Friday, December 14, 2007

ധനമന്ത്രിയുടെ ഇരട്ടത്താപ്പ്‌

അഹംഭാവവും ഡംഭും നിക്ഷിപ്തതാല്‍പ്പര്യങ്ങളും കൊണ്ട്‌ എങ്ങനെ ഒരു മുന്നണിഭരണത്തെ വെടക്കാക്കാമെന്നും എങ്ങനെ ഒരു ജനകീയപദ്ധതി പൊളിച്ചടുക്കാമെന്നും നേരത്തേ തെളിയിച്ചിട്ടുള്ള വിരുതനാണ്‌ ധനമന്ത്രി തോമസ്‌ ഐസക്‌. കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ നടപ്പിലാക്കിയ ജനകീയ ആസൂത്രണ പദ്ധതി വഴിതെറ്റിച്ചുവിട്ട്‌ അത്‌ വിദേശ ഫണ്ട്‌ സ്വീകരണത്തിനുള്ള മറയും രാഷ്ട്രത്തെ ഒറ്റിക്കൊടുക്കുന്ന വിഭവ ഭൂപട നിര്‍മ്മാണത്തിനുള്ള കുറുക്കുവഴിയുമാക്കി മാറ്റി കേരളീയരെ ഒന്നാകെ വഞ്ചിച്ച വ്യക്തിയാണ്‌, റിച്ചാഡ്‌ ഫ്രാങ്കിയുടെ ഈ അടുത്ത സുഹൃത്ത്‌.

പിന്നീട്‌ യുഡിഎഫ്‌ ഭരണമേറ്റപ്പോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ എഡിബിയില്‍നിന്നും വായ്പയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പല്ലും നഖവും ഉപയോഗിച്ചെതിര്‍ത്ത്‌ മാന്യനായ ദേശസ്നേഹിയായി വാര്‍ത്തകളില്‍ നിറഞ്ഞതും തോമസ്‌ ഐസക്‌ തന്നെ.

എന്നാല്‍ ധനമന്ത്രിയായപ്പോള്‍ മുന്‍പു പറഞ്ഞതെല്ലാം വിഴുങ്ങി സുസ്ഥിര നഗരവികസനം, ഭരണ നവീകരണം എന്നൊക്കെയുള്ള 'ഞായങ്ങള്‍' മുന്നോട്ടുവച്ച്‌ ജീവിച്ചിരിക്കുന്ന കേരളീയരെ മാത്രമല്ല ജനിക്കാന്‍ പോകുന്ന കേരളീയരെവരെ വിദേശ മൂലധന ചൂഷകര്‍ക്ക്‌ അടിയറ വച്ച കൗശലമാണ്‌ അദ്ദേഹം. അതുകൊണ്ടുതന്നെ എഡിബി പ്രമാണിമാരുടെ നിര്‍ദ്ദേശങ്ങള്‍ക്കപ്പുറം കടക്കാന്‍ കഴിയാത്തതുകൊണ്ട്‌, ധനപരമായ അച്ചടക്കം എന്ന്‌ ഓമനപ്പേരിട്ട്‌, മന്ത്രിസഭയിലെ മറ്റ്‌ വകുപ്പുകള്‍ മുന്നോട്ടുവയ്ക്കുന്ന ക്ഷേമപരിപാടികളെ ഭ്രൂണഹത്യക്ക്‌ വിധേയമാക്കി ധാര്‍ഷ്ട്യത്തോടെ മന്ത്രിയായി വിലസുകയാണ്‌ ഡോ.തോമസ്‌ ഐസക്‌.

