വിമോചനസമര ദുഷ്ടശക്തികള്‍ വീണ്ടും കൈകോര്‍ക്കുന്നു
തൃശൂര്‍ രൂപതാധ്യക്ഷന്റെ രണ്ടാം വിമോചനസമര ഭീഷണിയും താമരശേരി രൂപതാധ്യക്ഷന്റെ അന്ത്യകൂദാശ വെളിപ്പെടുത്തലുകളും ഒന്നും ഏശാതെപോയതുകൊണ്ടാവണം ഇന്നലെ എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍ കൂട്ടായ മറ്റൊരു വിമോചന സമര ഭീഷണി മുഴക്കിയിരിക്കുന്നത്.
തൃശൂര്‍ രൂപതാധ്യക്ഷനും താമരശേരി രൂപതാധ്യക്ഷനും അടക്കമുള്ള ക്രൈസ്തവ പുരോഹിതരേയും അവര്‍ക്കൊപ്പം നില്‍ക്കുന്ന ക്രിസ്ത്യന്‍ മിലിറ്റന്റ് ഓര്‍ഗനൈസേഷനേയും പ്രക്ഷോഭത്തിന്റെയും ഭീഷണിയുടേയും ലൈനില്‍ വരുത്തിയത് കേരള സര്‍ക്കാര്‍ സ്വീകരിച്ച സ്വാശ്രയ വിദ്യാഭ്യാസ കച്ചവട നിയന്ത്രണ നടപടികളായിരുന്നു. എന്നാല്‍ അവര്‍ ഉദ്ദേശിച്ചതലത്തില്‍ പ്രതിഷേധം ആളിപ്പടര്‍ത്താന്‍ കഴിഞ്ഞില്ല. കാരണം ക്രൈസ്തവ വിശ്വാസികള്‍ അടക്കമുള്ള സാധാരണക്കാരുടെ കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനയക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തികബാധ്യതയും ഈ ബാധ്യത ഈടുവയ്പാക്കി കൊഴുക്കുന്ന ക്രൈസ്തവ മാനേജ്മെന്റിന്റെ ദുഷ്ടതയും അവര്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് ചില മുദ്രാവാക്യങ്ങളിലും ഭീഷണികളിലും കൂട്ടായ്മകളിലും ആ പ്രതിഷേധം ഒടുങ്ങി.
വിദ്യാഭ്യാസം സംസ്ഥാന സര്‍ക്കാരിന്റെ വിഷയമാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണങ്ങള്‍ സംസ്ഥാനത്തെ സാധാരണക്കാര്‍ക്കും പ്രാപ്യമാകുന്നരീതിയില്‍ നിയമവും നടപടിക്രമങ്ങളും സൃഷ്ടിക്കാനുള്ള ബാധ്യത ഭരിക്കുന്നവര്‍ക്കാണ്. ഇവിടെ താല്‍പ്പര്യം സാധാരണക്കാരന്റെയും അവന്റെ കുഞ്ഞുങ്ങളുടെയും ഉന്നത വിദ്യാഭ്യാസലബ്ധിയാണ്. അതിനെതിരെ നില്‍ക്കുന്ന ശക്തികള്‍ ആരായാലും അവരുടെ താല്‍പ്പര്യങ്ങള്‍ എന്തായാലും അത് ഹനിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഈ ബാധ്യതയുടെ നിറവേറ്റലിന് അച്യുതാനന്ദന്‍ സര്‍ക്കാര്‍ തയ്യാറായപ്പോഴാണ് ക്രൈസ്തവ മാനേജ്മെന്റുകളും ക്രിസ്തീയ പുരോഹിതരും ചില സംഘടനകളും പ്രതിഷേധം എന്ന പേരില്‍ ഭീഷണികളുമായി തെരുവിലിറങ്ങിയത്.
എന്നാല്‍ സാക്ഷരരും രാഷ്ട്രീയ പ്രബുദ്ധരുമായ കേരള ജനത തങ്ങളുടെ മതാഭിമുഖ്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ മേലധ്യക്ഷന്മാരുടെ തലതിരിഞ്ഞ നിലപാടുകളെ നിഷ്കരുണം തള്ളുകയാണുണ്ടായത്.
