Monday, November 19, 2007

മനുഷ്യത്വം അന്യമായ കോടതികളും വിധികളും

ആഗോളീകരണത്തിന്റെ നാളുകളില്‍ കോടതികളും അധിനിവേശ-മൂലധന ശക്തികളുടെ
അഞ്ചാംപത്തികളായി മാറുകയാണോ എന്ന്‌ ഇന്ത്യയിലെ സാധാരണക്കാരെകൊണ്ട്‌
നിര്‍ബന്ധപൂര്‍വം ചിന്തിപ്പിക്കുന്ന തരത്തിലാണ്‌ കഴിഞ്ഞ കുറേ നാളുകളായി
പരമോന്നത നീതിപീഠങ്ങളില്‍നിന്നുള്ള ഉത്തരവുകള്‍ ഉണ്ടായിട്ടുള്ളത്‌.

സംസ്ഥാനങ്ങളിലെ ഹൈക്കോടതികളും രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം
കോടതിയും ഇക്കാര്യത്തില്‍ മത്സരിക്കുന്നതിന്റെ ഗര്‍ഹണീയ കാഴ്ചകളാണ്‌
ഇന്ത്യന്‍ പൗരന്റെ സമാധാനം കെടുത്തുന്നത്‌. ഭരണത്തിന്റെ ആദ്യ രണ്ട്‌
ഘടകങ്ങളായ ലജിസ്ലേച്ചറും എക്സിക്യൂട്ടീവും അവരുടെ നിയമങ്ങള്‍
നടപ്പിലാക്കാനുള്ള പോലീസും സാധാരണ പൗരന്‌ മാന്യനായി, അഭിമാനപൂര്‍വം
ജീവിക്കാനുള്ള പരിസരം ഉന്മൂലനം ചെയ്യുമ്പോള്‍ അതിനെതിരെ
അവകാശസംരക്ഷണത്തിന്‌ ഇതുവരെ സമീപിക്കാന്‍ കഴിഞ്ഞിരുന്ന സംവിധാനമാണ്‌
ന്യായാസനങ്ങള്‍. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി പൗരന്മാരെ
പീഡിപ്പിക്കുന്ന പീഡകകേന്ദ്രമായി കോടതികള്‍ മാറിക്കഴിഞ്ഞുവെന്ന്‌, അവയുടെ
ജനവിരുദ്ധവിധികള്‍ തെളിയിക്കുന്നു.

തൊഴിലാളികള്‍ക്ക്‌ സമരം ചെയ്യാനുള്ള അവകാശം റദ്ദാക്കിയ തമിഴ്‌നാട്‌
ഹൈക്കോടതിയും, കൊക്കകോള, സ്വാശ്രയ കേസുകളില്‍ വിധി പ്രഖ്യാപിച്ച കേരള
ഹൈക്കോടതിയും പീഡനത്തിന്റെ ഈ ദണ്ഡുകളായിരുന്നു വീശിയത്‌.

അതിന്റെ ചുവടുപിടിച്ചാണെന്നുതോന്നുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി, കേരള
ഹൈക്കോടതി സ്ത്രീകളുടെ മാന്യത തകര്‍ത്ത്‌ അവരെ ലൈംഗിക
ഉപകരണങ്ങളാക്കിമാറ്റി മുതലെടുപ്പിന്റെ തന്ത്രം പയറ്റിയ രാഷ്ട്രീയ
നേതാക്കന്മാര്‍ക്ക്‌ അനുകൂലമായ വിധി പ്രഖ്യാപിച്ചത്‌.

കേരളത്തെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ചിന്തിക്കുന്ന ജനവിഭാഗത്തെയാകെ
ആശങ്കാകുലരാക്കിയ സ്ത്രീപീഡനങ്ങളാണ്‌ സൂര്യനെല്ലിയിലും കോഴിക്കോട്‌
ഐസ്ക്രീം പാര്‍ലറിലും നടന്നത്‌. അന്ന്‌ കേന്ദ്രമന്ത്രിയായിരുന്ന പി.ജെ.
കുര്യന്‍ സൂര്യനെല്ലിക്കേസിലും സംസ്ഥാന മന്ത്രിയായിരുന്ന
കുഞ്ഞാലിക്കുട്ടി ഐസ്ക്രീം പാര്‍ലര്‍ കേസിലും
മുഖ്യപ്രതികളായിരുന്നുവെന്ന്‌ ഇരകളും സാക്ഷികളും വിചാരണക്കോടതികളില്‍
മൊഴിനല്‍കിയിട്ടും ഈ ദുഷ്ടതകള്‍ക്കെതിരെ വിധിയെഴുതാന്‍ എന്തുകൊണ്ടോ
ന്യായാധിപന്മാരുടെ പേനകള്‍ക്ക്‌ ശക്തിയില്ലാതെപോയി. ഇൌ‍ കേസുകള്‍
സംബന്ധിച്ച്‌ പോലീസ്‌ നടത്തിയ അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍
ഇരുമന്ത്രിമാരും അവരുടെ പാര്‍ട്ടികളും കോടികളാണ്‌ ഒഴുക്കിയത്‌. അന്വേഷണ
ഉദ്യോഗസ്ഥരെ മാത്രമല്ല, ഇരകളേയും അവരുടെ ബന്ധുക്കളെയും പണം കൊടുത്ത്‌
പ്രലോഭിപ്പിച്ച്‌ കൂറുമാറ്റാനുള്ള ശ്രമവും നടന്നിരുന്നു. ഇത്‌ ഏതു
പോലീസുകാരനും അറിയാവുന്ന സത്യമാണ്‌.

