Thursday, November 29, 2007

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ചിന്നക്കനാലിലും നന്ദിഗ്രാം സൃഷ്ടിക്കുമ്പോള്‍

അധ്വാനിക്കുന്ന ജനവിഭാഗങ്ങളും ആദിവാസികളും സ്ത്രീകളുമടക്കമുള്ള ദുര്‍ബലവിഭാഗങ്ങളും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ചതുര്‍ഥിയായിട്ട്‌ നാളുകളായി. നവലിബറല്‍ ആശയങ്ങളുടെ തടവുകാരായി പുതിയ നേതൃത്വം പരിണമിച്ചതോടെയാണ്‌ പുത്തന്‍പണക്കാരും മൂലധന ചൂഷകരും ഭൂമി മാഫിയയുമൊക്കെയടങ്ങുന്ന ചൂഷക വര്‍ഗ്ഗവുമായി പാര്‍ട്ടിയും അണികളും സമരസപ്പെട്ടത്‌.

ഈ ചൂഷകവര്‍ഗ്ഗത്തിന്റെ വ്യാവസായിക താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ചെറുകിട കര്‍ഷകരെ അവരുടെ അധ്വാനഭൂമികയില്‍നിന്ന്‌ ആട്ടിയോടിച്ച നന്ദിഗ്രാമിലെ ദുഷ്ടതയാണ്‌ ഇപ്പോള്‍ ആദിവാസികളെ അവരുടെ കിടക്കപ്പായില്‍നിന്നും കുടിയിറക്കി ചിന്നക്കനാലില്‍ ഗുണ്ടായിസത്തിന്റെ ചെങ്കൊടി പാറിച്ചിരിക്കുന്നത്‌.

മൂന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനാരംഭിച്ച സര്‍ക്കാര്‍ ദൗത്യത്തെ അട്ടിമറിച്ച മാര്‍ക്സിസ്റ്റ്‌ നേതാവിന്റെ നേതൃത്വത്തിലാണ്‌ ചിന്നക്കനാല്‍ വില്ലേജില്‍ ഭൂരഹിത ആദിവാസികള്‍ കെട്ടിയ കുടിലുകള്‍ തകര്‍ത്ത്‌ രണ്ടായിരത്തോളം ഏക്കര്‍ ഭൂമിയില്‍ കൊടിനാട്ടി ഭൂമിമാഫിയക്ക്‌ വേണ്ടി 'പിടിച്ചെടുത്തത്‌'. 60ഓളം ആദിവാസിക്കുടിലുകള്‍ തകര്‍ത്ത മാര്‍ക്സിസ്റ്റ്‌ മുഷ്ക്‌ അഞ്ഞൂറോളം ഷെഡുകള്‍ നിര്‍മ്മിച്ചാണ്‌ ഭൂമിമാഫിയയ്ക്ക്‌ ഇടമൊരുക്കിയിരിക്കുന്നത്‌. വീടും കൃഷിയിടവും നഷ്ടപ്പെട്ട ആദിവാസികള്‍ പാറപ്പുറത്ത്‌ കുത്തിയിരുന്ന്‌ പ്രതിഷേധസമരം നടത്തുകയാണ്‌.

ആദിവാസികള്‍ക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബലവിഭാഗങ്ങള്‍ക്കുവേണ്ടിയും ഭൂമിമാഫിയയും വനം കയ്യേറ്റക്കാരും അടങ്ങുന്ന സമൂഹദ്രോഹികള്‍ക്ക്‌ എതിരായും എല്ലായ്പ്പോഴും ഗീര്‍വാണം മുഴക്കുന്ന അച്യുതാനന്ദന്‍ ഭരിക്കുന്ന സംസ്ഥാനത്തിലാണ്‌ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരെന്ന്‌ അവകാശപ്പെടുന്ന ഗുണ്ടാസംഘം ഈ അക്രമം കാണിച്ചിട്ടുള്ളത്‌. എന്നിട്ടും ആദിവാസികളുടെ രക്ഷയ്ക്ക്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ പോലീസിനെയോ അയക്കാന്‍ സംസ്ഥാന ഭരണനേതൃത്വം തയ്യാറായിട്ടില്ല. അതായത്‌ ഭരണകൂടത്തിന്റെ അറിവും അനുഗ്രഹവും ഈ കയ്യേറ്റത്തിന്‌ പിന്നിലുണ്ടെന്ന്‌ വ്യക്തം.

