Monday, December 3, 2007

സുധാകരന്‍ കുരയ്ക്കുമ്പോള്‍

സീസര്‍ മാത്രമല്ല സീസറിന്റെ ഭാര്യയും സംശയത്തിന്‌ അതീതയായിരിക്കണമെന്നത്‌ പുരാതന റോമിലെ ധര്‍മിക നിര്‍ബന്ധമായിരുന്നു.

ഏതോ തുണിയലക്കുകാരന്റെ വാക്കു കേട്ട്‌ ധര്‍മ പത്നി സീതയെ അഗ്നിപരീക്ഷയ്ക്ക്‌ നിയോഗിച്ച ശ്രീരാമന്‍ ഭാരതത്തിന്റെ അവതാര പുരുഷനാണ്‌.

അങ്ങനെയെങ്കില്‍ വര്‍ത്തമാനകാല ജനാധിപത്യ കേരളഭരണം നിയന്ത്രിക്കുന്ന മുഖ്യ പാര്‍ടിയുടെ മുഖ്യ നേതാവ്‌ പിണറായി വിജയന്റെ പുത്രീപുത്രന്മാര്‍ ആരോപണങ്ങള്‍ക്ക്‌ അതീതരായിരിക്കണമെന്ന്‌ പറയുന്നതില്‍ എന്തണ്‌ അപാകം ?

അതുകേള്‍ക്കുമ്പോള്‍ കുരച്ചുചാടുന്നവര്‍ യജമാനഭക്തി കൊണ്ട്‌ ആന്ധ്യം ബാധിച്ച വിശ്വസ്ഥ 'നായ' സഖാവും മന്ത്രിയുമൊക്കെയായിരിക്കാം.സ്തുതിപാടകസംഘത്തലവനുമായിരിക്കാം.

അതുകൊണ്ടു മാത്രം ആ വ്യക്തി മാന്യനും പ്രതിപക്ഷബഹുമാനമുള്ള്‌ രാഷ്ട്രിയ പ്രവര്‍ത്തകനും സഭ്യമായ ഭാഷ സംസാരിക്കുന്ന വ്യക്തിയുമായിരിക്കണമെന്നില്ല.

മന്ത്രി ജി സുധാകരന്റെ പൊട്ടിത്തെറിക്കലുകളും നട്ടെല്ല്‌ നിവര്‍ത്തി നിന്ന്‌ എന്നവകാശപ്പെട്ട്‌ തട്ടിവിടുന്ന വിടുവായിത്തങ്ങളും ,രാഷ്ട്രീയത്തിമിരവും വീരാരാധന യും ബാധിക്കാത്ത കേരളീയര്‍ക്കെല്ലാം അരോചകമാകുന്നത്‌ അതുകൊണ്ടാണ്‌.

ഐ എ എസുകാരെ പട്ടികളെന്നും സാഹിത്യപ്രവര്‍ത്ത കരെ കാലുനക്കികളെന്നും പാര്‍ട്ടിക്കും പാര്‍ട്ടിപ്രവര്‍തകര്‍ക്കും അനുകൂലമല്ലാത്ത വിധി പ്രസ്തവിക്കുന്ന ന്യായാധിപരെ കൊഞ്ഞാണന്മാരെന്നും,നാക്കിന്‌ എല്ലില്ലാത്ത തെരുവുതെമ്മാ ടിയേപ്പോലെ അധിക്ഷേപിച്ചത്‌ ആരും മറന്നിട്ടില്ല.ഒടുവില്‍ കോടതിയോട്‌ ക്ഷമ ചോദിച്ച്‌ തന്റെ വികല്‍പജല്‍പനങ്ങള്‍ക്ക്‌ പ്രായശ്ചിത്തം ചെയ്തതും എല്ലാവരും ഓര്‍ക്കുന്നു.

ഈ വാചാകവിരേചനത്തിനിടയ്ക്ക്‌ തന്റെ വാഹനത്തെ ഓവര്‍ ടേക്ക്‌ ചെയ്ത ഡോക്ടര്‍ കുടുംബത്തേയും തന്റെ രാജകീയ യാത്രക്ക്‌ വഴിയൊഴിഞ്ഞ്‌ കൊടുത്തില്ലെന്നാരോപിച്ച്‌ ഒരു ടൂറിസ്റ്റ്‌ ബസ്‌ ഡ്രൈവറേയും പോലീസ്‌ സ്റ്റേഷനിലെത്തിച്ച്‌ പീഡിപ്പിച്ച കൊഞ്ഞാണത്തരവും അദ്ദേഹത്തില്‍ നിന്നു മുണ്ടായി.

ഇപ്പോള്‍ വീണ്ടും നാക്കുകൊണ്ടുള്ള അശ്ലീലക്കസര്‍ത്ത്‌ ശ്ക്തവും വ്യാപകവുമാക്കിയിരിക്കുകയാണ്‍ സുധാകരന്‍. അരവണ ഇടപാടില്‍ ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളായ പി നാരായണനേയും സുമതിക്കുട്ടിയമ്മയേയും ദുഷ്പദാമേധ്യ പ്രയോഗത്തിലൂടെ നാറ്റിച്ചു കഴിഞ്ഞു.അപ്പോഴും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ ഗുപ്തനെ സംരക്ഷിക്കാന്‍ പ്രത്യേക താത്പര്യം കാണിക്കുകയും ചെയ്തു.ഗുപ്തന്‍ ഈ എം എസിന്റെ മരുമകനാകുമ്പോള്‍ അങ്ങനൊക്കെ ചെയ്താലല്ലേ വിശ്വസ്ഥനായ പാര്‍ട്ടിപ്രവര്‍ത്തകന്റെ പ്രതിബദ്ധത ബന്ധപ്പെട്ടവര്‍ക്ക്‌ ബോധ്യപ്പെടുക..!

