Monday, December 31, 2007

2007: കൊച്ചി സ്മാര്‍ട്ടായ വര്‍ഷം

കടന്നുപോകുന്നത്‌ കൊച്ചി സ്മാര്‍ട്ടായ വര്‍ഷം. ഏറെക്കാലം കാത്തിരുന്ന സ്മാര്‍ട്ട്‌ സിറ്റി, വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനല്‍, മെട്രോറെയില്‍ തുടങ്ങി വികസനത്തിന്റെ പദ്ധതികള്‍ക്കെല്ലാം തുടക്കമിട്ടതും തീരുമാനമായതും 2007 ലാണ്‌.

നവംബര്‍ 16 ന്‌ കാക്കനാട്ട്‌ സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ മുഖ്യമന്ത്രി തറക്കല്ലിട്ടപ്പോള്‍ അത്‌ സംസ്ഥാനത്തിന്റെ ആകെ വികസനപ്രക്രിയയിലെ തിളങ്ങുന്ന അദ്ധ്യായമായി. ഈ വര്‍ഷം മെയ്‌ 14 നായിരുന്നു സ്മാര്‍ട്ട്‌ സിറ്റിക്ക്‌ വേണ്ടിയുള്ള കരാറില്‍ ഒപ്പിട്ടത്‌. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെല്ലാം സംരക്ഷിച്ച്‌ കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞത്‌ മുഖ്യമന്ത്രിയുടെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും നേട്ടമായിരുന്നു.

വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനലിലേക്കുള്ള റോഡ്‌-റെയില്‍ പാതകളുടെ നിര്‍മ്മാണോദ്ഘാടനവും ഫെബ്രുവരിയില്‍ നടന്നു. ആ മാസം തന്നെ മെട്രോ റെയിലിനുള്ള മന്ത്രിസഭാ അംഗീകാരവും ലഭിച്ചു. 2008 ഏപ്രിലോടെ നിര്‍മാണം ആരംഭിക്കാനുള്ള ശ്രമത്തിലാണ്‌ സര്‍ക്കാര്‍.

ഇന്‍ഫോ പാര്‍ക്കില്‍ 50 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമിട്ടതും എച്ചഎംടിയുടെ പുനരുദ്ധാരണത്തിന്‌ 723 കോടിയുടെ പദ്ധതി തയ്യാറാക്കിയതും റിഫൈനറി വികസനത്തിന്‌ തറക്കല്ലിട്ടതും മറ്റ്‌ തിളക്കമാര്‍ന്ന നേട്ടങ്ങളാണ്‌.

വൈപ്പിന്‍-മുനമ്പം തീരദേശപാതയ്ക്ക്‌ 220 കോടി രൂപയും വളന്തക്കാട്‌ വിനോദസഞ്ചാര കേന്ദ്രത്തിന്‌ 45 കോടി രൂപയും അനുവദിച്ചതും മഹാരാജാസ്‌ കോളേജ്‌ ഗ്രൗണ്ടിലെ സിന്തറ്റിക്‌ ട്രാക്ക്‌ തുറന്നതും തുറമുഖത്ത്‌ ഇ-പോര്‍ട്ട്‌ പദ്ധതി ആരംഭിച്ചതും കൊച്ചിക്ക്‌ എടുത്തുപറയാനുള്ള 2007 ലെ വികസനപദ്ധതികളാണ്‌.

അതേസമയം മാലിന്യം കൊണ്ട്‌ ചീഞ്ഞുനാറിയ ഒരു വര്‍ഷമാണ്‌ കടന്നുപോകുന്നത്‌. അധികൃതരുടെ അനാസ്ഥമൂലം ദിവസങ്ങളോളം റോഡരുകില്‍ മാലിന്യം കൂമ്പാരമായി കിടന്നതും മാലിന്യ നിക്ഷേപത്തിനെതിരെ ബ്രഹ്മപുരത്ത്‌ ശക്തമായ സമരം നടന്നതും കൊച്ചിയിലെ 2007 ലെ കോട്ടങ്ങളില്‍ പ്രധാനമാണ്‌.

പൊട്ടിപ്പൊളിഞ്ഞ റോഡും കൊതുകും കൊച്ചിയിലെ ജനജീവിതം വളരേ ദുരിതപൂരിതമാക്കിയ വര്‍ഷംകൂടിയായിരുന്നു 2007.

റോഡുകളുടെ അറ്റകുറ്റപ്പണി ഇനിയും പൂര്‍ണ്ണമായിട്ടില്ല. തുറമുഖത്തുനടന്ന പണിമുടക്കുകളും ഗുണ്ടാപിരിവും മാഫിയാസംസ്കാരവും പെണ്‍വാണിഭസംഘങ്ങളും മയക്കുമരുന്ന്‌ ലോബിയുമെല്ലാം ചേര്‍ന്ന്‌ കൊച്ചിയുടെ യശ്ശസിന്‌ കളങ്കം വരുത്തിയ വര്‍ഷം കൂടിയാണ്‌ കടന്നുപോയത്‌.

പകര്‍ച്ചപ്പനി വരുത്തിയ കഷ്ടനഷ്ടങ്ങളില്‍നിന്ന്‌ ഇനിയും പലരും മോചിതരായിട്ടില്ല. നൂറോളം പേരാണ്‌ പകര്‍ച്ചപ്പനിമൂലം എറണാകുളം ജില്ലയില്‍ മരിച്ചത്‌. ജൂലൈ-ആഗസ്റ്റ്‌ മാസങ്ങളിലായിരുന്നു ഈ മരണത്തില്‍ ഏറെയും സംഭവിച്ചത്‌. കാലവര്‍ഷക്കെടുതിയില്‍ പിടഞ്ഞ വര്‍ഷംകൂടിയാണ്‌ കടന്നുപോകുന്നത്‌. 300 ഓളം വീടുകള്‍ തകരുകയും കനത്ത കൃഷിനാശം സംഭവിക്കുകയും ചെയ്തു.

കേരളത്തെതന്നെ നടുക്കിയ തട്ടേക്കാട്‌ ബോട്ടപകടം ഇന്നും നോവുന്ന ഓര്‍മ്മയായി ജനമനസുകളില്‍ നില്‍ക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ വിനോദയാത്രക്ക്‌ പോയ 15 കുട്ടികളും 3 അദ്ധ്യാപകരും ബോട്ടുമുങ്ങി മരിച്ചത്‌. 2007ന്റെ ഒടുക്കവും മറ്റൊരു ദുരന്തദൃശ്യത്തോടെയായിരുന്നു. മൂവാറ്റുപുഴ കുഴൂരില്‍ പാറമട ഇടിഞ്ഞുവീണ്‌ അഞ്ച്‌ തൊഴിലാളികള്‍ മരിച്ചതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല.

നേട്ടങ്ങളുടെ തിളക്കവും ദുരിതങ്ങളുടെ നൊമ്പരവും ഒരുപോലെ അനുഭവിച്ച ഒരു വര്‍ഷം കടന്നുപോകുമ്പോള്‍ പ്രതീക്ഷകളില്‍ സ്മാര്‍ട്ട്‌ ആകുന്ന കൊച്ചി സിറ്റിയാണ്‌ ഉള്ളത്‌.

0 comments :