Tuesday, December 4, 2007

നവ ന്യൂട്ടനും നാസറുദ്ദീന്റെ വെടിയും

ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ച 'പുലി'യാകുന്നു ഐസക്‌ ന്യൂട്ടന്‍!
കേരളത്തിന്റെ ഐസക്‌ ന്യൂട്ടനാകുന്നു ധനമന്ത്രി തോമസ്‌ ഐസക്‌. കേരളം ഇതുവരെ കണ്ട ധനമന്ത്രിമാരില്‍ തലയില്‍ കല്ലന്‍!

വെറുതെയൊരു പണിയുമില്ലാതെ മരച്ചുവട്ടില്‍ കാറ്റുകൊണ്ടിരിക്കുകയായിരുന്നു സാക്ഷാല്‍ ഐസക്‌ ന്യൂട്ടന്‍. അന്നേരമാണ്‌ തലയിലൊരു ആപ്പിള്‍ 'ഠപ്പേ'ന്നു വന്നുവീണത്‌!

ന്യൂട്ടന്‍ അന്ന്‌ കുത്തിയിരുന്നത്‌ തെങ്ങിന്റെ ചുവട്ടിലായിരുന്നുവെങ്കില്‍....

ആലപ്പുഴക്കാരന്‍ ഐസക്കിന്റെ തലയില്‍ വന്നുവീണത്‌ കമ്യൂണിസമെന്ന 'പൊതിയാത്തേങ്ങ'യായിരുന്നു.
കമ്യൂണിസം തലയില്‍ വീണയുടന്‍ 'ഫ്രാങ്കീ... ഫ്രാങ്കീ...യെന്ന്‌ അലറിവിളിച്ച്‌ നമ്മുടെ നവന്യൂട്ടന്‍ ആഹ്ലാദതുണ്ടിലനായി ഉറഞ്ഞാടി.

അങ്ങനെയാണ്‌ ജനകീയാസൂത്രണം കണ്ടുപിടിക്കപ്പെട്ടത്‌. ആ ഇനത്തില്‍ ശാസ്ത്രവും സാഹിത്യവും പരിഷത്തും കരകയറി! ലോക്കല്‍ സഖാക്കളില്‍ കമ്യൂണിസം കമ്മിയായുള്ളവരും കരകയറി!

അങ്ങനെ നാലാം ലോകവാദമായി, ആകെ മൊത്തം വാതമായി, കമ്യൂണിസത്തിന്‌ നടക്കാന്‍ വയ്യാത്ത പരുവമായി.

'മൂന്നാര്‍ കുഴമ്പിട്ടു' തിരുമി അച്ചുമാമന്‍ വൈദ്യരും, മാധ്യമസിന്‍ഡിക്കേറ്റ്‌ ഗുളികകള്‍ നല്‍കി ഡോ. വിജയനും, കമ്യൂണിസത്തെ കോട്ടയത്തേക്ക്‌ കൊണ്ടുപോയിരിക്കുകയാണിപ്പോള്‍. രക്ഷ കിട്ടിയാല്‍ പറയാം ബാക്കി!
ഐസക്‌ ന്യൂട്ടന്റെ തലയില്‍ നേരത്തെ തെളിഞ്ഞ സ്പോര്‍ട്സ്‌ ലോട്ടറി എന്ന ബള്‍ബ്‌ പൊടുന്നനെ ഫ്യൂസായിപ്പോയിരുന്നു. ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ എന്ന ബള്‍ബാണ്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്‌. പത്തുപതിനൊന്നു രൂപയ്ക്കു കിട്ടിയിരുന്ന അരിക്ക്‌ പത്തുപതിനെട്ടുരൂപയായി ഉയര്‍ന്നതോടെ ഷോപ്പിംഗ്‌ ഒരുവിധം ഗ്രാന്റായി തീര്‍ന്നുകഴിഞ്ഞ മലയാളികള്‍ക്ക്‌ പത്തുകോടി രൂപയുടെ സമ്മാനമാണ്‌ നവന്യൂട്ടന്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌!

പത്തുകോടി രൂപയ്ക്ക്‌ പഠാണിക്കടല വാങ്ങിത്തന്നിരുന്നെങ്കില്‍ കുഞ്ഞുകുട്ടി പരാധീനങ്ങളായ എല്ലാ മലയാളികള്‍ക്കും മാസങ്ങളോളം കടിച്ചുപൊട്ടിച്ചു സെലിബ്രേറ്റ്‌ ചെയ്യാമായിരുന്നു!

കോഴിക്കോട്ടുകാരന്‍ നസറുദ്ദീന്‍ എന്ന വ്യാപാരി പ്രസ്ഥാന നേതാവ്‌ വെച്ച വെടിയുടെ അലയൊലിയില്‍ നവന്യൂട്ടന്റെ ഇപ്പരിപാടിയും ചീറ്റുമെന്നായിരിക്കുന്നു.

ചില്ലറക്കച്ചവടക്കാരെ മുഴുവന്‍ 'കോടി' പുതപ്പിക്കാന്‍ വരുന്ന 'കുത്തക കച്ചവടക്കാരെ തുരത്താനാണ്‌ നവന്യൂട്ടന്‍ ആദ്യം പണിയെടുക്കേണ്ടതെന്നാണ്‌' നസറുദ്ദീന്റെ വെടി!

കച്ചവടക്കാരന്‍ പറഞ്ഞത്‌ നേരാണെന്ന്‌ നവന്യൂട്ടനൊഴിച്ച്‌ ഏത്‌ പൊട്ടനും മനസിലാവും. തിന്നാന്‍ ഉണക്കറൊട്ടിപോലും കിട്ടാതെ സര്‍ ചക്രവര്‍ത്തിക്കെതിരെ തെരുവിലിറങ്ങിയ പാവങ്ങളോട്‌ 'റൊട്ടിയില്ലെങ്കില്‍ കേക്ക്‌ തിന്നൂടെ' എന്നു ചോദിച്ച ഒരു മഹാറാണി ചരിത്രത്തിന്റെ കുപ്പയില്‍ കിടപ്പുണ്ട്‌.

നവന്യൂട്ടന്മാര്‍ക്കുവേണ്ടി ഇനിയും ചരിത്രത്തിന്റെ കുപ്പയില്‍ ഇടം ബാക്കിയുമുണ്ട്‌!

1 comments :

  1. മലമൂട്ടില്‍ മത്തായി said...

    A clarification - the quote "Let them eat cake" is attributed to Marie Antionette, the Queen of France and not to Russian Czar.

    A question - what is wrong in the big retailers coming in? They will eliminate the vast array of middlemen who are in the picture now between the producer and the consumer. So in this way, the producer gets better income and the consumer gets more produce for his money.