Friday, November 9, 2007

ആഭ്യന്തരവകുപ്പിന്റെ വീഴ്ചയ്ക്ക്‌ മാധ്യമങ്ങള്‍ എന്ത്‌ പിഴച്ചു?

കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ തടയുന്നതില്‍ ആഭ്യന്തരവകുപ്പും ഭരണ നേതൃത്വവും പരാജയപ്പെട്ടതിന്റെ പഴി മാധ്യമങ്ങളുടെ മേല്‍ കെട്ടിവയ്ക്കാനുള്ള കോടിയേരി ബലകൃഷ്ണന്റെ ശ്രമം, മിതമായി പറഞ്ഞാല്‍ ചെറ്റത്തരമാണ്‌.

ലോകമെമ്പാടുമുള്ള മലയാളികളെ ആശങ്കയിലാഴ്ത്തുംവിധം കേരളത്തിലെ ക്രമസമാധാനനില പാടെ തകര്‍ന്ന അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. ഭരണപരമായ ഈ വീഴ്ചയില്‍ നിന്ന്‌ രക്ഷനേടാനാണ്‌ കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി പത്രവും മറ്റ്‌ മാധ്യമങ്ങള്‍ക്ക്‌ നേരെ കുരയ്ക്കുന്നത്‌.

ചങ്ങനാശ്ശേരിയിലും മലമ്പുഴയിലും തലശ്ശേരിയിലും കൊലപാതകങ്ങള്‍ നടന്നപ്പോള്‍ മാധ്യമങ്ങള്‍ അരാജകത്വത്തിന്‌ മറയിടാന്‍ ശ്രമിച്ചു എന്നാണ്‌ പാര്‍ട്ടി പത്രത്തിന്റെ ആരോപണം. സിപിഎം വിരോധം മൂത്ത്‌ ഈ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തമസ്കരിക്കുകയായിരുന്നുവെന്നും പാര്‍ട്ടി പത്രം ആരോപിക്കുന്നു. ഈ കൊലപാതകങ്ങള്‍ക്ക്‌ ഉത്തരവാദികളായ ആര്‍എസ്‌എസിനെ വിമര്‍ശിക്കാതെ പോലീസിനെയും ആഭ്യന്തരവകുപ്പിനെയും കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും ഹിഡന്‍ അജണ്ടക്ക്‌ കുടപിടിക്കുകയായിരുന്നു മാധ്യമങ്ങളെന്നും കോടിയേരി ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നു.

എന്നാല്‍, മലമ്പുഴയില്‍ നടന്ന ആക്രമണങ്ങള്‍ നേരിടുന്നതില്‍ പോലീസിന്‌ വീഴ്ചപറ്റിയെന്ന്‌ മുഖ്യമന്ത്രിതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്‌. മാത്രമല്ല, സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിന്ന്‌ പോലീസിനെ പിന്‍വലിച്ച്‌ കൊലപാതകത്തിനുള്ള സാഹചര്യമൊരുക്കിയെന്നും ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞതൊന്നും കോടിയേരിയും പാര്‍ട്ടി പത്രവും കേട്ടില്ലെന്ന്‌ തോന്നുന്നു. ആര്‍എസ്‌എസ്‌ ആക്രമണത്തെ വെള്ളപൂശാന്‍ മാധ്യമങ്ങള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ താല്‍പര്യമുണ്ടായിരുന്നില്ല. മറിച്ച്‌ ആഭ്യന്തരവകുപ്പും പോലീസ്‌ സേനയും പ്രശ്നങ്ങളെ രാഷ്ട്രീയമായി നേരിട്ടതിനെയാണ്‌ മാധ്യമങ്ങള്‍ വിമര്‍ശിച്ചത്‌.

