Friday, November 9, 2007

യേശുവിന്റെ പൊടിപോലുമില്ല, യൂദാസുമാരുടെ അയ്യരുകളി!

നമ്മുടെ നാട്‌ എങ്ങനെ രക്ഷപ്പെടാനാണ്‌?

തൃപ്പൂണിത്തുറയില്‍ രാജേഷ്‌ എന്നയാള്‍ ഒരു സ്വയം തൊഴില്‍ കണ്ടെത്തി നാലു കാശുണ്ടാക്കി തുടങ്ങിയപ്പോഴേക്കും സുഹൃത്തായ ഏജന്റ്‌ ഒറ്റിക്കൊടുത്ത്‌ അയാളുടെ ചെറുകിട വ്യവസായം പൂട്ടിച്ചു. എവിടെയും യേശുവിന്റെ പൊടിപോലുമില്ല, യൂദാസുമാരുടെ അയ്യരുകളിയാണ്‌!

റോഡ്‌ നിര്‍മ്മാണത്തിനുള്ള ടാര്‍ വാങ്ങുന്ന കരാറുകാരുടെ ചില ബില്ലുകള്‍ കാറ്റില്‍ പറന്നു പോയി. അവ 'റീടാര്‍' ചെയ്തുകൊടുക്കുന്ന കലാപരിപാടിയാണ്‌ രാജേഷ്‌ കണ്ടെത്തിയ സ്വയം തൊഴില്‍.

ഇടപാടില്‍ കരാറുകാര്‍ക്കും രാജേഷിനുമിടയില്‍ ഫില്ലറായി പ്രവര്‍ത്തിച്ചിരുന്ന 'മൂന്നാന്‍' രാജേഷിനിട്ട്‌ പണികൊടുത്തു. മൂന്നാന്റെ പാര ഫലിക്കാതിരിക്കാന്‍ ഭക്തനയ രാജേഷ്‌ ആയിരത്തൊന്ന്‌ മെഴുതിരി കത്തിച്ചു സോപ്പിട്ടെങ്കിലും തമ്പുരാന്‍ കനിഞ്ഞില്ല.

ഈ ഒറ്റുകൊണ്ടൊരു ഗുണമുണ്ടായി. വ്യാജരേഖ ചമച്ച്‌ ലക്ഷങ്ങള്‍ മാത്രം കൊയ്ത രാജേഷ്‌ അകത്തായി. കോടികള്‍ വെട്ടിച്ച വല്യേട്ടന്മാര്‍ പുറത്തുതന്നെ വിലസും!

നാട്‌ നേരിടുന്ന പ്രശ്നം ഇതാണ്‌. നേരാം വഴിക്ക്‌ ഒരു വ്യവസായം നടത്താമെന്നുവച്ചാല്‍ കാക്കത്തൊള്ളായിരം സര്‍ക്കാര്‍ വകുപ്പുകള്‍ ഒറ്റക്കെട്ടായിനിന്ന്‌ പാരവെക്കും! നല്ലവണ്ണം പഠിച്ച്‌ ഒരു ജൊലി ചെയ്യാമെന്നുവച്ചാല്‍ ആയിരക്കണക്കിന്‌ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും സമയത്തിന്‌ നിയമനം നടത്താതെ ഉഴപ്പിക്കളിക്കും. മുപ്പത്തഞ്ചിന്റെ പടി കടന്നാല്‍ ആ വഴിയും മൂടും.

പിന്നെ ചെയ്യാവുന്നത്‌ ഇത്തരം സ്വയം തൊഴില്‍ സംരംഭങ്ങള്‍ മാത്രമാണ്‌. പുതിയ തലമുറ പറ്റുന്നപോലെയൊക്കെ ഇത്‌ ചെയ്യുന്നുമുണ്ട്‌. പണ്ടൊക്കെ മൊഷ്ടാക്കള്‍ക്കെതിരായിരുന്നു ദൈവങ്ങള്‍. ദൈവങ്ങള്‍ക്കും കാര്യങ്ങളുടെ കിടപ്പ്‌ മനസിലായിട്ടുണ്ട്‌. അമ്പലങ്ങളും പള്ളികളും കവര്‍ച്ച ചെയ്യപ്പെടുന്നത്‌ നിത്യവാര്‍ത്തകളാവുന്നത്‌ ദൈവങ്ങള്‍ കണ്ണടയ്ക്കുന്നതുകൊണ്ട്‌ മാത്രമാണ്‌.

പ്രപഞ്ചം നടുക്കുന്ന ഇടിവെട്ടുകളുടെ നാഥനായ തമ്പുരാനെ വെടിവഴിപാട്‌ നടത്തി (വലിയ വെടി 5, ചെറിയ വെടി 2) സോപ്പിട്ട്‌ കാര്യം കാണാമെന്ന്‌ കരുതുന്ന നമ്മള്‍ എന്ത്‌ മണ്ടന്മാരാണ്‌!

കള്ളന്മാര്‍ കോണ്‍സ്റ്റബിള്‍ ആയാല്‍ മോഷണം ഇല്ലാതാവും. തൃപ്പൂണിത്തുറയിലെ രാജേഷിനെപ്പോലെയുള്ളവരെ പൊതുമരാമത്തു വകുപ്പ്‌ സെക്രട്ടറിയാക്കിയാല്‍ ടാര്‍ കുമ്പകോണം തടയാം!

വളരെ ലളിതമായ പോംവഴികള്‍ മുന്നിലുണ്ട്‌. ഭരണം ഭരണം എന്ന്‌ പറഞ്ഞ്‌ നടന്നാല്‍ പോര, ഐഡിയ വേണം. 'ആന്‍ ഐഡിയ കാന്‍ ചെയ്ഞ്ച്‌ യുവര്‍ ലൈഫ്‌' എന്നാണ്‌ മഹാനായ ട്രാവന്‍കൂര്‍ രാജാവ്‌ 'ശശി' പൊലും പറഞ്ഞിട്ടുള്ളത്‌.

കേരളത്തിലെ റോഡുകള്‍ ഇവ്വിധം തോടുകളായി തീര്‍ന്നതിന്റെ കാരണം ഗവേഷിക്കുകയാണ്‌ അധികൃതര്‍. കടലാസില്‍ ടാറിംഗും റീടാറിംഗും ചെയ്താല്‍ റോഡിലെ മെറ്റല്‍ ഉറച്ചിരിക്കില്ല എന്നറിയാന്‍ ഈ കടലാസ്‌ ഗവേഷകര്‍ക്ക്‌ എന്നാണ്‌ സാധിക്കുക?

2 comments :

  1. ശശി said...

    നോം അങ്ങനെ പറഞ്ഞിട്ടില്ല. നോം ശക്തമായി പ്രതിഷേധിക്കുന്നു.

  2. മുക്കുവന്‍ said...

    thats intresting one.