Wednesday, November 14, 2007

ശാരിയെ കൊന്നിട്ട്‌ മൂന്നുവര്‍ഷം


Kiliroor-Kaviyoor Sex Scandal

മന്ത്രി പുത്രന്മാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ VS സംരക്ഷിക്കുന്നു
കൊലയാളികള്‍ നെഞ്ചുവിരിച്ച്‌ വിലസുന്നു
നീതിക്കായി മാതാപിതാക്കളുടെ നെട്ടോട്ടം
മുലപ്പാല്‍ മധുരം നുണയാതെ ശാരിയുടെ മകള്‍ സ്നേഹ


ടൈറ്റസ്‌ കെ വിളയില്‍

കൊച്ചി: കിളിരൂര്‍ തിരുവാര്‍പ്പ്‌ ചെറിയകാരക്കാട്ട്‌ ശാരി എസ്‌ നായരെ, സമൂഹത്തിലെ ഉന്നതന്മാരടക്കമുള്ളവര്‍ പീഡിപ്പിച്ചു കൊന്നതിന്റെ മൂന്നാം വാര്‍ഷികം ഈ ശിശുദിനത്തില്‍.

ജനിച്ചിട്ട്‌ ഒരുതുള്ളി മുലപ്പാലിന്റെ മധുരം നുണയാനാവാതെ, അമ്മയുടെ വാത്സല്യച്ചൂടറിയാതെ വളര്‍ന്ന ശാരിയുടെ മകള്‍ സ്നേഹയ്ക്ക്‌ മൂന്നുവയസ്സ്‌.....

മൂന്ന്‌ വര്‍ഷമായി മകളുടെ ഘാതകരെത്തേടി അലയുന്ന മാതാപിതാക്കള്‍ക്ക്‌ ഇന്നും അവഗണനയും അതധിക്ഷേപവും മാത്രം....

അപ്പോഴും ശാരിയെ പീഡിപ്പിച്ചുകൊന്ന ഉന്നതന്മാര്‍ സമൂഹത്തില്‍ നെഞ്ചുവിരിച്ച്‌ നടക്കുന്നു; അവരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി അച്യുതാനന്ദനും മാര്‍ക്സിസ്റ്റുപാര്‍ട്ടിയും കൊണ്ടു പിടിച്ച്‌ ശ്രമിക്കുന്നു.

കവിയൂര്‍ കിളിരൂര്‍ പീഡനകേസുകളില്‍ അച്യുതാനന്ദന്‍ മന്ത്രിസഭയിലെ രണ്ട്‌ പ്രമുഖരുടെ മക്കളും ഒരുചാനല്‍ ഡയറക്ടറും ഒരു എംഎല്‍എയും ഒരു സ്വര്‍ണ്ണവ്യാപാരിയും ഒരു സീരിയല്‍ നിര്‍മാതാവും ഒന്നിലധികം ഉന്നത പോലീസുദ്യോ ഗസ്ഥരും പ്രതികളാണ്‌. പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും പാര്‍ട്ടിക്ക്‌ കൈയയച്ച്‌ സാമ്പത്തിക സഹായം നല്‍കുന്നവരുമാണ്‌ ഈ മാന്യന്മാരായ പീഡകര്‍. അതുകൊ ണ്ടാണ്‌ യുഡിഎഫ്‌ ഭരണകാലത്ത്‌ ഇവര്‍െ‍1തിരെ കുരിശുയുദ്ധം നടത്തിയ അച്യുതാനന്ദനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ഇന്ന്‌ ഇവരെ സംരക്ഷിക്കാന്‍ വ്യഗ്രതകൊള്ളുന്നത്‌.

