Wednesday, November 14, 2007

പരിശുദ്ധാത്മാവ്‌ പ്രാവിന്റെ രൂപത്തില്‍ മാത്രമല്ല...

കവി മധുസൂദനന്‍ നായര്‍ പാടിയപോലെ 'മകനേ... ഇതിന്ത്യയുടെ ഭൂപടം...' എന്ന്‌ മട്ടാഞ്ചേരിയിലെ ചേരിത്തെരുവുകള്‍ നെഞ്ച്‌ പൊട്ടി പാടിയത്‌ ജസ്റ്റിസ്‌ കെ സുകുമാരനും കൂട്ടരും കേട്ടു!

സുസ്ഥിര നഗര വികസന പദ്ധതിയുടെ ഭാഗമായി മട്ടാഞ്ചേരിയില്‍ എത്തിയ പഠന സംഘമാണ്‌, 'വായിച്ചു കേട്ടതിനേക്കാള്‍ ഭീകരമാണിത്‌, ലോകത്തൊരിടത്തും ഇത്തരമൊരു കാഴ്ചയുണ്ടാവില്ല' എന്ന്‌ ഞെട്ടിയത്‌. മട്ടഞ്ചേരിയിലെ ഈ നരകക്കാഴ്ചകള്‍ പുറത്തുകൊണ്ടുവരണമെന്ന്‌ ജസ്റ്റിസ്‌ പത്രക്കാരോട്‌ ആഹ്വാനം ചെയ്യുകയും ചെയ്തു. പത്രക്കാര്‍ പറ്റുന്നപോലെ ആഘോഷിക്കയും ചെയ്തു.

നാണം കെട്ടൊരു കണ്ടെത്തലിന്റെ ഈ അഘോഷം കാണുമ്പോള്‍ ആല്‍മരമേ... നീ വേണ്ടാത്തിടത്തും തണലേകുമല്ലോ.... എന്ന്‌ വിലപിച്ചു പോകും.

ഗ്രാമങ്ങളിലാണ്‌ ഇന്ത്യയുടെ ആത്മാവെന്ന്‌ തക്കം കിട്ടുമ്പോഴൊക്കെ പ്രസംഗവെടി ഉതിര്‍ക്കുന്ന നേതാക്കള്‍ മാനമുണ്ടെങ്കില്‍ ഈ നാട്‌ വിട്ട്‌ പോണമെന്നേ ചേരിനിവാസികള്‍ക്ക്‌ ആഹ്വാനം ചെയ്യാനുള്ളൂ.

അസ്ഥിരബുദ്ധികളായ ഭരണകൂടങ്ങള്‍ കുട്ടിച്ചോറാക്കിയിട്ട മട്ടാഞ്ചേരിയിലെ നരകത്തെ വെല്ലുന്ന അഴുക്കുചാലുകള്‍ കൊച്ചിയെന്ന മഹാനരകത്തിന്റെ അഹങ്കാര ഗോപുരങ്ങളുടെ ബാക്കിപത്രമാണ്‌.

വികസനത്തിന്റെ എബിസിഡി അറിയാത്ത 'കേരള മോഡല്‍' വികസന നായകര്‍ എഡിബി വായ്പ കിട്ടിയില്ലായിരുന്നുവെങ്കില്‍ ഇനിയും മട്ടാഞ്ചേരി ചേരി കാണാന്‍ പഠനസംഘത്തെ അയക്കില്ലായിരുന്നു എന്നത്‌ നല്ല തമാശയാണ്‌.

മട്ടാഞ്ചേരി രാജ്യത്തെ അവസാന ചേരിയല്ല. സ്മാര്‍ട്ട്‌ സിറ്റികള്‍ ഏറിവരുമ്പോള്‍ ഇനിയെത്ര ചേരികള്‍ വരാനിരിക്കുന്നു. സ്മാര്‍ട്ട്‌ സിറ്റികള്‍ക്കായാണ്‌ നേതാക്കളത്രയും ഉറക്കം കളയുന്നത്‌. വലിയ തുകയുടെ ഇടപാടാണ്‌. ഗുണമുണ്ടാകുമെന്ന്‌ നേതാക്കള്‍ക്കറിയാം.

ചേരിയില്‍ കഴിയുന്നവരുടെ വോട്ടിനല്ലാതെ മറ്റു വല്ലതിനും വിലയുണ്ടോ സാറേ?

ചേരി കാണാന്‍ പോയ പഠനസംഘക്കാരുടെ തലവരയോര്‍ത്തിട്ടാണ്‌ പാവം തോന്നുന്നത്‌. അവര്‍ക്ക്‌ ഇതിലും വലുത്‌ എന്തോ വരാനിരുന്നതാണ്‌. എന്തു പാപം ചെയ്തിട്ടാണാവോ പൂപോല്‍ മൃദുലമായ ആ പാദങ്ങള്‍ ചെളിക്കുണ്ടുകള്‍ താണ്ടേണ്ടിവന്നത്‌!

എത്യോപ്യയിലെ പട്ടിണി മാറ്റാന്‍ അരിയും പൊരിയും കയറ്റി അയച്ചവര്‍ നമ്മള്‍. പോരാടുന്ന ക്യൂബയ്ക്കായി ബക്കറ്റ്‌ പിരിവ്‌ നടത്തിയവര്‍ നമ്മള്‍. നമ്മളാരും മട്ടാഞ്ചേരി കണ്ടില്ല. ഒടുവില്‍ പരിശുദ്ധാത്മാവ്‌ പ്രാവിന്റെ രൂപത്തില്‍ മാത്രമല്ല, എഡിബി രൂപത്തിലും വരുമെന്ന്‌ ചേരിക്കാര്‍ക്കെങ്കിലും മനസിലായി.

എഡിബിക്കാര്‍ക്ക്‌ സ്തുതിയായിരിക്കട്ടെ!!

4 comments :

  1. chithrakaran ചിത്രകാരന്‍ said...

    നനായിരിക്കുന്നു.

  2. മുക്കുവന്‍ said...

    അതു കലക്കി മാഷെ..സ്തുതിയായിരിക്കട്ടേ!

  3. വേണാടന്‍ said...

    ചേരിയില്‍ നിന്നു വോട്ടല്ലതെ എന്തു തടയാന്‍..
    സ്മര്‍ട് സിറ്റിയാകുമ്പൊള്‍ കായും തടയും അതുകൊടുത്തുവോട്ടും വാങ്ങാം..ഒരുവെടിക്കു എത്രകിട്ടി...

  4. simy nazareth said...

    കമ്യൂണിസ്റ്റ് ഭരിച്ചാലും കോണ്‍ഗ്രസ് ഭരിച്ചാലും ഒക്കെ കാര്യങ്ങള്‍ ഒരുപോലെ തന്നെ :(