മാവോയിസ്റ്റുകളെ മാത്രം കുറ്റപ്പെടുത്തുന്നത് തെറ്റുകള്‍ മറയ്ക്കാന്‍
നക്സല്‍ പ്രസ്ഥാനം ഇന്ത്യയുടെ സമാധാനം കെടുത്തുന്നവിധം വ്യാപകമായിട്ടുണ്ടെന്നും അവരെ തടയാന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക പോലീസ് രൂപീകരിക്കണമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സംസ്ഥാന മുഖ്യമന്ത്രിമാരെ ഉദ്ബോധിപ്പിക്കുമ്പോള്‍ അടിസ്ഥാനപരമായ ചില സത്യങ്ങളില്‍ നിന്ന് മുഖംതിരിക്കുകയും അറിയാതെ കുറെ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുകയുമാണ്.
നേപ്പാള്‍ മുതല്‍ ആന്ധ്രാപ്രദേശ് വരെ നീളുന്ന ചുവന്ന ഇടനാഴി ഉണ്ടെന്നും നക്സലേറ്റുകള്‍ അവരുടെ പ്രവര്‍ത്തനം ഇന്ത്യയാകെ വ്യാപിപിച്ചിട്ടുണ്ടെന്നുമാണ് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി, ഭീതിയോടെ ഒപ്പം ഭീഷണിയുടെ സ്വരത്തില്‍ വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് മാവോയിസ്റ്റ് നേതാവായ മല്ലരാജറെഡ്ഢിയെ അറസ്റ്റുചെയ്തതോടെ ഇന്ത്യയുടെ തെക്കേ അറ്റത്തോളം നക്സലൈറ്റുകളുടെ സായുധവിപ്ലവാഹ്വാനത്തിന് ഇടം ലഭിച്ചിട്ടുണ്ട് എന്നാണ് ഔദ്യോഗികഭാഷ്യം. കേരളത്തില്‍ നക്സലൈറ്റുകളുടെ പ്രവര്‍ത്തനം ശ്രദ്ധേയമാണെങ്കിലും അത് സംസ്ഥാനത്തിന് ഭീഷണിയല്ല എന്നാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയത്.
ചത്തീസ്ഗഡില്‍നിന്ന് മുന്നൂറോളം മാവോയിസ്റ്റുകള്‍ ജയില്‍ ഭേദിച്ച് രക്ഷപ്പെട്ടതും ബീഹാര്‍, ഒറീസ, ഛത്തീസ്ഗഢ്, ബംഗാള്‍ എന്നിവിടങ്ങളില്‍ ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ഏറ്റുമുട്ടലുകളും പ്രധാനമന്ത്രി അടക്കമുള്ള ഭരണ നിയന്താക്കള്‍ക്ക് നക്സലൈറ്റുകളെ കുറ്റപ്പെടുത്താനും പൊതു ജീവിതത്തിന്മേല്‍ ഭീതിയുടെ കരിനിഴല്‍ വീഴ്ത്താനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നത് നേരാണ്.
എന്നാല്‍ എന്തുകൊണ്ട് നേപ്പാള്‍ മുതല്‍ ആന്ധ്രാ വരെ ഈ ചുവന്ന ഇടനാഴി ഉണ്ടായിയെന്നും എങ്ങനെയാണ് 30 വര്‍ഷത്തിലധികം ഒളിവില്‍ കഴിഞ്ഞിരുന്ന മല്ലരാജറെഡ്ഢി കേരളത്തിലെത്തിയതെന്നും വെളിപ്പെടുത്താന്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് ബാധ്യതയുണ്ട്.
ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും തിരസ്ക്കരിച്ച വര്‍ഗസമരത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ടുമാത്രമേ നക്സലൈറ്റ് പ്രസ്ഥാനങ്ങളുടെ ഉല്‍ഭവത്തേയും വളര്‍ച്ചയേയും വിലയിരുത്താന്‍ കഴിയൂ. സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്ക്കാരികപരവുമായ ഇല്ലായ്മയും വ്യതിയാനങ്ങളുമാണ്, അവ നിഷേധിക്കപ്പെടുന്നവരില്‍ പ്രതികരണമായും പ്രതിഷേധമായും പ്രതികാരമായും രൂപംകൊള്ളുന്നത്. ഇതിന് രാഷ്ട്രീയ കര്‍മമണ്ഡലം ലഭിക്കുമ്പോള്‍ തീര്‍ച്ചയായും അത് അധികാരിവര്‍ഗത്തിന്റെയും ചൂഷകസമൂഹത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് എതിരെ ഉയരുന്ന ശക്തിയാവുകയും അവര്‍ സൃഷ്ടിച്ചെടുത്ത എല്ലാവിധ ഭരണ സംവിധാനങ്ങളും സ്ഥാപനങ്ങളും തകര്‍ക്കുന്ന ക്രിയയായി തീരുകയും ചെയ്യും.
