ഹോട് റിലീസ്: നസ്രാണി - നായര്‍ ഐക്യം
മലയാളക്കരയില്‍ ക്ലച്ചു പിടിച്ച ഐക്യങ്ങളില്‍ മുന്തിയ ഇനം നസീര്‍ - ഷീല ഐക്യമായിരുന്നു. അക്കാലത്ത് ഏതു സിനിമയുടെ പരസ്യത്തിലും നസീര്‍ - ഷീല (മൂന്നു കളി) എന്നുകൂടിയുണ്ടായിരുന്നു.
രാഷ്ട്രീയത്തില്‍ ഇടതും വലതുമായി നാളിതുവരെ പലപല ഐക്യങ്ങള്‍ വന്നു. ഒന്നും സ്ഥിരമായി നിന്നില്ല. അടിച്ചു പിരിഞ്ഞു. സാമുദായിക രംഗത്ത് രണ്ടുവട്ടം നായര്‍ - ഈഴവ ഐക്യം വന്നു. രണ്ടുവട്ടവും ചീറ്റി. വെള്ളാപ്പള്ളിയുടെ കുറെ കാശുപോയതും വായിലെ വെള്ളം വറ്റിയതും മിച്ചം!
വെള്ളാപ്പള്ളി - പണിക്കര്‍ ഐക്യം മോരും മുതിരയും പോലെ പുളിച്ചു വളിച്ചു വഷളായത് അടുത്തിടെ!
നസീര്‍ - ഷീല ഐക്യം പോലൊരു ഐക്യം നസ്രാണി - നായര്‍ ഐക്യം മാത്രമാണ്. വിമോചനസമരക്കാലത്താണ് ഈ ഐക്യം ഭൂജാതമയത്.
നസ്രാണികളുടെ ഏകദൈവ വിശ്വാസവും നായന്മാരുടെ ബഹുദൈവ വിശ്വാസവും യോജിച്ചു പോകുന്ന സുന്ദര സുരഭില കാഴ്ചകള്‍ മലയാളികള്‍ മനം നിറയെ കണ്ടു. അരമനകളില്‍ നായന്മാര്‍ നടന്നുണ്ടും, കത്തനാര്‍മാര്‍ പോയിക്കഴിഞ്ഞ് മനകളില്‍ ചാണകവെള്ളം തളിച്ചും, ഈഎംഎസിനെ അട്ടിമറിക്കുംവരെ അത് നീണ്ടു!
വീണ്ടും നസ്രാണി നായര്‍ ഐക്യം റിലീസാവുന്നു. കേരള വിദ്യാഭ്യാസ ചട്ടം പരിഷ്കരിക്കുന്നുവെന്ന അഭ്യൂഹങ്ങളാണ് കത്തനാര്‍മാരെയും പണിക്കരെയും വീണ്ടും ഐക്യപ്പെടുത്തിയത്.
പണ്ട് പണിക്കര്‍ പറഞ്ഞാല്‍ നായന്മാരെയും മെത്രാന്മാര്‍ പറഞ്ഞാല്‍ നസ്രാണികളെയും എന്തു വേഷവും കെട്ടിക്കാമായിരുന്നു. കൊച്ചുവെളുപ്പാങ്കാലത്ത് എണീറ്റ് പച്ചപ്പാതിരവരെ ഇന്റര്‍നെറ്റില്‍ ചാറ്റിക്കളിക്കുന്ന പുതുതലമുറയെ തെരുവിലിറക്കാന്‍ പണി കുറെ എടുക്കേണ്ടിവരുമെന്ന പ്രശ്നമാണിനി ബാക്കി.
സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന അദ്ധ്യാപകരെ സര്‍ക്കാര്‍ നിയമിക്കുന്നത് 'ഈശ്വരവിശ്വാസത്തിലും മതസൗഹാര്‍ദ്ദത്തിലും അധിഷ്ടിതമായ സംസ്കാരം തകര്‍ക്കുമെന്നാണ്' ഇന്നലെ 'ബസേലിയോസ് ക്ലിമിസ് പണിക്കരും' 'നാരായണ പണിക്കര്‍ ബാവായും' പത്രക്കാരോട് പറഞ്ഞത്.
പറഞ്ഞ വാചകത്തിന്റെ പൊരുള്‍ ആര്‍ക്കും പിടികിട്ടിയില്ലെങ്കിലും ഐക്യത്തിന്റെ കാരണം പിടികിട്ടും. കച്ചവടം പണ്ടത്തെപ്പോലെ നടക്കില്ല, നേരെ ചൊവ്വേ കചവടം നടന്നില്ലേല്‍ ഉപജീവനം വഴിമുട്ടും. ഇനിയൊരുവഴി ഐക്യപ്പെടുക എന്നതാണ്. എന്നിട്ടുവേണം മുണ്ടശേരിക്കിട്ടു കൊടുത്തപോലെ എം എ ബേബിക്കിട്ടൊരു പണി കൊടുക്കാന്‍.
ആസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് അസ്ഥാനത്തുണ്ടാകുന്ന വെളിപാടുകള്‍ നസീര്‍ -ഷീല പടം പോലെ അധിക നാള്‍ ഓടുമോ?
കാലം വല്ലാണ്ടു മാറിയില്ലേ സാറന്മാരെ?
2 comments :
nalla post.. bad thing is that there are no audiance for serious issues in this 'boologam'..
come on, how do the management get revenue for their investment?
those guys are invested so much money for OSAARAM?
Post a Comment