കൃഷിവകുപ്പ്‌ മുന്നോട്ടുവച്ച കിസാന്‍ശ്രീ ഇന്‍ഷ്വറന്‍സ്‌ പദ്ധതിക്ക്‌ ഒരു നയാപൈസപോലും നല്‍കുകയില്ല എന്ന്‌ പറഞ്ഞ്‌ വിവാദം സൃഷ്ടിച്ച്‌ മുന്നണി ബന്ധങ്ങളില്‍ വന്‍ വിടവുസൃഷ്ടിക്കാന്‍ തോമസ്‌ ഐസക്കിന്‌ രണ്ടാമതൊന്ന്‌ ആലോചിക്കാനില്ലായിരുന്നു. മുല്ലക്കര രത്നാകരനും അദ്ദേഹം നേതൃത്വം നല്‍കുന്ന വകുപ്പിനും ഫയലുകള്‍ കൃത്യമായി പുട്ട്‌അപ്പ്‌ ചെയ്യാന്‍പോലും അറിയുകയില്ല എന്ന്‌ കൂട്ടത്തില്‍ അധിക്ഷേപിക്കാനും തോമസ്‌ ഐസക്‌ അവസരവും സമയവും സൃഷ്ടിച്ചെടുത്തു.

ആ തോമസ്‌ ഐസക്കാണ്‌ ശര്‍മ്മ ഭരിക്കുന്ന വകുപ്പിന്റെ ക്ഷേമപദ്ധതിക്കിപ്പോള്‍ വാരിക്കോരി നല്‍കിയിരിക്കുന്നത്‌.

കിസാന്‍ശ്രീ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പാക്കാന്‍ ഒരുകോടി രൂപ അനുവദിക്കണമെന്നായിരുന്നു കൃഷിവകുപ്പിന്റെ ആവശ്യം. ബജ്ജറ്റില്‍ പദ്ധതിക്കായി നിര്‍ദ്ദേശമുണ്ടായിരുന്നില്ല എന്ന സാങ്കേതിക ഞായം പറഞ്ഞ്‌ ആ നിര്‍ദ്ദേശം മുളയിലേ നുള്ളി. എന്നാല്‍ ദേശീയ വിള ഇന്‍ഷ്വറന്‍സ്‌ പദ്ധതിക്ക്‌ വേണ്ടി നീക്കിവച്ചതില്‍ ബാക്കിയുള്ള തുകയാണ്‌ കൃഷിവകുപ്പ്‌ കിസാന്‍ശ്രീ പദ്ധതിക്കുവേണ്ടി ചോദിച്ചത്‌. 20 രൂപയാണ്‌ ഇന്‍ഷ്വറന്‍സ്‌ പ്രീമിയമായി നിശ്ചയിച്ചത്‌. ഇത്‌ കൂടുതലാണെന്ന അടുത്ത ഞായവും തോമസ്‌ ഐസക്കിന്റെ വായില്‍നിന്നും വീണു. എന്നാല്‍ കഴിഞ്ഞ ദിവസം ശര്‍മ്മ മുന്നോട്ടുവച്ച മത്സ്യത്തൊഴിലാളി ഇന്‍ഷ്വറന്‍സ്‌ പദ്ധതിക്ക്‌ ഒരു എതിര്‍പ്പും കൂടാതെ 80 ലക്ഷം രൂപ അനുവദിക്കാന്‍ തോമസ്‌ ഐസക്കിന്‌ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ 50 രൂപയാണ്‌ പ്രീമിയം. 2.80 ലക്ഷം മത്സ്യത്തൊഴിലാളികളാണ്‌ പദ്ധതിയുടെ പരിധിയില്‍ വരുന്നത്‌. ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ്‌ കമ്പനിയും സംസ്ഥാന ഇന്‍ഷ്വറന്‍സ്‌ വകുപ്പും ചേര്‍ന്ന്‌ രൂപം കൊടുത്തിട്ടുള്ള ഈ പദ്ധതി നടപ്പാക്കാന്‍ 1.41 കോടി രൂപ വേണ്ടിവരും.

