Wednesday, November 21, 2007

പിണറായി - അമ്മ ബന്ധം പുതിയ വിവാദമാകുന്നു




അമൃതാനന്ദമയിയെ വാഴ്ത്തി സുധാകരനും കെഇഎന്‍ കുഞ്ഞഹമ്മദും

പിണറായിയെ അമ്മയുമായി അടുപ്പിച്ചത്‌ എസ്‌എന്‍സി ലാവ്ലിന്‍ ഇടപാട്‌





ഹിമജ


തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ പരോക്ഷമായി പുകഴ്ത്തി മന്ത്രി ജി. സുധാകരനും, പിണറായിപക്ഷത്തിന്റെ ശക്തനായ വ്യാഖ്യാതാവ്‌ പ്രൊഫ. കെഇഎന്‍ കുഞ്ഞഹമ്മദും രംഗത്തെത്തിയത്‌ പുതിയ വിവാദമാകുന്നു. പിണറായി വിജയന്‌ മാതാ അമൃതാനന്ദമയിയോടുള്ള പ്രത്യേക മമതയുടെ സ്വരമാണ്‌ ഇരുവരുടെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നതെന്ന്‌ വിമര്‍ശകര്‍ ആരോപിക്കുന്നു. ഇതാണ്‌ പാര്‍ട്ടിക്കുള്ളില്‍ പുതിയ ചര്‍ച്ചക്കും വിവാദത്തിനും വഴിതെളിച്ചിട്ടുള്ളത്‌.


സോളിഡാരിറ്റി സംഘടിപ്പിച്ച 'മതവും ആള്‍ ദൈവങ്ങളും' എന്ന വിഷയത്തെക്കുറിച്ചു നടന്ന സംസ്ഥാന സംവാദം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കേയാണ്‌ ജി. സുധാകരന്‍ മാതാ അമൃതാനന്ദമയിയെ പരോക്ഷമായി പ്രശംസിച്ചത്‌. മംഗളം പത്രത്തിലെ 'ഇടപെടല്‍' എന്ന പ്രതിവാര പംക്തിയിലാണ്‌ കെഇഎന്‍ അമ്മയെ വാഴ്ത്തിയത്‌.


മാനന്തവാടി ബിഷപ്പിനേയും തന്ത്രിമാരേയും ദൈവത്തിന്റെ മറ്റു പ്രതിപുരുഷന്മാരേയും ആള്‍ ദൈവങ്ങളേയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച സുധാകരന്‍, അമ്മയെ അവര്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരിലാണ്‌ പ്രശംസിച്ചത്‌. 'ആള്‍ ദൈവങ്ങള്‍ എന്ന്‌ ആക്ഷേപിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നവര്‍ നടത്തുന്ന സാമൂഹിക സേവനങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കരു'തെന്നായിരുന്നു സുധാകരന്റെ ഉദ്ബോധനം. 'അമൃതാനന്ദമയി ചെയ്യുന്ന നല്ല കാര്യങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. ശബരിമലയില്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമ്പോള്‍ അമൃതാനന്ദമയിയുടെ സ്ഥാപനത്തിലെ ഡോക്ടര്‍മാര്‍ അവിടെ സേവനം നടത്തുന്നു' സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