ആ നെറികെട്ട ബോധ്യപ്പെടുത്തല്‍ യത്നത്തിന്റെ ഭാഗമായി സമകാലിക മലയാളം വാരികയുടെ പത്രാധിപര്‍ എസ്‌ ജയചന്ദ്രന്‍ നായരേയും സാഹിത്യകാരായ സാറ ജോസഫിനേയും പി സുരേന്ദ്രനേയും ഏറ്റം വഷളായ പദങ്ങള്‍ കൊണ്ട്‌ ആക്രമിക്കുകയാണ്‌ സുധാകരന്‍.മലയാളം നായന്മാരെന്നും സാറാച്ചേട്ടതിമാരെന്നും സുധാകരന്‍ പ്രയോഗിക്കുമ്പോള്‍ അതിനു പിന്നിലെ മലീമസാര്‍ഥങ്ങള്‍ വ്യക്തമാണ്‌.അമേരിക്കന്‍ ഡോളര്‍ നിലത്തിട്ടാല്‍ നക്കി യെടുക്കുന്നവരാണ്‌ ഇവരെന്ന്‌ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ആ പ്രയോഗത്തിലെ ഗുഹ്യാര്‍ഥങ്ങളും സ്പഷ്ടം.
എന്താണ്‌ ഇവര്‍ ചെയ്ത കുറ്റം?

പിണറായി പുത്രനും പുത്രിയും ഇന്നാസ്വദിക്കുന്ന സാമ്പത്തിക നേട്ടങ്ങളുടേയും വിദ്യാഭ്യാസ സൗകര്യങ്ങ ളുടേയും അടിസ്ഥാനങ്ങളെക്കുറിച്ച്‌ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു,അത്രമാത്രം.വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്ത വാര്‍ത്തകളുടേയും വിശകലനങ്ങളുടേയും പശ്ചാത്തലത്തില്‍, പിണറായി പുത്രീ-പുത്രന്മാരുടെ ജീവിത സാഹചര്യങ്ങളും വിലയിരുത്തി ആരെങ്കിലും ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ സുധാകരന്‍ എന്തിനാണ്‌ ചൊടിക്കുന്നത്‌ ?,കുണ്ഠിതപ്പെടുന്നത്‌ ? പിണറായി വിജയന്‍ പോലും എത്ര ശാന്തനായിട്ടാണ്‌ ഈ വിമര്‍ശാനങ്ങളെ നേരിടുന്നത്‌ !
കുറ്റാരോപിതനായ വ്യക്തിക്കില്ലാത്ത ന്യായീകരണ വ്യഗ്രത കേട്ടുനില്‍ക്കുന്നവനുണ്ടാകുമ്പോള്‍ അയാളുടെ ഉദ്ദേശ്യ ശുദ്ധി സരളമോ സുതാര്യമോ അല്ല.ഭാര്യക്ക്‌ പ്രതിമാസം 30000 രൂപ ശമ്പളമുണ്ടെന്നും പത്തിരുപത്തിരണ്ടു ലക്ഷത്തിന്റെ ബാങ്ക്‌ ബാലന്‍സുണ്ടെന്നും വീമ്പിളക്കിയ സുധാകരന്‍ തന്നെയാണ്‌ പിണറായിയുടെ കുലത്തൊ ഴിലിനേക്കുറിച്ച്‌ പരാമര്‍ശിച്ചത്‌.ആവേശം അതിരുവിടുമ്പോ ഴുണ്ടാകുന്ന നാക്കു പിഴ മാത്രമല്ല ഇത്‌.അടുത്തുകൂടി നക്കിക്കൊല്ലുന്ന,വെടക്കാക്കി തനിക്കാക്കുന്ന സ്വാര്‍ഥ്തയുടെ ഭീകരമുഖമാണിത്‌.

ഇത്തരം വികൃതമായ ഹിസ്‌ മാസ്റ്റെഴ്സ്‌ വോയിസുകളാണ്‌ രാഷ്ട്രിയ കേരളത്തിന്റേയും വിപ്ലവ നേതാക്കന്മാരുടേയും ശാപം.

1 comments :

  1. മുക്കുവന്‍ said...

    തിന്നുന്ന ചോറിനു നന്ദി കാണിക്കുന്ന നല്ല അള്‍സേഷന്‍ നായക്കു തുല്യം... അല്ലാതെന്താ...:)

    കുരക്കുന്ന പട്ടിക്ക് ഒബീഡിയന്‍സ് ട്രെയിനിഗ് കോടുക്കാം, പക്ഷേ ഒബീഡിയന്‍സ് കൊണ്ട് കുരക്കുന്ന പട്ടിക്കോ?