അതുകൊണ്ടാണ് പുതിയ സമരമുഖം തുറക്കാന്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ ഹൈന്ദവനേതാക്കളെ പ്രത്യേകിച്ച് എന്‍എസ്‌എസിനെ ഇപ്പോള്‍ കൂട്ടുപിടിക്കുന്നത്. ഈ രണ്ടുമതവിഭാഗങ്ങളും പ്രാഥമിക വിദ്യാഭ്യാസതലം മുതല്‍ ഉന്നത വിദ്യാഭ്യാസമേഖലവരെ തങ്ങളുടെ കൈപിടിയിലൊതുക്കി ഷൈലോക്കുമാരായി വിലസുകയാണിവിടെ. സ്വന്തം സമുദായാംഗങ്ങളുടെ വിദ്യാഭ്യാസപരമായ ഉന്നതി ലക്ഷ്യമിട്ടാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഒരു സമുദായത്തിലെയും സാധാരണക്കാരന്റെ കുട്ടികള്‍ക്ക് അവരുടെ സമുദായം നടത്തുന്ന സ്കൂളുകളിലും കോളേജുകളിലും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എന്തിനധികം, കിന്‍ഡര്‍ഗാര്‍ട്ടനില്‍പോലും പ്രവേശനം ലഭിക്കണമെങ്കില്‍ പതിനായിരം മുതല്‍ ലക്ഷങ്ങള്‍വരെ കോഴ നല്‍കണം. അതുപോലെതന്നെ ഈ സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കണമെങ്കില്‍ കള്ളും പണവും ശരീരംപോലും കാഴ്ചവയ്ക്കേണ്ട അവസ്ഥയാണ് ഇന്നു കേരളത്തിലുള്ളത്.
ചൂഷണത്തിന്റെ മതപരമായ തലമാണ് ഈ മേഖലയില്‍ കാണുന്നത്. ഇതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൃത്യമായ നിയമങ്ങളും നടപടിക്രമങ്ങളും രൂപീകരിച്ച് അവ ശക്തമായി നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ പൊതുസമൂഹം. ആ ആഗ്രഹത്തിനൊത്തുനീങ്ങാനുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരായിട്ടാണ് ഇപ്പോള്‍ ക്രൈസ്തവ-ഹൈന്ദവ വിദ്യാഭ്യാസ കച്ചവടക്കാര്‍ കൈകോര്‍ക്കുന്നത്. എയ്ഡഡ് സ്കൂള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പിഎസ്സിക്ക് വിടാനുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് ഇപ്പോള്‍ ഇവരെ ചൊടിപ്പിച്ചിട്ടുള്ളത്. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന് അള്‍ത്താരയില്‍ നിന്ന് ഉദ്ബോധിപ്പിക്കുകയും വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നവരാണ് സര്‍ക്കാര്‍വിരുദ്ധ നടപടികളുമായി ഇപ്പോള്‍ തെരുവിലിറങ്ങാന്‍ തയ്യാറാകുന്നത്.
1957 അല്ല 2007 എന്ന ബോധം ഈ മതമേലധ്യക്ഷന്മാര്‍ക്കും സാമുദായിക പ്രമാണിമാര്‍ക്കും ഇല്ലാതെപോകുന്നതുകൊണ്ടാണ് ഇത്തരം ഭീഷണികള്‍ ആവര്‍ത്തിച്ച് മുഴക്കുന്നത്. സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല എന്ന ഇവരുടെ വാദം ബാലിശവും ധനാര്‍ത്തിപരവുമാണെന്ന് തിരിച്ചറിയാന്‍ വിശ്വാസികള്‍ക്കും പൊതുജനങ്ങള്‍ക്കും പാഴൂര്‍പടിയിലോ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കരുടെ അടുത്തോ പോകേണ്ടതില്ല. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത സര്‍ക്കാരിന്റെ നയത്തിന് എസ്‌എന്‍ഡിപി യോഗം പൂര്‍ണ പിന്തുണനല്‍കി എന്നതാണ്. അതായത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് ക്രൈസ്തവ പുരോഹിതന്മാരും നായര്‍ പ്രമാണിമാരും പറയുന്നതുപോലെ നഷ്ടകച്ചവടമൊന്നുമല്ല എന്നു വ്യക്തം. അപ്പോള്‍ എന്തിനായിരിക്കണം ഈ പുതിയ കൈകോര്‍ക്കല്‍.
