരാധികള്‍ ഓപ്പറേഷനില്‍ തുടച്ചുനീക്കപ്പെട്ടു. എന്നിട്ടും കലിയടങ്ങാതെ ഇറാക്കിലേക്ക് തിരിഞ്ഞ ബുഷ് ആ നാടിനെയും നാട്ടാരെയും അതിന്റെ സാരഥിയെയും ജീവച്ഛവമാക്കി മാറ്റി പിന്നെ തൂക്കികൊന്ന് കൊലവിളിനടത്തി.
ബുഷും ബ്ലെയറുമടക്കമുള്ള സാമ്രാജ്യത്വ ഭീകരവാദികളുടെ ഏറാന്മൂലികളായി മറ്റ് സായിപ്പന്മാരും വേഷം കെട്ടിയപ്പോള്‍, മാന്യമായി അദ്ധ്വാനിച്ച് ജീവിക്കാന്‍ മുസ്ലീങ്ങള്‍ക്ക് ഇടമില്ലാതെ വന്നപ്പോള്‍ തിരിച്ചടിയുടെയും പ്രതികാരത്തിന്റെയും പാതസ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അതിന്റെ പ്രയോഗമായിരുന്നു ലണ്ടനില്‍ നടന്നത്.
അതിന്റെ പേരിലാണ് ആസ്ത്രേലിയയില്‍ ജോലി ചെയ്തിരുന്ന ഡോ. ഹനീഫ് ഭീകരവാദിയായി മുദ്രകുത്തപ്പെടുകയും തടവുകാരനാക്കപ്പെടുകയും പിന്നീട് ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തത്. അമ്മൂമ്മക്കഥയിലെ സിംഹത്തെപ്പോലെ വെള്ളം കലക്കിയത് പിതാമഹനോ ബന്ധുക്കളോ ആയിരിക്കുമെന്ന ന്യായമാണ് ഇക്കാര്യത്തില്‍ ആസ്ത്രേലിയന്‍ ഗവണ്‍മെന്റ് ഡോ. ഹനീഫിന്റെ വിഷയത്തില്‍ സ്വീകരിച്ചത്.
അമേരിക്കക്കും ബുഷിനും, അപകടത്തിലായ അവരുടെ നിലനില്‍പ്പ് സംരക്ഷിക്കാന്‍ ഇത്തരം ചില ഉമ്മാക്കികള്‍ സൃഷ്ടിച്ചെടുക്കേണ്ടതുണ്ടായിരുന്നു എന്നാല്‍ അതിന് ഓശാനപാടാന്‍ മറ്റു രാഷ്ട്രങ്ങളും തയ്യാറായപ്പോഴാണ് മുസ്ലീം സമൂഹത്തെ ഭീകരന്മാരായി ചിത്രീകരിച്ചതും ആ സമുദായത്തില്‍ ജനിച്ചുപോയി എന്നതുകൊണ്ടുമാത്രം വ്യക്തികള്‍ നിരന്തരം വേട്ടയാടപ്പെട്ടതും. ഇരകളെ സൃഷ്ടിക്കുന്ന വേട്ടക്കാരന്റെയും വേട്ടനായ്ക്കളുടെയും നിണക്കൊതിയും മൃഗീയതയുമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. തിരിച്ചറിവിന്റെയും മനുഷ്യത്വത്തിന്റെയും മനസ് പ്രകടിപ്പിച്ച ആസ്ത്രേലിയന്‍ ഫെഡറല്‍ കോടതിയോട് നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ഇരകളാക്കപ്പെടുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും എല്ലാ മനുഷ്യസ്നേഹികളും മുന്നോട്ടുവരണമെന്നാണ് ഈ സംഭവം ആഹ്വാനം ചെയ്യുന്നത്.
കാലത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തിരിച്ചറിയാനും അതനുസരിച്ച് ക്രിയാത്മകമായി പ്രതികരിക്കാനും ഓരോ വ്യക്തിക്കും ബാധ്യതയുണ്ട്. മറക്കാതിരിക്കുക.
1 comments :
ഇക്കാര്യത്തില്‍ കുറച്ചെങ്കിലും പക്ഷപാത രഹിതമായി ചിന്തിച്ച ആസ്‌ട്രേലിയന്‍ ജനങ്ങളെയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും അഭിനന്ദിക്കാതെ വയ്യ. ഇതേ അവസ്ഥ അമേരിക്കയിലായിരുന്നെങ്കിലോ ? ടെററിസ്റ്റ് എന്ന് കേട്ടാലേ ഹാലിളകുന്ന ജനങ്ങള്‍ ആണെന്ന് ശ്രീമാന്‍ ബുഷിനും നന്നായി അറിയാം.
Post a Comment