അതാണ് ഏറ്റവും ലഘുവായി കണ്ടെത്താവുന്ന നക്സലൈറ്റ് വ്യാപനത്തിന്റെ അടിസ്ഥാനം. ഈ നിലയ്ക്ക് ചിന്തിക്കാന്‍ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെ പാകപ്പെടുത്തിയത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികല സാമ്പത്തിക വികസന നയങ്ങളും അവയുടെ നടത്തിപ്പുമാണ്.
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയും ആഗോളീകരണ ശക്തികളും ആവശ്യപ്പെടുന്ന രീതിയില്‍ ഭരണക്രമവും വികസനപ്രക്രിയകളും വക്രീകരിച്ച് അടിസ്ഥാന വര്‍ഗങ്ങളെ അവയുടെ പരിസരങ്ങളില്‍ നിന്ന് ആട്ടിയോടിക്കുമ്പോള്‍ ഉണ്ടാകുന്ന സാമൂഹിക തിരിച്ചടിയാണ് ഇത്. വികസനമെന്നാല്‍ വ്യാവസായിക വികസനമാണെന്നും അത് രാഷ്ട്രാന്തര മൂലധന ചൂഷകരുടേയും മൂലധന സമാഹര്‍ത്താക്കളുടെയും താല്‍പ്പര്യമനുസരിച്ചായിരിക്കണമെന്നും മന്‍മോഹന്‍സിംഗ് അടക്കമുള്ളവര്‍ ശഠിക്കുമ്പോള്‍ അതിന് കാരാട്ട് ഉള്‍പ്പെടെയുള്ള സഖാക്കള്‍ പിന്തുണ നല്‍കുമ്പോള്‍ കൃഷിയിടങ്ങളില്‍നിന്നും കിടക്കപ്പായയില്‍ നിന്നും ആട്ടിയിറക്കപ്പെടുന്ന അടിസ്ഥാനവര്‍ഗത്തിന് മോചനത്തിന്റെ പ്രതീക്ഷയുമായി ഏതൊരു രാഷ്ട്രീയതത്വശാസ്ത്രമെത്തിയാലും അവരതിനെ രണ്ടുകയ്യും നീട്ടി സ്വീകരിക്കും. ആ രീതിശാസ്ത്രം നടപ്പിലാക്കാന്‍ കൈയും മെയ്യും മറന്ന് അധ്വാനിക്കുകയും ചെയ്യും. കുടിവെള്ളവും യാത്രാസൗകര്യവും വൈദ്യുതിയും ചികില്‍സാ സംവിധാനങ്ങളും നിഷേധിക്കപ്പെട്ട കോടിക്കണക്കിന് ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ഉടുതുണിക്ക് മറുതുണിയില്ലാത്തതുമൂലം ഋതുകാലത്ത് കുഴച്ച മണ്ണും ചാരവും സാനിറ്ററി നാപ്കിന്‍ ആക്കി മാറ്റാന്‍ വിധിക്കപ്പെട്ടിട്ടുള്ള 35 ലക്ഷത്തോളം സ്ത്രീകളുള്ള ഇന്ത്യയില്‍, മന്‍മോഹന്‍സിംഗ് അടക്കമുള്ള ഭരണ ദുരന്തരന്മാരുടെ വികല ഭരണതന്ത്രങ്ങള്‍ക്കും വികസന അജണ്ടകള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നത് തീര്‍ച്ചയാണ്. ജനകീയമായ ഈ വിപ്ലവബോധത്തെ മാവോയിസ്റ്റുകള്‍ ഹൈജാക്ക് ചെയ്തെങ്കില്‍ അതിനുത്തരവാദികള്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളാണ്. അവര്‍ നയങ്ങളിലും നിലപാടുകളിലും ജനപക്ഷ വ്യതിയാനങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഈ പ്രതിഷേധം രാജ്യമെങ്ങും അലയടിക്കും. അത് അധികാരത്തിന്റെ ദുര്‍ഗങ്ങളെ തരിപ്പണമാക്കുകയും ചെയ്യും.
അതുകൊണ്ട് കടല്‍ത്തിരകളെയല്ല ഭയപ്പെടേണ്ടത്, സ്വന്തം യാനപാത്രത്തിലെ ദ്വാരങ്ങള്‍ അടക്കുകയാണ് അനിവാര്യം.
0 comments :
Post a Comment