തീര്‍ച്ചയായും സമ്മര്‍ദ്ദ രാഷ്ട്രീയത്തിന്റെ വികൃതതന്ത്രങ്ങള്‍ പയറ്റാനുള്ള നികൃഷ്ടനീക്കമാണിത്. അരമനകളിലും ഇല്ലങ്ങളിലും സുഭിക്ഷമായി ഉണ്ടുറങ്ങിക്കഴിയുന്നവര്‍ക്കും അവിവാഹിതര്‍ക്കും വൃദ്ധന്മാര്‍ക്കും സാധാരണജനങ്ങള്‍ അവരുടെ കുഞ്ഞുങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാന്‍ അനുഭവിക്കുന്ന സാമ്പത്തിക വൈഷമ്യം മനസിലാക്കാന്‍ കഴിയാതെപോകുന്നത് സ്വാഭാവികം. എന്നാല്‍ ഈ ആര്‍ത്തിപണ്ടാരങ്ങളുടെ നീക്കങ്ങള്‍ തിരിച്ചറിയാന്‍ സാധാരണ ജനങ്ങള്‍ക്ക്, അവരുടെ വിശ്വാസങ്ങള്‍ എന്തുതന്നെയായാലും കഴിയുന്നുണ്ട്. ഇതു മനസിലാക്കി മര്യാദപൂര്‍വം പെരുമാറിയാല്‍ ക്രൈസ്തവ-ഹൈന്ദവ-വിദ്യാഭ്യാസ വണിക്കുകള്‍ക്ക് നന്ന്.
57 അല്ല 2007. വിദ്യാഭ്യാസത്തിന്റെ പേരുംപറഞ്ഞ് തെരുവിലിറങ്ങിയാല്‍ ഉണ്ടാകാന്‍പോകുന്ന വിമോചനസമരം ഇത്തരം ധനാര്‍ത്തികള്‍ക്കെതിരായുള്ള പൊതുജന പ്രക്ഷോഭമായിരിക്കും.
2 comments :
പെരുകുന്ന ധനം നല്‍കുന്ന സൗഭാഗ്യവും പൗരോഹീത്യം നല്‍കുന്ന അധികാരകാരസുഖവുമാണ് ഈ നികൃഷ്ടകുട്ടുകെട്ടിനു കാരണം. പക്ഷേ, നിയമനം പി.എസ്.സി.ക്കു വിടാന് സര്‍ക്കാര് ഔദ്യോഗികമായി തീരുമാനിച്ചിട്ടൊന്നുമില്ല. കെ.ഇ.ആറ് പരിഷ്ക്കരണ സമിതിക്കുമുന്നില് ഇങ്ങനെയൊരു കാര്യം ചര്‍ച്ചയ്ക്കു വന്നെന്നേയുള്ളു. സമിതി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുപോലുമില്ല. അതിനു മുന്പുതന്നെ ഹാലിളക്കം തുടങ്ങിക്കഴിഞ്ഞു. വിപ്ലവകരമായി ഈ തീരുമാനം നടപ്പാക്കാന് കഴിയുന്ന ഒരു സര്‍ക്കാര് ഇതു മാത്രമാണ്. പക്ഷേ ഇവര് ഇതു നടപ്പാക്കാന് ചങ്കൂറ്റം കാണിക്കുമോയെന്ന് കണ്ടറിയണം. പോസ്റ്റ് വളരെ നന്നായി
നിങ്ങളുടെ അഭിപ്രായത്തില്‍ പാവപ്പെട്ടവനെറ്റെ പേരും പറഞ്ഞ് ധനികര്‍ക്കു ഉന്നത വിദ്യഭ്യാസം മാനേജ്മെന്റ് വെറുതെ കൊടുക്കണം അല്ലേ?
എന്റെ മറുപടി :
http://mukkuvan.blogspot.com/2007/11/blog-post_22.html
Post a Comment