ലീഡര്‍ ഹേ ജഹാ...ം... കുത്തി...ത്തിരിപ്പ് ഹേ വഹാ...ം....
ലീഡര്‍ കരുണാകര്‍ജി പഴയ ലൈഫ്ബോയ് പോലെയാണ്. ഒരുമാതിരി പെട്ടിയിലൊന്നും കൊള്ളില്ല! ഒരു ലൈഫ്ബോയ് വാങ്ങി വാക്കത്തികൊണ്ട് നാലയി മുറിച്ച് ഉപയോഗിച്ചിരുന്ന കാലമുണ്ടായിരുന്നു! പാലും ചന്ദനവും മഞ്ഞളും മുല്ലയുമൊക്കെ സോപ്പായി അവതരിക്കാത്തൊരു കാലമായിരുന്നു അത്.
അക്കാലത്ത് ലീഡറും അങ്ങനെ തന്നെയായിരുന്നു. നേമത്തും മാളയിലും മുഖ്യമന്ത്രി കസേരയിലും ദേശീയ നിര്‍വാഹകസമിതിയിലും ഒന്നും ഒതുങ്ങുന്നതായിരുന്നില്ല അന്നത്തെ ലിഡര്‍. അവിടെയൊന്നും ഇടം പോരാഞ്ഞ് ലീഡറെ ഇന്ദിരാജി തന്റെ മനസില്‍ തന്നെ കൊള്ളിച്ചിരുന്നു!
ലൈഫ്ബോയ് പോലെ ഉഗ്രപ്രതാപി! മല്‍സരിക്കാന്‍ അധികം പ്രൊഡക്റ്റുകളില്ല. പേരിന് പോരാടാന്‍ 'ഒരണ'ക്കാരന്‍ ഒരാന്റണി മാത്രം!
പിന്നെ പിന്നെ ലൈഫ്ബോയ് ചെറുതായി ചെറുതായി വന്നു. വന്നു വന്ന് ഇന്നത്തെ ലീഡറുടെ പരുവമായി! തിരിച്ചും അങ്ങനെ സംഭവിച്ചു.
പണ്ട് ലൈഫ്ബോയ് എളുപ്പത്തിലൊന്നും പതയില്ല; ലീഡറെപ്പോലെതന്നെ. പതഞ്ഞാല്‍ ലീഡര്‍ ജീവന്‍ കൊടുത്തും രക്ഷിക്കും. ഇത്തരത്തിലൊരു ആശ്രിതവല്‍സലന്‍ ലോക ചരിത്രത്തില്‍ കാണില്ല. പഴയ 'പാവം പയ്യന്‍' പറയും ബാക്കി കാര്യങ്ങള്‍!
സുപ്രധാനമായൊരു ഗുണം കൂടിയുണ്ട് ലൈഫ്ബോയ്ക്ക്. ലൈഫ്ബോയ് എവിടെയുണ്ടോ? അവിടെ ആരോഗ്യമുണ്ട്! "ലൈഫ്ബോയ് ഹേ ജഹാ...ം... തന്തുരുസ്തി ഹേ വഹാ...ം..." എന്ന ഭക്തിഗാനം ഏറ്റുപാടാത്ത ദേശാഭിമാനികളില്ല!
ലീഡര്‍ എവിടെയുണ്ടോ, അവിടെ കലഹവുമുണ്ട്. കോണ്‍ഗ്രസിന്റെ ചരിത്രം ലീഡറുടെ ചരിത്രം കൂടിയാണ്. അത് നിരന്തര കലഹങ്ങളുടെയും ചരിത്രമാണ്!
കോണ്‍ഗ്രസില്‍ ലീഡര്‍ കലഹിക്കാത്ത നേതാക്കളില്ല. കലഹിച്ചു കലഹിച്ചാണ് കോണ്‍ഗ്രസ് ശക്തിപ്പെട്ടത്. നോക്കൂ, ആരോരും തിരിഞ്ഞു നോക്കാതെ, ആര്‍ക്കും യാതൊരു ഗുണവും ദോഷവും ചെയ്യാതെ കിടന്നിരുന്ന എന്‍സിപിയെ കണ്ടില്ലേ. ഇന്നലെ നടന്ന എന്‍സിപി നിര്‍വ്വാഹക സമിതി യോഗം ലീഡറുടെ അസാന്നിദ്ധ്യത്തില്‍ വരെ കലഹിച്ചു കളഞ്ഞു!
പഴയ പൈപ്പ് ഇടപാടുകാരന്‍ ഗംഗാധരന്‍ അവര്‍കളും തിരുവനന്തപുരം മഹാകവി പീതാംബര കുറുപ്പും തമ്മിലായിരുന്നു കലഹമെന്ന് വാര്‍ത്ത. എന്‍സിപി ക്ലച്ച് പിടിക്കാന്‍ പോക്കുന്ന ലക്ഷണമുണ്ട്!
ലീഡറും കൂടപ്പിറപ്പായ കലഹവും ഇല്ലാതെ കോണ്‍ഗ്രസ് തെക്കുവടക്കു നടക്കുന്നു. ചെന്നിത്തലയുടെയും ചാണ്ടിയുടെയും ഒരു പണിയും കാറ്റു പിടിക്കുന്നില്ല.
കലഹവുമായി ലീഡര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നു തന്നെ ആശിക്കുക. കോണ്‍ഗ്രസ് മാത്രമല്ല, മാര്‍ക്കിസ്റ്റ് പാര്‍ട്ടി വരെ ഒന്നുഷാറാവട്ടെ... എവിടെയും ആരോഗ്യമുണ്ടാവട്ടെ!
2 comments :
വാസ്തവം!
ലീഡര്‍ എവിടെയുണ്ടോ, അവിടെ കലഹവുമുണ്ട്. കോണ്‍ഗ്രസിന്റെ ചരിത്രം ലീഡറുടെ ചരിത്രം കൂടിയാണ്
kalakki anna...
Post a Comment