സര്‍ക്കാരെന്ന മഹിഷിയും ദേവസ്വംബോര്‍ഡെന്ന മറവപ്പടയും
ഈശ്വരവിശ്വാസം ദ്വന്ദ്വമാന ഭൗതീകവാദത്തിന് എതിരാണെന്ന ചിന്താഗതി എന്നേ
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉപേക്ഷിച്ചതാണ്; പ്രത്യേകിച്ച്
മാര്‍ക്സിസ്റ്റ് പാര്‍ട്ടി. അതുകൊണ്ടാണ് ഭരണത്തിലിരിക്കുമ്പോഴും
പ്രതിപക്ഷത്താകുമ്പോഴും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഭരണസമിതിയില്‍
തങ്ങളുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ അണിയറയില്‍ നീക്കങ്ങള്‍
നടത്തുന്നത്. ഭഗവാനെന്തിന് പാറാവ് എന്ന് ചോദിച്ച മുഖ്യമന്ത്രി
ഭരിച്ചപ്പോഴും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വരുതിക്ക്
നിര്‍ത്താനുള്ള രാഷ്ട്രീയ-വിശ്വാസക്കളികള്‍ ഉളുപ്പില്ലാതെ
പ്രയോഗിച്ചിട്ടുള്ള പാര്‍ട്ടിയാണ് ഇവരുടേത്. ഇതിലും നീചമായ
ലാഭക്കൊതിയോടെയാണ് യുഡിഎഫിലെ ഓരോ ഘടകകക്ഷിയും തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിനെ സ്വാധീനിച്ചിട്ടുള്ളത്. ഏത് അച്ഛന്‍ വന്നാലും വീട്ടില്‍
സമാധാനമില്ല എന്ന് പറയുമ്പോലെ ആരുഭരിച്ചാലും വ്രതമെടുത്ത് ശബരീശനെ
ദര്‍ശിക്കാനെത്തുന്ന ഭക്തജനങ്ങള്‍ക്ക് സന്നിധാനത്തിലും പമ്പയിലും
തീര്‍ത്ഥാടന പാതയിലും എന്നും ദുരിതങ്ങള്‍ മാത്രമാണുള്ളത്. കല്ലും
മുള്ളും കാലിന് മെത്ത എന്ന ശരണമന്ത്രവും കാലപ്പഴക്കത്തില്‍
അസ്വീകാര്യമായി തീര്‍ന്നിരിക്കുന്നു. എല്ലാവിധ സുഖസൗകര്യങ്ങളും ഇന്ന്
ഓരോ തീര്‍ത്ഥാടകനും ശബരിമലയിലേക്കുള്ള യാത്രാതുടക്കം മുതല്‍ ദര്‍ശനം വരെ
ആഗ്രഹിക്കുന്നു.
അതെന്തുമാകട്ടെ, ദശാബ്ദങ്ങളായി ശബരിമലക്ഷേത്രത്തില്‍ നിന്നുള്ള
വരുമാനംകൊണ്ട് ധൂര്‍ത്തടിക്കുന്ന ഒരു ഭരണസം വിധാനമാണ്
കേരളത്തിലുള്ളത്. ഭക്തര്‍ നിറഞ്ഞ ആത്മാര്‍ത്ഥതയോടെ അയ്യപ്പന്
സമര്‍പ്പിക്കുന്ന കാണിക്കപ്പണമാണ് ഇവിടെ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍
വികസനപ്രവര്‍ത്തനങ്ങള്‍ക്കെന്നപേരില്‍ ദീവാളികുളിച്ച്
നശിപ്പിക്കുന്നത്. വിശ്വാസം മനസിനകത്തും ആചാരം പുറത്തുമായിരിക്കാം.
എന്നാല്‍ വിശ്വാസിക്കും അവിശ്വാസിക്കും ഒരുപോലെ അനുപേക്ഷണീയമായ അടിസ്ഥാന
ആവശ്യങ്ങള്‍, അത് ആരാധന കേന്ദ്രങ്ങളിലായാലും മേറ്റ്വിടെയായാലും
ഉറപ്പാക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ഇത് ഏതെങ്കിലും വിധത്തിലുള്ള
വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടതല്ല. മറിച്ച്
പൗരന്മാരോടുള്ള ഭരണഘടനാപരമായ ബാധ്യതയുടെ അടിസ്ഥാനത്തില്‍
നിറവേറ്റേണ്ടതാണ്.
ഭരിക്കുന്നത് യുഡിഎഫാണെങ്കിലും എല്‍ഡിഎഫാണെങ്കിലും ഈ അടിസ്ഥാന
അവകാശങ്ങള്‍ അയ്യപ്പഭക്തന്മാര്‍ക്കൊരുക്കുന്നതില്‍ തികഞ്ഞ അനാസ്ഥയാണ്
ഇതുവരെ കാണിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ഇവര്‍ 'അഹമഹമിഹയ'
എന്നമട്ടില്‍ മത്സരിക്കുകയുമാണ്.
