Saturday, December 8, 2007

അലക്സാണ്ട്രയുടെ കീക്കും കരുണാകരന്റെ പാലും ദിവാകരന്റെ മുട്ടയും

"റൊട്ടിയില്ലെങ്കില്‍ കേക്ക്‌ കഴിച്ചുകൂടെ" എന്നു ചോദിച്ച റഷ്യന്‍ ചക്രവര്‍ത്തിനി അലക്സാണ്ട്രയുടെയും "പാലു കഴിക്കൂ, അരി ആഹാരങ്ങള്‍ കുറയ്ക്കൂ" എന്നാഹ്വാനം ചെയ്ത കരുണാകരന്റെയും അധികാര വൈതാളികത്വം ഒന്നിച്ച്‌ ജന്മം കൊണ്ടതാണ്‌ പൊതുവിതരണ മന്ത്രി സി. ദിവാകരന്‍ എന്ന്‌ വിശ്വസിക്കേണ്ടിവരുന്നു.

വിശപ്പടക്കമുള്ള ജനങ്ങളുടെ അടിസ്ഥാന വികാരങ്ങളും ആവശ്യങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത ഭരണവര്‍ഗ പൈശാചികത്വത്തിന്റെ ബീഭല്‍സതയായാണ്‌ ദിവാകരനിപ്പോള്‍ കേരള ജനതയ്ക്കുമുന്നില്‍ നില്‍ക്കുന്നത്‌. അടിസ്ഥാനവര്‍ഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെയാണ്‌ താനൊരു ജനനേതാവും ഇപ്പോള്‍ മന്ത്രിയും ആയതെന്ന്‌ വിനയാന്വിതനായി സമ്മതിക്കുന്ന ദിവാകരന്റെ ഉള്ളില്‍, പക്ഷെ ആഢംബരവും ഡംഭും വിഡ്ഢിത്തരവും അധികാരഗര്‍വുമാണ്‌ നിറഞ്ഞുലയുന്നതെന്ന്‌ അദ്ദേഹം മന്ത്രിയായി അധികാരമേറ്റ നിമിഷംതന്നെ മനസിലായതാണ്‌. ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച നന്ദികേടാണ്‌ ദിവാകരന്‍. ഭാര്യയുടെയും വാസ്തുവിദഗ്ധരുടെയും ജ്യോതിഷികളുടെയും വാക്കുകളായിരുന്നു, ജനാഭിലാഷത്തെക്കാള്‍ ദിവാകരനപ്പോള്‍ പഥ്യം.

എന്നാല്‍ ലക്ഷങ്ങള്‍ മുടിച്ചശേഷം മോടിപിടിപ്പിച്ച ഔദ്യോഗിക വസതിയില്‍നിന്ന്‌ മൂടുംതട്ടിപ്പോയി ആദര്‍ശധീരത തെളിയിക്കാന്‍ തെല്ലും ഉളുപ്പുമില്ലായിരുന്നു. 60-ാ‍ം വയസിലും ഡൈ ചെയ്ത്‌ കറുപ്പിച്ച മുടിയുമായി കാപട്യത്തിന്റെ ജീവിക്കുന്ന പ്രതീകമായി ദിവാകരന്‍ മന്ത്രിസ്ഥാനത്തു തുടരുമ്പോള്‍ ഇത്തരം കൊള്ളരുതായ്മകള്‍ വാക്കുകളായി പുറത്തുവരുന്നത്‌ കാവ്യനീതിയാണ്‌.

അരിയുള്‍പ്പെടെയുളള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ കേരളത്തിലെ ജനങ്ങള്‍ വീര്‍പ്പുമുട്ടുമ്പോള്‍ പരിഹാരത്തിന്റെ ഏതെങ്കിലുമൊരു ശ്രമം നടത്താതെ ഉദ്ബോധനത്തിന്റെ വൃത്തിക്കേടുകളിലേക്ക്‌ കൂപ്പുകുത്തുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ്‌ അരിവില വര്‍ധനയുടെ തിരിച്ചടിയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ കേരളീയന്റെ ആഹാരരീതി പരിഷ്ക്കരിക്കണമെന്നു പറയാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞത്‌. അരിയാഹാരത്തിനുപകരം രണ്ടുമുട്ടയും ഒരു ഗ്ലാസ്‌ പാലും, കോഴിയിറച്ചിയും കഴിച്ചാല്‍ വിലവര്‍ധനയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന്‌ രക്ഷപ്പെടാമെന്നാണ്‌ ദിവാകരസൂക്തം.