ദൈവീകശക്തിയുണ്ടെന്ന്‌ അവകാശപ്പെടുന്ന സ്ത്രീകളെ വിമര്‍ശിക്കുന്ന 'ആള്‍ ദൈവങ്ങളോ, ആള്‍ പിടിയന്‍ ദൈവങ്ങളോ' എന്ന ലേഖനത്തിലാണ്‌ കെ.ഇ.എന്‍. അമൃതാനന്ദമയിയെ വേറിട്ട്‌ കണ്ട്‌ വാഴ്ത്തിയത്‌. 'നിരവധി പേര്‍ക്കിടയില്‍ നിന്ന്‌ ഒരു പ്രത്യേക മനുഷ്യന്റെ സാന്നിധ്യം വിവരണ വിധേയമല്ലാത്തവിധം നിങ്ങളെയാകെ ആകര്‍ഷിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ ഉള്ളില്‍ പ്രയോജനവാദത്തിന്റെ കറപുരളാത്ത ഒരു കുളിര്‍മ അനുഭവപ്പെടുന്നുണ്ടെങ്കില്‍, പരസ്പരം തിരിച്ചറിയാതെ ഒരു കൂടിക്കാഴ്ചയെ സാധ്യമാക്കിയ സാമൂഹിക സന്ദര്‍ഭങ്ങളുടെ സാമാന്യതയ്ക്കപ്പുറം സവിശേഷമായി ഇനിയും കണ്ടുപിടിക്കേണ്ട യാതൊന്നും അതിലില്ലെന്ന്‌ എന്തിന്‌ ശാഠ്യം പിടിക്കണം? പത്താള്‍ക്ക്‌ സ്നേഹപൂര്‍വം കൈകൊടുത്തു കഴിയുമ്പോഴേയ്ക്ക്‌ ക്ഷീണിച്ചുപോകുന്നവര്‍ ആയിരങ്ങളെ ആശ്ലേഷിക്കുന്നതിലെ മനുഷ്യാധ്വാനത്തെ അവഗണിക്കുന്നതെന്തിന്‌' എന്നാണ്‌ കെ.ഇ.എന്‍. ചോദിക്കുന്നത്‌. പിണറായി വിജയനും മാതാ അമൃതാനന്ദമയിയും തമ്മിലുള്ള പ്രത്യേക മമതാബന്ധത്തെയാണ്‌ ഇരുവരും ന്യായീകരിക്കുന്നതെന്ന്‌ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ബന്ധം മൂലമാണ്‌ പിണറായിയുടെ പുത്രിക്ക്‌ അമൃതാനന്ദമയിയുടെ കോളേജില്‍ പ്രത്യേക പരിഗണനയോടെ അഡ്മിഷന്‍ കിട്ടിയതെന്നും, അമ്മയുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന സര്‍ക്കിളില്‍ ഉള്‍പ്പെട്ടതെന്നും ഇവര്‍ പറയുന്നു.എസ്‌എന്‍സി ലാവ്ലിന്‍ വിവാദം മൂര്‍ഛിച്ചതോടെ പിണറായി-അമ്മ ബന്ധം കൂടുതല്‍ സുദൃഢമായി എന്നും ഇവര്‍ പറയുന്നു.


ഈ അഴിമതി സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ്‌ അന്വേഷണം പിണറായിക്ക്‌ അനുകൂലമായതും അമ്മയിലൂടെയാണത്രെ. കേസ്‌ അന്വേഷിച്ച വിജിലന്‍സ്‌ ഓഫീസര്‍ പ്രതാപനും അന്നത്തെ വിജിലന്‍സ്‌ ഡയറക്ടര്‍ ഉപേന്ദ്രവര്‍മ്മയും അമ്മയുടെ കടുത്ത ആരാധകരായിരുന്നു. പിണറായിയുടെ സുഹൃത്തുക്കളായ വ്യവസായികളില്‍ പ്രമുഖനായ ക്യാപ്റ്റന്‍ കൃഷ്ണന്‍നായരും അമ്മയുടെ അടുത്ത ശിഷ്യന്മാരില്‍ ഒരാളാണ്‌. ഈ ബന്ധങ്ങളാണ്‌ വിജിലന്‍സ്‌ അന്വേഷണത്തെ സ്വാധീനിച്ച ഘടകങ്ങളെന്നു ചൂണ്ടിക്കാട്ടുന്നു.


സിബിഐ അന്വേഷണത്തെ രാഷ്ട്രീയമായി അനുകൂലമാക്കുന്നതിനൊപ്പം അമ്മയുമായുള്ള ബന്ധത്തിലൂടെ അതിനെ കൂടുതല്‍ അനുകൂലമാക്കാന്‍ കഴിയുമെന്നും പിണറായി കരുതുന്നുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.


മകന്റെ ബര്‍മിങ്‌ഹാം യൂണിവേഴ്സിറ്റി പ്രവേശനം സംബന്ധിച്ച വിവാദം ചൂടുപിടിക്കുന്നതിനിടയിലാണ്‌ പുതിയ ഈ വിവാദവും വാര്‍ത്തയാകുന്നത്‌.

1 comments :

  1. ഇബ്രാഹിം സിദ്ധീഖ്, ഖത്തര്‍ said...

    ചോറു തിന്നുന്നവന്‍ ഇതിനു മറുപടി പറയില്ല...
    കെ ഇ എന്‍ ലേഖനം മുഴുവന്‍ വായിച്ചില്ലെന്നു തോന്നുന്നു..

    ഇബ്രാഹീം സിദ്ധീഖ്.
    ദുബൈ.