ആദിവാസി പുനരധിവാസി പദ്ധതിയനുസരിച്ച്‌ ആന്റണി സര്‍ക്കാരാണ്‌ 2003 ല്‍ 708 കുടുംബങ്ങള്‍ക്ക്‌ ചിന്നക്കനാലില്‍ ഒരേക്കര്‍ വീതം ഭൂമിക്ക്‌ പട്ടയം നല്‍കിയത്‌. എന്നാല്‍ നാലുവര്‍ഷം കഴിഞ്ഞിട്ടും 120 കുടുംബങ്ങള്‍ക്ക്‌ ഭൂമി ലഭിച്ചില്ല. കിട്ടിയവര്‍ക്കാകട്ടെ മറ്റ്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിനല്‍കാനും സര്‍ക്കാര്‍ തയ്യാറായില്ല. ഇത്‌ വലിയ ഒരു ഗൂഡാലോചനയുടെ ഭാഗമായിരുന്നു. വനം കയ്യേറ്റക്കാര്‍ക്കും ഭൂമിമാഫിയകള്‍ക്കും എളുപ്പത്തില്‍ ആദിവാസികളെ അവര്‍ക്ക്‌ ലഭിച്ച ഭൂമിയില്‍നിന്ന്‌ ആട്ടിപ്പായിക്കാന്‍ സര്‍ക്കാരിന്റെ ഈ ക്രൂരമായ നയംമൂലം സഹയകരമായ അവസ്ഥ സൃഷ്ടിച്ചു. ആന്റണി സര്‍ക്കാര്‍ കാട്ടാനകളുടെ ആവാസഭൂമിയിലാണ്‌ ആദിവാസികള്‍ക്ക്‌ കിടപ്പാടമൊരുക്കിയത്‌. ആനയെ ഭയന്നും പട്ടിണികിടന്നും നാലുവര്‍ഷം തള്ളിനീക്കി ജീവിതത്തിന്‌ ഒരു പുതിയ പ്രതീക്ഷനല്‍കാന്‍ തുടങ്ങിയപ്പോഴാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭൂമിമാഫിയ ഇപ്പോള്‍ അവരെ അവിടെനിന്നും കുടിയിറക്കാന്‍ സംഘമായി എത്തിയിട്ടുള്ളത്‌.

തങ്ങള്‍ക്ക്‌ അവകാശപ്പെട്ട പട്ടയഭൂമി നല്‍കണമെന്നാവശ്യപ്പെട്ട്‌ ആദിവാസി പുനരധിവാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞമാസം ഇടുക്കി കളക്ട്രേറ്റിനുമുന്നില്‍ അനിശ്ചിത കാല സത്യഗ്രഹമാരംഭിച്ചിരുന്നു. എന്നാല്‍ ഒരുമാസത്തിനകം ഭൂമി അളന്ന്‌ നല്‍കാമെന്ന വ്യവസ്ഥയില്‍ പിന്നാക്ക ക്ഷേമമന്ത്രി എ.കെ.ബാലന്‍ ഇടപെട്ട്‌ സമരം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

