ത്രിശൂലമുനയില്‍ സോണിയയും രാഹുലും
ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ ഹാട്രിക് വിജയത്തേക്കാള്‍ ശ്രദ്ധേയമായത് സോണിയയുടെയും രാഹുലിന്റെയും നാണംകെട്ട പരാജയമാണ്.
മോഡിയെ വര്‍ഗീയവാദിയെന്ന് പ്രതിപക്ഷവും വിമതരും മാധ്യമങ്ങളും നിരന്തരം വിശേഷിപ്പിച്ചപ്പോഴും തനിക്കെതിരെ ഉയര്‍ന്ന ഗോധ്ര-സൊറാബുദ്ദീന്‍ വിവാദങ്ങളൊന്നും കണക്കിലെടുക്കാതെ വികസനത്തിന്റെ കാര്‍ഡുമായിട്ടായിരുന്നു ഇത്തവണ മോഡി ജനങ്ങളെ സമീപിച്ചത്. എന്നാല്‍ മോഡിയെ തറപറ്റിക്കുമെന്ന പ്രതിജ്ഞയോടെ സോണിയയും രാഹുലും ഗുജറാത്തിലെത്തിയപ്പോള്‍, തെരഞ്ഞെടുപ്പ് രംഗത്തിന്റെ സ്വഭാവം ആകെ മാറുകയായിരുന്നു. മരണത്തിന്റെ കച്ചവടക്കാരനെന്ന് മോഡിയെ വിശേഷിപ്പിച്ച് സോണിയ ഇളക്കിവിട്ട തരംഗം പക്ഷെ മോഡിക്ക് അനുകൂലമാകുകയാണുണ്ടായത്. കഴിവതും വര്‍ഗീയ വിഷയങ്ങളില്‍നിന്നും വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി പുതിയ ചില അജണ്ടകള്‍ ജനമധ്യത്തില്‍ സമര്‍പ്പിച്ച് വോട്ടുതേടാനായിരുന്നു മോഡിയുടെ തീരുമാനം. എന്നാല്‍ അനവസരത്തിലുള്ള സോണിയയുടെ പ്രകോപനപരമായ വിശേഷണമായിരുന്നു ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ചിത്രമാകെ മാറ്റിമറിച്ചത്.
സോണിയയുടെ ആരോപണങ്ങള്‍ക്ക് മോഡി മറുപടി നല്‍കിയത് വര്‍ഗീയ വികാരം ഇളകിവിട്ട തന്ത്രങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയുമായിരുന്നു. വീണ്ടും കടുത്ത ഹിന്ദുത്വ കാര്‍ഡുതന്നെ അതോടെ മോഡി പുറത്തിറക്കി.
സോണിയയുടെ ആരോപണങ്ങളും രാഹുലിന്റെ റോഡ്ഷോയും കാഴ്ചയുടെ പെരുക്കങ്ങളായി ഗുജറാത്തിലെ വോട്ടര്‍മാര്‍ കണ്ടെങ്കിലും അവരുടെ സമ്മതിദാനം മോഡിയുടെ ലൈനില്‍തന്നെയായിരുന്നു. അതുകൊണ്ടാണ് മൂന്നാം വട്ടവും മുഖ്യമന്ത്രിയാകാന്‍ മോഡിക്ക് കഴിഞ്ഞത്.
മോഡിയുടെ ഈ വിജയത്തിനുപിന്നില്‍ നിരവധി ഘടകങ്ങളുണ്ടെങ്കിലും സോണിയയുടെയും രാഹുലിന്റെയും തന്ത്രജ്ഞതയില്ലായ്മയും ജനവികാരം തിരിച്ചറിയാനുള്ള മനസില്ലായ്മയും ഗുജറാത്തിന്റെ ഹൃദയം കാണാനുള്ള വീക്ഷണമില്ലായ്മയുമാണ് ഈ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം.
