Saturday, November 3, 2007

ന സ്ത്രീ ചവിട്ട്‌ അര്‍ഹതി!!!

സംസ്ഥാന കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുക. ആഴ്ചയില്‍ പത്തിരുന്നൂറ്‌ പത്രസമ്മേളനങ്ങള്‍ നടത്തുക തുടങ്ങി വളരെ തിരക്കിട്ട പ്രവര്‍ത്തനങ്ങളുടെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തെ ഒരുകണക്കിന്‌ 'ഊര്‍ജസ്വലമാക്കി' വരികയായിരുന്നു കൃഷ്ണദാസ്‌ എന്ന പുതിയ അധ്യക്ഷന്‍.

അങ്ങനെയിരിക്കെ മൂത്തനേതാക്കളെ കൊണ്ട്‌ പണിയൊന്നും നടക്കാത്തതില്‍ കെറുവിച്ച്‌ എബിവിപിക്കാര്‍ ഉഷാറായി. ചങ്ങനാശേരിയില്‍ ഒന്നു കലക്കി!

ഗതികേടിനൊരു പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പിന്നെ പറയണോ, കോടിയേരിയല്ലേ ആഭ്യന്തരന്‍!

സാധാരണഗതിയില്‍ പ്രതിയെപിടിക്കുന്ന കാര്യത്തിലൊഴിച്ച്‌ ബാക്കി കാര്യങ്ങളിലെല്ലാം കാര്യക്ഷമമായ പോലീസ്‌ വകുപ്പ്‌ മിനിറ്റുകള്‍ക്കുള്ളില്‍ പ്രതികളെ പിടിച്ചു. എല്ലാവരും കൃഷ്ണദാസിന്റെ ആള്‍ക്കാര്‍.

പാര്‍ട്ടിക്കാരെ എങ്ങനെയെങ്കിലും ഊര്‍ത്തിയെടുക്കാനായി കൃഷ്ണദാസ്‌ നാടൊട്ടുക്ക്‌ ഓടിനടന്ന്‌ തുടരെ തുടരെ പത്രസമ്മേളനങ്ങള്‍ നടത്തി. പ്രതികളായി പിടിക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന്‌ പുരപ്പുറത്തുകയറിനിന്ന്‌ വിളിച്ചുകൂവി.

ഒരു പണിയും നടന്നില്ല. അപ്പോഴുണ്ട്‌ പ്രതികളായി പിടിക്കപ്പെട്ടവരുടെ പൂര്‍വകഥകളുമായി ദേശാഭിമാനി രംഗത്തുവന്നിരിക്കുന്നു. പ്രതിചേര്‍ക്കപ്പെട്ടവര്‍ മുന്‍പുതന്നെ പലകേസുകളിലും പ്രതികളാണത്രെ.

അങ്ങനെ വാലിറുങ്ങിയിരിക്കെയാണ്‌ ഒരു വടി വീണു കിട്ടിയത്‌. സേലം ഡിവിഷന്‍ ഉദ്ഘാടനം. തക്കവും തരവുംപോലെ ഭാരത്‌ മാതാ, അഖണ്ഡഭാരതം, സനാതന ധര്‍മം എന്നൊക്കെ പറയുമെങ്കിലും ഇതൊന്നും പാവക്കാവലിപ്പം മാത്രമുള്ള കേരളത്തില്‍ ക്ലച്ചുപിടിച്ചിട്ടില്ല.

ഇനിയിപ്പോള്‍ തമിഴ്‌നാടിനെതിരെ പ്രാദേശികവാദം ഉയര്‍ത്തിയെങ്കിലും ക്ലച്ചുപിടിക്കാനാണിപ്പോള്‍ അധ്യക്ഷന്റെ ശ്രമം. നല്ലൊരു ദിവസം, കേരളപ്പിറവി ദിനം തന്നെ സനാതനക്കാര്‍ ഹര്‍ത്താല്‍ നടത്തി കുളമാക്കി. പ്രവര്‍ത്തകരാരും കുഴപ്പമൊന്നുമുണ്ടാക്കില്ലെന്ന്‌ ഉറപ്പുനല്‍കാന്‍ മാത്രം കുറെ പത്രസമ്മേളനം കൂടി നടത്തി. കുഴപ്പം നടന്നാല്‍ വിളിക്കാന്‍ നാട്ടുകാര്‍ക്ക്‌ തന്റെ മൊബെയില്‍ നമ്പറും നല്‍കി. ഹര്‍ത്താല്‍ ദിവസം മൊബെയില്‍ സ്വിച്ച്‌ഓഫ്‌ ആക്കി മാരാര്‍ മന്ദിരത്തില്‍ കിടന്ന്‌ ശരിക്കൊന്നുറങ്ങി.

കേട്ടില്ലേ പൂരം. ഹര്‍ത്താല്‍ പ്രകടനക്കാരനായ ഒരു സനാതന ധര്‍മിഷ്ഠന്‍ വഴിയേപോയ ഒരമ്മയെ ചവിട്ടിത്തെറിപ്പിച്ചു. സംഭവം ചാനലായ ചാനലിലൊക്കെ ആഘോഷമായി.

അമ്മമാരെ ഈ ധര്‍മിഷ്ഠന്മാര്‍ ഇങ്ങനെ കാത്തുപരിപാലിക്കുന്നതിനാലാണല്ലോ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന്‌ നമ്മള്‍ പറഞ്ഞുനടക്കുന്നത്‌.

ഇനി എത്ര പത്രസമ്മേളനം നടത്തിയാലാണ്‌ ഈ ചവിട്ടില്‍നിന്ന്‌ തടിയൂരുക എന്റെ ഭാരതാംബേ!

0 comments :