Saturday, November 24, 2007

അക്കരപ്പച്ച തേടിപ്പോകുമ്പോള്‍...

ഇന്നും കേരളത്തിലെ യുവതിയുവാക്കളുടെയും അവരുടെ രക്ഷകര്‍ത്താക്കളുടെയും ആഗ്രഹം ഗള്‍ഫില്‍ ഒരു ജോലിയാണ്‌. അവിടെനിന്ന്‌ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന്‌ പ്രതീക്ഷിക്കുന്ന സാമ്പത്തിക വരുമാനമാണ്‌ ഇത്തരത്തില്‍ അവരെ ചിന്തിപ്പിക്കുന്നത്‌. തൊഴില്‍ ആരാധനയാണെന്നും തൊഴിലെടുക്കുന്ന ഏതു വ്യക്തിയും ആരാധ്യനാണെന്നും പഠിപ്പിക്കുന്ന, ഒരു സാക്ഷര സമൂഹത്തിന്റെ സാമ്പത്തിക താല്‍പ്പര്യമാണ്‌ ഈ ചിന്തയ്ക്ക്‌ പിന്നിലുള്ളത്‌.

അതുകൊണ്ട്‌ എങ്ങനെയെങ്കിലും ഗള്‍ഫില്‍ ചെന്നെത്താനുള്ള തത്രപ്പാടിലാണ്‌ ഇവരില്‍ പലരും. ദശാബ്ദങ്ങള്‍ക്കുമുന്‍പ്‌ കള്ള ലോഞ്ച്‌ കയറി പേര്‍ഷ്യന്‍ തീരത്തണഞ്ഞ്‌, അവിടത്തെ നിയമപാലകരുടെ കണ്ണുവെട്ടിച്ച്‌ ഒരു തൊഴില്‍ സമ്പാദിച്ച്‌ എല്ലുമുറിയെ പണിയെടുത്ത്‌ നാട്ടിലേക്ക്‌ കാശയച്ചവരാണ്‌ ഗള്‍ഫ്‌ ഒരു സ്വര്‍ഗമാണെന്ന ചിന്താഗതി വിദ്യാസമ്പന്നരായ യുവതിയുവാക്കളിലും വീട്ടമ്മമാരിലും സൃഷ്ടിച്ചെടുത്തത്‌. മാറുന്ന കാലത്തിന്റെ സാങ്കേതികവും വൈജ്ഞാനികവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവരില്‍ പലര്‍ക്കും തൊഴില്‍പരിചയമില്ല. ആകെയുള്ളത്‌ ഒരു ശരീരവും കേരളം വിട്ടാല്‍ ഏതു പണിയുമെടുക്കാനുള്ള മനഃസ്ഥിതിയുമാണ്‌.

ഈ ദൗര്‍ബല്യം മുതലെടുക്കാന്‍ മലയാളികള്‍തന്നെയാണ്‌ മുന്നിലുള്ളത്‌. റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ എന്ന പേരില്‍ ഇവര്‍ വിരിക്കുന്ന വലയില്‍ കുടുങ്ങി സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട ഒരു മലയാളിയുടെ എങ്കിലും വാര്‍ത്തയില്ലാതെ ഒരു ദിവസംപോലും പത്രങ്ങള്‍ പുറത്തിറങ്ങാറില്ല. തട്ടിപ്പിന്റെ ഈ കഥ വായിച്ച്‌ മൂക്കത്ത്‌ വിരല്‍ വയ്ക്കുന്നവരാണ്‌ അടുത്ത നിമിഷം ഇത്തരം ഒരു ഏജന്റിന്‌ കെട്ടുതാലിയും ആധാരവും പണയപ്പെടുത്തി ആവശ്യപ്പെടുന്ന പണം നല്‍കി വീസ സ്വന്തമാക്കുന്നത്‌.

