Thursday, November 29, 2007

കൊതുകാണു താരം!

വേഴാമ്പല്‍ കേരളത്തിന്റെ സംസ്ഥാനപക്ഷിയാണ്‌.

ഈ പക്ഷിയെ സാധാരണഗതിയില്‍ നാട്ടുകാര്‍ക്ക്‌ കാണാന്‍പറ്റില്ല. ആള്‍ വിഐപിയാണ്‌. അക്കാരണത്താല്‍ കാഴ്ചബംഗ്ലാവിലാണ്‌ താമസം.

പേര്‌ വേഴാമ്പല്‍ എന്നാണെങ്കിലും നമ്മുടെ കാഴ്ചബംഗ്ലാവിലെ പരിചരണത്തിന്റെ ഗുണംകൊണ്ട്‌ വേഴാമ്പല്‍ ഒരുമാതിരി തൂങ്ങാമ്പല്‍ പരുവത്തിലാണ്‌ കാണപ്പെടുക. സത്യത്തില്‍ കേരളത്തിന്റെസംസ്ഥാന പക്ഷിയാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ കൊതുകാണ്‌!

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും നിറയെ കൊതുകുകളാണ്‌. തന്നെയല്ല കൊതുകുകള്‍ക്ക്‌ യാതൊരുവിധ അഹങ്കാരവുമില്ല. ഒരു പണിയുമില്ലാതെ വായ്നോക്കി നടക്കുന്ന കൊച്ചിയിലെ ചുള്ളന്മാരെ മാത്രമല്ല; തക്കംകിട്ടിയാല്‍ അംബാനിസഹോദരന്മാരെപ്പോലും സ്നേഹിക്കാനും സ്നേഹം മൂത്ത്‌ കടിച്ചുപറിക്കാനും ഒരു കൊതുകിനും മടിയുണ്ടാകില്ല.

വാട്ടര്‍അതോറിറ്റിയുടെ ശുദ്ധജല ടാങ്കില്‍ മാത്രമല്ല; ഏതു മലിന ജലത്തിലും മുട്ടയിടാന്‍ വിനീതരാണ്‌ കൊതുകുകള്‍. മലയാളിയെപ്പോലെ തന്നെ ഏതൊരവസ്ഥയുമായും ഇഴുകിച്ചേരാനുള്ള കൊതുകുകളുടെ ഈ സാമര്‍ത്ഥ്യം ഒന്നുമാത്രം മതി അവയെ ദേശീയപക്ഷിയാക്കി വാഴിക്കാന്‍!

കൊതുകിനെ ദേശീയ പക്ഷിയാക്കണമെന്ന നിര്‍ദ്ദേശത്തിനു പിന്നില്‍ മറ്റൊരു സദുദ്ദേശ്യമുണ്ട്‌. നമ്മുടെ നാട്ടില്‍ എന്തൊക്കെ ദേശസാല്‍ക്കരിച്ചാലും അതിന്റെ പണി തീര്‍ന്നുകിട്ടും എന്നതാണ്‌ കാര്യം. ദേശീയ പക്ഷി എന്ന പ്രയോഗം മാത്രം മതി കൊതുകുകളുടെ കാര്യം കഷ്ടത്തിലാക്കാന്‍. അവരെ പിന്നെ സര്‍ക്കാരോ നാട്ടുകാരോ തിരിഞ്ഞുപോലും നോക്കില്ല!

കൊച്ചിയിലും കോഴിക്കോട്ടും അനന്തപുരിയിലും കോര്‍പ്പറേഷന്‍ ഭരിക്കുന്ന സാറന്മാര്‍ക്ക്‌ പ്രതിപക്ഷത്തുനിന്നേല്‍ക്കുന്ന പ്രധാന'കടി' കൊതുകുകടിയെ ചൊല്ലിയാണ്‌. ആ കടിയൊക്കെ മാറിക്കിട്ടും! ആര്‍ക്കും കൊതുകിന്‌ മരുന്നടിക്കാന്‍ നടക്കേണ്ടിവരില്ല.

തന്നെയല്ല രോഗം പരത്താന്‍ പിന്നെ ആളുണ്ടാകാത്ത അവസ്ഥ സംജാതമാവുകയും ചെയ്യും. അങ്ങനെ രോഗികളില്ലാതാകുന്ന കേരളത്തില്‍ ഡോക്ടര്‍മാര്‍ വേണ്ടാതാകും.

ഒറ്റയടിക്ക്‌ ശ്രീമതിയും പാലോളിയും തുടങ്ങി എത്രയെത്ര മന്ത്രിമാരുടെ തലവേദനകള്‍- കൊതുകടികളാല്‍ മാറിക്കിട്ടും

0 comments :