Monday, November 5, 2007

ഫ്രൈഡ്‌ റൈസ്‌ 'സംജാത'മാകുമോ...?

നികേഷിന്റ ഭാഷയില്‍ ".... അങ്ങനെ പാക്കിസ്ഥാനില്‍ അടിയന്തരാവസ്ഥ 'സംജാത'മായിരിക്കുന്നു." ഇന്ത്യാ മഹാരാജ്യത്ത്‌ ഈ സംഭവം എന്തെന്തു പ്രത്യാഘാതങ്ങള്‍ 'സംജാത'മാക്കും എന്നാണിനി അറിയാനുള്ളത്‌.

പാക്കിസ്ഥാനില്‍ അണുബോംബുണ്ട്‌. അതാരുടെ കീശയിലാണെന്ന്‌ അല്ലാഹുവിനു മാത്രമെ അറിയൂ. ചിക്കുന്‍ ഗുനിയാ പരത്തുന്ന അണുവിനെപ്പോലും പ്രതിരോധിക്കാനാവാത്ത നമ്മുടെ അധികാരികള്‍ 'പ്രതിരോധിക്കും', 'പ്രതിരോധിക്കും' എന്ന്‌ നാഴികയ്ക്ക്‌ നാല്‍പതുവട്ടം പ്രസ്താവിച്ചാലും നാട്ടുകാര്‍ക്ക്‌ അത്ര ധൈര്യം വരുന്നില്ല.

അന്തോണിച്ചന്‍, രാജ്യം എന്തിനും തയ്യാറാണെന്നാണ്‌ പറയുന്നത്‌. അന്തോണിച്ചന്റെ കയ്യില്‍ ഒരു അണുബോംബിരിപ്പുണ്ടായിരുന്നു. ആ അണുബോംബിന്റെ പേര്‌ 'കരുണാകര്‍ജി' എന്നാകുന്നു. ബോംബിപ്പോള്‍ ചാണ്ടി, ചെന്നിത്തല പ്രഭൃതികള്‍ക്കുനേരെ എറിഞ്ഞിരിക്കുകയാണിപ്പോള്‍ അന്തോണിച്ചന്‍! മൊഹ്സിന കിഡ്വായിയുടെ വരവും പോക്കും ആ ബോംബെടുത്ത്‌ കോണ്‍ഗ്രസിന്റെ മടിയില്‍ വയ്ക്കണോ എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു. പാക്കിസ്ഥാനിലെ അടിയന്തരാവസ്ഥയും അണുബോംബുമല്ല രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ വിഷയമെന്നു സാരം!

ഇനിയിപ്പോള്‍ നമ്മള്‍ ഭാരതീയര്‍ക്ക്‌ ശരണം പ്രാപിക്കാനുള്ളത്‌ കോണ്ടലീസ റൈസ്‌ എന്ന ചേച്ചിയെയാണ്‌. കഞ്ഞിക്കു മുട്ടുണ്ടെങ്കിലും നമുക്ക്‌ ധൈര്യമായിട്ട്‌ റൈസിനെ മുട്ടാം. കാരണം മനോമോഹനന്‍ സിംഹത്തിന്റെ അടുത്തയാളാകുന്നു ഈ റൈസ്‌. റൈസുമായി ആണവ കരാര്‍ കാര്യത്തില്‍ സഹകരിച്ചു പോയാല്‍ ദിവസവും ഭാരതീയര്‍ക്ക്‌ ഫ്രൈഡ്‌ റൈസ്‌ കഴിക്കാമെന്ന്‌ സിംഹം കുറേക്കാലമയി പറഞ്ഞു തുടങ്ങിയിട്ട്‌.

ചരിത്രപരമയ മണ്ടത്തരം മാത്രമല്ല, ചരിത്രപരമായ ചില ദൗത്യങ്ങളും തങ്ങള്‍ക്കുണ്ടെന്ന പിടിവാശി പിടിച്ച്‌ ഇടതുപക്ഷം റൈസിന്റെയും സിംഹത്തിന്റെയും ഇംഗിതങ്ങല്‍ക്ക്‌ തല്‍ക്കാലം പാരവച്ചിരിക്കുകയയിരുന്നു.

അടിയന്തരാവസ്ഥയുടെ സാഹചര്യത്തില്‍ ഇടതുപക്ഷം അയഞ്ഞു തരുമോ, റൈസുമായുള്ള സംബന്ധം നടക്കുമോ, തുടങ്ങിയ ചോദ്യങ്ങള്‍ കൂടി 'സംജാത'മായിരിക്കുന്നു...

0 comments :