Thursday, November 15, 2007

സഖാവ്‌ മദനിക്കും ജനാബ്‌ കോടിയേരിക്കും 'ലാല്‍സലാം അലൈക്കും'

മാനസികമായി വാര്‍ധക്യം ബാധിച്ച അപക്വതകളാണ്‌ നരച്ചമുടി കറുപ്പിച്ച്‌ മിടുക്കന്മാരും മിടുക്കികളുമാകാന്‍ പെടാപ്പാടുപെടുന്നത്‌. അവനവനേയും കുടുംബാംഗങ്ങളേയും ഏറ്റവും അടുത്ത സുഹൃത്തുക്കളേയും വഞ്ചിക്കുന്ന 'ഗോദറേജ്‌ തമസ്ക്കരണ'മാണിത്‌. തിരിച്ചറിവിന്റേയും കാഴ്ചശക്തിയുടേയും വിവേകത്തെ കുപ്പിയിലിറക്കുന്ന കാപട്യം!!! ഇവരെക്കുറിച്ചാണ്‌ കുഞ്ഞുണ്ണിമാഷ്‌ ഇങ്ങനെ കുറിച്ചത്‌:

'ഈ കപടലോകത്തിലെന്റെ
കാപട്യമെല്ലാരുമറിയുന്നാണെന്‍ പരാജയം'

അബ്ദുള്‍ നാസര്‍ മദനിക്കും അദ്ദേഹം ആട്ടിത്തെളിച്ചെത്തിക്കാന്‍ സാധ്യതയുള്ള കുറേ മുസ്ലീം വോട്ടുകള്‍ക്കും വേണ്ടി, ഈ പരാജയത്തിന്റെ പടുകുഴിയില്‍ മുടികറുപ്പിച്ച്‌, തലകുത്തി നില്‍ക്കുകയാണ്‌ കോടിയേരിയും അദ്ദേഹത്തിനൊപ്പമുള്ള നവലിബറല്‍ മാര്‍ക്സിസ്റ്റ്‌ നേതാക്കളും.

സമഷ്ടിബോധത്തിന്റേയും വര്‍ഗസ്നേഹത്തിന്റേയും തീച്ചൂളയില്‍ തളിര്‍ക്കുന്ന വിപ്ലവവീര്യത്തിന്റേയും അതിന്റെ ഔന്നത്യമായ രക്തസാക്ഷിത്വത്തിന്റേയും തലപ്പുകളെ കരിയിച്ച്‌ അണികളേയും കമ്യൂണിസ്റ്റ്‌ സഹയാത്രികരേയും കബളിപ്പിച്ച്‌ അതിജീവന-അധികാര-രാഷ്ട്രീയത്തിന്റെ യുവത്വമായി അഹങ്കരിക്കുകയാണ്‌ തലകറുപ്പിച്ച ഈ നേതൃമ്മന്യന്മാര്‍!

ആ അവസരവാദത്തിന്റെ ചവിട്ടടിയില്‍പ്പിടയുകയാണ്‌ 1995 ജനുവരി 16ന്‌ പിഡിപി ഗുണ്ടകളുടെ കൊലക്കത്തിക്കിരയായ സക്കീറും, സക്കീറിന്റെ 'രക്ത-ബന്ധങ്ങളും'. തിരുവനന്തപുരം ലോ കോളേജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന സക്കീര്‍ കോളേജ്‌ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അന്നു രാത്രിയിലാണ്‌ പഴയ 'തീപ്പൊരി-മദനിയുടെ' ബ്ലാക്ക്ക്യാറ്റ്‌ കൊലയാളികളുടെ വെട്ടേറ്റ്‌ രക്തസാക്ഷിയായത്‌.

ബലികുടീരങ്ങളെ സ്മരണകളിരമ്പുന്ന രണസ്മാരകങ്ങളായും, രക്തസാക്ഷികളെ ധീരന്മാരായ അമരന്മാരായും ചേതനയിലാവാഹിച്ചതുമൂലം വര്‍ഗശത്രുവിന്റെ വടിവാള്‍ 'മൂര്‍ഛ'ക്കു ബലിയായിത്തീര്‍ന്ന അസംഖ്യം പ്രതിബദ്ധതകളില്‍ ഒരാളായിരുന്നു സക്കീര്‍.