വന്‍പ്രതീക്ഷയോടെ വിമാനം കയറി ഗള്‍ഫിലെത്തുമ്പോഴാണ്‌ തങ്ങള്‍ അകപ്പെട്ട വന്‍ ചതിക്കുഴിയുടെ ആഴം അവര്‍ അറിയുന്നത്‌. ഇതെല്ലാം വാര്‍ത്തയായി വന്നാലും വഞ്ചകരായ വ്യാജ റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ക്കുമുന്‍പില്‍ ക്യൂ നില്‍ക്കുവാനാണ്‌ നമ്മില്‍ പലര്‍ക്കും താല്‍പ്പര്യം.

ഇപ്പോള്‍ യുവാക്കള്‍ക്ക്‌ ഗള്‍ഫിലുള്ള തൊഴില്‍സാധ്യത മങ്ങിയതുകൊണ്ട്‌ യുവതികളെ വീട്ടുവേലയ്ക്കെന്നും ബ്യൂട്ടിപാര്‍ലര്‍ സഹായികളെന്നും ഒക്കെപറഞ്ഞ്‌ റിക്രൂട്ട്‌ ചെയ്യുന്ന തന്ത്രമാണ്‌ പരക്കെയുള്ളത്‌. ഈ തന്ത്രശാലികളുടെ വലയിലേക്ക്‌ സ്വന്തം ഭാര്യയെ എറിഞ്ഞുകൊടുക്കാന്‍ മടിയില്ലാത്ത ഭര്‍ത്താക്കന്മാരും നിരവിധി കേരളത്തിലുണ്ട്‌. ഭാര്യയെകൊണ്ട്‌ എല്ലാ പണിയും എടുപ്പിച്ച്‌ സുഖിക്കുന്ന പുരുഷന്റെ വികൃതചിന്തയുടെ ബഹിര്‍സ്ഫുരണമാണ്‌ ഇവിടെയും വ്യക്തമാകുന്നത്‌.

ഇങ്ങനെ ഗള്‍ഫിലേക്ക്‌ കയറ്റിയയക്കുന്ന വീട്ടമ്മമാര്‍ ചെന്നെത്തുന്നത്‌ മാംസവ്യാപാര ചന്തയിലാണെന്ന വാര്‍ത്തയും ഇവിടത്തെ പത്രങ്ങളില്‍ നിത്യേനയെന്നോണം വരാറുണ്ട്‌. എന്നിട്ടും സത്യം മനസിലാക്കാനോ വന്‍ ചതിയില്‍നിന്നും രക്ഷപ്പെടാനോ കേരളത്തിലെ ഭര്‍ത്താക്കന്മാര്‍ക്ക്‌ മനസില്ല. അവര്‍ അപ്പോഴും ഭാര്യയെ വീട്ടുജോലിക്കെങ്കില്‍ വീട്ടുജോലിക്ക്‌ എന്ന മട്ടില്‍ ഗള്‍ഫിലേക്ക്‌ കയറ്റിഅയക്കാന്‍ തയ്യാറുള്ളവരാണ്‌.

വീട്ടുജോലിക്കായി യുഎഇയില്‍ എത്തുന്ന ഭൂരിഭാഗം ഇന്ത്യക്കാരും വേണ്ടത്ര പരിചയമില്ലാത്തവരും അനധികൃതമായി എത്തുന്നവരുമാണെന്ന്‌ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി തല്‍മീസ്‌ അഹ്മ്മദ്‌ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്‌ ശ്രദ്ധിക്കാന്‍ പക്ഷെ ആരും തയ്യാറല്ല. സ്ത്രീകളടക്കമുള്ള വീട്ടുജോലിക്കാരെ നിയമവിരുദ്ധമായി കയറ്റിവിടുന്ന റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ക്കെതിരെ കനത്ത നടപടിയുണ്ടാകുമെന്ന്‌ കേന്ദ്ര പ്രവാസികാര്യ മന്ത്രി മുന്നറിയിച്ച്‌ നല്‍കിയിട്ടും അനധികൃതമായി ഇന്ത്യയില്‍ നിന്നും വീട്ടുജോലിക്ക്‌ എത്തുന്നുണ്ടെന്നാണ്‌ അദ്ദേഹം വെളിപ്പെടുത്തിയത്‌. ഇവരുടെ വ്യക്തമായ കണക്ക്‌ എംബസിക്കില്ല. നിയമവിരുദ്ധമായി ഇങ്ങനെ എത്തുന്ന തൊഴിലാളികളുടെ അവസ്ഥ അതീവ ദയനീയവുമാണ്‌, അദ്ദേഹം പറഞ്ഞു.

