Wednesday, November 14, 2007

അംബാനിയെക്കുറിച്ച്‌ ഊറ്റം കൊള്ളുകയല്ല, ആത്മഹത്യ ചെയ്യുന്നവരെയോര്‍ത്ത്‌ ഉരുകുകയാണ്‌ വേണ്ടത്‌

ലോകത്തിലെ ഏറ്റവും സമ്പന്നനായ മുകേഷ്‌ അംബാനിയുടെ നാട്ടില്‍, ആരോടും ബാധ്യതയില്ലാതെ മാന്യമായി കൃഷിചെയ്ത്‌ ജീവിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ഒന്നര ലക്ഷം!


1997 നും 2005 നും ഇടയ്ക്കുള്ള എട്ടുവര്‍ഷത്തെ ഞെട്ടിക്കുന്ന കണക്കാണിത്‌. മദ്രാസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡെവലപ്മെന്റ്‌ സ്റ്റഡീസിലെ പ്രൊഫസര്‍ നാഗരാജന്‍, ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്‌ ഭീഷണമായ ഈ സത്യമുള്ളത്‌. ഈ ആത്മഹത്യകളില്‍ മൂന്നിലൊന്നും മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, മധ്യപ്രദേശ്‌, കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്‌ നടന്നത്‌. 1997ല്‍ 26000 കര്‍ഷകര്‍ ആത്മഹത്യചെയ്തപ്പോള്‍, 2005ല്‍ അവരുടെ എണ്ണം 1.14 ലക്ഷമായി കുതിച്ചുയര്‍ന്നു. 1991 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുപോരുന്ന ഉദാരീകരണ നയമാണ്‌ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനതയുടെ ദുരിതങ്ങള്‍ വര്‍ധിപ്പിക്കുന്നത്‌. ഈ നയത്തിന്റെ തിരിച്ചടി ഏറ്റവും രൂക്ഷമായി ഏറ്റത്‌ കാര്‍ഷികമേഖലയിലാണ്‌. സബ്സിഡികള്‍ വെട്ടിക്കുറച്ചും ഇറക്കുമതി തീരുവ ഗണ്യമായി ലഘൂകരിച്ചും കേന്ദ്ര സര്‍ക്കാര്‍ കാണിച്ച കൊടിയ വഞ്ചനയാണ്‌ ആത്മഹത്യാ നിരക്കുയര്‍ത്തിയത്‌. ഈ ഉദാരീകരണം മൂലം ഒരു ഭാഗത്ത്‌ ഉത്പാദന ചെലവ്‌ വര്‍ധിച്ചപ്പോള്‍ മറുവശത്ത്‌ കാര്‍ഷികവിളകളുടെ വിലയിടിഞ്ഞു. അറിയാവുന്ന ഏക തൊഴില്‍ കൃഷിയായതുകൊണ്ടും മണ്ണുചതിക്കുകയില്ലെന്ന പ്രതീക്ഷയിലും കൊള്ളപ്പലിശയ്ക്ക്‌ കടമെടുത്ത്‌ കൃഷിചെയ്യുകയായിരുന്നു ഭൂരിപക്ഷവും. ഈ ഗത്യന്തരമില്ലായ്മ പക്ഷേ കര്‍ഷകരെ കൊണ്ടെത്തിച്ചത്‌ കടക്കെണിയിലും മാനഹാനിയിലുമാണ്‌. അതില്‍നിന്ന്‌ മോചനം നേടിയ കൊടിയ നിര്‍ഭാഗ്യവാന്മാരാണ്‌ ഒന്നരലക്ഷം കര്‍ഷകര്‍.


വോട്ടുചെയ്യുന്ന, നികുതി നല്‍കുന്ന സാധാരണജനങ്ങളെ വിസ്മരിച്ച്‌ അധിനിവേശത്തിന്റെ മൂലധനശക്തികള്‍ വച്ചുനീട്ടുന്ന കമ്മീഷനുകള്‍ സ്വന്തമാക്കാന്‍ 1991 മുതല്‍ കേന്ദ്രം ഭരിച്ചവര്‍ മത്സരിച്ചതിന്റെ ബീഭത്സപരിണിതി.


മന്‍മോഹന്‍-സോണിയ-ചിദംബരം-പവാര്‍ സഖ്യം തുടരുന്ന നയവും ആ ചതിയുടേതുതന്നെ. അതിനെ പിന്തുണയ്ക്കാന്‍ വിപ്ലവ വായാടിത്തങ്ങളായി കാരാട്ട്‌-ബര്‍ദന്മാര്‍ക്ക്‌ മനസ്സാക്ഷിക്കുത്തുമില്ല. അവരുടെ ഗൂഢാലോചനയുടെ ഭീകരതയാണ്‌ കൊച്ചിയിലും ബേപ്പൂരിലും പാമോയിലിന്റെ രൂപത്തില്‍ തീരത്തണഞ്ഞത്‌. 35 ലക്ഷം വരുന്ന കേരളത്തിലെ കേരകര്‍ഷകരുടെ വയറ്റത്തടിക്കാനും അവരെ ആത്മഹത്യയുടെ ആഴക്കടലിലേക്ക്‌ വലിച്ചെറിയാനുമുള്ള ആസൂത്രിതനീക്കം.


