Thursday, December 13, 2007

അമ്മ വേലിചാടിയാല്‍...

"പെണ്ണ്‌ ഉള്ളേടത്തെല്ലാം പെണ്‍വാണിഭം ഉണ്ടാകും" എന്ന മുന്‍ മുഖ്യമന്ത്രി അന്തരിച്ച സഖാവ്‌ ഇ.കെ. നായനാരുടെ ലൈനില്‍ കേരളത്തിലെ പെണ്‍വാണിഭ സംഭവങ്ങളെ വിലയിരുത്താന്‍ ഞങ്ങള്‍ തയ്യാറല്ല.

മാറിയ ജീവിതസാഹചര്യവും സുഖലോലുപതയോടുള്ള ആര്‍ത്തിയും ശിഥിലമായ കുടുംബ-സാമൂഹികബന്ധങ്ങളും സാമ്പത്തിക അസമത്വവുമൊക്കെയാണ്‌ പെണ്‍വാണിഭ സംഘങ്ങള്‍ക്ക്‌ തഴച്ചുവളരാന്‍ പരിസരം ഒരുക്കുന്നതെന്നും ഇവരുടെ വലയിലേക്ക്‌ അറിഞ്ഞും അറിയാതെയും ഇരകള്‍ പതിക്കുന്നതെന്നും നിരീക്ഷിക്കാനാണ്‌ ഞങ്ങള്‍ക്ക്‌ താല്‍പ്പര്യം.

കേരളത്തെ ഞെട്ടിച്ച പെണ്‍വാണിഭകേസുകളിലെല്ലാം ഇരകളായ പെണ്‍കുട്ടികളെ വാണിഭറാക്കറ്റുകളുടെ പോക്കറ്റിലെത്തിച്ചിട്ടുള്ളത്‌ മധ്യവയസ്ക്കകളായ സ്ത്രീകളാണ്‌. സ്ത്രീയുടെ ശത്രു സ്ത്രീയാണെന്ന്‌ വ്യക്തമാക്കുന്ന തെളിവുകളാണ്‌ ഈ സംഭവങ്ങളില്‍നിന്ന്‌ നിരീക്ഷകര്‍ക്ക്‌ ലഭിക്കുന്നത്‌. റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടവയുടെ പത്തിരട്ടിയിലധികം സംഘടിത പെണ്‍വാണിഭം കേരളത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലും നിത്യേന നടക്കുന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം. പെണ്‍വാണിഭം തടയാനും റാക്കറ്റുകളെ വലയിലാക്കാനും പോലീസ്‌ നടത്തുന്ന ശ്രമം അമ്പേ പരാജയമാണെന്ന്‌ ദിനംപ്രതി പുറത്തുവരുന്ന ഇത്തരം വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.

സമൂഹത്തില്‍ താഴെക്കിടയിലുള്ള, സാമ്പത്തികമായി മധ്യവര്‍ഗത്തിനും താഴെയുള്ള കുടുംബങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളും യുവതികളും വീട്ടമ്മമാരും ആണ്‌ ഈ റാക്കറ്റിന്റെ വലയില്‍പെടുന്നവരില്‍ ഭൂരിപക്ഷവും. സമ്പന്ന സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടെങ്കിലും അവയ്ക്ക്‌ സംഘടിതമായ, ആസൂത്രിതമായ മുതലെടുപ്പിന്റെ സ്വഭാവം ഇല്ലാത്തതുകൊണ്ട്‌ പെണ്‍വാണിഭമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നില്ല.

ഇപ്പോള്‍ കോതമംഗലത്തുനിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളതടക്കം സംഘടിത പെണ്‍വാണിഭ വാര്‍ത്തകള്‍ക്കെല്ലാം സമാനസ്വഭാവമാണുള്ളത്‌. എന്നുമാത്രമല്ല, കേരളത്തില്‍ കോളിളക്കം ഉണ്ടാക്കിയിട്ടുള്ള ഇത്തരം സംഭവങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച സംഘങ്ങള്‍ കോതമംഗലം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നവയുമാണ്‌.

ആദ്യം സൂചിപ്പിച്ച ജീവിതസാഹചര്യങ്ങളിലെ മാറ്റവും സുഖാര്‍ത്തിയുമാണ്‌ കൗമാര പ്രായക്കാരെ സെക്സ്‌റാക്കറ്റിന്റെ വലയിലെത്തിക്കുന്നത്‌. ഇവരെ ഈ നിലയില്‍ എത്തിക്കുന്നതില്‍ കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനുമുള്ള പങ്ക്‌ വിസ്മരിച്ചുകൊണ്ട്‌ പെണ്‍വാണിഭക്കാരെ മാത്രം കുറ്റപ്പെടുത്തുന്നത്‌ പ്രശ്ന പരിഹാരത്തിനുള്ള ക്രിയാത്മകമായ മാര്‍ഗമല്ല.