ഇവിടെയാണ്‌ ധനമന്ത്രിയുടെ ഇരട്ടത്താപ്പും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞെന്ന നിലപാടും വ്യക്തമാക്കുന്നത്‌. മുന്നണി ഭരണത്തിന്റെ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ട്‌ വല്ല്യേട്ടന്റെ ഏകാധിപത്യ സ്വഭാവമാണ്‌ തോമസ്‌ ഐസക്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌ അതുകൊണ്ട്‌ ചോദിക്കുന്നവര്‍ക്കെല്ലാം വാരിക്കോരി നല്‍കാന്‍ കഴിയില്ല എന്നുപറയുന്ന തോമസ്‌ ഐസക്‌, ധനമന്ത്രിയെന്ന നിലയ്ക്ക്‌ തന്നില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വന്‍ പരാജയമാണെന്ന്‌ തെളിയിച്ചുകഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം പിരിച്ചെടുക്കേണ്ട നികുതിയുടെ പകുതി മാത്രമേ ഖജനാവില്‍ എത്തിയിട്ടുള്ളൂ. ബജ്ജറ്റിലും സോഷ്യല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ടിലും പ്രഖ്യാപിച്ചിരുന്ന നികുതി ലക്ഷ്യം 1140 കോടി രൂപയാണ്‌. ഇതില്‍ മൂല്യവര്‍ദ്ധിത നികുതി 6150 കോടിയും ഇതരനികുതി 4990 കോടി രൂപയുമാണ്‌. ഓരോ മാസവും പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ടിരുന്നത്‌ 928.53 കോടി രൂപയാണ്‌. എന്നാല്‍ 220 കോടി രൂപ മാത്രമാണ്‌ പ്രതിമാസം പിരിച്ചെടുക്കുന്നത്‌.

അതായത്‌ നികുതി വെട്ടിപ്പുകാരായ വരേണ്യവര്‍ഗ്ഗത്തിന്‌ ഓശാനപാടുകയും നാമമാത്ര കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമടങ്ങുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കഞ്ഞിയില്‍ പാറ്റയിടുകയും ചെയ്യുന്ന ധനതത്വശാസ്ത്രമാണ്‌ തോമസ്‌ ഐസക്‌ നടപ്പിലാക്കുന്നത്‌. ഇതിനു പിന്നില്‍ ഭയങ്കരമായ ഒരു ഹിഡന്‍ അജണ്ടയുണ്ട്‌. അതായത്‌ വികസനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട്‌ ഇല്ല എന്ന്‌ വരുത്തിത്തീര്‍ത്ത്‌ വിദേശ ഫണ്ടിംഗ്‌ ഏജന്‍സികളില്‍നിന്ന്‌ പണം പറ്റി കേരളത്തെയും കേരളീയരെയും ചതിക്കാനുള്ള ദുഷ്ടലാക്കാണത്‌. ഇങ്ങനെ വിപ്ലവത്തിന്റെ ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളാണ്‌ ഇപ്പോള്‍ കേരളം ഭരിക്കുന്ന മാര്‍ക്സിസ്റ്റ്‌ മന്ത്രിമാരെന്ന്‌ പറയേണ്ടിവരുന്നു. ഒരു ജനതയുടെ അഭിലാഷങ്ങളെ തല്ലിക്കൊഴിച്ച്‌, നവലിബറല്‍ ധനതത്വശാസ്ത്രത്തിലൂടെ മൂലധന സമാഹരണശക്തികള്‍ക്കും ചൂഷകര്‍ക്കും ഈ നാടിന്റെ ഈടുവയ്പ്പുകളും വിഭവങ്ങളും അടിയറവയ്ക്കുകയാണ്‌ തോമസ്‌ ഐസക്‌. അതിന്‌ പരിസരമൊരുക്കാനാണ്‌ ചില ക്ഷേമപദ്ധതികള്‍ നിരസിക്കുന്നതും മറ്റുചിലതിനൊക്കെ വാരിക്കോരി നല്‍കുന്നതും.

0 comments :