Monday, November 26, 2007

തസ്ലീമ: ബുദ്ധദേവിന്റെയും രാജ്‌നാഥിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും മുഖംമൂടി അഴിച്ചു

'അതിഥി ദേവോഭവ' എന്നതാണ്‌ ഭാരതീയന്റെ സങ്കല്‍പ്പം. വിരുന്നെത്തുന്നവരെ ദേവന്മാരായി സ്വീകരിച്ച്‌ ആദരിക്കുന്നതായിരുന്നു ഈ സംസ്കൃതി. ഇത്‌ കടുത്ത തിരിച്ചടിക്ക്‌ കാരണമായിട്ടുമുണ്ട്‌. ബാബര്‍ മുതല്‍ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിവരെയുള്ള അധിനിവേശ ശക്തികള്‍ക്ക്‌ ഇവിടെ വേരോട്ടം ലഭിച്ചത്‌ ഈ മനഃസ്ഥിതികൊണ്ടായിരുന്നു. മനഃസ്ഥിതിയായിരുന്നില്ല പ്രശ്നം. അത്‌ മുതലെടുക്കാന്‍ കടന്നുവന്നവരും മുതലെടുപ്പിന്‌ ഇവിടെയുള്ളവരും സാഹചര്യമൊരുക്കിയതുമായിരുന്നു കാരണം.

എന്നാല്‍ തസ്ലീമ നസ്‌റിന്‍ എന്ന എഴുത്തുകാരി ഇന്നനുഭവിക്കുന്ന ഒറ്റപ്പെടലും നിരന്തരമായുള്ള അവരുടെ പലായനയും ദേവിയെന്ന മട്ടില്‍ വിളിച്ചാദരിക്കുകയും പിന്നെ അടിച്ചിറക്കുകയും ചെയ്ത ഒരു ഭരണവൈകൃതത്തിന്റെ ദുഷ്ടതകളാണ്‌.

'ലജ്ജ'യെന്ന ഒരു കൃതിയിലൂടെ, ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടതിനുശേഷം ബംഗ്ലാദേശില്‍ നടന്ന വംശീയ ഏറ്റുമുട്ടലില്‍ അവിടുത്തെ ഹിന്ദുക്കള്‍ അനുഭവിക്കേണ്ടിവന്ന തീവ്രവേദനയുടെയും ആക്രമണത്തിന്റെയും പച്ചയായ വിവരണം നല്‍കിയതാണ്‌ തസ്ലീമ എന്ന എഴുത്തുകാരിയെ ബംഗ്ലാദേശിനും മറ്റ്‌ രാഷ്ട്രങ്ങളിലെ മുസ്ലീങ്ങള്‍ക്കും അനഭിമതയാക്കിയത്‌. തസ്ലീമയുടെ ജീവനുവേണ്ടി മുസ്ലീം തീവ്രവാദികള്‍ മുറവിളികൂട്ടി പിന്നാലെ പാഞ്ഞപ്പോള്‍ നാടുവിട്ട്‌ പല രാജ്യങ്ങളില്‍ അഭയം തേടാന്‍ അവര്‍ വിധിക്കപ്പെട്ടു. ഒടുവില്‍ അവരുടെ ഇഷ്ടനഗരമായ കൊല്‍ക്കൊത്തയിലേക്ക്‌ ക്ഷണിച്ച്‌ അവരെ ആദരിച്ചതും സംരക്ഷിച്ചതും പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരായിരുന്നു. അത്രയും നന്ന്‌.

എന്നാല്‍ ഇന്ന്‌ ബുദ്ധദേവിന്റെ ആ സംസ്ഥാനം അനുവര്‍ത്തിക്കുന്ന വികലമായ വ്യവസായ സാമ്പത്തിക നയങ്ങളുടെ അനിവാര്യതയായി നന്ദിഗ്രാം സൃഷ്ടിക്കപ്പെട്ടപ്പോള്‍ സര്‍ക്കാരിനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കുമുണ്ടായ നാണക്കേടില്‍നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാന്‍ ചില തല്‍പ്പരകക്ഷികളെ ഉപയോഗിച്ചുനടത്തിയ അതിഗര്‍ഹണീയമായ ഒരു നീക്കത്തിനൊടുവിലാണ്‌ തസ്ലീമയ്ക്ക്‌ കൊല്‍ക്കത്ത വിടേണ്ടിവന്നത്‌. തസ്ലീമ ബംഗാളില്‍ തുടരുന്നിടത്തോളം കാലം അവിടെ വംശീയ വിദ്വേഷം രൂക്ഷമാകുമെന്നുപോലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രഖ്യാപിക്കുന്ന അവസ്ഥയോളം സാഹചര്യങ്ങള്‍ വഷളാക്കപ്പെട്ടു.

ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായും സ്ത്രീകളുള്‍പ്പെടെയുള്ള ദുര്‍ബലരുടെ നാക്കും വാക്കുമായും അഹങ്കരിക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയാണ്‌ തസ്ലീമ നസ്‌റിനെ ഏതോ ചില ഓലപ്പാമ്പുകളുടെ ഉമ്മാക്കി കണ്ട്‌ ഭയന്ന്‌ ബംഗാളില്‍നിന്ന്‌ പായിച്ചത്‌. ഈ വിവരം പുറത്തറിയുകയും മാധ്യമങ്ങളും ബുദ്ധിജീവികളുമടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തപ്പോള്‍ സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയോ മുഖ്യമന്ത്രിയോ അറിയാതെ ഏതോ കേന്ദ്ര ഗവണ്‍മെന്റ്‌ ഏജന്‍സിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തസ്ലീമതന്നെ കൊല്‍ക്കൊത്ത വിട്ട്‌ ഓടുകയായിരുന്നു എന്ന മുടന്തന്‍ ന്യായമാണ്‌ പിന്നീട്‌ മാര്‍ക്സിസ്റ്റ്‌ നേതൃത്വം, മുഖം രക്ഷിക്കാനെന്നോണം പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്‌. എന്തായാലും തന്റെ ആദ്യ പ്രസ്താവനയില്‍ ഖേദം തോന്നി അത്‌ പിന്‍വലിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കാണിച്ച ഔചിത്യത്തെ മാനിക്കണം. പക്ഷേ അതുകൊണ്ടുമാത്രം തസ്ലീമയോട്‌ ബംഗാളിലെ സര്‍ക്കാരും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും കാണിച്ച അപരാധം ക്ഷന്തവ്യമാകുന്നില്ല.

കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ തക്കംപാര്‍ത്തിരുന്ന ബിജെപി തസ്ലീമ വിഷയം ഉയര്‍ത്തിക്കാട്ടി ബംഗാള്‍ സര്‍ക്കാരിനെ അധിക്ഷേപിക്കുകയും ന്യൂനപക്ഷ പ്രേമം പ്രകടിപ്പിക്കുകയും ചെയ്തതാണ്‌ ഈ സംഭവത്തിലെ ഏറ്റവും നികൃഷ്ടമായ രാഷ്ട്രീയം. മുസ്ലീങ്ങളോട്‌ ഇപ്പോള്‍ ബിജെപി നേതാക്കള്‍ക്കുള്ള താല്‍പ്പര്യവും ആദരവും ആരേയും അതിശയിപ്പിക്കുന്നതാണ്‌. മുസ്ലീം ഉന്മൂലനത്തിന്‌ എല്ലാ സര്‍ക്കാര്‍ മിഷണറിയും ഗുജറാത്തില്‍ ഉപയോഗിച്ച പാര്‍ട്ടിയാണ്‌ ഇപ്പോള്‍ തസ്ലീമ പ്രശ്നത്തില്‍ ന്യൂനപക്ഷ സംരക്ഷകരായി അവതരിച്ചിട്ടുള്ളതും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ ഈ പ്രശ്നത്തിന്റെ പേരില്‍ അപലപിക്കുന്നതും. അവസരവാദ രാഷ്ട്രീയം എത്രമാത്രം കലുഷിതവും നിക്ഷിപ്ത താല്‍പ്പര്യ സംരക്ഷണ മാര്‍ഗമാണെന്നും ഇതിലൂടെ ഒരു ലജ്ജയുമില്ലാതെ തെളിയിക്കുകയായിരുന്നു ബിജെപി.

ഗ്രഹണസമയത്ത്‌ ഞാഞ്ഞൂലും ഫണം വിടര്‍ത്തുമെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലീം ലീഗ്‌ നേതാക്കളും രംഗത്തെത്തി. തസ്ലീമയെ ഇങ്ങനെ അലയാന്‍ അനുവദിക്കരുതെന്നും അവരെ എത്രയും വേഗം ഇന്ത്യയില്‍നിന്ന്‌ നാടുകടത്തണമെന്നുമാണ്‌ കുഞ്ഞാലിക്കുട്ടിയും ജനാബ്‌ ഇ. അഹമ്മദും അടക്കമുള്ള മുസ്ലീം മാന്യന്മാരുടെ ഖണ്ഡിതമായ അഭിപ്രായം. ഇവര്‍ക്കൊക്കെ അധിക്ഷേപിക്കാന്‍ മാത്രം തസ്ലീമ നസ്‌റിന്‍ എന്തുതെറ്റാണ്‌ ചെയ്തതെന്ന്‌ മനസിലാകുന്നില്ല. ജനാബ്‌ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മാന്യന്മാര്‍ ഈ സമൂഹത്തോടും രാഷ്ട്രത്തോടും കാണിച്ചിട്ടുള്ള അനാശാസ്യത്തിന്റേയും അനാദരവിന്റേയും ലക്ഷത്തിലൊരംശം തസ്ലീമയുടെ പ്രവൃത്തിയില്‍ മഷിയിട്ടുനോക്കിയാല്‍പോലും കാണുകയില്ല.

അതായത്‌ ഒരു സ്ത്രീയുടെ നിസ്സഹായത മുതലെടുത്ത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ബിജെപിയും മുസ്ലീം ലീഗും രാഷ്ട്രീയം കളിക്കുമ്പോള്‍ നഷ്ടമാകുന്നത്‌ ഇന്ത്യ ഇതുവരെ തുടര്‍ന്നു പോന്ന മാന്യമായ ചില പാരമ്പര്യങ്ങളാണ്‌. അതിജീവന രാഷ്ട്രീയക്കാര്‍ക്ക്‌ ഇതു മനസിലാകില്ലെങ്കിലും മനുഷ്യന്റെ കേവലാവസ്ഥയും മാന്യതയും തിരിച്ചറിയാന്‍ കെല്‍പ്പുള്ള ലക്ഷക്കണക്കിന്‌ ഇന്ത്യാക്കാര്‍ക്ക്‌ ഇവരുടെയെല്ലാം മുഖംമൂടി അഴിഞ്ഞുവീഴുന്നത്‌ മനസിലാകുന്നുണ്ട്‌. എല്ലാവരേയും എല്ലാക്കാലത്തേക്കും വിഡ്ഢികളാക്കാന്‍ കഴിയുകയില്ല എന്ന്‌ ബുദ്ധദേവ ഭട്ടാചാര്യയും രാജ്‌നാഥ്സിംഗും ജനാബ്‌ കുഞ്ഞാലിക്കുട്ടിയുമൊക്കെ മനസിലാക്കിയാല്‍ നന്ന്‌.

1 comments :

  1. Anonymous said...

    mmmmmm