Saturday, November 10, 2007

മുല്ലപ്പെരിയാര്‍: ആശങ്ക വര്‍ധിക്കുന്നത്‌ വിഎസും പിണറായിയും അറിയുന്നില്ലേ?

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ വര്‍ധിക്കുകയാണെന്ന്‌ ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ വിലപിക്കുമ്പോഴും കേരള മുഖ്യമന്ത്രിക്കും ഇടതുപക്ഷ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന പിണറായി വിജയനും അത്‌ പ്രശ്നമാകാതെ പോകുന്നതെന്തുകൊണ്ട്‌.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇപ്പോഴും കരുണാനിധിയുടെയും തമിഴ്‌നാടിന്റെയും നിലപാടിനോടൊപ്പമാണ്‌ കേന്ദ്രസര്‍ക്കാര്‍.

മുല്ലപ്പെരിയാര്‍ സംബന്ധിച്ച ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന്‌ ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന്‌ പ്രേമചന്ദ്രന്‍ പറയുമ്പോള്‍ വിദഗ്ദ്ധ സമിതി നല്‍കുന്ന മുന്നറിയിപ്പ്‌ ധീഷണമാണ്‌.

"സുര്‍ക്കി മിശ്രിതം ഒഴുകിപോകുന്ന മുല്ലപ്പെരിയാര്‍ഡാം ഭൂചലനമുണ്ടായാല്‍ തകരും" എന്നാണ്‌ വിദഗ്ദ്ധ സമിതിയുടെ നിരീക്ഷണം. ചോര്‍ച്ച കൂടിയതിനെ തുടര്‍ന്ന്‌ ഡാം പരിശോധിച്ച വിദഗ്ദ്ധ സമിതി അംഗം എം. ശശിധരനാണ്‌ ഈ ഭീഷണി വെളിപ്പെടുത്തിയത്‌.

അതേസമയം ഡാമിന്റെ സുരക്ഷ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിദഗ്ദ്ധരെ സംയുക്ത പരിശോധനക്ക്‌ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട്‌ ഇതുവരെ അംഗീകരിച്ചിട്ടില്ല. മാത്രമല്ല ഡാമില്‍ നിന്നുള്ള സ്വീപേജ്‌ വാട്ടറിന്റെ അളവ്‌ ശേഖരിക്കാനും കേരളത്തിന്‌ അനുമതിയില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ ഡാം ദുര്‍ബലമായ അവസ്ഥയിലാണെന്നാണ്‌.

136 അടിക്കു മുകളില്‍ ജലനിരപ്പ്‌ ഉയരുമ്പോള്‍ ഉണ്ടാകുന്ന അധിക മര്‍ദ്ദം താങ്ങാന്‍ ഡാമിന്‌ കഴിയില്ല എന്നതിന്‌ തെളിവാണ്‌ ഈ ചോര്‍ച്ച. ഡാമിന്റെ ഗാലറിയിലും ചോര്‍ച്ചയുണ്ട്‌. ഇങ്ങനെ ഒഴുകുന്ന ജലമാണ്‌ ഫൗണ്ടേഷനിലൂടെ പുറത്തേക്കൊഴുകുന്നത്‌. ഇതാണ്‌ ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നത്‌.

സ്ഥിതി ഇതായിരിക്കെ കേരളത്തിന്റെയും പെരിയാര്‍ തീരത്ത്‌ താമസിക്കുന്ന ജനങ്ങളുടെയും ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ശ്രമിക്കുന്നില്ല എന്നതാണ്‌ പ്രതിഷേധാര്‍ഹമായ വസ്തുത. യുപിഎ സര്‍ക്കാര്‍ എന്ന മച്ച്‌ താങ്ങിനിര്‍ത്തുന്ന ഗൗളികളാണ്‌ തങ്ങളെന്ന്‌ അവകാശപ്പെടുന്ന ഈ സഖാക്കള്‍ക്ക്‌ കേരളത്തെ ഉറ്റുനോക്കുന്ന കഠിനമായ ഈ ഭീഷണി മനസിലാകില്ല എന്ന്‌ പറഞ്ഞാല്‍ അത്‌ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്‌. വാലുമുറിച്ചിട്ട്‌ എതിരാളികളില്‍ നിന്ന്‌ രക്ഷപ്പെടുന്ന തന്ത്രമാണ്‌ പ്രഖ്യാപനങ്ങളിലൂടെ ഇവര്‍ നടത്തുന്നത്‌.

ഇതോടൊപ്പം കേന്ദ്രമന്ത്രിമാരായ ആന്റണിജി, വയലാര്‍ജി, അഹമ്മദ്ജി കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കളായ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഈ പ്രശ്നത്തില്‍ പുലര്‍ത്തുന്ന ഉപേക്ഷയും ശ്രദ്ധേയമാണ്‌. ഇടതുപക്ഷ സര്‍ക്കാരിനെതിരെയും നേതാക്കള്‍ക്കെതിരെയും നാഴികക്ക്‌ നാല്‍പതുവട്ടം പ്രസ്താവനകളിറക്കുന്ന ഈ നേതാക്കള്‍ക്ക്‌, അവരുടെ കൂടെ വോട്ടുബാങ്കായ പെരിയാര്‍ തീരത്തെ നിവാസികളുടെ പ്രശ്നം നിസാരമെന്ന്‌ വരുമ്പോള്‍ തിരിച്ചറിയുക ഒരു മോര്‍ബി അപകടത്തിലേക്കാണ്‌ കേരളം നീങ്ങുന്നത്‌. അത്‌ രാഷ്ട്രീയമാവാം, ഭൗതികമാവാം. രണ്ടായാലും കൂട്ടമരണം തന്നെ ഫലം. അന്ന്‌ ചിലപ്പോള്‍ ജഡം ശേഖരിക്കാന്‍ ആര്‍എസ്‌എസുകാര്‍ എത്തിയേക്കാം.

0 comments :