എന്നാല്‍ നിയമജ്ഞരെന്നും വിവേകശാലികളെന്നും നിഷ്പക്ഷരെന്നും
നീതിബോധമുള്ളവരെന്നും സാധാരണക്കാര്‍ വിശ്വസിച്ചിരുന്ന
ന്യായാധിപന്മാര്‍ക്ക്‌ ഈ സത്യം ഉള്‍ക്കൊള്ളാനുള്ള മനസുണ്ടാകാതെപോയത്‌
എന്തുകൊണ്ടാണെന്ന്‌ വ്യവഛേദിക്കേണ്ടതുണ്ട്‌. നീതിക്കും
നീതിനിഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടി നിലകൊള്ളേണ്ടവര്‍, കേവല സാങ്കേതിക
ന്യായങ്ങളുടെ മറവില്‍ മുതലെടുപ്പിന്റെ ശക്തികള്‍ക്കും ലൈംഗികപീഡകര്‍ക്കും
അനുകൂലമായ വിധി പ്രഖ്യാപിക്കുമ്പോള്‍ സാധാരണക്കാരുടെ മനസിലുണ്ടാകുന്ന
നിരീക്ഷണങ്ങള്‍ തീര്‍ച്ചയായും കോടതികള്‍ക്കും ന്യായാധിപന്മാര്‍ക്കും
എതിരുതന്നെയാണ്‌. എന്നാല്‍ അത്‌ തുറന്നുപറഞ്ഞാല്‍ കോടതി അലക്ഷ്യമെന്ന
ഉമ്മാക്കി കാട്ടി ന്യായത്തിനുവേണ്ടി വാദിക്കുന്നവരുടെയും നീതിക്കുവേണ്ടി
നിലകൊള്ളുന്നവരുടെയും വായടപ്പിക്കാന്‍ ഈ ന്യായാധിപന്മാര്‍ക്ക്‌
അധികാരമുണ്ട്‌. ഈ അധികാരത്തിന്റെ മറവിലാണ്‌ ഇവര്‍ കാട്ടുന്ന പല
അസത്യങ്ങളും ചര്‍ച്ച ചെയ്യിപ്പിക്കാതിരിക്കാന്‍ ഇവര്‍ക്ക്‌ കഴിയുന്നത്‌.

അതുകൊണ്ടാണ്‌ സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനേയും ഐസ്ക്രീം
പാര്‍ലര്‍കേസില്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ള വമ്പന്മാരേയും
കുറ്റവിമുക്തരാക്കിയിട്ടും ജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രതിഷേധം,
അവയുടെ തനത്‌ രൂപത്തിലും ഭാവത്തിലും ശക്തിയിലും പുറത്തുവരാതിരുന്നത്‌.

സൂര്യനെല്ലി കേസില്‍ ഏറ്റവും നികൃഷ്ടമെന്ന്‌ വിശേഷിപ്പിക്കാവുന്ന ഒരു
സാങ്കേതികതയുടെ മറവിലാണ്‌ ചീഫ്‌ ജസ്റ്റിസ്‌ കെ.ജി. ബാലകൃഷ്ണന്‍
അടക്കമുള്ള ബെഞ്ച്‌ പി.ജെ. കുര്യനെ കുറ്റവിമുക്തനാക്കിയത്‌. സംഭവം
പുറത്തുവന്ന്‌ മൂന്നു വര്‍ഷം കഴിഞ്ഞാണ്‌ ഇരയായ പെണ്‍കുട്ടി സ്വകാര്യ
അന്യായം ഫയല്‍ ചെയ്തതെന്നും ഇത്‌ നിയമപരമായി അംഗീകരിക്കാന്‍ കഴിയുകയില്ല
എന്നുമാണ്‌ കുര്യനെ കുറ്റവിമുക്തനാക്കിയ വിധിയില്‍
സൂചിപ്പിച്ചിട്ടുള്ളത്‌.

