നാട്ടുകാരുടെ അധോഗതി രാഷ്ട്രത്തിന്റെ പുരോഗതി
കല്ലുകടികള്‍ക്കും കണ്ണുകടികള്‍ക്കുമെല്ലാം ഒടുവില്‍...
കാത്തുകാത്ത് കാത്തിരുന്നൊടുവില്‍ സ്മാര്‍ട്ട് സിറ്റിക്ക് കല്ലിട്ടു!
ആഹ്ലാദത്തിന്റെ ഈ മഹാഗോപുരനടയില്‍ ഒരു മലര്‍ക്കുടം തകര്‍ന്നുകിടക്കുന്നു.
ആ കുടത്തിന്റെ ഉടമ പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞാകുന്നു.
കുഞ്ഞൂഞ്ഞിന്റെ ആയ കാലത്ത് സ്മാര്‍ട്ട്സിറ്റി നടപ്പാക്കാന്‍
പറ്റിയിരുന്നെങ്കില്‍ എന്നതാ കഥ. തലമുറതലമുറ കൈമാറി തിന്നുസുഖിക്കാനുള്ള
വക ഈ ഒറ്റ ഇടപാടില്‍തന്നെ ആ നിസ്വാര്‍ത്ഥമതി ഒപ്പിച്ചെടുത്തേനെ! ഇനി
പറഞ്ഞിട്ടെന്തുകാര്യം. അച്ചുമാമ്മന്‍ കേറി വെട്ടിനിരത്തിയില്ലേ
കുഞ്ഞൂഞ്ഞിന്റെ ആ മലര്‍ക്കുടം!
കല്ലിട്ടത് അച്ചുമാമ്മനും കാശുകാരനായ ഒരറബിയും കൂടിയായതുകൊണ്ട്
സ്മാര്‍ട്ട്സിറ്റിയുടെ കല്ല് പൊതുമരാമത്തുകാര്‍ ഇടുന്ന കല്ലുപോലെ
വഴിയാധാരമാവില്ലെന്ന പ്രതീക്ഷയ്ക്കുവകുപ്പുണ്ട്.
പണ്ടത്തെപ്പോലെയാകില്ല ഇനി കൊച്ചി. ഒറ്റ പകലുകൊണ്ട് കൊച്ചി
സ്മാര്‍ട്ടായിരിക്കുന്നു. കൊച്ചിയിലെ കുഞ്ഞുകുട്ടി പരാധീനങ്ങള്‍ തൊട്ട്
കൊച്ചിയിലെ മഹാരാജാക്കന്മാരായ കൊതുകുകള്‍വരെ ഇനി സ്മാര്‍ട്ടാകും. ഇതുവരെ
കൊണ്ടതൊന്നുമല്ല കടി. സ്മാര്‍ട്ട് കൊതുകുകടികള്‍ വരാനിരിക്കുന്നു!
ഇപ്പോള്‍തന്നെ നിന്നുതിരിയാന്‍ ഇടമില്ലാത്ത കൊച്ചിയിലേക്ക്
കൊയിലാണ്ടിയില്‍നിന്നുവരെ ആള്‍ക്കാര്‍ ഇടിച്ചുകയറി തിരിക്കുണ്ടാക്കും.
പണ്ടത്തെ സോഡാകുപ്പി കഴുത്തുപോലെ ഇടുങ്ങിയ കൊച്ചിയിലെ രാജപാതകള്‍ ആകെ
മൊത്തം 'ബ്ലോക്ക് പഞ്ചായത്തു'കളാകും. 25,000 മുതല്‍ രണ്ടു ലക്ഷം രൂപവരെ
മാസം ശമ്പളം കിട്ടുന്നവരുടെ കൂട്ടത്തില്‍ മാസം 3000 പോലും കിട്ടാത്ത
പാവങ്ങള്‍ എങ്ങനെ നിന്നുപിഴക്കും?
ഇപ്പോള്‍തന്നെ വാണംവിട്ടപോലെ ഉയര്‍ന്നുപോകുന്ന ഭൂമിവില ഇനിയും ഇനിയും
ഉയരും. ചുരുക്കത്തില്‍ നാളത്തെ കൊച്ചി ഇന്നത്തെ കൊച്ചിക്കാരുടേതല്ലാതായി
മാറും. കൊച്ചിക്കാര്‍ ഒന്നൊന്നായി നാടുവിട്ടുപോകേണ്ടിവരും. കൊച്ചിക്കാര്‍
ചെന്നെത്തുന്നിടമൊക്കെ പില്‍ക്കാലത്ത് സ്മാര്‍ട്ടാകും. അങ്ങനെ
കൊച്ചിക്കാര്‍ അവിടെനിന്നും നാടുവിട്ടുപോകും. അങ്ങനെ അങ്ങനെ
അഭയാര്‍ത്ഥികളുടെ ചരിത്രത്തില്‍ കൊച്ചിക്കാരനും ഇടംകിട്ടും.
കൊച്ചിക്കാരന്റെ ഇന്നത്തെ സന്തോഷം കാണുമ്പോള്‍ മലര്‍പൊടി ചുവന്നത്
കുഞ്ഞൂഞ്ഞുമാത്രമല്ലെന്ന് തോന്നിപ്പോകും.
വികസനം വരുമ്പോള്‍ വിഷമിച്ചിട്ടുകാര്യമില്ല. നാട്ടുകാരുടെ അധോഗതിയാണ്
രാഷ്ട്രത്തിന്റെ പുരോഗതി.
0 comments :
Post a Comment