ഒരു സംസ്ഥാനത്തിന്റെ പ്രശ്നങ്ങളേയും ജനങ്ങളുടെ പ്രതീക്ഷകളേയും അവയുടെ തനതായ അര്‍ത്ഥത്തില്‍ തിരിച്ചറിയാനോ ആ നിലയ്ക്ക് അവയോട് പ്രതികരിക്കാനോ കഴിവുള്ളവരല്ല അമ്മയും മകനുമെന്ന് ഇതോടെ വ്യക്തമായി. ഇവരാണ് ഭാവി ഇന്ത്യയുടെ ഭാഗധേയം നിയന്ത്രിക്കാനുള്ളതെന്ന് പ്രചരിപ്പിക്കുന്നവര്‍ ഈ കഴിവുകേട് തിരിച്ചറിയേണ്ടതാണെന്ന കാലത്തിന്റെ ചുവരെഴുത്തുകൂടിയാണ് മോഡിയുടെ വിജയം.
എന്നുവച്ച് മോഡിയുടെ വിജയത്തിന്റെ മാറ്റ് കുറച്ചുകാണുന്നത് ശരിയല്ല. ഇതൊരു ഏകാംഗ മുന്നേറ്റത്തിന്റെ നേട്ടമാണ്. ബിജെപിയുടെ അഖിലേന്ത്യാ നേതൃത്വവും സംഘപരിവാര്‍ കുടുംബവും വേണ്ടത്ര പിന്തുണ നല്‍കാതിരുന്നിട്ടും തന്റേതായ ശൈലിയിലൂടെ ആത്മവിശ്വാസത്തോടെ വോട്ടര്‍മാരെ നേരിടുകയായിരുന്നു മോഡി. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാനായില്ലെങ്കിലും കഴിഞ്ഞതവണത്തെക്കാള്‍ വേട്ട് ശതമാനത്തില്‍ വര്‍ധന വരുത്താന്‍ മോഡിക്ക് കഴിഞ്ഞത് നിസാര സംഭവമല്ല.
പ്രതിപക്ഷത്തേയും വിമതരേയും മാധ്യമങ്ങളേയും ഒരേപോലെ നേരിട്ടുകൊണ്ടായിരുന്നു മോഡി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എക്സിറ്റ്പോളുകളും കോണ്‍ഗ്രസും മാധ്യമങ്ങളും വിമതരും മോഡിയുടെ വിജയത്തില്‍ സംശയിച്ചപ്പോള്‍ ആരെന്തുപറഞ്ഞാലും 120 സീറ്റുകളും നേടുമെന്ന ചങ്കൂറ്റമായിരുന്നു മേഡിക്കുണ്ടായത്. സൗരാഷ്ട്ര മേഖലയില്‍ മാത്രമാണ് അല്‍പ്പം ഇടിവ് സംഭവിച്ചത്. ഗുജറാത്തിന്റെ ബാക്കി എല്ലാ ഭാഗത്തും വ്യക്തമായ ആധിപത്യം നേടാന്‍ മോഡിയുടെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞു.
പ്രതിപക്ഷത്തേക്കാളും മാധ്യമ വിമര്‍ശനത്തേക്കാളും മോഡിയെ അലട്ടിയിരുന്നത് വിമതശല്യമായിരുന്നു. ചങ്കുറപ്പോടെ അവരെ നേരിട്ട്, നാല്‍പ്പതോളം സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് പകരം പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയാണ് മോഡി തന്റെ ഹാട്രിക് വിജയം നേടിയത്. ഗുജറാത്ത് എന്നാല്‍ പട്ടേലുമാരുടെ വോട്ടാണെന്നും കേശുഭായ് പട്ടേലാണ് ഗുജറാത്തിന്റെ കസ്റ്റോഡിയന്‍ എന്നുമുള്ള പരമ്പരാഗത ബിജെപി വിശ്വാസത്തെ കടപുഴക്കിക്കൊണ്ടാണ് മോഡിയുടെ വിജയരഥം ലക്ഷ്യത്തിലെത്തിയിരിക്കുന്നത്.
