Wednesday, November 7, 2007

ഏത്‌ കലക്ടര്‍ക്കും ഇങ്ങനെപറയാം; പക്ഷേ.... സാര്‍

രോഗമില്ലാത്ത അവസ്ഥയെ ആണല്ലൊ ആരോഗ്യമെന്നു പറയുന്നത്‌. ആരോഗ്യമുണ്ടാവാന്‍ രണ്ടുമൂന്നു കാര്യങ്ങള്‍വേണം. ഒന്ന്‌ പോഷകാഹാരം, രണ്ട്‌ വ്യായാമം, മൂന്ന്‌ വൃത്തി. നാലാം ക്ലാസുവരെ പഠിച്ചാല്‍ ചുരുങ്ങിയത്‌ ഇത്രയും വിവരമെങ്കിലും ഉണ്ടാവും.

പഠിച്ചുപഠിച്ച്‌ ജില്ലാ കലക്ടറായാലും നാലാം ക്ലാസുകൊണ്ട്‌ കിട്ടുന്ന ഈ പഠിപ്പ്‌ മറന്നുപോകരുത്‌. എറണാകുളം ജില്ലയില്‍ പകര്‍ച്ചവ്യാധി തടയാന്‍ അന്യസംസ്ഥാന തൊഴിലാളികള നിയന്ത്രിക്കാനാണ്‌ ജില്ലാ കലക്ടര്‍ തീരുമാനിച്ചിരിക്കുന്നതത്രെ!

മലയാളികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ബാക്കിയുള്ളവരെ നിയന്ത്രിക്കുക തന്നെയാണ്‌ ബുദ്ധി. കാരണം എറണാകുളം കലക്ടറല്ല, സ്വര്‍ഗസ്ഥനായ പടച്ചതമ്പുരാന്‍ വിചാരിച്ചാലും നിയന്ത്രിക്കാനാവാത്ത വര്‍ഗമാണല്ലോ മലയാളികള്‍!

കൊച്ചി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും കുമിയുന്ന മാലിന്യകൂമ്പാരങ്ങളില്‍നിന്നും ഭീമന്‍ കൊതുകുകള്‍, പലതരം പുഴുക്കള്‍, ആഫ്രിക്കന്‍ ഒച്ചുകള്‍ തുടങ്ങി ഒട്ടനവധി 'ജൈവായുധങ്ങള്‍' മനുഷ്യരെ മാറാരോഗികളാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്‌.

ഓരോരോ മാലിന്യകൂമ്പാരവും കാണുമ്പോള്‍ കൊതുകല്ല; ഇതില്‍നിന്നും ദിനോസര്‍തന്നെ രൂപം കൊണ്ടുപോകുമെന്നു തോന്നിപ്പോകും. കുറ്റമൊക്കെ ഇപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ്‌. മലേറിയ, എയ്ഡ്സ്‌, ത്വക്‌ രോഗങ്ങള്‍ ഒക്കെയും ഇവിടെ പരത്തുന്നത്‌ അന്യസംസ്ഥാനക്കാരാണെന്ന്‌ ആര്‌, എന്ന്‌ കണ്ടെത്തിയെന്നെങ്കിലും കലക്ടര്‍ വെളിപ്പെടുത്തണമായിരുന്നു.

ആവശ്യത്തിന്‌ സുരക്ഷയോ, ന്യായമായ കൂലിയോ, വൃത്തിയുള്ള താമസസൗകര്യമോ, ചികില്‍സാ സംവിധാനമോ ഇല്ലാതെ അന്നന്നത്തെ അപ്പത്തിനായി പല നാടുകള്‍ താണ്ടി കൊച്ചി തുടങ്ങിയ മഹാനഗരങ്ങളില്‍ എല്ലുമുറിയെ പണിയെടുക്കുന്നവര്‍ പാപികളല്ല!

അവരുടെ വിയര്‍പ്പുവീണ അകത്തളങ്ങളിലാണ്‌ ഇന്നത്തെ 'കൊച്ചി മഹാരാജക്കന്മാര്‍' വാണരുളനതെന്നോര്‍ക്കണം!

ആദ്യം 'മാവോയിസ്റ്റുകള്‍' എന്നു മുദ്രകുത്തി അന്യസംസ്ഥാന തൊഴിലാളികളെ അടിച്ചൊതുക്കാന്‍ നോക്കി ഭരണകൂടം. ഇപ്പോള്‍ പകര്‍ച്ചവ്യാധി പരത്തുന്നെന്നു പറഞ്ഞാണ്‌ ആക്രമണം. നമ്മള്‍ ഇപ്പോള്‍ അണിയുന്ന പൊങ്ങച്ച വികസനത്തിനു പിന്നില്‍ ചെന്നൈയിലും ഹൈദരാബാദിലും മുംബൈയിലും ഡല്‍ഹിയിലും ഗള്‍ഫിലും ലണ്ടനിലും 'ചൊവ്വയിലും' വരെ പോയി പണിയെടുക്കുന്ന മലയാളികളുടെ വിയര്‍പ്പുണ്ട്‌.

പുറം നാടുകളില്‍ പണിയെടുക്കുന്ന മലയാളികള്‍ക്കുനേരെയും ഇത്തരമൊരു നീചമായ ആക്രമണം ഉണ്ടായാലത്തെ കാര്യം കലക്ടര്‍ സാര്‍ ഓര്‍ക്കണം!

2 comments :

  1. പ്രയാസി said...

    ഗോവിന്ദ!

  2. absolute_void(); said...

    പറയേണ്ടത് പറഞ്ഞു. നല്ലത്.