Monday, November 26, 2007

ഉപദേശം കുത്തകാവകാശം ...

യാതൊരു പണം മുടക്കില്ലാതെ ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കൊടുക്കാവുന്ന ഒരു സംഗതിയാണ്‌ ഉപദേശം. ലോകചരിത്രമെന്നു പറയുന്നത്‌ പാഴായിപ്പോയ ഉപദേശങ്ങളുടെ ചരിത്രം കൂടിയാണ്‌. വിവരമുള്ളവര്‍ അതില്ലാത്തവര്‍ക്ക്‌ നല്‍കുന്ന ഒന്നത്രെ ഉപദേശം. (ഒരു ഫലവുമില്ലാത്ത ഉപദേശം കൊടുക്കുന്നയാള്‍ സ്വന്തം അച്ഛനായാലും പള്ളീലച്ചനായാലും, ആള്‍ക്ക്‌ വിവരമുണ്ടെന്ന്‌ അത്ര തറപ്പിച്ച്‌ പറയാന്‍ പറ്റില്ല).

ഇന്നലെ കേരള നിയമസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണനും വ്യവസായമന്ത്രി എളമരം കരീമും മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ കുറച്ച്‌ ഉപദേശങ്ങള്‍ നല്‍കിയത്‌ ഇന്നത്തെ പത്രങ്ങളിലുണ്ട്‌. മാധ്യമങ്ങള്‍ വികസനത്തിന്‌ പാരവയ്ക്കരുതെന്നാണ്‌ മന്ത്രി കരീമിന്റെ പ്രധാന ഉപദേശം. സമൂഹത്തിന്‌ ഗുണമില്ലാത്ത കാര്യങ്ങളില്‍ വിവാദമുണ്ടാക്കരുതെന്നാണ്‌ സ്പീക്കറുടെ ഉപദേശം.

പിണറായിയുടെ ഭീഷണികള്‍കൊണ്ടോ വിഎസ്‌ അച്യുതാനന്ദന്റെ സോപ്പിടല്‍കൊണ്ടോ നന്നാകാത്ത മാധ്യമവര്‍ഗത്തെ ഉപദേശിച്ച്‌ നന്നാക്കികളയാനാണ്‌ രണ്ടു സഖാക്കളും ഒത്തുപിടിച്ച്‌ ഉപദേശിച്ചിരിക്കുന്നത്‌. ഉപദേശം കൊണ്ട്‌ പത്രക്കാര്‍ നന്നായാല്‍ അവര്‍ക്കും കേരളത്തിനും നന്ന്‌.

മര്യാദയ്ക്കാണെങ്കില്‍ സര്‍ക്കാര്‍ എല്ലാവര്‍ക്കും അവാര്‍ഡ്‌ തരും!

വിവരവും ദീര്‍ഘവീക്ഷണവുമില്ലാത്ത ചേട്ടന്മാര്‍ പത്തമ്പതുകൊല്ലം ഭരിച്ചു രസിച്ചതല്ലേ; മാധ്യമപ്രവര്‍ത്തകരുടെ വിവാദ വ്യവസായമാണ്‌ കേരളവികസനം അട്ടിമറിച്ചത്‌!

ഇനിയതുപാടില്ല. സുധാകരന്‍ ആരെ എന്ത്‌ അനാവശ്യം പറഞ്ഞാലും പത്രക്കാര്‍ക്ക്‌ അതുകൊടുക്കരുത്‌. ഒരു പെണ്‍പിറന്നോര്‍, ഒരു പോലീസ്‌ പെണ്‍പിറന്നോരെ ചെകിട്ടത്തടിച്ചാല്‍ അതും കൊടുക്കരുത്‌. വെളിയം സ്റ്റേഷനില്‍ചെന്ന്‌ വിളയാടിയാല്‍ അതൊട്ടും കൊടുക്കരുത്‌. പാര്‍ട്ടിയിലുണ്ടാകുന്ന പടലപ്പിണക്കങ്ങള്‍ കണ്ടെന്നുപോലും നടിക്കരുത്‌.

പാക്കിസ്ഥാനില്‍ ഷെരീഫ്‌ പിന്നെയും പോരിനെത്തിയത്‌ കണ്ടില്ലേ? ആസ്ട്രേലിയയില്‍ എന്താണ്‌ നടക്കുന്നത്‌. കെവിന്‍റൂഡ്‌ എന്ന പുതു പ്രധാനമന്ത്രി പുരപ്പുറം അടിക്കുന്നു! ധാക്കയിലാണെങ്കില്‍ അഗ്നിബാധ; മലേഷ്യയില്‍ റാലിക്കുനേരെ വെടിനടപടി; ചൈനയില്‍ ഡാം പൊട്ടി ആറു മരണം.....
എന്തെല്ലാം വാര്‍ത്തകള്‍ കൊടുക്കാം. പത്രങ്ങളില്‍ വെറുതെ വായില്‍ തോന്നിയതെഴുതി വികസനം മുടക്കാമോ?

സ്വന്തമായി അഭിപ്രായമുള്ളവര്‍ അത്‌ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും അതില്‍ ആരും പരിഭവിച്ചിട്ട്‌ കാര്യമില്ലെന്നും പ്രമുഖ വാമൊഴി വഴക്ക കലാകാരന്‍ സുധാകരന്‍ ജി കണ്ണൂരില്‍ പ്രസ്താവിച്ചിരിക്കുന്നു. അഭിപ്രായങ്ങള്‍ പറയുവാനുള്ള കുത്തകാവകാശം ആ സഖാവിനും വിട്ടുകൊടുക്കുക!