കൂട്ടില്‍ കോഴിയുണ്ട്‌, വീട്ടില്‍ പശുവുണ്ട്‌ അതുകൊണ്ട്‌ നമുക്ക്‌ ചോറുതന്നെ വേണോ? ഒരു ഗ്ലാസ്‌ പാലും കോഴിയിറച്ചിയും പോരെ? എന്നാണ്‌ പെരിങ്ങോട്ടുകരയില്‍ ആരംഭിച്ച സംസ്ഥാന മൃഗസംരക്ഷണമേള ഉദ്ഘാടനം ചെയ്തുകൊണ്ട്‌ ദിവാകരന്‍ ചോദിച്ചത്‌. ഇതിന്‌ അദ്ദേഹത്തിന്‌ രണ്ട്‌ 'ഞായം' പറയാനുണ്ടായിരുന്നു. ഒന്ന്‌ ആദ്യം സൂചിപ്പിച്ച വിലക്കയറ്റം. രണ്ട്‌ ഓംലെറ്റും ചിക്കന്‍ഫ്രൈയും പാലും കഴിക്കാന്‍ തമിഴ്‌നാടിന്‌ 1500 കോടി രൂപയാണ്‌ കേരളം നല്‍കുന്നത്‌. ആ തുക ലാഭിക്കാം.

വിവരക്കേടിന്റെ നരച്ച തല കറുപ്പിച്ചാല്‍ അത്‌ ദിവാകരനാകുമെന്ന്‌ ഇപ്പോള്‍ വ്യക്തമായി. കിലോയ്ക്ക്‌ 14-16 രൂപ വിലയുള്ള അരി വാങ്ങാന്‍ കഴിയാത്തവരോടാണ്‌ പാലും മുട്ടയും കോഴിയിറച്ചിയും കഴിച്ച്‌ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താനുള്ള ഉപദേശം. സാധാരണ ഹോട്ടലിലെ കണക്കുവച്ച്‌ ഒരു ഗ്ലാസ്‌ പാലിനും രണ്ടു മുട്ടയ്ക്കും ഒരു പ്ലേറ്റ്‌ കോഴിയിറച്ചിക്കും ഒരു നേരത്തിന്‌ 38 രൂപയാകും. നാലംഗങ്ങളുള്ള ഒരു കുടുംബത്തിന്‌ ഒരു നേരത്തേക്ക്‌ 152 രൂപ. ഒരു ദിവസത്തേക്ക്‌ അപ്പോള്‍ 456 രൂപ.

ഇത്തരം വിഡ്ഢിത്തങ്ങളും വിവരക്കേടുകളും വിളമ്പുന്ന പുംഗവന്മാര്‍ ഭരിക്കുമ്പോള്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കുന്നതെങ്ങിനെ? നാക്കിനെല്ലില്ലാത്ത മറ്റൊരു മന്ത്രി പുംഗവന്‍ അവകാശപ്പെട്ടത്‌ തന്റെ ഭാര്യയ്ക്ക്‌ പ്രതിമാസം 30,000 രൂപ ശമ്പളമുണ്ടെന്നും 22 ലക്ഷത്തിന്റെ സമ്പാദ്യമുണ്ടെന്നുമാണ്‌. ഇതിന്‌ സമാനമായ സമ്പാദ്യം ദിവാകരനുമുണ്ടായിരിക്കും. കാരണം അങ്ങോരുടെ ഭാര്യ സംസ്ഥാന പിആര്‍ഡി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയാണല്ലോ. ഇത്തരം സുഖിമാന്മാരുടെ ഉപദേശം കേള്‍ക്കാന്‍ മാത്രം കേരളീയര്‍ എന്തുതെറ്റാണ്‌ ചെയ്തത്‌? വോട്ട്‌ ചെയ്ത്‌ വിജയിപ്പിച്ച്‌ അവരെ മന്ത്രിമാരാക്കിയതോ?

