Saturday, November 3, 2007

സഭയും സര്‍ക്കാരും നടത്തുന്ന തീക്കളി

അധികാരഗര്‍വിന്റെ കരാളരൂപങ്ങളായി കത്തോലിക്കാ സഭയും കേരള സര്‍ക്കാരും കഴിഞ്ഞ കുറേ നാളുകളായി നടത്തുന്ന അന്യോന്യ പോര്‍വിളി രണ്ടുകൂട്ടരേയും അംഗീകരിക്കുന്ന അണികള്‍ക്കും പിന്‍ഗാമികള്‍ക്കും സഹിക്കാന്‍ കഴിയുന്നതിനുമപ്പുറം എത്തിയിരിക്കുന്നു.

രണ്ടാം വിമോചനസമര ഭീഷണിയുയര്‍ത്തി കത്തോലിക്കാ സഭ കുഞ്ഞാടുകളെ ഇളക്കിവിട്ടത്‌ എം എ ബേബിയുടെ വികലചിന്തയില്‍ രൂപംകൊണ്ട വിദ്യാഭ്യാസ നിയമവും അത്‌ നടപ്പിലാക്കാന്‍ കാണിച്ച അനാവശ്യ വ്യഗ്രതയുമായിരുന്നു. ഇക്കാര്യത്തില്‍ രണ്ടു കൂട്ടരുടെയും അഹന്ത അംഗീകാരിക്കാന്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തയ്യാറാകാതിരുന്നതുകൊണ്ട്‌ വലിയൊരു സംഘര്‍ഷാവസ്ഥയില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ സാധിച്ചു.

തുടര്‍ന്നാണ്‌ കൂദാശവിവാദം ചിലരെല്ലാം, ചില നികൃഷ്ടലാഭങ്ങള്‍ക്കുവേണ്ടി പൊക്കിക്കൊണ്ടുവന്നത്‌. അതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതായിവന്ന പ്രതികരണം വീണ്ടും പ്രശ്നം വഷളാക്കി. സംഘശക്തികൊണ്ട്‌ സര്‍ക്കാരിനെ നേരിടാനാണ്‌ കത്തോലിക്കാ സഭ പിന്നീട്‌ തീരുമാനിച്ചത്‌. അതിന്റെ അടിസ്ഥാനത്തില്‍ താമരശേരി രൂപതയുടെ കീഴിലുള്ള സ്കൂളുകളെല്ലാം ഒക്ടോബര്‍ 17-ാ‍ം തീയതി അടച്ചിട്ടുകൊണ്ട്‌, പ്രത്യക്ഷ പ്രക്ഷോഭത്തിന്റെ സൂചനയായി ഒരു ദിവസത്തെ സമരം നടത്തി.

ഈ സമരത്തോട്‌ സര്‍ക്കാര്‍ പുലര്‍ത്തിയ സമീപനമാണ്‌ ഇപ്പോള്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌. അന്ന്‌ സമരം നടത്തിയ 1500 അധ്യാപകരുടെ ഒരു ദിവസത്തെ ശമ്പളം തടഞ്ഞുവച്ചു. സൂപ്പര്‍ ആന്വേഷനില്‍ തുടരുന്ന എണ്‍പതോളം അധ്യാപകരെ പിരിച്ചുവിട്ടു. അധ്യാപകേതര ജീവനക്കാരുടെ ശമ്പളവും തടഞ്ഞുവച്ചു.

കെഇആര്‍ പ്രകാരം സ്കൂളുകള്‍ക്ക്‌ അവധി നല്‍കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക്‌ അധികാരമുണ്ട്‌. ആ ചട്ടമനുസരിച്ച്‌ താമരശേരി രൂപതയുടെ കീഴിലെ സ്കൂളുകള്‍ ഒക്ടോബര്‍ 17-ാ‍ം തീയതി അടച്ചിട്ടതിനെ ന്യായീകരിക്കാന്‍ കഴിയും. (അതിന്റെ ലക്ഷ്യം സ്വീകാര്യമല്ലെങ്കില്‍പോലും).

ഹെഡ്മാസ്റ്റര്‍മാരുടെ ഈ അധികാരത്തിന്മേലാണ്‌ രാഷ്ട്രീയ മുന്‍വിധിയോടെയും പ്രതികാരബുദ്ധിയോടെയും വിദ്യാഭ്യാസ വകുപ്പിലൂടെ സര്‍ക്കാര്‍ കടന്നുകയറിയിരിക്കുന്നത്‌.

ഒരു മുറ്റത്ത്‌ രണ്ടു കച്ചവടം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഒക്ടോബര്‍ 17-ാ‍ം തീയതി പണിമുടക്കിയ അധ്യാപകരുടെ ശമ്പളം തടഞ്ഞുവച്ച സര്‍ക്കാര്‍ കഴിഞ്ഞ 30ന്‌ സര്‍ക്കാര്‍ പിന്തുണയോടെ സമരം നടത്തിയ അധ്യാപകരുടെ ശമ്പളം തടഞ്ഞുവയ്ക്കുമോ? ആരേയെങ്കിലും പിരിച്ചുവിടുമോ? ഇല്ല.

അതായത്‌ വീണ്ടും സര്‍ക്കാരിന്റെ വീണ്ടുവിചാരമില്ലാത്ത, രാഷ്ട്രീയ പ്രതികാരം നിറഞ്ഞ ഒരു നടപടിയിലൂടെ കത്തോലിക്കാ സഭയെ പ്രകോപിപ്പിച്ചിരിക്കയാണ്‌ ബന്ധപ്പെട്ടവര്‍.

മോങ്ങാനിരിക്കുന്ന നായയുടെ തലയില്‍ തേങ്ങയിടുന്ന ഈ നടപടിയില്‍ നിന്ന്‌ സര്‍ക്കാരും, ജീവനക്കാരെ ബലികൊടുത്തുകൊണ്ടുള്ള സഭാ സംരക്ഷണ സമരത്തില്‍നിന്ന്‌ കത്തോലിക്കാ സഭയും പിന്മാറിയേ തീരൂ.

0 comments :