2004 നവംബര്‍ 13-ാ‍ം തീയതി രാത്രി ശനിയാഴ്ച വൈകിട്ട്‌ 7 മണിയോടെയാണ്‌ ശാരി മരിച്ചത്‌; അല്ല കൊല്ലപ്പെട്ടത്‌. സീരിയല്‍ നടിയാക്കാമെന്ന്‌ പ്രലോഭിപ്പിച്ചാണ്‌ മാതൃസഹോദരി ഉള്‍പ്പെടെയുള്ളവര്‍ ശാരിയെ ഉന്നതന്മാര്‍ക്ക്‌ കാഴ്ചവച്ചത്‌. പീഡനത്തെത്തുടര്‍ന്ന്‌ ഗര്‍ഭിണിയായ ശാരി 2004 ഓഗസ്റ്റിലെ സ്വാതന്ത്ര്യദിനത്തില്‍ വരു പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയിരു ന്നു. ശാരി ഗര്‍ഭിണിയാണെന്നറിഞ്ഞ നിമിഷം മുതല്‍ ശാരിയെ കൊണ്ടുനടന്നവരും പീഡിപ്പിച്ചവരും നടത്തിയ തെളിവുനശിപ്പി ക്കല്‍ പ്രവര്‍ത്തനങ്ങളുടെ പരിണതിയായിരുന്നു ശാരിയുടെ അന്ത്യം. മൂന്ന്‌ മാസത്തോളം കടുത്ത ശാരീരിക പ്രശ്നങ്ങളനു ഭവിച്ച്‌ വേദനതിന്ന്‌ ഇഞ്ചിഞ്ചായാണ്‌ ശാരി മരിച്ചത്‌ അല്ല കൊല്ലപ്പെട്ടത്‌.

ശാരിയുടെ മാതൃസഹോദരി കിളിരൂര്‍ ചെറിയകാരക്കാട്ട്‌ ഓമനയാണ്‌ കേസിലെ ഒന്നാംപ്രതി. കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ ചേര്‍ത്തല കൊക്കോതമംഗലം സ്വദേശി പ്രവീണ്‍ രണ്ടാം പ്രതിയും പത്തനംതിട്ട സ്വദേശി ലത നായര്‍ മൂന്നാംപ്രതിയുമാണ്‌. പെണ്‍കുട്ടിയുടെ ബന്ധു മറിയപ്പള്ളി സ്വദേശി കൊച്ചുമോനെന്ന ബിനു, കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ മാരായ മനോജ്‌, പ്രശാന്ത്‌ എന്നിവരാണ്‌ മറ്റ്‌ പ്രതികള്‍. ലതാനാ യരാണ്‌ ശാരിയെ ഉന്നതന്മാര്‍ക്ക്‌ കാഴ്ചവച്ചത്‌. യാത്രകളില്‍ ഓമന ക്കുട്ടിയും അനുഗമിച്ചിരുന്നു.

ഏഷ്യാനെറ്റ്‌ മോഹന്‍, ജോയി ആലുക്ക, കുട്ടനാട്‌ എംഎല്‍എ തോമസ്‌ ചാണ്ടി എന്നീ പ്രമുഖര്‍ ഈ പീഡനകേസില്‍ പ്രതികളാണെന്ന്‌ ശാരി വനിതാകമ്മീഷനു നല്‍കിയ മരണമൊഴി യില്‍ നറഞ്ഞിരുന്നത്രേ. എന്നാല്‍ ഇതു സംബന്ധിച്ച ഫയല്‍ കാണാതായിരിക്കുകയാണ്‌.

