Monday, November 5, 2007

ആന്റണിയുടെ 'ആപ്പ്‌' കേരളത്തിനും കെപിസിസിക്കും

ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന ചൊല്ല്‌ ഖദറിട്ടാല്‍ അത്‌ അറയ്ക്കപ്പറമ്പില്‍ കുര്യന്‍ മകന്‍ ആന്റണിയാകും. ഇക്കാര്യത്തില്‍ കേരളത്തിലെ മലയാളികളും കേരളത്തിനുപുറത്തുള്ള മലയാളികളും തമ്മില്‍ തര്‍ക്കിക്കില്ല. കാരണം മലയാളികളെ ഒറ്റച്ചരടില്‍ കോര്‍ക്കുന്ന രാഷ്ട്രീയ വേണ്ടാതീനങ്ങളില്‍ ഒന്നാമത്തേതാണ്‌ ആന്റണിയുടെ ഈ 'വ്യക്തിശോഭ'!

ആദര്‍ശ രാഷ്ട്രീയമെന്ന ആട്ടിന്‍തോല്‍, അധികാരക്കൊതിയുടെ ചെന്നായയ്ക്കിട്ടാല്‍ അതും ആന്റണിയാകും. സ്ഥാനലബ്ധിയും സ്ഥാനത്യാഗവുമെല്ലാം ഈ ചതിയുടെ രീതിശാസ്ത്രങ്ങളാണ്‌. ഇത്‌ തിരിച്ചറിയാനുള്ള ആറാം ഇന്ദ്രിയം മേഴ്സി രവിക്ക്‌ നേരത്തെ ഉണ്ടായിരുന്നു.

ആ ലൈനില്‍, ളോഹയിട്ട മ്ലേഛതകള്‍ മുന്നോട്ടുവച്ച മദാലസമായ ഫോര്‍മുലയായിരുന്നു രണ്ട്‌ പ്രൊഫഷണല്‍ സ്വകാര്യ കോളേജ്‌ = ഒരു സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജ്‌ എന്നത്‌. അതിന്റെ പ്രലോഭനത്തില്‍ ആന്റണി വീണപ്പോള്‍, മണ്ണും ചാരി നില്‍ക്കാതെതന്നെ വിദ്യാഭ്യാസ വാണിക്കുകള്‍ക്ക്‌ കേരളീയരെ വഞ്ചിക്കാന്‍ കഴിഞ്ഞു. അതിന്റെ ആഘാതത്തില്‍നിന്ന്‌ ഉന്നത പഠനം ആഗ്രഹിക്കുന്ന കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ഇന്നും മുക്തരായിട്ടില്ല.

ശുദ്ധ സസ്യഭുക്കായി പുറത്തുപ്രദര്‍ശിപ്പിക്കുക അകത്ത്‌ പച്ചമാംസം കടിച്ചുകീറിത്തിനുന്ന സിംഹത്തിന്റെ ഇരപിടിക്കല്‍ കൗശലത്തേയും ചെയ്യുന്ന ക്രൗര്യം നടപ്പിലാക്കുക. അതാണ്‌ ഒരണസമരം മുതലുള്ള ആന്റണിയുടെ രാഷ്ട്രീയം. അതിന്റെ പരിണതിയാണ്‌ പ്രതിരോധ മന്ത്രിസ്ഥാനം. ഈ സത്യം ഇന്ന്‌, എലിസബത്തിനേക്കാള്‍ നന്നായി കേരളീയര്‍ ഉള്‍ക്കൊള്ളുന്നു! അവര്‍ക്കും അവരില്‍ പലരും ഉള്‍പ്പെടുന്ന കോണ്‍ഗ്രസുകാര്‍ക്കും 'ആപ്പു'തിരുകാന്‍ (റഷ്യാസന്ദശനത്തിനുശേഷം) ആന്റണി കേരളത്തിലെത്തിയിരിക്കുകയാണ്‌. അതിനായി രണ്ടു സുവിശേഷങ്ങള്‍ ആന്റണി രചിച്ചിട്ടുണ്ട്‌.

ആദ്യ സുവിശേഷം കേരളീയരെ വീണ്ടും കടക്കെണിയില്‍ ആഴ്ത്താനുള്ളതും രണ്ടാമത്തേത്‌ കോണ്‍ഗ്രസുകാരെ 'കുഞ്ഞിരാമന്മാരാക്കി' ചാടിക്കളിപ്പിക്കാനുള്ളതുമാണ്‌.

കേന്ദ്രം (കടമായി) കനിഞ്ഞനുഗ്രഹിച്ചുനല്‍കിയ കാര്‍ഷിക സഹായം കേരളം മുതലാക്കുന്നില്ലെന്നും, ബംഗാള്‍ അത്‌ നേരത്തെ സ്വന്തമാക്കിയെന്നുമാണ്‌ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ ഗിരിഭാഷണത്തില്‍ ആന്റണി മൊഴിഞ്ഞത്‌. തിരിച്ചടവ്‌ സംബന്ധിച്ച്‌ കേരളത്തിനുള്ള ചില സന്ദേഹങ്ങളാണ്‌ കേന്ദ്രസഹായം സ്വീകരിക്കുന്നതില്‍ നിന്ന്‌ കേരളത്തെ വിലക്കുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ബംഗാളിനെ കണ്ടുപഠിക്കണമെന്നും തിരിച്ചടവിന്റെ സമയമാകുമ്പോള്‍ കൂട്ടായി ഇടപെട്ട്‌ അനുകൂലാവസരം, കേന്ദ്രത്തില്‍ നിന്ന്‌ നേടിയെടുക്കണമെന്നുമാണ്‌ ആന്റണിയുടെ ഉദ്ബോധനം.