ശബരിമല സീസണ്‍ ആരംഭിച്ചാല്‍ സന്നിധാനമുള്‍പ്പെടെ തീര്‍ത്ഥാടന പാതകളിലേയും
ഇടത്താവളങ്ങളിലേയും ഹോട്ടലുകളില്‍ ഭക്ഷണവില വര്‍ദ്ധിപ്പിക്കുന്നതും
പമ്പയിലേക്ക് സര്‍വ്വീസ് നടത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ ബസുകളില്‍
ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതും പതിവ് കലാപരിപാടിയാണ്. മറ്റേതെങ്കിലും
തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പ്രത്യേക സര്‍വ്വീസ് കെഎസ്‌ആര്‍ടിസി
നടത്തിയാല്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കാറില്ല. ഇക്കാര്യത്തില്‍
അയ്യപ്പഭക്തന്മാരെ ഇടിച്ചുപിഴിയുന്ന ഒരു നയമാണ് കേരളസര്‍ക്കാര്‍
ഇപ്പോഴും തുടരുന്നത്. അതേസമയം ഇവരില്‍നിന്നും ലഭിക്കുന്ന ഈ അധികവരുമാനം
ഉപയോഗിച്ച് കുടിവെള്ളം, ശൗചാലയം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍
നിറവേറ്റാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല.
ഇക്കാര്യത്തില്‍ സര്‍ക്കാരിനുവേണ്ട ഉപദേശം നല്‍കേണ്ട തിരുവിതാംകൂര്‍
ദേവസ്വംബോര്‍ഡാകട്ടെ ദേവപ്രശ്നം മുതല്‍ അരവണ നിര്‍മാണം വരെയും
നടതുറക്കല്‍ മുതല്‍ നിയമനം വരെയും കീശവീര്‍പ്പിക്കാനുള്ള
കുറുക്കുവഴിയായിട്ടാണ് കരുതിപ്പോരുന്നത്. പഴനിയില്‍ ഭക്തന്മാര്‍ക്ക്
അവിടുത്തെ ദേവസ്വംബോര്‍ഡും സര്‍ക്കാരും ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍
ഇവരൊന്ന് പഠിക്കേണ്ടതാണ്. ഭക്തന്മാര്‍ കാണിക്കയര്‍പ്പിക്കുന്ന പണം
കൊണ്ടാണ് അവിടെ ആരെയും കൊതിപ്പിക്കുന്ന ഈ സൗകര്യങ്ങള്‍
ഒരുക്കിയിട്ടുള്ളത്.
നടയ്ക്കലുടയ്ക്കുന്ന നാളികേരം ലേലം ചെയ്തും പമ്പയില്‍ സ്നാനം ചെയ്തശേഷം
അന്യസംസ്ഥാനത്തുനിന്നുള്ള അയ്യപ്പഭക്തര്‍ ഉപേക്ഷിക്കുന്ന വസ്ത്രം ലേലം
ചെയ്തും ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരു ദേവസ്വംബോര്‍ഡും, ശബരിമല വരുമാനം
ഭരണ നിര്‍വ്വഹണത്തിന് ഉപയോഗിക്കുന്ന സര്‍ക്കാരുമാണ് ഈ നികൃഷ്ടത
തുടരുന്നത്.
കലികാല മഹിഷിയായി സന്നിധാനത്തും തീര്‍ത്ഥാടന പാതയിലും അങ്ങനെ സര്‍ക്കാര്‍
അയ്യപ്പഭക്തന്മാര്‍ക്ക് ഭീഷണിയായി വിലസാന്‍ തുടങ്ങിയിട്ട്
ദശാബ്ദങ്ങളായി. ഈ മഹിഷിയെ ഉന്മൂലനം ചെയ്യാന്‍ കലിയുഗവരദന്‍ ഒരിക്കല്‍കൂടി
ജന്മമെടുക്കേണ്ടിയിരിക്കുന്നു. ദേവസ്വം ബോര്‍ഡ് എന്ന മറവപ്പടയെ
ഇല്ലാതാക്കാന്‍ അയ്യപ്പന്‍ പന്തളത്ത് വീണ്ടും ജനിക്കുക വേണം.
ഇവിടെ ഹജ്ജ് തീര്‍ത്ഥാടനത്തിന് നല്‍കുന്ന സബ്സിഡിയും ഹജ്ജ്
യാത്രക്കാര്‍ക്കൊരുക്കുന്ന സൗകര്യങ്ങളും കൂട്ടിവായിക്കേണ്ടിയിരിക്കുന്നു.
0 comments :
Post a Comment