ഈ സത്യങ്ങളെല്ലാം വായിച്ചറിഞ്ഞിട്ടും അക്കരപ്പച്ച തേടിപ്പോകുന്ന മലയാളികളുടെ ധനസമാഹരണ ബോധമാണ്‌ യഥാര്‍ത്ഥത്തില്‍ അനധികൃത റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ക്കും അനാശാസ്യസംഘങ്ങള്‍ക്കും തഴച്ചുവളരാന്‍ പരിസരം ഒരുക്കുന്നത്‌.

അധ്വാനിക്കാന്‍ മലയാളി എന്നും തയ്യാറാണ്‌. ഏതു ജോലി ചെയ്യാനും സന്നദ്ധനുമാണ്‌. ഏതു മേഖലയില്‍ ഏര്‍പ്പെട്ടാലും മറ്റു രാജ്യങ്ങളില്‍നിന്നള്ളവരേക്കാള്‍ മികവോടെ പ്രവര്‍ത്തിചെയ്യാനും മലയാളിക്ക്‌ കഴിവുണ്ട്‌. ആ കഴിവ്‌ പക്ഷെ പ്രകടമാകണമെങ്കില്‍ കേരളം വിടണം. ഇവിടെ മലയാളികള്‍ തൊഴില്‍രഹിതരായി കഴിയുമ്പോഴാണ്‌ അന്യസംസ്ഥാനത്തുനിന്നുള്ള തൊഴിലാളികള്‍ അധ്വാനിച്ച്‌ ഇവിടെ നിന്ന്‌ സമ്പാദ്യം സ്വരൂപിക്കുന്നത്‌ ഇവരെ സംസ്ഥാനത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും പേരില്‍ അധിക്ഷേപിച്ച്‌ അകറ്റിനിര്‍ത്തി രസിക്കാനാണ്‌ തൊഴില്‍രഹിതനായ മലയാളിക്ക്‌ താല്‍പ്പര്യം. അപ്പോഴും തനിക്കോ തന്റെ സഹോദരിക്കോ അമ്മയ്ക്കോ ഭാര്യക്കോ ഗള്‍ഫിലേക്കുള്ള ഒരു വീസ സംഘടിപ്പിക്കാനുള്ള ആഗ്രഹമാണ്‌ മലയാളിയുടെ മനസിലുള്ളത്‌.

ആവശ്യക്കാരന്‌ ഔചത്യമില്ല എന്ന സാര്‍വദേശീയ ചൊല്ല്‌ ഏറ്റവും എളുപ്പത്തില്‍, കുറുക്കുവഴിയിലൂടെ നടത്തിയെടുക്കുന്നതും മലയാളിയാണ്‌. ഈ വ്യഗ്രതയാണ്‌ എല്ലായ്പ്പോഴും മലയാളിയെ തൊഴില്‍തട്ടിപ്പിന്‌, വീസ തട്ടിപ്പിന്‌ ഇരയാക്കുന്നത്‌; ഈ ധനാര്‍ത്തിയാണ്‌ അവരെ സഹോദരിയെ, ഭാര്യയെ, അമ്മയെ ഗള്‍ഫിലെ മാംസച്ചന്തയില്‍ കൊണ്ടെത്തിക്കുന്നത്‌.

അക്കരപ്പച്ച തേടിപ്പോകുമ്പോഴുള്ള വിനകളാണിത്‌.

ഇല്ല, മലയാളി ഒരിക്കലും ഇത്‌ തിരിച്ചറിയില്ല.
കണ്ടാലറിയില്ല, കൊണ്ടാലുമറിയില്ല.
വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും.

0 comments :