ശാരിയോടൊപ്പം ലതാനായര്‍ ഉന്നതന്മാര്‍ക്ക്‌ കാഴ്ചവച്ച കൗമാരക്കാരിയാണ്‌ തിരുവല്ല കവിയൂര്‍ ഹനുമാന്‍സ്വാമി ക്ഷേത്രത്തിനു സമീപം വണ്ടശേരിയില്‍ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശി എന്‍ നാരായണന്‍ നമ്പൂതിരിയുടെ പുത്രി അനഘ (അന്ന്‌ പതിനാല്‌ വയസ്‌). കിളിരൂര്‍ പീഡനകഥ പുറത്തുവന്ന തോടെ തിരുവല്ല ചുമത്രക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന നാരായണന്‍ നമ്പൂതിരി, ഭാര്യ ശോഭന, മക്കളായ അനഘ, അഖില, അക്ഷയ്‌ എന്നിവര്‍ 2004 സെപ്തംബര്‍ 27 ന്‌ വിഷംകഴിച്ച്‌ കൂട്ട ആത്മഹത്യ ചെയ്തു. അനഘയെയും ശാരിയെ പീഡിപ്പിച്ച പ്രമുഖര്‍ക്ക്‌ ലതാനായര്‍ കാഴ്ചവച്ചതായി പോലീസ്‌ അന്വേഷണ ത്തില്‍ തെളിഞ്ഞിട്ടുണ്ട്‌. എന്നാല്‍ പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഈ സത്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മന്ത്രി എംഎ ബേബിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും പുത്രന്മാര്‍ക്ക്‌ ഈ പീഡനത്തില്‍ പങ്കുണ്ടെന്ന്‌ അനഘയുടെ ആത്മഹത്യക്ക്‌ ശേഷം സഹപാഠി ശ്രീകുമാരി ജസ്റ്റിസ്‌ ആര്‍.ബസന്തിനയച്ച കത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഈ കത്ത്‌ ബസന്ത്‌ അന്വേഷണ സംഘത്തിന്‌ കൈമാറിയെങ്കിലും അത്‌ ഒതുക്കുകയായിരുന്നു.

കിളിരൂര്‍ കവിയൂര്‍ പീഡനകേസുകളെ രാഷ്ട്രീയ സംഭവങ്ങളാക്കി വികസിപ്പിച്ചെടുത്ത്‌ അധികാരത്തിലെത്തിയ വ്യക്തിയാണ്‌ അച്യുതാനന്ദന്‍. ശാരി കൊല്ലപ്പെടുമ്പോള്‍ യുഡിഎഫ്‌ മന്ത്രിസഭയായിരുന്നു ഭരണത്തില്‍. അന്ന്‌ സ്ത്രീപീഡകര്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ്‌ അച്യുതാനന്ദന്‍ ഈ പ്രശ്നങ്ങള്‍ വിവാദങ്ങളാക്കിയത്‌. രോഗിയായ ശാരിയെ ആശുപത്രിയിലെത്തി ഒരു വിഐപി ഭീഷണിപ്പെടുത്തിയതാണ്‌ കുട്ടിയുടെ സ്ഥിതിവഷളാക്കിയതും മരണത്തിലേക്ക്‌ നയിച്ചതെന്നും ആദ്യം പറഞ്ഞത്‌ അച്യുതാനന്ദനായിരുന്നു. കൂടാതെ അന്നത്തെ യുഡിഎഫ്‌ സര്‍ക്കാരിലെ ഒരു മന്ത്രിയും മുന്‍ മന്ത്രിയും സര്‍വ്വീസിലുള്ള ഡിവൈഎസ്പിയും ഒരു എസ്പിയും ശാരിയെ പീഡിപ്പിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന്‌ അച്യുതാനന്ദന്‍ വെളിപ്പെടുത്തിയിരുന്നു. ആഭ്യന്തരമന്ത്രി പദവി 24 മണിക്കൂര്‍ വിട്ടുതന്നാല്‍ ഈ വിഐപികളെ കയ്യാമം വയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

എന്നാല്‍ അധികാരത്തിലെത്തി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ശാരി മരിച്ച്‌ മൂന്ന്‌ വര്‍ഷമായിട്ടും ഈ ഉന്നതന്മാരുടെ ഒരു രോമത്തില്‍ തൊടാന്‍പോലും അച്യുതാനന്ദന്‌ കഴിഞ്ഞിട്ടില്ല. ശാരിയുടെ മകള്‍ സ്നേഹയ്ക്ക്‌ രണ്ടുലക്ഷവും നാരായണന്‍ നമ്പൂതിരിയുടെ മാതാവ്‌ സാവിത്രി അന്തര്‍ജനത്തിന്‌ ഒരു ലക്ഷവും നല്‍കി കേസൊതുക്കാനാണ്‌ ശ്രമിച്ചത്‌.