എന്നാല്‍ എന്തുകൊണ്ട്‌ ഈ കാലതാമസം ഉണ്ടായി എന്നു ചിന്തിക്കാന്‍ കോടതി
തയ്യാറായതുമില്ല. സൂര്യനെല്ലി പീഡനക്കേസിന്റെ പോലീസ്‌ അന്വേഷണം നടക്കുന്ന
സമയമായിരുന്നു കോടതി ചൂണ്ടിക്കാട്ടിയ ഈ മൂന്നുവര്‍ഷം. സ്വാഭാവികമായും
പോലീസിന്റെ ഭാഗത്തുനിന്ന്‌ നീതിലഭിക്കും എന്നായിരിക്കുമല്ലോ ഇരയും
ബന്ധുക്കളും വിശ്വസിച്ചിരിക്കുക. ആ വിശ്വാസം തകര്‍ക്കുന്ന നിലയില്‍
അന്വേഷണത്തില്‍ ഇടപെട്ട്‌ തെളിവുകള്‍ അട്ടിമറിച്ചു എന്നു
ബോധ്യപ്പെട്ടപ്പോഴാണ്‌ പീഡനത്തിനിരയായ പെണ്‍കുട്ടി പീരുമേട്‌ കോടതിയില്‍
സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്‌. ഇതില്‍ പി.ജെ. കുര്യന്‍ എത്ര നീചവും
വികൃതവുമായ രീതിയിലാണ്‌ തന്നെ ലൈംഗികമായി മുതലെടുത്തതെന്ന്‌ പച്ചയായി
വിവരിച്ചിട്ടുണ്ടായിരുന്നു. ഈ സാക്ഷിമൊഴി വിശ്വസിക്കാന്‍ ബഹുമാനപ്പെട്ട
കോടതികള്‍ക്കൊന്നിനും വിശേഷിച്ച്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌
അടക്കമുള്ളവര്‍ക്ക്‌ മനസില്ലാതെ പോയപ്പോഴാണ്‌ കുര്യന്‍
കുറ്റവിമുക്തനാക്കപ്പെട്ടത്‌.
സമാന സ്വഭാവമാണ്‌ ഐസ്ക്രീം പാര്‍ലര്‍കേസുമായി ബന്ധപ്പെട്ട്‌ കേരള
ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവിലും പ്രകടമായിട്ടുള്ളത്‌. ആ കേസിലെ
പ്രധാന ഇര റെജീന 124-ാ‍ം വകുപ്പു പ്രകാരം മജിസ്ട്രേട്ട്‌ കോടതിയില്‍
കൊടുത്ത മൊഴിയില്‍ കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ ഡ്രൈവര്‍
അടക്കമുള്ളവര്‍ എപ്പോള്‍ എവിടെയെല്ലാം വച്ച്‌ എങ്ങനെയെല്ലാം തന്നെ
പീഡിപ്പിച്ചുവെന്ന്‌ വ്യക്തമായി വിവരിച്ചിട്ടുണ്ടായിരുന്നു. എന്നു
മാത്രമല്ല, കുഞ്ഞാലിക്കുട്ടിയും റൗഫും അടക്കമുള്ളവര്‍ എപ്പോഴെല്ലാം എത്ര
ലക്ഷം രൂപ തന്ന്‌ തന്നെ മൊഴിമാറ്റി പറയിച്ചുവെന്ന്‌ ഇലക്ട്രോണിക്‌
മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട്‌ റെജീന തന്നെ വ്യക്തമാക്കിയതാണ്‌.

എന്നാല്‍ കേസിന്റെ ഹര്‍ജി പരഗണിച്ച ഉന്നത കോടതികളൊന്നുപോലും ഈ
സത്യങ്ങള്‍ക്കുനേരെ കണ്‍തുറന്നില്ല എന്നതിന്റെ തെളിവുകളാണ്‌
തുടര്‍ച്ചയായി ഉണ്ടായിട്ടുള്ള നിഷേധ വിധികള്‍. മജിസ്ട്രേട്ട്‌ നല്‍കിയ
മൊഴി കണക്കിലെടുക്കാത്ത കോടതി അതേസമയം, ഒരിക്കല്‍പോലും
അംഗീകരിക്കാനാവില്ലാത്ത ചില പരാമര്‍ശം കഴിഞ്ഞ ദിവസം നടത്തിയിട്ടുമുണ്ട്‌.
കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ്‌ അന്വേഷി പ്രസിഡന്റ്‌ അജിത ഈ കേസില്‍
തെളിവുകള്‍ ഹാജരാക്കിയതെന്നും റെജീനയുടെ മൊഴി വിശ്വാസിക്കാന്‍
കഴിയുകയില്ല എന്നുമൊക്കെയാണ്‌ ജസ്റ്റിസ്‌ കെ. തങ്കപ്പന്‍ നിരീക്ഷിച്ചത്‌.

അതെ നമ്മുടെ കോടതികളും ന്യായാധിപന്മാരും സത്യത്തില്‍ നിന്നും
ന്യായത്തില്‍നിന്നും അകന്നുനില്‍ക്കാനുള്ള സാങ്കേതിക മറവുകള്‍
തേടുന്നതില്‍ വിദഗ്ധരാണ്‌. അന്യായക്കോടതി എന്ന നാട്ടുനടപ്പ്‌ ചൊല്ലിനെ
സാധൂകരിക്കുകയും സാര്‍ത്ഥകമാക്കുകയുമാണ്‌ ഈ ന്യായാധിപന്മാര്‍ അടക്കമുള്ള
നീതിന്യായവ്യവസ്ഥ.

ഇവിടെ സത്യം നിലവിളിക്കുകയാണ്‌.....

0 comments :