ആ സക്കീറിന്റെ കൊലയാളികളെ സംരക്ഷിച്ചും അന്ന്‌ കൊലയാളികള്‍ക്ക്‌ ജിഹ്വാദ്‌ ഓതിക്കൊടുത്ത ക്രൂരതയ്ക്കൊപ്പം ഇന്ന്‌ വേദി പങ്കിട്ടും പാര്‍ട്ടിയുടെ അടിത്തറ വിപുലമാക്കാന്‍ കോടിയേരിയും കടകംപള്ളി സുരേന്ദ്രനുമടക്കമുള്ളവര്‍ വിടുപണിചെയ്യുകയാണ്‌. ചതിയുടെ ആ കരാളതയ്ക്കെതിരെ സക്കീറിന്റെ കല്ലറയില്‍നിന്നുയരുന്നത്‌ ആവേശമേകുന്ന മന്ത്രങ്ങളല്ല, മറിച്ച്‌ പ്രതിഷേധത്തിന്റെ, പ്രാക്കിന്റെ മുദ്രാവാക്യങ്ങളാണ്‌.

സക്കീറിന്റെ കൊലയാളികളെ പാര്‍ട്ടി-ഭരണവേതാളങ്ങള്‍ സംരക്ഷിക്കുകയാണെന്ന്‌ തിരിച്ചറിയാനുള്ള 'കൊഞ്ഞാണത്തം' നീതിപീഠത്തിനുണ്ടായി. അതുകൊണ്ടാണ്‌ വിദേശത്ത്‌ സുഖവാസ-സുരക്ഷാവാസം ആഘോഷിക്കുന്ന നിര്‍ണായകമായ മൂന്നാം സാക്ഷിയെ കോടതിയില്‍ ഹാജരാക്കണമെന്നും, കഴിയുന്നില്ലെങ്കില്‍ കോടതിയുടെ വിചാരണയ്ക്കായുള്ള വീഡിയോ കോണ്‍ഫറന്‍സിന്‌ വിധേയനാക്കണമെന്നും കേരള ഹൈക്കോടതി രേഖാമൂലം ആഭ്യന്തരവകുപ്പിനോട്‌ ആവശ്യപ്പെട്ടത്‌.

മണിച്ചന്റെ, എസ്‌എന്‍സി ലാവ്ലിന്റെ, സ്വര്‍ണ-വജ്രവ്യാപാരിയുടെ അര്‍ഥവും മദനിയുടെ ആളുകളും മൂലധന സമാഹരണത്തിനുള്ള കുറുക്കുവഴികളാകുമ്പോള്‍ സക്കീറിന്റെ രക്തസാക്ഷിത്വവും കോടതിയുടെ നീതിബോധവും ഈ നേതാക്കള്‍ക്ക്‌ ഉപയോഗം കഴിഞ്ഞ കോണ്‍ഡം പോലെ വെറുക്കപ്പെട്ടതായില്ലെങ്കില്‍ നാം അല്‍ഭുതപ്പെട്ടാല്‍ മതി!