റബറും കാപ്പിയും കുരുമുളകും തേയിലയുമുള്‍പ്പെടെയുള്ള നാണ്യവിളകള്‍ ചതിച്ചപ്പോഴും കല്‍പ്പകവൃക്ഷമായ തെങ്ങ്‌ മലനാട്ടിലേയും ഇടനാട്ടിലേയും തീരദേശത്തേയും കര്‍ഷകരെ കൈയൊഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതും സംഭവിച്ചിരിക്കുന്നു. തെങ്ങുകളുടെ രോഗബാധയും നാളികേരത്തിന്റെ വിലയിടിവും മൂലം കേരകര്‍ഷകര്‍ നട്ടംതിരിയുകയാണ്‌. ഒരു നാളികേരത്തിന്‌ രണ്ടു രൂപയും ഒരു കിലോ വെളിച്ചെണ്ണയ്ക്ക്‌ 45 രൂപയുമാണ്‌ ഇന്നത്തെ മാര്‍ക്കറ്റ്‌ വില. പിടിച്ചുനില്‍പ്പിന്റെ എല്ലാ വള്ളികളും അറ്റ്‌ കേരകര്‍ഷകര്‍ വലയുമ്പോഴാണ്‌ ഇരുട്ടടിയായി പാമോയില്‍ ഇറക്കുമതിക്ക്‌ കേരളംതന്നെ കേന്ദ്രം തെരഞ്ഞെടുത്തത്‌.


ഇന്ത്യയിലെ നാളികേര കൃഷിയുടെ ഭൂരിപക്ഷവും കേരളത്തിലാണ്‌. പതിനാറുകോടി തെങ്ങുകള്‍ കേരളത്തിലുണ്ടെന്നാണ്‌ കണക്ക്‌. മണ്ഡരിയും മണ്ടചീയലും വേരുചീയലുമടക്കമുള്ള രോഗബാധമൂലം നാളികേര ഉല്‍പ്പാനത്തിലും വന്‍ ഇടിവുണ്ടായി. ഇപ്പോള്‍ 600 കോടി നാളികേരമാണ്‌ ഉല്‍പ്പാദനം.


ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതിചുങ്കം വര്‍ധിപ്പിക്കാനുള്ള കേരളത്തിന്റെ ആവശ്യത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. പക്ഷേ മന്‍മോഹനോ സോണിയയ്ക്കോ ചിദംബരത്തിനോ അതു ശ്രദ്ധിക്കാനുള്ള മനസില്ല. എനിക്കുശേഷം പ്രളയം എന്ന ദുഷ്ടമനസ്സോടെയാണ്‌ ആ ഉത്തരേന്ത്യന്‍ ഗോസായിമാര്‍ ദക്ഷിണേന്ത്യന്‍ കര്‍ഷകരുടെ പ്രശ്നങ്ങളെ സമീപിക്കുന്നത്‌. സോണിയയുടെ മാനസപുത്രന്മാരും മന്‍മോഹന്റെ ഇഷ്ടക്കാരും ചിദംബരത്തിന്റെ തോഴന്മാരുമൊക്കെയായി കുറേ മലയാളികള്‍ പാര്‍ട്ടിയിലും മന്ത്രിസഭയിലുമുണ്ട്‌. സ്വന്തം സ്വാധീനം നിലനിര്‍ത്താനും എതിരാളികളെ മലര്‍ത്തിയടിക്കാനുമാണ്‌ അവര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ ഉപയോഗിക്കുന്നത്‌. ആ സ്വാര്‍ത്ഥത കൂടിയാണ്‌ പാമോയില്‍ രൂപത്തില്‍ കേരകര്‍ഷകന്റെ തലയില്‍ ഇടിത്തീയായി പതിച്ചിരിക്കുന്നത്‌.


അംബാനിമാരേയും അധിനിവേശമൂലധന ശക്തികളേയും മാത്രം സംരക്ഷിക്കുന്ന ദേശദ്രോഹപരവും
കര്‍ഷകവിരുദ്ധവുമായ നയങ്ങളില്‍നിന്ന്‌ കേന്ദ്രസര്‍ക്കാരിനെ പിന്തിരിപ്പിക്കാനുള്ള ശക്തമായ
ഇടപെടലുകള്‍ അനിവാര്യമായിരിക്കുന്നു. സായുധമാണ്‌ അതിന്റെ രീതിശാസ്ത്രമെങ്കില്‍ അതു ചെയ്യണം
എന്നാണ്‌ കാലം ആവശ്യപ്പെടുന്നത്‌. ചുവരെഴുത്തുകള്‍ വായിക്കാനുള്ളവ മാത്രമല്ല കര്‍മപദ്ധതിയായി
വിവര്‍ത്തനം ചെയ്യാനുള്ളവ കൂടിയാണ്‌.

0 comments :