ഇത് ബിജെപിയുടെ അഖിലേന്ത്യാ നേതൃത്വത്തെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചിട്ടുള്ളതും ആശങ്കയിലാഴ്ത്തുന്നതും.
ഇപ്പോള്‍ മോഡിയുടെ വിജയം ബിജെപിയുടെ വിജയമാണെന്നും ഇത് അഖിലേന്ത്യാ രാഷ്ട്രീയത്തില്‍ വ്യക്തമായ ചലനങ്ങളുണ്ടാക്കുമെന്നും അദ്വാനി പറയുമ്പോള്‍ ആ സ്വരത്തിലും ധ്വനിക്കുന്നത് മോഡിയെക്കുറിച്ചുള്ള ഭയമാണ്. മോഡിയുടെ രഥം ന്യൂദല്‍ഹിയിലേക്കുരുളാതിരിക്കാനാണ് രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ തലേദിവസം ദേശീയ നേതൃത്വം അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത്. ഇത് മോഡിക്കുള്ള വ്യക്തമായ താക്കീതായിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ ഈ വിഭാഗീയ ചിന്തകളെയും തന്റെ തന്ത്രങ്ങളിലൂടെ തോല്‍പ്പിച്ചിരിക്കുകയാണ് മോഡി.
അതുകൊണ്ടാണ് പാര്‍ട്ടിയേക്കാള്‍ വലുതല്ല വ്യക്തികളെന്ന് ബിജെപി പ്രസിഡന്റ് രാജ്നാഥ് സിംഗിന്, തെരഞ്ഞെടുപ്പ് ഫലം മുഴുവന്‍ പുറത്തുവരും മുന്‍പ് പ്രഖ്യാപിക്കേണ്ടിവന്നത്.
മോഡിയുടെ ഈ വിജയം ജനാധിപത്യമതേതര വിശ്വാസികള്‍ക്ക് ഭയത്തിന്റെ നാളുകളാകും സമ്മാനിക്കുക. തന്റെ കടുത്ത ഹിന്ദുത്വവാദത്തിന് ജനകീയ പിന്തുണ ലഭിച്ചു എന്ന അഹന്തയില്‍ ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ കൂടുതല്‍ ശക്തിയോടെ നടപ്പിലാക്കാന്‍ സാധ്യതയുണ്ട് എന്നതാണ് ഈ ഭയം. ഇത് ന്യൂനപക്ഷ വിരുദ്ധതകൊണ്ട് മാത്രമായിരിക്കണമെന്നില്ല. മറിച്ച് ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കാന്‍കൂടിയായിരിക്കുമെന്നും പൊതുവേ വിശ്വസിക്കപ്പെടുന്നു.
ഗാന്ധിജിയുടെ നാട്ടില്‍ ഗോഡ്സേയുടെ ആശയങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള വേരോട്ടം ആഴത്തിലുള്ളതാണെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ ഊഹാതീതമാണെന്നും ചിന്തിക്കാന്‍ ഇടനല്‍കുന്നതുകൂടിയാണ് ഇൌ വിജയം.
1 comments :
ഒരു ചെറിയ തിരുത്ത്. സൌരാഷ്ട്രമേഖലയില്‍ തിരിച്ചടിയുണ്ടായി എന്നെഴുതിയിരിക്കുന്നതു 'വാസ്തവ'മല്ല. അവിടെ ബി.ജെ.പി. നില മെച്ചപ്പെടുത്തുകയാണുണ്ടായത്. അവിടെയാണ് “തിരിച്ചടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നത്“ എന്നെഴുതിയാല്‍ അതു വാസ്തവമായി.
മറ്റു പലവാചകങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിലും, വിശദീകരണത്തിനു സമയം അനുവദിക്കുന്നില്ല.
മിക്ക പോസ്റ്റുകളും നല്ല ഒഴുക്കുള്ള വായന നല്‍കുന്നുണ്ട് - by the way.
സ്നേഹപൂര്‍വ്വം.
Post a Comment