Monday, November 12, 2007

"താങ്കളെ അവാര്‍ഡിതന്‍ ആക്കിയിരിക്കുന്നു..."

ഒരു കുട്ടിയില്‍നിന്നും അവന്റെ കളിപ്പാട്ടമോ മറ്റെന്തെങ്കിലുമോ പിടിച്ചുവാങ്ങാന്‍ രണ്ടുമൂന്ന്‌ വഴികളുണ്ട്‌.

ആദ്യ വഴി സൗമ്യായി അവരെ സോപ്പിടുക എന്നതാണ്‌. രണ്ടാമത്തെ വഴി ചൂരല്‍ കാട്ടി പേടിപ്പിക്കുക എന്നതും. എളുപ്പവഴി ഇവരെ ഇക്കിളിയിടുക എന്നതുമാണ്‌. ഈ വഴി ബുദ്ധമിമാന്മാരായ കാര്‍ന്നോര്‍മാര്‍ക്കൊക്കെ അറിയാം.

ഒരു പത്രക്കാരന്റെ സ്വാതന്ത്ര്യം പിടിച്ചുവാങ്ങാനും ഇക്കിളിയിടുക തന്നെയാണ്‌ എളുപ്പവഴി എന്ന്‌ ബുദ്ധിമാന്മാരായ അധികാരികള്‍ പഠിച്ചുകഴിഞ്ഞു.

സോപ്പിട്ടാലും പോലീസിനെക്കൊണ്ട്‌ തല്ലിച്ചാലും വഴങ്ങാത്ത തരം പത്രക്കാരെ അവാര്‍ഡുനല്‍കി ഇക്കിളയാക്കുകയാണ്‌ അധികാരികളിപ്പോള്‍!

ആഴ്ചയില്‍ ഒന്ന്‌ എന്ന കണക്കിന്‌ കേരളത്തിലെ ചില മുന്തിയ ഇനം പത്രപ്രവര്‍ത്തകര്‍ അവാര്‍ഡിതരാവുന്നതു കാണുമ്പോള്‍, പത്രപ്രവര്‍ത്തനത്തെ ഗൗരവമായി കാണുന്നവര്‍ പേടിക്കണം!

ഉന്നത വിദ്യാഭ്യാസം പോയിട്ട്‌ ഉപരിതല വിദ്യാഭ്യാസം പോലുമില്ലാത്ത മണ്ടന്മാര്‍ ഭരണകര്‍ത്താക്കളും രാഷ്ട്രീയ നേതാക്കളുമായി വാണരുളുന്ന നാടാണിത്‌. ഈ മണ്ടന്മാരുടെ അല്‍പ്പത്തരങ്ങളും വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാത്ത വാചകമടികളും റിപ്പോര്‍ട്ട്‌ ചെയ്യുന്നതു മാത്രമാണ്‌ പത്രപ്രവര്‍ത്തനമെന്ന്‌ വന്നുചേര്‍ന്നിരിക്കുന്നു.

ഡല്‍ഹി ഡര്‍ബാറിലും അനന്തപുരിയിലും തുടങ്ങി അധികാരത്തിന്റെ ഇടനാഴികളിലൊക്കെയും തലചൊറുകി നടക്കുന്നവരായി മുഴുവന്‍ പത്രക്കാരെയും മാറ്റിയെടുക്കാമെന്നായാല്‍ പണി കുറേക്കൂടി എളുപ്പമാവുമെന്ന്‌ ഭരിക്കുന്നവര്‍ക്കറിയാം!

അഴിമതിയുടെ കൂത്തരങ്ങാകുന്ന കേരളത്തില്‍ ഏതെങ്കിലുമൊരു അഴിമതി കുത്തിപ്പൊക്കി കൊണ്ടുവന്ന റിപ്പോര്‍ട്ടിന്‌ ഇതുവരെ അവാര്‍ഡൊന്നും ലഭിച്ചു കണ്ടിട്ടില്ല.'കൊതുകുകടിക്കുന്നിടത്തെ ചൊറിച്ചിലുകള്‍', 'ആതുരരംഗത്തെ ആവലാതികള്‍', 'ആന്ത്രവായു ഉയര്‍ത്തുന്ന മലിനീകരണ പ്രശ്നങ്ങള്‍' തുടങ്ങി ഇലയ്ക്കും മുള്ളിനും കേടില്ലാത്ത എന്തു ചവര്‍ പരമ്പരയ്ക്കും അവാര്‍ഡു സംഘടിപ്പിക്കാം.

നാലഞ്ചുമാസമായി പ്രസിദ്ധീകരണം നിലച്ചുപോയ ഒരു ധനകാര്യ മാസികയുടെ കോടീശ്വരനായ മാനേജിംഗ്‌ എഡിറ്റര്‍ക്ക്‌ ലണ്ടനില്‍ നിന്നാണ്‌ അവാര്‍ഡുവന്ന്‌ പതിച്ചിരിക്കുന്നത്‌.

അതിന്റെ ഞെട്ടലില്‍നിന്നും രക്ഷപ്പെടുംമുമ്പേ പട്ടികജാതി വികസന വകുപ്പ്‌ ഇടുക്കിയിലെ പണിയറിയാവുന്ന ഒരു പത്രക്കാരനെ വീണ്ടും അവാര്‍ഡിതനാക്കിയ വാര്‍ത്തവരുന്നു!

പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസനത്തിന്റെ പേരില്‍ നാളിതുവരെ വകുപ്പധികാരികള്‍ തുലച്ച ഫണ്ടത്രയും റെഡി ക്യാഷായിട്ട്‌ പങ്കിട്ടാല്‍ ഓരോ പട്ടികവര്‍ഗ്ഗക്കാരനും ഓരോ കോടി രൂപവച്ചെങ്കിലും കിട്ടിയേനെ! പട്ടിക വിഭാഗക്കാരെ വികസിപ്പിക്കാന്‍ പത്രക്കാര്‍ക്ക്‌ അവാര്‍ഡു കൊടുത്തിട്ടെന്തുകാര്യം?

കാര്യമുണ്ട്‌; കാര്യമുണ്ട്‌.

ഭരണമില്ലാതിരുന്ന ആപത്തുകാലത്ത്‌ നാലുവാര്‍ത്തയെഴുതി പ്രതിച്ഛായ വാങ്ങിത്തന്ന പത്രക്കാരന്‌ അധികാരമുള്ള സമ്പത്തുകാലത്ത്‌ ഒരു കാലിച്ചായയെങ്കിലും വാങ്ങിക്കൊടുക്കാതിരിക്കാന്‍ സാക്ഷാല്‍ ശ്രീമാന്‍ അച്യുതാനന്ദനാവുമോ?

0 comments :