കിളിരൂര്‍ കവിയൂര്‍ പീഡനകേസിലെ മന്ത്രിപുത്രന്മാരെ രക്ഷിക്കാന്‍ അന്ന്‌ മുന്നില്‍ നിന്നവരില്‍ ഇന്നത്തെ മന്ത്രി പികെ ശ്രീമതിയുമുണ്ട്‌. മന്ത്രിപുത്രന്മാര്‍ക്കുവേണ്ടി നിലകൊണ്ടതുകൊണ്ടാണ്‌ ഇന്നത്തെ മന്ത്രിസ്ഥാനമെന്ന്‌ ഡിവൈഎഫ്‌ഐയിലേയും പാര്‍ട്ടിയിലേയും പലരും വിശ്വസിക്കുന്നു.

സീരിയല്‍ ഭ്രമം തലക്കുപിടിച്ച പതിനാറുകാരിയായിരുന്ന ശാരിയെ സമൂഹത്തിലെ ഉന്നതന്മാരും മാന്യന്മാരുമെന്ന്‌ അഭിമാനിക്കുന്നവരും മന്ത്രിപുത്രന്മാരും ചേര്‍ന്ന്‌ പീഡിപ്പിച്ച്‌ കോന്നിട്ട്‌ മൂന്ന്‌ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഈ ഉന്നതന്മാര്‍ സമൂഹത്തില്‍ ഞെളിഞ്ഞുനടക്കുന്നു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ അവര്‍ക്ക്‌ സംരക്ഷണം നല്‍കുന്നു. ലതാനായരും മറ്റു പ്രതികളും സസുഖം വാഴുന്നു. അപ്പോഴും ജനിച്ചിട്ട്‌ ഒരുതുള്ളി മുലപ്പാല്‍ നുണയാന്‍ ഭാഗ്യമില്ലാതെപോയ സ്നേഹയും വിദഗ്ദമായി ചതിക്കപ്പെട്ട ശാരിയുടെ മാതാപിതാക്കളും നീതിതേടി അലയുകയാണ്‌.

2 comments :

  1. മുക്കുവന്‍ said...

    പാലം കടക്കോളം നാരായണാ.. പാലം കടന്നാല്‍ പിന്നെ കൂരായണാ!

  2. വെള്ളെഴുത്ത് said...

    ഇത്ര ധൈര്യത്തോടെയുള്ള തുറന്നു പറച്ചില്‍ മറ്റെവിടെ നിന്നും കേട്ടിട്ടില്ല.ഉന്നതന്‍ ..പിടിപാടുള്ളവന്‍.. വി ഐ പി എന്നൊക്കെ കേട്ട് ആ‍രോ എന്തോ...നമുക്കെന്തുചെയ്യാന്‍ പറ്റും.. അത്രയ്ക്ക് പിടിപാടുള്ളവരല്ലേ...എന്താണിതില്‍ ശ്രീമതിയ്ക്കുള്ള പങ്ക് എന്നൊക്കെ ആലോചിച്ച് കാലം കഴിക്കുക എന്നല്ലാതെ മറ്റെന്താണ് നമുക്കു മുന്നിലുള്ളത്..എന്നാണ് വിചാരിച്ചിരുന്നത്? ചിലതൊക്കെ തുറന്നു പറഞ്ഞാല്‍ ഇനി ഇവരെ മുഖാമുഖം കാണേണ്ടി വന്നാല്‍ ക്രിമിനലുകളെ നോക്കുന്ന ഭാവം ഉണ്ടാവുമല്ലോ മുഖത്ത്..