കുരുവിള ഇടപെട്ടു; കഞ്ചാവു വേട്ട പാളി
പി അജയന്‍
കോതമംഗലം: എറണാകുളം ജില്ലയുടെ വടക്കു കിഴക്കന്‍ മലനിരകളില്‍ കഞ്ചാവു കൃഷി വ്യപകമായെന്ന 'വാസ്തവം' റിപ്പോര്‍ട്ടിന്റെ (8/10/2007 പുസ്തകം 1 ലക്കം 21) പശ്ചാത്തലത്തില്‍ കഞ്ചാവു വേട്ടയ്ക്കിറങ്ങിയ ഉദ്യോഗസ്ഥരെ മുന്‍ മന്ത്രി കുരുവിള വഴിതെറ്റിച്ചതായി വിവരം ലഭിച്ചു. ശനിയാഴ്ച വൈകുന്നേരം കഞ്ചാവു വേട്ടയ്ക്ക് പോയ സംഘം ഇന്നലെയാണ് തിരികെ എത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ളയാളാണ് കുരുവിള. മൂന്നു ജില്ലകളുടെ സംഗമസ്ഥാനമായ വനമേഖലയിലേക്ക് കുട്ടമ്പുഴ, ഇടമലയാര്‍, മൂന്നാര്‍ റെയ്ഞ്ചുകളിലെ നാല്‍പതംഗ വനപാലക സംഖമാണ് കഞ്ചാവു വേട്ടയ്ക്ക് ഇറങ്ങിയത്.
വനംവകുപ്പില്‍ നിന്നുതന്നെ വിവരം ചോര്‍ന്നതിനെ തുടര്‍ന്ന് കുരുവിള ഇടപെട്ട് അന്വേഷണ സംഖത്തിന്റെ ദിശമാറ്റി. ഇതേത്തുടര്‍ന്ന് വളരെ ചെറിയൊരു കഞ്ചാവു കൃഷിയിടം കണ്ട് സംഘം മലയിറങ്ങിയതായാണ് വിവരം. ഇടുക്കി ജില്ലയിലെ ചാമിയാര്‍ വനമേഖലയിലാണ് ഇവര്‍ കണ്ടെത്തിയ ചെറിയ കഞ്ചാവു തോട്ടം. ആറു മാസമാണ് കഞ്ചാവു വിളവെടുക്കുന്നതിനു വേണ്ട സമയം. എറണാകുളം ജില്ലയിലെ തേര, വാസിക്കുടി വനമേഖലയില്‍ വന്‍തോതില്‍ കഞ്ചാവു കൃഷി നടന്നിരുന്നു. ഇരുപത് ദിവസം മുമ്പ് ഇതിന്റെ വിളവെടുപ്പും നടന്നു. നേരത്തെ വിവരം ലഭിച്ചിട്ടും കഞ്ചാവു വേട്ട പരമാവധി നീട്ടിവച്ച് ചാമിയാറില്‍ മാത്രം പോയി ഒരാഴ്ച മാത്രം പ്രായമുള്ള നൂറ്റമ്പതോളം കഞ്ചാവു ചെടികള്‍ കണ്ടെത്തുകയായിരുന്നു വനപാലകര്‍. ഇനിയും വന്‍തോതില്‍ കഞ്ചാവു കൃഷി തുടരുന്ന തോട്ടങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നാണ് അറിയുന്നത്. വനപാലക സംഘം തന്നെ വ്യപകമായി കഞ്ചാവു കൃഷിക്കായി ഒരുക്കിയിട്ട മൂന്നു തോട്ടങ്ങള്‍ കണ്ടെത്തിയിരുന്നു. വിളവെടുപ്പു നടന്ന മൂന്നു തോട്ടങ്ങളും കണ്ടെത്തിയിരുന്നു.
അന്വേഷണം അട്ടിമറിക്കാനിടയായത് മുന്‍ മന്ത്രിക്ക് പിടിപാടുള്ള കഞ്ചാവു മാഫിയയ്ക്ക് വാച്ച്മാന്‍ മൊബെയിലില്‍ വിവരങ്ങള്‍ ചോര്‍ത്തിയതിനാലാണെന്ന് വനം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ വാച്ചുമാന്റെ പുറത്ത് കുറ്റം ചുമത്തി ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ ഒത്തുകളി ഒതുക്കുന്നതില്‍ ദൗത്യസംഘത്തിലെ ഭൂരിപക്ഷം വരുന്ന ഉദ്യോഗസ്ഥര്‍ക്കും അമര്‍ഷമുണ്ട്.
നേരത്തെ ഇടുക്കി വനമേഖലയില്‍ വ്യപകമായി കഞ്ചാവു കൃഷിയിറക്കിയിരുന്ന മാഫിയാ സംഘം പിന്നീട് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് നീങ്ങിയിരുന്നു. വീണ്ടും എറണാകുളം ജില്ലയുടെ വടക്കു കിഴക്കന്‍ മലനിരകളില്‍ ചുവടുറപ്പികുകയാണ് കഞ്ചാവു മാഫിയ. മൂന്നു ദിവസം നീണ്ട കഞ്ചാവു വേട്ടയേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായിട്ടും ഇതു സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല.
0 comments :
Post a Comment