ചങ്ങനാശ്ശേരിയില്‍ എഎസ്‌ഐ ഏലിയാസിന്റെ കൊലപാതകത്തില്‍ കലാശിച്ച അക്രമ സംഭവങ്ങള്‍ നേരിടുന്നതില്‍ പോലീസ്‌ ഗുരുതരമായ വീഴ്ച വരുത്തിയെന്ന്‌ ഉന്നത പോലീസ്‌ ഉദ്യേഗസ്ഥന്‍ തന്നെ സമ്മതിച്ചതാണ്‌. സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടാതെ പോലീസ്‌ രാഷ്ട്രീയം കളിക്കുകയാണെന്ന്‌ വാസ്തവം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇപ്പോഴും യഥാര്‍ത്ഥ പ്രതികള്‍ ഒളിവിലാണ്‌. ഇക്കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി പത്രത്തിനും അസഹിഷ്ണുത തോന്നുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥം മറ്റു ചിലതൊക്കെയാണ്‌.

കേരളത്തിലെ പോലീസിന്റെ നിലവാരം കരയിപ്പിക്കുന്നതാണെന്ന്‌ ഹൈക്കോടതി തന്നെ നിരീക്ഷിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട കേസിലും പോലീസിനെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിമര്‍ശനമുയരുമ്പോള്‍ സത്യാവസ്ഥ തിരിച്ചറിഞ്ഞ്‌ തെറ്റ്‌ തിരുത്തുന്നതിന്‌ പകരം മാധ്യമങ്ങളെ കുറ്റപ്പെടുത്തി ഭരണപരാജയം മറച്ചുവക്കാനാണ്‌ ആഭ്യന്തരമന്ത്രിയും പാര്‍ട്ടി പത്രവും ശ്രമിക്കുന്നത്‌.

തലശ്ശേരിയില്‍, സ്കൂള്‍ കുട്ടികളുടെ മുന്നില്‍ വച്ച്‌ ഒരാളെ വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ പോലീസ്‌ നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നുവെന്ന്‌, കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. പ്രശ്നത്തുടക്കത്തില്‍ തന്നെ പരിഹാരം കാണാതെ പോലീസ്‌ നിസ്സംഗത പാലിച്ചതും അക്രമങ്ങളെ നിസ്സാരമായി കാണാന്‍ ശ്രമിച്ചതുമാണ്‌ കിരാതമായ ആ സംഭവത്തിന്‌ കാരണം.

കേരളം വീണ്ടും അക്രമികളുടെ കേദാരമായി മാറിയതിന്‌ സിപിഎമ്മിലെ വിഭാഗീയതയും ചില നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളുമാണ്‌ കാരണം. ഇക്കാര്യങ്ങളാണ്‌ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്‌. ഇതിനെതിരെയാണ്‌ കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി പത്രവും കുരച്ചുചാടുന്നത്‌. അവനവന്റെ വീഴ്ച മറച്ചുവച്ച്‌ മറ്റുള്ളവരില്‍ കുറ്റം ചാരുന്ന നീചമായ രക്ഷപ്പെടല്‍ പ്രവണതയാണ്‌ ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണനും ദേശാഭിമാനിയും അവലംബിച്ചത്‌. ഇത്‌ ജനപക്ഷത്തുനില്‍ക്കുന്നതെന്ന്‌ അവകാശപ്പെടുന്ന ഒരു മന്ത്രിക്കും മാധ്യമത്തിനും ചേര്‍ന്ന മാന്യതയല്ല. സത്യം മനസ്സിലാക്കി അക്രമങ്ങള്‍ തടയാന്‍ സംവിധാനം ഒരുക്കേണ്ടതിന്‌ പകരം മാധ്യമങ്ങളെ കുറ്റപ്പെടുത്തി ദേശാഭിമാനിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ പാര്‍ട്ടി അണികളില്‍ ചിലരുടെ കൈയ്യടി കിട്ടിയേക്കാം. പക്ഷേ കേരളം കൈയ്യുയര്‍ത്താന്‍ പോകുന്നത്‌ ഇത്തരം നികൃഷ്ട രാഷ്ട്രീയ നിലപാടുകള്‍ക്കും ഭരണപരാജയത്തിനും എതിരായിരിക്കും.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടിവരില്ല.

0 comments :