സക്കീറിനോടും സക്കീറിന്റെ 'രക്തബന്ധ'ങ്ങളോടും കാണിച്ച ഏറ്റവും അധമവും ദയാരഹിതവും അക്രമാസക്തവുമായ നന്ദികേടാണ്‌ ആഭ്യന്തരമന്ത്രിയില്‍ നിന്നുണ്ടായത്‌. രക്തസാക്ഷിയെ വിസ്മൃതിയുടെ ചവറ്റുകൊട്ടയിലും കൊലയാളിയെ കുടുക്കാന്‍ നിര്‍ണായകമായ സാക്ഷിയെ വിദേശത്തെ സുരക്ഷാസങ്കേതത്തിലും സൂക്ഷിക്കുന്ന 'ദ്വന്ദ്വമാനഭൗതിക' നിലപാടാണിത്‌. സക്കീറിന്റെ രക്തബന്ധങ്ങള്‍ എന്നു വിവക്ഷിക്കുന്നത്‌ മാതാപിതാക്കളേയോ സഹോദരി സഹോദരന്മാരേയോ മാത്രമല്ല. മറിച്ച്‌ രക്തപതാകയില്‍ നിന്നും രക്തസാക്ഷികളില്‍നിന്നും വര്‍ഗബോധത്തിന്റെയും വിപ്ലവാവേശത്തിന്റേയും പ്രതിബദ്ധതയുടേയും സമര്‍പ്പണത്തിന്റേയും ആര്‍ജവം നെഞ്ചേറ്റിയ എല്ലാവരേയുമാണ്‌. മദ്യ-മണല്‍-ഭൂമി-റിക്രൂട്ട്മെന്റ്‌-റാഗിംഗ്‌-പെണ്‍വാണിഭ മാഫിയകളുമായി കൈകോര്‍ക്കാത്ത, കണ്ണിചേരാത്ത എസ്‌എഫ്‌ഐ ആത്മാര്‍ത്ഥതകളെയാണ്‌. സിന്ധുജോയിക്കോ (ശരീര-സംസാര ഭാഷകളില്‍ ചെറുപിണറായിയായ) സ്വരാജിനോ സ്ഫുടം ചെയ്തെടുത്ത ഈ സംഘബോധം; സക്കീറിനോടുള്ള 'രക്തബന്ധം' ഉള്‍ക്കൊള്ളാനോ മനസിലാക്കാനോ കഴിയില്ല. മറിച്ച്‌ ഈ പറയുന്ന സത്യങ്ങളെ 'പിതൃരഹിത പ്രവര്‍ത്തക ഭാവനയെന്നോ മാധ്യമ സിന്‍ഡിക്കേറ്റ്‌ സൃഷ്ടിയെന്നോ, 'എംബഡഡ്‌ ജര്‍ണലിസ'മെന്നോ മുദ്രകുത്തി, (പറയുന്നവരുള്‍പ്പെടെയുള്ളവരെ) അടിച്ചൊതുക്കി പരിക്കേല്‍പ്പിക്കാന്‍ സാധിച്ചേക്കും. കാരണം സക്കീറിന്റെ സമര്‍പ്പണത്തേക്കാള്‍ കറുത്ത തൊപ്പിവച്ച മുഷ്ക്കിന്റെ ഭള്ളും ഭര്‍ത്സനവും നമ്രശിരസ്ക്കരായി കേട്ടിരിക്കുന്ന നേതാക്കളുടെ അധികാരപ്പാതയാണല്ലോ അവരുടെയൊക്കെ 'പൊന്നരിവാളമ്പിളി'!

മദനിക്കും പിഡിപി വോട്ടിനുംവേണ്ടി സക്കീറിനേയും സക്കീറിന്റെ രക്തസാക്ഷിത്വത്തേയും രക്തബന്ധങ്ങളേയും കോടിയേരിയടക്കമുള്ളവര്‍ ചവുട്ടിച്ചിതറിക്കുന്നതുകാണുമ്പോള്‍ ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരങ്ങളായി ചേതനയില്‍ പൊലിയുന്നത്‌ സഖാവ്‌ കുഞ്ഞാലിയും സഖാവ്‌ മുഹമ്മദ്‌ മുസ്തഫയും സഖാവ്‌ സൈമണ്‍ ബ്രിട്ടോയുമൊക്കെയാണ്‌. കുഞ്ഞാലിയെ വെടിവച്ചുകൊന്നവനേയും മുസ്തഫയെ കുത്തിക്കൊന്നവരില്‍ ഒരുത്തനേയും എംഎല്‍എ.ആക്കുകയും ബ്രിട്ടോയെ കുത്തിവീഴ്ത്തുന്നതിന്‌ ദൃക്‌സാക്ഷിയായിട്ടും വിചാരണവേളയില്‍ കൂറുമാറിയ വ്യക്തിയെ ജില്ലയിലെ പാര്‍ട്ടിയുടെ പ്രമുഖ സഖാവായി അംഗീകരിക്കുകയും ചെയ്ത അവസരവാദ-വര്‍ഗീയ പ്രീണന-വര്‍ഗവിരുദ്ധ-അടവുനയത്തെ അതുകൊണ്ട്‌ നമുക്കിങ്ങനെ അഭിവാദ്യം ചെയ്യാം -
'ലാല്‍സലാം അലൈക്കും'

1 comments :

  1. Anonymous said...

    ഒരു സ്മര്‍ട്ടു ലാത്സലാമലൈക്കും...
    പേരുമാറിയാല്‍ ആളുമാറി...
    ഇഠില്‍ പരാമര്‍ശിച്ചവരുടെയെല്ലാം പേരുമാറി, ആയതിനാല്‍ താങ്കള്‍ ഉദ്ദേശിക്കുന്നവര്‍ ആരുമായും പര്‍ട്ടിക്കു ബന്ധം ഇല്ല...

    'ലാല്‍സലാം അലൈക്കും'"