Friday, December 7, 2007

ക്രമസമാധാന വഴിപാടുകള്‍

അവനവന്‍ കരകയറാനും ആരാന്‍ കുഴിയില്‍ ചാടാനും, കാണാതെപോയ കുഞ്ഞുകമ്മല്‍ തിരിച്ചുകിട്ടാനും, അയല്‍വക്കക്കാരുടെ പ്ലാവ്‌ ഉണങ്ങിപ്പോകാനും, പരീക്ഷയില്‍ പാസാകാനും, പ്രണയം സഫലമാവാനും, ക്രിക്കറ്റില്‍ ഇന്ത്യ ജയിക്കാനും, മോന്‍ ഗള്‍ഫീന്നു പണമയക്കാനും തുടങ്ങി കാക്കത്തൊള്ളായിരം കാര്യങ്ങള്‍ക്ക്‌ മനുഷ്യര്‍ വഴിപാടുകള്‍ നടത്താറുണ്ട്‌.

വഴിപാടു നടത്തുന്നതുകൊണ്ട്‌ രണ്ടുണ്ടു കാര്യം. ഒന്ന്‌ മനസമാധാനം കിട്ടും, ക്രമസമാധാനം വരെയേ പോലീസിനു നടപ്പാക്കാനാവൂ!

രണ്ടാമത്തെ കാര്യം, മനുഷ്യന്മാരുടെ ക്ഷേമത്തിനായി കുടികൊള്ളുന്ന സകല ഈശ്വരന്മാരുടെയും ക്ഷേമത്തിനുള്ള വരുമാനം നടത്തിപ്പുകാര്‍ക്കും കിട്ടും. മനുഷ്യന്മാര്‍ക്ക്‌ ചെലവിനു കൊടുക്കുന്നതിലും ചെലവാണ്‌ ഈശ്വരന്മാര്‍ക്ക്‌ ചെലവിനുകൊടുക്കാന്‍!

വഴിപാടു കാര്യത്തില്‍ സര്‍ക്കാരുകളും പിന്നിലല്ല. ഇന്നത്തെ വഴിപാട്‌ ബാബറി പള്ളി തച്ചുടച്ച ദാരുണ സംഭവത്തിന്റെ പേരിലാണ്‌. ബാബറി പള്ളി തച്ചുടച്ചത്‌ ആരാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സര്‍ക്കാരിനു മാത്രമറിയില്ല. ഇന്നലെ വൈകുന്നേരം മുതല്‍ കേരളത്തിലെ സകല അമ്പലങ്ങള്‍ക്കുമുന്നിലും സര്‍ക്കാര്‍ ഓരോ പോലീസുകാരനെ ലാത്തിയും കൊടുത്തുനിര്‍ത്തിയിരിക്കുന്നു. ഈ വഴിപാട്‌ ആര്‌ ആര്‍ക്കുവേണ്ടി നേര്‍ന്നതാണെന്നുമാത്രം പിടികിട്ടില്ല. ഒരു ലാത്തിയും കൊണ്ട്‌ ഒരു പോലീസുകാരന്‌ 'അയ്യപ്പ ബൈജു'വിനെ പോലും നേരിടാനാവില്ല! പിന്നത്തെ കാര്യം അതിലും ഗൗരവമുള്ളതാണ്‌.

ഡിസംബര്‍ ആറിന്‌ തകര്‍ക്കപ്പെട്ടത്‌ ഏതെങ്കിലും ഒരു അമ്പലമല്ല; ബാബറി പള്ളിയാണ്‌. കാവല്‍ നില്‍ക്കേണ്ടത്‌ ആര്‍ക്കാണ്‌?
രാജ്യത്തെ പൗരന്മാരെ വെറുതെ ഉമ്മാക്കി കാട്ടി പേടിപ്പിക്കയാണിപ്പോള്‍ സര്‍ക്കാരുകള്‍. എല്ലാ കെടുതികള്‍ക്കും ഒടുവില്‍ വഴിപാടുകള്‍ നടത്താന്‍മാത്രം ഒരിന്റലിജന്‍സ്‌ ബ്യൂറോയുടെ ആവശ്യമുണ്ടോ?

അപകടങ്ങള്‍ മണത്തറിയാന്‍ കഴിവുള്ള ഷാജി കൈലാസ്‌, രണ്‍ജി പണിക്കര്‍ - സുരേഷ്ഗോപി കൂട്ടുകെട്ടിനെയോ, കുറ്റം തെളിയിക്കാന്‍ കെല്‍പ്പുള്ള ജോഷി - എസ്‌.എന്‍. സ്വാമി, മമ്മൂട്ടി കൂട്ടുകെട്ടിനെയോ ഇന്റലിജന്റ്സ്‌ ബ്യൂറാ പോലുള്ള ബുദ്ധിയുള്ളവരിരിക്കേണ്ട സ്ഥാനങ്ങളില്‍ ഇരുത്തിക്കൂടേ?

ഇപ്പോ നടത്തണ വഴിപാടിലും ഭേദം സിനിമാക്കാരുടെ വഴിപാട്‌ തന്നെയാവും!

0 comments :