Monday, December 17, 2007

വെളിവുകേടിന്റെ ക്രിയാത്മകാംശം

മൂന്നാറില്‍ സിപിഐയുടെ ബഹുനില നക്ഷത്ര ഓഫീസ്‌ സ്ഥിതിചെയ്യുന്ന 15 സെന്റ്‌ സ്ഥലത്തില്‍ 11 സെന്റ്‌ തങ്ങള്‍ക്ക്‌ വേണ്ട എന്ന്‌ പത്രസമ്മേളനം വിളിച്ച്‌ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ പ്രഖ്യാപിച്ചപ്പോള്‍ വെളിയത്തിനും കൂട്ടര്‍ക്കും വെളിവുവീണു എന്നും ഈ വെളിവ്‌ നേരത്തേ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നുമൊക്കെയാണ്‌ സാധാരണക്കാരുടെ ചിന്ത.

തെറ്റ്‌ സംഭവിച്ചാല്‍ അത്‌ സമ്മതിക്കുകയും തിരുത്തുകയും ചെയ്യുന്നതാണ്‌ കമ്മ്യൂണിസ്റ്റുകളുടെ അടിസ്ഥാന സ്വഭാവമെന്നും ഇത്‌ മറ്റ്‌ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കില്ലാത്ത കേവല മാന്യതയാണെന്നും അവകാശപ്പെട്ടാണ്‌ വെളിയം ഭാര്‍ഗ്ഗവന്‍ പാര്‍ട്ടിയുടെ മഹാമനസ്കത വെളിപ്പെടുത്തിയത്‌.

സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. അത്‌ നേരത്തേ സൂചിപ്പിച്ച സാധാരണ ജനങ്ങളുടെ ലൈനിലാണുതാനും. മൂന്നാര്‍ദൗത്യം അട്ടിമറിച്ചത്‌ സിപിഐയുടെ ഓഫീസിനു മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന നക്ഷത്ര ഹോട്ടലിലേക്കുള്ള പ്രവേശന കവാടം ദൗത്യസംഘം തകര്‍ത്തപ്പോള്‍ പുലിപോലെ ചീറിയടുത്ത വെളിയവും പന്ന്യനും ഇസ്മായേലും ഒക്കെയായിരുന്നില്ലേ. ഈ അഞ്ചാംപത്തി പരിപാടിക്ക്‌ പിണറായിപക്ഷത്തിന്റെ പിന്തുണയും ലഭിച്ചിരുന്നില്ലേ. കേരളം മുഴുവന്‍ ഒറ്റ മനസോടെ പിന്തുണച്ചതും കയ്യേറ്റ-റിസോര്‍ട്ട്‌ മാഫിയക്കെതിരെ ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ നടപ്പിലാക്കിതുമായ വിപ്ലവകരമായ ഒരു നീക്കത്തെയാണ്‌ അന്ന്‌ വെളിയവും കൂട്ടരും, അവരുടെ വെളിവുകേടുകൊണ്ട്‌ അല്ലെങ്കില്‍ അധികാര ഗര്‍വുകൊണ്ട്‌ അതുമല്ലെങ്കില്‍, ജനയുഗം പുനപ്രസിദ്ധീകരിക്കാന്‍ റിസോര്‍ട്ട്‌ മാഫിയകളില്‍നിന്നും കൈപ്പറ്റിയ കോടികള്‍ക്കുള്ള കൃതജ്ഞതയായി തകര്‍ത്തത്‌.

അന്ന്‌ സിപിഐ സ്വീകരിച്ച പ്രതിലോമകരമായ നിലപാടുമൂലമാണ്‌ കയ്യേറ്റക്കാര്‍ക്കെതിരെ കേരളത്തിലെമ്പാടുമാരംഭിച്ച 'ശുചീകരണ'പ്രവര്‍ത്തനം അവതാളത്തിലായത്‌. ഈ 'നേട്ടം' കൈവരിക്കാന്‍ പന്ന്യനും ഇസ്മായേലും വെളിയവും മൂന്നാര്‍ മുതല്‍ നാട്ടിലെമ്പാടും നടന്ന്‌ അച്യുതാനന്ദനെതിരെ നടത്തിയ ഭര്‍ത്സനങ്ങള്‍ ആരും മറന്നിട്ടില്ല.

അച്യുതാനന്ദനെ പൊതുജനമധ്യത്തില്‍ നാണംകെടുത്തി, സര്‍ക്കാര്‍ തുടക്കമിട്ട പൊതുജന പിന്തുണയുണ്ടായിരുന്ന ഒരു പരിപാടി തരിപ്പണമാക്കി, ഭൂമിമാഫിയകള്‍ക്ക്‌ കൊലവിളി നടത്താന്‍ അവസരമൊരുക്കിയ ശേഷം ഇന്ന്‌ വെളിയവും കൂട്ടരും 11 സെന്റ്‌ കൈയ്യൊഴിയുന്ന മഹാമനസ്കത പ്രകടിപ്പിക്കുമ്പോള്‍ അതിനുപിന്നിലെ ഹീനമായ രാഷ്ട്രീയ ലക്ഷ്യം കേരളീയര്‍ക്കെല്ലാം ബോധ്യമാകുന്നുണ്ട്‌.

