Wednesday, November 21, 2007

ലയനം, ഒരു മറ്റേപ്പടം(different picture)

കേരള കോണ്‍ഗ്രസ്‌ എന്ന മഹാ പ്രസ്ഥാനത്തെ ഒരുമിപ്പിക്കാന്‍
മെത്രാനച്ചന്മാരായ മെത്രാനച്ചന്മാരൊക്കെയും പ്രവര്‍ത്തിച്ചു
പ്രവര്‍ത്തിച്ചു കൂട്ടിയതിന്‌ നോ ഹാന്റ്‌ ആന്‍ഡ്‌ മാത്തമാറ്റിക്സ്‌.

കൊക്കെത്ര കുളം കണ്ടിരിക്കുന്നു. മണിസാറെത്ര കളി കണ്ടിരിക്കുന്നു!

കാലത്തിന്റെ തികവില്‍ പി സി ജോര്‍ജ്‌ എന്ന പുണ്യവാന്‍ ഇടതു മുന്നണിയോടു
തെറ്റിപ്പിരിഞ്ഞതോടെ കാര്യങ്ങള്‍ക്ക്‌ നടപ്പുണ്ടായി.

നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ അവതരിക്കുമെന്ന്‌ സത്യവേദപുസ്തകത്തില്‍
പറഞ്ഞതിന്‍ പ്രകാരമായിരുന്നു ആ അവതാരം! രക്ഷകന്‍ ആദ്യം പിള്ളയെ കണ്ടു.
പിള്ളയെ എടുത്താല്‍ തള്ളയെ എടുക്കാമെന്നാണല്ലോ സിദ്ധാന്തം!

പിള്ള സകല പിടിയും വിട്ടിരിപ്പായിരുന്നു. പൊന്നുമോന്‍ ഗണേശന്‍ വരെ
ചൊല്‍പ്പടിയിലല്ലാത്ത ഗതികെട്ട കാലം. ശൂന്യതയില്‍ നിന്നും യുഡിഎഫിനെ
നിര്‍മ്മിച്ചതില്‍ ലീഡറുടെ കുമ്മായം കൂട്ടുകാരനായിരുന്നു പിള്ളേച്ചന്‍.
ആനപ്പുറത്തിരുന്നതിന്റെ തയമ്പു മാത്രം ഇപ്പോള്‍ ബാക്കി!

പീസി ഒന്നു മിണ്ടേണ്ട തമസം, പിള്ള രണ്ടു കയ്യാലെ റെഡി. മാണിസാറുമായല്ല,
ലൂസിഫറുമായി പോലും ലയിച്ചുകളയുന്ന അവസ്ഥയിലല്ലേ പിള്ള.

ജേക്കബാശാന്റെ സ്ഥിതി അതിലും ദയനീയം. ആദ്യമായി, തോറ്റു തൊപ്പിയിട്ടു;
മുരളിയോട്‌ ചേര്‍ന്ന്‌ അപ്പിയിട്ടു! സമസ്താപരാധം പറഞ്ഞ്‌ ചാണ്ടിയുടെ
പടിവാതില്‍ക്കല്‍ കാത്തു കിടന്നിട്ടും നോ രക്ഷ. ജേക്കബും ലയിക്കാന്‍
തന്നെ ചാടിപ്പുറപ്പെട്ടു!

ഒടുവില്‍ മൂവരും കൂടി മാണിയെ കണ്ടു. മാണി അന്നേരം 'ഐക്യത്തിന്‌ ആഹ്വാനം'
ചെയ്തു. ആരൊക്കെ എപ്പോഴൊക്കെ ഐക്യപ്പെടുമെന്ന്‌ മാത്രം മിണ്ടിയില്ല.
ഇന്നലെയാണ്‌ ജേക്കബ്‌ മാണിയെ കാണാന്‍ ചെന്നത്‌. കീരിയും പാമ്പും കൂടി
ഐക്യപ്പെടുന്നതില്‍ ആര്‍ക്കെന്തു ചേതം?

എല്ലാരും കൂടി ഐക്യപ്പെട്ട്‌ ഒടുവില്‍ ഐക്യ കേരള കോണ്‍ഗ്രസുണ്ടാവും.
നേതാവ്‌ മാണിസാറാവും. ബാക്കിയുള്ള പിള്ളമാരും അച്ചായന്മാരും വെറുതേ
കിടന്ന്‌ അധ്വാനിക്കും. അതാണ്‌ മാണിസാര്‍! കാറല്‍ മാര്‍ക്സിനു മുമ്പെ
അധ്വാനവര്‍ഗ്ഗ സിദ്ധാന്തം കണ്ടുപിടിച്ച സാര്‍! മോന്‍ ജോസപ്പന്‍ കൂടി പണി
പഠിച്ചിറങ്ങിയാല്‍ കേരളം സാറു ഭരിക്കും!