(കട) കെണി ഒരുക്കുന്നതില്‍ ആന്റണിയടക്കമുള്ള കേന്ദ്രന്മാരുടെ ഉസ്താദാണ്‌ ലോകബാങ്ക്‌. അതിന്റെ ഇപ്പോഴത്തെ തലവന്‍ റോബര്‍ട്ട്‌ വി സോളിക്‌ പറയുന്നത്‌ ഇപ്പോഴുള്ള കേരളത്തിന്റെ കടവും തിരിച്ചടവും ആനുപാതികം അല്ലെന്നാണ്‌. കേരളത്തിന്റെ മൊത്തം വരുമാനമായ 14,310 കോടി രൂപയില്‍ 25.5 ശതമാനം (3649 കോടി രൂപ) വായ്പാ പലിശയായി തിരിച്ചടവിന്‌ മാറ്റിവയ്ക്കേണ്ടിവരുന്നു. കടം വാങ്ങുകയും അത്‌ തിരിച്ചടയ്ക്കുകയും ചെയ്യുന്ന സാമ്പത്തിക ഇടപാടിന്റെ ഏറ്റവും അശാസ്ത്രീയമായ രീതിയാണ്‌ കേരളത്തിന്റേതെന്നും റോബര്‍ട്ട്‌ വി സോളിക്‌ ചൂണ്ടിക്കാട്ടുന്നു.

ഈ സത്യം മനസിലാക്കാന്‍ മനസുകാട്ടാതെയാണ്‌ തിരിച്ചടവിന്റെ പ്രശ്നം വരുമ്പോള്‍ കൂട്ടായി വിലപേശാം എന്ന്‌ ആന്റണി മൊഴിയുന്നത്‌. പുതിയ ചതിക്കുഴികള്‍ തീര്‍ക്കുന്ന കൗശല രാഷ്ട്രീയ തത്ത്വോപദേശം.

ഈ കൊടുംവഞ്ചനയാണ്‌ കരുണാകരനെ തിരിച്ചുകൊണ്ടുവരുന്ന വിഷയത്തിലും ആന്റണി പുലര്‍ത്തുന്നത്‌. ആന്റണിജിയും വയലാര്‍ജിയും കേന്ദ്രമന്ത്രിമാരായും കരുണാകര്‍ജി എന്‍സിപി നേതാവായും കേരള രാഷ്ട്രീയത്തില്‍നിന്ന്‌ കെട്ടുകെട്ടിയപ്പോള്‍ അവരുടെ പാദസേവകര്‍ക്ക്‌ കെപിസിസിയില്‍ പ്രാധാന്യം കുറഞ്ഞു. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനുമുന്‍പ്‌ ഈ കുട്ടിവേതാളങ്ങള്‍ക്ക്‌ കലക്കാന്‍ ചില കുളങ്ങള്‍വേണം. അത്‌ കോണ്‍ഗ്രസില്‍ ഉണ്ടാക്കാന്‍ കഴിയുക കരുണാകര്‍ജിക്ക്‌ മാത്രമാണ്‌. ആന്റണിജി-വയലാര്‍ജി-കരുണാകര്‍ജി തുടങ്ങിയ നാശങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തില്‍ നിന്നകന്നതോടെ ചാണ്ടി-ചെന്നിത്തല-തങ്കച്ചന്‍ അച്ചുതണ്ടിന്‌ ഗ്രൂപ്പുവഴക്കില്ലാതെ കോണ്‍ഗ്രസിനെ മുന്നോട്ടുനയിക്കാന്‍ കഴിഞ്ഞു.

അച്യുതാനന്ദന്‍ ഭരണം നീട്ടികൊടുത്ത രാഷ്ട്രീയപ്രശ്നങ്ങള്‍ ഗുണകരമായും ക്രിയാത്മകമായും മുതലെടുക്കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിന്റെ ശാപമായ ഗ്രൂപ്പിസം തല്‍ക്കാലത്തേക്ക്‌ മരവിപ്പിച്ചുനിര്‍ത്താന്‍ ഇവര്‍ക്ക്‌ കഴിഞ്ഞു. ഇത്‌ ശാശ്വതമായാല്‍ തന്റെയും വയലാര്‍ രവിയുടെയും ഭാവി കുളമാകുമെന്ന്‌ തിരിച്ചറിഞ്ഞ്‌ അണിയറയില്‍ നടത്തിയ നീക്കത്തിന്റെ പരിണതിയാണ്‌ കരുണാകരന്റെ പുനപ്രവേശ വിഷയം. കരുണാകരന്‍ തിരിച്ചെത്തിയാല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം ശക്തമാകുമെന്നും, ആ കുളം കലക്കലില്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ചില സീറ്റുകള്‍ സ്വന്തമാക്കാമെന്നുമാണ്‌ ആന്റണിയുടെ കണക്കുകൂട്ടല്‍.

ഇതു തിരിച്ചറിയാന്‍ പാഴൂര്‍പ്പടിയിലോ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കരുടെ അടുത്തോ പോകേണ്ട ആവശ്യമേയില്ല.

'ആപ്പ്‌' തിരുകി തടി കീറാനും 'ആപ്പ്‌' ഊരി ചിലരുടെയെല്ലാം വാല്‌ തടിക്കിടയില്‍ കുടുക്കാനും കഴിയുമ്പോഴാണല്ലോ ഒരു വ്യക്തി അറയ്ക്കപ്പറമ്പില്‍ കുര്യന്‍ മകന്‍ ആന്റണിയായി വാഴ്ത്തപ്പെടുന്നത്‌.

1 comments :

  1. Anonymous said...

    I think you dont have any other job