ശിഥിലബന്ധങ്ങളും ജാരസംസര്‍ഗവും സാമ്പത്തിക ബുദ്ധിമുട്ടും മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കും അകല്‍ച്ചയും ഒക്കെയുള്ള കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ്‌ ഇത്തരത്തില്‍ വഴിതെറ്റിപ്പോകുന്നത്‌. സ്നേഹവും സംരക്ഷണവും സഹാനുഭൂതിയും കുടുംബങ്ങളില്‍നിന്ന്‌ ലഭിക്കാതെ പോകുമ്പോഴാണ്‌ അതുതേടി പെണ്‍കുട്ടികള്‍ പുറത്തേക്കിറങ്ങുന്നത്‌. ഇത്തരത്തില്‍ ഇറങ്ങിവരുന്നവരെ മാത്രമല്ല സുദൃഢമായ ബന്ധങ്ങളുള്ള കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടികളെപോലും വശീകരിച്ചടുപ്പിക്കാനുള്ള കൗശലങ്ങളും തന്ത്രങ്ങളും ഉള്ളവരാണ്‌ പെണ്‍വാണിഭ റാക്കറ്റുകള്‍. അപ്പോള്‍പിന്നെ ശിഥിലകുടുംബങ്ങളില്‍നിന്നുള്ളവരെ വലവീശിപ്പിടിക്കാന്‍ അധികമൊന്നും ഇവര്‍ക്ക്‌ പ്രയത്നിക്കേണ്ടിവരുന്നില്ല.

റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട പെണ്‍വാണിഭകേസുകളിലെ ഇരകളുടെ കുടുംബ പശ്ചാത്തലം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മാത്രമല്ല ഈ പെണ്‍കുട്ടികളുടെ മാനസികാവശ്യങ്ങള്‍പോലെതന്നെ ഭൗതികാവശ്യങ്ങളും തിരിച്ചറിഞ്ഞ്‌ അവ തങ്ങളുടെ നിലയ്ക്കൊത്ത്‌ പരിഹരിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകാത്തതും മറ്റൊരു കാരണമാണ്‌. അമ്മയുടെ ജാരനെക്കുറിച്ച്‌ നിത്യം വഴക്കുണ്ടാക്കുന്ന ഒരു പിതാവിന്റെ മകള്‍ എങ്ങനെ വഴിതെറ്റിപോകാതിരിക്കും. അമ്മയുടെ ജാരനെ കൊന്ന അച്ഛന്റെ മകള്‍ക്ക്‌ എങ്ങനെ മറിച്ച്‌ ചിന്തിക്കാതിരിക്കാന്‍ കഴിയും. പിതാവിന്റെ അപഥസഞ്ചാരത്തെക്കുറിച്ച്‌ വഴക്കുണ്ടാക്കുന്ന അമ്മയ്ക്കൊത്തുകഴിയുന്ന പെണ്‍കുട്ടിയുടെ മനസ്‌ എങ്ങനെ വഴിതെറ്റിപോകാതിരിക്കും?

പെണ്‍വാണിഭസംഘങ്ങള്‍ ഈ നാട്ടിലെ മാത്രം പ്രത്യേകത അല്ല. ലോകമെമ്പാടും കൈനീട്ടിയിരിക്കുന്ന നീരാളിസംഘങ്ങളാണ്‌ ഇവര്‍. പോലീസിന്റെയും രാഷ്ട്രീയക്കാരുടെയും സമൂഹത്തിലെ മാന്യന്മാര്‍ എന്നവകാശപ്പെടുന്നവരുടെയും മതനേതാക്കന്മാരുടെയും ഗുണ്ടകളുടെയും സംരക്ഷണം ഇവര്‍ക്കുണ്ട്‌.

ഇവരുടെ ചതിക്കുഴിയില്‍ സ്വന്തം പെണ്‍മക്കള്‍ വീഴാതിരിക്കണമെങ്കില്‍ മാതാപിതാക്കന്മാര്‍ പൊതുവേയും മാതാക്കള്‍ പ്രത്യേകിച്ചും ധാര്‍മികശ്രദ്ധയും ഉത്തരവാദിത്തവും പുലര്‍ത്തേണ്ടതുണ്ട്‌. മൊബെയില്‍ഫോണുകളുടെ ആവിര്‍ഭാവം ആശയവിനിമയം ലളിതവും സൗകര്യപ്രദവുമാക്കിത്തീര്‍ത്തിട്ടുണ്ട്‌, സംശയമില്ല. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ വാര്‍ത്താവിനിമയ സംവിധാനം അത്രയ്ക്കൊന്നും അനിവാര്യമല്ല. അത്‌ തിരിച്ചറിയാതെ സമ്പന്നന്റെ മക്കള്‍ക്കൊപ്പം തന്റെ മക്കളുമെത്തണം എന്ന ചിന്തയിലോ അതല്ലെങ്കില്‍ സാമൂഹിക ശാസ്ത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്ന ഗ്രൂപ്പ്‌ ലോയല്‍റ്റി പുലര്‍ത്താനോ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക്‌ മൊബെയില്‍ഫോണ്‍ വാങ്ങിനല്‍കുന്ന മാതാപിതാക്കളും ഇത്തരം മുതലെടുപ്പിന്‌ കൂട്ടുനില്‍ക്കുന്നവരാണ്‌.

ഇവിടെയാണ്‌ മലയാളത്തിലെ ആ പഴയ ചൊല്ല്‌ മാതാപിതാക്കന്മാരുടെ കണ്ണുതുറപ്പിക്കേണ്ടത്‌: അമ്മ വേലിചാടിയാല്‍ മകള്‍ മതില്‍ ചാടും. അതുകൊണ്ട്‌ അമ്മമാര്‍ സൂക്ഷിക്കുക.

1 comments :

  1. ഒരു “ദേശാഭിമാനി” said...

    ഇത്തരം സംഘങ്ങളില്‍ പല തരം കുടുംബസാഹചര്യങ്ങളില്‍നിന്നും വരുന്നവരുണ്ട്.
    ഈ തരം വഴിതെറ്റിപ്പോക്കിന്റെ ഉത്തരവാദിത്തം ഒര്‍ പരിധിവരെ വളര്‍ത്തുദോഷം ആണു!

    പുലിയ്ടെ വാ‍ായില്‍ എന്ത്റ്റിനാ പോയി ചാടണേ?