അടിസ്ഥാന വര്‍ഗങ്ങളുടെയും ദുര്‍ബലവിഭാഗത്തിന്റെയും പ്രാന്തവല്‍ക്കൃത ജനസമൂഹത്തിന്റെയും ഉന്നമനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു എന്നവകാശപ്പെടുന്ന സഖാവ്‌ അച്യുതാനന്ദന്‍ നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയിലെ അംഗങ്ങളാണ്‌ ഇത്തരം വായാടികള്‍. ഇവരെ വച്ചുപൊറുപ്പിക്കുന്ന അച്യുതാനന്ദനാണ്‌ യഥാര്‍ത്ഥത്തില്‍ കുറ്റവാളി. ജനങ്ങളെയും അവരുടെ വികാരങ്ങളെയും ആവശ്യങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്ത ഇത്തരം വേതാളങ്ങളെ പേറാന്‍ കേരളീയര്‍ വിക്രമാദിത്യന്മാരൊന്നുമല്ല. വേതാളങ്ങളുടെ ഉപദേശങ്ങള്‍ കേട്ടില്ലെങ്കില്‍ തലപൊട്ടിത്തെറിക്കാനും പോകുന്നില്ല. അതുകൊണ്ട്‌ കൂട്ടിലെ കോഴി, വീട്ടിലെ പശു, തിന്നടാ തിന്ന്‌ എന്നൊക്കെ ഉപദേശിക്കുന്ന ഈ ഉപരിവര്‍ഗ വിപ്ലവ വിവരക്കേടുകളെ ഉന്മൂലനം ചെയ്യുകയാണ്‌, കേരളീയന്റെ സമാധാന ജീവിതത്തിന്‌ അത്യാന്താപേക്ഷിതമായ കാര്യം.

3 comments :

  1. simy nazareth said...

    :( അച്ച്യുതാനന്ദന്‍ ഉള്ള എല്ലാ വിലയും കളഞ്ഞു. അധികാരം കയ്യില്‍ കിട്ടിയാല്‍ എല്ലാം ഇങ്ങനെതന്നെ.

  2. ഫസല്‍ ബിനാലി.. said...

    ullavanum illaathavanum thammilulla conflict

  3. മായാവി.. said...

    അടിസ്ഥാന വര്‍ഗങ്ങളുടെയും ദുര്‍ബലവിഭാഗത്തിന്റെയും പ്രാന്തവല്‍ക്കൃത ജനസമൂഹത്തിന്റെയും ഉന്നമനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു എന്നവകാശപ്പെടുന്ന സഖാവ്‌ അച്യുതാനന്ദന്‍ നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയിലെ അംഗങ്ങളാണ്‌ ഇത്തരം വായാടികള്‍. ഇവരെ വച്ചുപൊറുപ്പിക്കുന്ന അച്യുതാനന്ദനാണ്‌ യഥാര്‍ത്ഥത്തില്‍ കുറ്റവാളി. ജനങ്ങളെയും അവരുടെ വികാരങ്ങളെയും ആവശ്യങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്ത ഇത്തരം വേതാളങ്ങളെ പേറാന്‍ കേരളീയര്‍ വിക്രമാദിത്യന്മാരൊന്നുമല്ല. വേതാളങ്ങളുടെ ഉപദേശങ്ങള്‍ കേട്ടില്ലെങ്കില്‍ തലപൊട്ടിത്തെറിക്കാനും പോകുന്നില്ല. അതുകൊണ്ട്‌ കൂട്ടിലെ കോഴി, വീട്ടിലെ പശു, തിന്നടാ തിന്ന്‌ എന്നൊക്കെ ഉപദേശിക്കുന്ന ഈ ഉപരിവര്‍ഗ വിപ്ലവ വിവരക്കേടുകളെ ഉന്മൂലനം ചെയ്യുകയാണ്‌, കേരളീയന്റെ സമാധാന ജീവിതത്തിന്‌ അത്യാന്താപേക്ഷിതമായ കാര്യം. PERFECTLY RIGHT.