മൂന്നാര്‍ മുതല്‍ കോഴിയിറച്ചി വരെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്ക്‌ സംഭവിച്ച ക്ഷീണം തീര്‍ക്കാനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും മന്ത്രിമാരും സ്വീകരിച്ചിട്ടുള്ള താന്‍പോരിമ തുറന്നുകാട്ടാനും അതിലൂടെ അവരെ വെട്ടിലാക്കാനുമുള്ള നീചലക്ഷ്യമാണ്‌ ഈ പ്രഖ്യാപനത്തിന്‌ പിന്നിലുള്ളത്‌. മൂന്നാറില്‍ സിപിഎമ്മിന്റെ നക്ഷത്രപാര്‍ട്ടി ഓഫീസും കയ്യേറ്റഭൂമിയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. തങ്ങള്‍ 11സെന്റ്‌ വിട്ടുകൊടുക്കുമ്പോള്‍ സിപിഎമ്മിന്‌ മുഴുവന്‍ സ്ഥലവും കയ്യൊഴിയേണ്ടിവരും എന്ന കണക്കുകൂട്ടലിലാണ്‌ വെളിയത്തിന്റെ ഈ പ്രഖ്യാപനം വന്നിട്ടുള്ളത്‌. ആങ്ങള ചത്താലും വേണ്ടില്ല. നാത്തൂന്റെ കണ്ണീര്‌ കാണണമെന്ന മൂന്നാംകിട സ്ത്രീത്വ ചിന്തയാണ്‌ ഇക്കാര്യത്തില്‍ വെളിയത്തെ ഭരിക്കുന്നത്‌.

അന്ന്‌ സര്‍ക്കാര്‍ നിയോഗിച്ചതുകൊണ്ടും നിര്‍ദ്ദേശിച്ചതുകൊണ്ടും മാത്രം ദൗത്യസംഘത്തില്‍ അംഗങ്ങളായ കെ.സുരേഷ്കുമാറിനും രാജുനാരായണ സ്വാമിക്കും ഋഷിരാജ്‌ സിംഗിനുമെതിരെ സിപിഐ നേതാക്കള്‍ നടത്തിയ വ്യക്തിഹത്യാപ്രസ്താവനകളും ഇത്തരുണത്തില്‍ സ്മരിക്കേണ്ടതുണ്ട്‌.

അങ്ങനെ സര്‍ക്കാരിന്റെ ഏറ്റവും ജനകീയമായ ഒരു പരിപാടി പൊളിച്ചടക്കിയ ശേഷം ഇന്ന്‌ തിരിച്ചറിവും മാന്യതയും പ്രദര്‍ശിപ്പിക്കുന്ന വെളിയം ചെയ്യുന്നത്‌ മലര്‍ന്നുകിടന്ന്‌ തുപ്പുന്ന ബുദ്ധിശൂന്യതയാണ്‌.

അന്ന്‌, അതായത്‌ കെ.ഇ. ഇസ്മായേല്‍ റവന്യൂ മന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്ന്‌ വിളിക്കപ്പെടുന്ന ഇസ്മായേല്‍ പട്ടയങ്ങള്‍ അനധികൃതവും കൊടിയ വഞ്ചനയുടേതുമാണെന്ന്‌ തുറന്നുസമ്മതിക്കുകയാണ്‌ ഈ മഹാമനസ്കത പ്രഖ്യാപനത്തിലൂടെ വെളിയം ഭാര്‍ഗ്ഗവന്‍ എന്നുമാത്രമല്ല; മൂന്നാറില്‍ സിപിഐയുടെ പാര്‍ട്ടി ഓഫീസിന്‌ സ്ഥലം അനുവദിക്കണമെന്ന്‌ അപേക്ഷിച്ചത്‌ അന്നത്തെ സംസ്ഥാന സെക്രട്ടറി പി.കെ.വാസുദേവന്‍നായരായിരുന്നു. അദ്ദേഹത്തിന്റെ പേരിലാണ്‌ സ്ഥലം അനുവദിച്ചത്‌. എന്നാല്‍ പികെവിയുടെ ഒപ്പ്‌ വ്യാജമായി ഇട്ടാണ്‌ ഈ സ്ഥലം പാര്‍ട്ടി സ്വന്തമാക്കിയത്‌. അടിമുതല്‍ മുടിവരെ പൂത്തുലയുന്ന അഴിമതിയുടെ കഥകളാണ്‌ ഇതിലെല്ലാം തെളിഞ്ഞുനില്‍ക്കുന്നത്‌. മാസങ്ങള്‍ക്കുമുമ്പ്‌ അവയെ ന്യായീകരിച്ചവര്‍ ഇന്ന്‌ 11 സെന്റ്‌ ഉപേക്ഷിക്കുകവഴി തങ്ങള്‍ നടത്തിയ കൊള്ളരുതായ്മകള്‍ പരസ്യമായി സമ്മതിച്ചിരിക്കുകയാണ്‌. ഏത്‌ സ്വര്‍ണ്ണപാത്രം കൊണ്ട്‌ മറച്ചുവെച്ചാലും കള്ളം പുറത്തുവരുമെന്ന്‌ മാലോകരെ ബോധ്യപ്പെടുത്തുകയാണ്‌ വെളിയംഭാര്‍ഗ്ഗവന്‍. വെളിവിനും വെളിവുകേടിനും ഇങ്ങനെയും ചില നല്ലവശങ്ങളുണ്ട്‌.

0 comments :