ഇവിടെയും വലിയൊരു ചതിയുടെ വാരിക്കുഴിയാണ്‌ സര്‍ക്കാര്‍ നിര്‍മ്മിച്ചത്‌. കാരണം ആദിവാസികള്‍ക്ക്‌ അവകാശപ്പെട്ട ഭൂമി, റിസോര്‍ട്ട്‌ ഉടമകളും ഭൂമി മാഫിയയും കയ്യടക്കിവച്ചിരിക്കുകയാണെന്ന്‌ അറിഞ്ഞുകൊണ്ടായിരുന്നു ഈ ഒത്തുതീര്‍പ്പ്‌ കള്ളക്കളി. എന്നുമാത്രമല്ല; സമീപഭൂമി വളഞ്ഞ്‌ സ്വന്തമാക്കിയും ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്റ്‌ ലിമിറ്റഡിന്‌ യൂക്കാലി പ്ലാന്റേഷന്‍ നിര്‍മ്മിക്കാന്‍ വനം വകുപ്പ്‌ പാട്ടത്തിനു നല്‍കിയ റവന്യൂ ഭൂമിയുമെല്ലാം ഈ മാഫിയ സ്വന്തമാക്കുകയോ മറിച്ചുവില്‍ക്കുകയോ ചെയ്തിരുന്നു.

മൂന്നാറിനു സമീപം ഏറ്റവുമധികം റിസോര്‍ട്ടുകള്‍ ചിന്നക്കനാലില്‍ ഉണ്ടായത്‌ ഇങ്ങനെയാണ്‌.

അതേസമയം ആദിവാസികള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നും അവര്‍ക്ക്‌ ചില മതസംഘടനകളുടെയും ഭീകരപ്രസ്ഥാനങ്ങളുടെയും പിന്തുണയുണ്ടെന്നും ആരോപിച്ചാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആദിവാസികളെ ചിന്നക്കനാലില്‍നിന്നും, അവരുടെ കുടിലുകള്‍ തകര്‍ത്ത്‌ ഇറക്കിവിടാനുള്ള ശ്രമം നടക്കുന്നത്‌. പച്ചക്കള്ളം പറയാന്‍ ഒരുളുപ്പുമില്ലാത്തവരാണ്‌ ഈ വിപ്ലവകാരികളെന്ന്‌ നന്ദിഗ്രാമില്‍ കണ്ടതാണ്‌. അവിടെ കുടിയിറക്കപ്പെട്ട ചെറുകിടകര്‍ഷകര്‍ തങ്ങളുടെ ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ മാവോയിസ്റ്റുകളെന്ന്‌ മുദ്രകുത്തി വെടിവെച്ചുവീഴ്ത്തിയ നെറികേടാണ്‌ മാര്‍ക്സിസ്റ്റുപാര്‍ട്ടി. ആ കുത്സിതത്വത്തിന്റെ കേരളമോഡലാണ്‌ ഇപ്പോള്‍ ചിന്നക്കനാലില്‍ നടപ്പിലാക്കിയിട്ടുള്ളത്‌. ആര്‍ക്കാണ്‌ യഥാര്‍ത്ഥത്തില്‍ ഭീകരപ്രസ്ഥാനങ്ങളുമായും മുതലാളിത്ത പാര്‍ട്ടികളുമായും മൂലധന ചൂഷകരുമായും ബന്ധമുള്ളതെന്നും എല്ലാവര്‍ക്കുമറിയാം. ആ സത്യം മറച്ചുവയ്ക്കാനും ഭൂമിമാഫിയയില്‍നിന്ന്‌ പലപ്പോഴായി പാര്‍ട്ടിക്കും സഖാക്കളുടെ സുഭിക്ഷവും സുഖകരവുമായ ജീവിതത്തിനും കൈപ്പറ്റിയ പണത്തിന്‌ പ്രത്യുപകാരം ചെയ്യാനുമാണ്‌ ഇപ്പോള്‍ ആദിവാസികള്‍ക്കെതിരെ ഇവര്‍ തിരിഞ്ഞിരിക്കുന്നത്‌.

ഇത്‌ തീ കൊണ്ടുള്ള കളിയാണ്‌. നഷ്ടം വലുതായിരിക്കുകയും ചെയ്യും.

0 comments :